TopTop

ക്രിസ്തീയ മുക്ത രാഷ്ട്രത്തിനായി ജാര്‍ഖണ്ഡ് ആര്‍എസ്എസ്

ക്രിസ്തീയ മുക്ത രാഷ്ട്രത്തിനായി ജാര്‍ഖണ്ഡ് ആര്‍എസ്എസ്
മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യന്‍ പള്ളികളിലെ പ്രാര്‍ത്ഥന പോലും തീവ്രഹിന്ദു സംഘടനയായ ഹിന്ദു യുവവാഹിനി തടയുമ്പോള്‍ ജാര്‍ഖണ്ഡിലെ ആദിവാസികളെ 'ഹിന്ദുക്കള്‍' ആക്കാനുള്ള ശ്രമത്തിലാണ് അവിടുത്തെ ആര്‍എസ്എസ് ഘടകം. 'ക്രിസ്തീയ മുക്ത' പ്രചാരണത്തിന്റെ ഭാഗമായി ഇതിനകം സംസ്ഥാനത്തിലെ ആദിവാസി ഗ്രാമങ്ങളിലെ 53 കുടുംബങ്ങളെ തിരികെ കൊണ്ടു വന്നതായി ആര്‍എസ്എസ് തന്നെ പറയുന്നു.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഈ കുടുംബങ്ങളെ ക്രിസ്ത്യന്‍ മതപ്രചാരകര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നാണ് ഇപ്പോള്‍ ആര്‍എസ്എസ് ആരോപിക്കുന്നത്. ഇത് മതപരിവര്‍ത്തനമല്ലെന്നും നഷ്ടപ്പെട്ടുപോയ തങ്ങളുടെ സഹോദരീസഹോദരന്മാരെ സ്വന്തം മതത്തിലേക്ക് തിരിച്ച് കൊണ്ടുവരികയുമായിരുന്നു എന്നാണ് പ്രദേശത്തെ ആര്‍എസ്എസ് നേതാവ് ലക്ഷമണ്‍ സിംഗ് മുണ്ട പറയുന്നത്. ക്രിസ്തീയ മുക്ത പ്രദേശമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഉടനടി ബാക്കിയുള്ളവരെ കൂടി അവരുടെ വേരുകളിലേക്ക് തിരിച്ചുകൊണ്ട് വരും എന്നുമാണ് ഇയാളുടെ അവകാശവാദം.

മതംമാറാന്‍ മറ്റ് മതവിഭാഗങ്ങളെ ഭീഷണിപ്പെടുത്തുന്നു എന്ന ആരോപണം ആര്‍എസ്എസിനെതിരെ നിലനില്‍ക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇത്ര വലിയ പരിവര്‍ത്തനം നടന്നിരിക്കുന്നത്. ഏപ്രില്‍ ഏഴിന് കൊച്ചസിന്ധ്രി ഗ്രാമത്തില്‍ ആദിവാസികളും അല്ലാത്തവരുമായ ഏഴ് ക്രിസ്ത്യന്‍ കുടുംബങ്ങളെ ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. അവരെ 'ശുദ്ധീകരിച്ചു' എന്നാണ് ആര്‍എസ്എസ് വ്യാഖ്യാനം. അതിനായി പ്രദേശത്തെ ഒരു ഹിന്ദു അവരുടെ നെറ്റിയില്‍ ചന്ദനം തൊടുകയും കാല് കഴുകുകയും തിലകം ചാര്‍ത്തുകയും ചെയ്തു.

ജാര്‍ഖണ്ഡിലെ 33 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 26.2 ശതമാനം ആദിവാസികളാണ്. ഇവരില്‍ 4.5 ശതമാനം മാത്രമാണ് ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ ഇപ്പോഴും ഗോത്രനിയമമായ സര്‍ന പാലിച്ച് ജീവിക്കുന്നവരാണ്. നാഗ്പൂരില്‍ നിന്നും ഉത്ഭവിക്കുന്ന ഹിന്ദുമത സിദ്ധാന്തങ്ങളും അവരും തമ്മില്‍ യാതൊരു ബന്ധവുമില്ലാതിരിക്കെയാണ് 'യഥാര്‍ത്ഥ മതത്തിലേക്ക്' അവരെ ബലം പ്രയോഗിച്ച് മാറ്റുന്നത്.

മതം മാറ്റത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരും കര്‍ശനമായ നിലപാട് എടുക്കുന്നു എന്നാണ് വരുത്തിത്തീര്‍ക്കുന്നത്. സ്വന്തം വിശ്വാസങ്ങളില്‍ നിന്നും ആദിവാസികളെ പരിവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നാണ് സംസ്ഥാന മുഖ്യമന്ത്രി രഘുബാര്‍ ദാസ് പറയുന്നത്. എന്നാല്‍ വനവാസി കല്യാണ്‍ യോജന എന്ന സംഘടനയുടെ സഹായത്തോടെ ആര്‍എസ്എസുകാര്‍ കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തി ആദിവാസികളെ ഭീഷണിപ്പെടുത്തി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തിപ്പിക്കുകയാണ് എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

സര്‍ന ആദിവാസികള്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തിക്കപ്പെട്ടാല്‍ തങ്ങള്‍ക്ക് വലിയ ഭീഷണിയായി മാറുമെന്ന് ആര്‍എസ്എസ് കരുതുന്നതായി സര്‍ന ധര്‍മഗുരുവായ ബന്ധന്‍ ടിഗ്ഗ ചൂണ്ടിക്കാട്ടുന്നു. മതപരിവര്‍ത്തനത്തെ കുറിച്ച് മുഖ്യമന്ത്രി തന്നെ പൊതുവേദിയില്‍ പറയുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തങ്ങള്‍ ഹിന്ദുക്കളോ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ അല്ലെന്നാണ് പ്രകൃതിയെ ആരാധിക്കുന്ന സര്‍ന ഗോത്രം പറയുന്നത്. എന്നാല്‍ സെന്‍സസിലും മറ്റ് സാമൂഹിക-സാമ്പത്തിക സര്‍വെകളിലും ഇവരെ ഹിന്ദുക്കള്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ബന്ധിതമായി ഇവരെ ഹിന്ദുക്കളാക്കാനുള്ള ശ്രമങ്ങളുമായി സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

സര്‍ന ആദിവാസികള്‍ ഹിന്ദുക്കളല്ലാത്തതിനാല്‍ തന്നെ സംഘപരിവാര്‍ അവരെ തെറ്റിധരിപ്പിക്കുകയാണെന്നും ഘര്‍വാപസിയുടെ പ്രശ്‌നം ഇവിടെ ഉയരുന്നില്ലെന്നുമാണ് ടിഗ്ഗ ഉറപ്പിച്ചു പറയുന്നത്.

Next Story

Related Stories