TopTop
Begin typing your search above and press return to search.

ആര്‍എസ്എസ് എന്തിനാണ് കേരളത്തെ പേടിക്കുന്നത്?

ആര്‍എസ്എസ് എന്തിനാണ് കേരളത്തെ പേടിക്കുന്നത്?
കേരളത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചും അബദ്ധജഡിലവും വര്‍ഗീയവിഷം നിറഞ്ഞതും യുക്തിരഹിതവുമായ കാര്യങ്ങളുമായി ആര്‍എസ്എസിന്റെ മുഖവാരികയായ ഓര്‍ഗനൈസറിന്റെ 2015-ലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വലിയ ചര്‍ച്ചയായിരുന്നു. കേരളത്തിലെ സാമൂഹ്യബന്ധങ്ങളെക്കുറിച്ച് കടുത്ത സവര്‍ണജാതീയ കാഴ്ചപ്പാടില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന എംഎസ് ഗോള്‍വാള്‍ക്കര്‍ എഴുതിയത് 1961 ജനുവരി രണ്ടിന്റെ ഓര്‍ഗനൈസറിലാണ്. എന്നാല്‍ അത് കേരളത്തിലെ ജാതിഘടനയുടെ പരീക്ഷണങ്ങളെ മാതൃകാപരമായി കണ്ടുകൊണ്ടായിരുന്നു. അതായത് അത് കഴിഞ്ഞ് നാല് ദശകം പിന്നിട്ടിട്ടും കേരളത്തെക്കുറിച്ച് ഒന്നും മനസിലായിട്ടില്ല എന്നര്‍ഥം. ഇത്തരത്തില്‍ കേരളത്തെ കുറിച്ചുള്ള ധാരണയില്ലായ്മയും അജ്ഞതയും ഭീതിയുമെല്ലാം ആര്‍എസ്എസ് എക്കാലത്തും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങള്‍ തിരിച്ചടിക്കും, തട്ടിക്കളയും, ജീവനോടെ പോകില്ല എന്ന മട്ടിലുള്ള പ്രസംഗങ്ങളൊക്കെ സിപിഎം നേതാക്കള്‍ നേരത്തെയും നടത്തിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ കൊന്നിട്ടുണ്ട് എന്ന് അക്കമിട്ട് നിരത്തി അഭിമാനപൂര്‍വം സിപിഎം നേതാക്കള്‍ പറയുന്നത് അപൂര്‍വമായേ സംഭവിച്ചിട്ടുള്ളൂ. എംഎം മണിയുടെ വണ്‍, ടു, ത്രീ പ്രസംഗത്തോടെയാണ് നമുക്ക് അത് കേള്‍ക്കാനുള്ള അവസരമുണ്ടായത്. സാധാരണ ഇത് ഞങ്ങളുടെ നയമല്ല, ഞങ്ങളായിട്ട് ഒരു പ്രശ്‌നവും ഉണ്ടാക്കില്ല, എന്നാല്‍ ഞങ്ങളുടെ നേരെ വന്നാല്‍ നോക്കിനില്‍ക്കില്ല എന്ന ലൈനിലാണ് പ്രസംഗങ്ങള്‍ പോവാറ്. പക്ഷെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ സംബന്ധിച്ച് അതല്ല സ്ഥിതി. എല്ലാ പ്രാദേശിക യോഗങ്ങളിലും ആര്‍എസ്എസ് നേതാക്കളുടെ പ്രസംഗങ്ങള്‍ ഇങ്ങനെയൊക്കെ തന്നെയാണ്. ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്ന് സിപിഎം ഓര്‍ക്കണമെന്ന് അഹങ്കാരത്തോടെ ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത് കേട്ടിട്ടുണ്ട്.

മംഗളൂരുവില്‍ സമാനമായ പ്രസംഗമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നടത്തിയത്. പിണറായി വിജയനെ തടയുമെന്ന് ആദ്യം പറയുകയും പിന്നീട് തടയില്ലെന്ന് പറയുകയുമൊക്കെ ചെയ്ത ശേഷമായിരുന്നു സുരേന്ദ്രന്റെ ഈ പ്രസംഗം. ഞങ്ങള്‍ അടിയ്ക്ക് അടിയും കൊലയ്ക്ക് കൊലയും നടത്തിയിട്ടുണ്ടെന്നായിരുന്നു സുരേന്ദ്രന്റെ സത്യസന്ധമായ വീരവാദ പ്രസംഗം. ഏതായാലും മംഗളൂരുവില്‍ സിപിഎം സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലിയെ ഒരു വന്‍ വിജയമാക്കിയ ആര്‍എസ്എസിനും ബിജെപിക്കും ഇടതുപക്ഷം നന്ദി പറയേണ്ടതാണ്. പിണറായിയെ തടയുമെന്ന് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചില്ലായിരുന്നെങ്കില്‍ ഒരു സാധാരണ പരിപാടിയായി, വലിയ ചെറിയ തോതിലുള്ള മാധ്യമവാര്‍ത്ത മാത്രമായി മാറുമായിരുന്ന സംഭവത്തെ ഇത്രയും ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നല്ലോ. ഒരു കാര്യവുമില്ലാതെ പിണറായിയുടെ വായിലിരിക്കുന്നത് കേട്ട് ആര്‍എസ്എസുകാര്‍ സംതൃപ്തിയടയുകയും ചെയ്തു.

പിണറായി വിജയന്‍ എവിടെ പോയാലും തടയുമെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. ആര്‍എസ്എസ് എന്ന സംഘപരിവാര്‍ പ്രസ്ഥാനം തങ്ങളുടെ പ്രചാരണ മെഷിണറിയും സംഘടനയും വര്‍ഗീയ ഫാഷിസ്റ്റ് അജണ്ടയും പ്രത്യയശാസ്ത്രവും വളരെ ബുദ്ധിപരമായി സമൂഹത്തിലേയ്ക്ക് എത്തിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണവും ഭിന്നിപ്പുമെല്ലാം സമര്‍ത്ഥമായി വിതരണം ചെയ്യാന്‍ ഈ സംഘടനയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഫാഷിസ്റ്റുകള്‍ക്ക് എന്തൊക്കെ ബുദ്ധിശൂന്യതയും അല്‍പ്പത്തരവും പരിഹാസ്യതയും ഉണ്ടെങ്കിലും രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശം നടത്തുന്നതില്‍ ഏറെ ശ്രദ്ധയോടെയാണ് അവര്‍ പ്രവര്‍ത്തിക്കാറ്. എന്നാല്‍ ഇന്ത്യയില്‍ തീര്‍ത്തും ബുദ്ധിശൂന്യമായ പ്രവൃത്തികളിലൂടെ സ്വന്തം സംഘടനയെ തുറന്ന് കാട്ടുന്ന കുറേ സംഘികളുണ്ട്. അവരോട് ജനാധിപത്യ വിശ്വാസികള്‍ക്ക് നന്ദിയുണ്ട്. ഇത്തരത്തിലുള്ളവരാണ് പിണറായി വിജയന്‍ എവിടെ പോയാലും അദ്ദേഹത്തെ തടയുമെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കുന്നത്. ഇന്നിപ്പോള്‍ മധ്യപ്രദേശില്‍ ചന്ദ്രാവത്ത് എന്ന ആര്‍എസ്എസ് നേതാവ് പിണറായിയുടെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ടിരിക്കുന്നു. പിണറായി വിജയന്‍ ആരാണ് എന്ന് അറിഞ്ഞിരിക്കാന്‍ സാദ്ധ്യതയില്ലാത്ത മധ്യപ്രദേശുകാര്‍ ഇനി അത് അന്വേഷിച്ചേക്കാന്‍ സാദ്ധ്യതയുണ്ട്.


ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന ഒരു ചെറിയ സംസ്ഥാനത്തേയും അവിടെ ഭരണത്തിന് നേതൃത്വം നല്‍കുന്ന, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തട്ടില്‍ വച്ച് നോക്കുമ്പോള്‍ ദേശീയതലത്തില്‍ തീര്‍ത്തും ദുര്‍ബലമായി കഴിഞ്ഞിരിക്കുന്ന ഒരു പാര്‍ട്ടിയേയും ആര്‍എസ്എസ് ഇങ്ങനെ പേടിക്കുന്നതെന്തിനാണ്? കേരളത്തില്‍ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അക്രമം, ആര്‍എസ്എസുകാരെ സിപിഎമ്മുകാര്‍ കൊന്നുതള്ളുന്നു എന്നെല്ലാം പറഞ്ഞ് ഡല്‍ഹിയില്‍ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണ പരിപാടികള്‍ നമ്മള്‍ കാണുന്നു. കേരളം എന്ന് പറയുന്നത്, പ്രത്യേകിച്ച് കണ്ണൂര്‍ എന്ന് പറയുന്ന ജില്ല ഒരു ഭീകര കേന്ദ്രമാണ് എന്ന മട്ടിലുള്ള പ്രചാരമാണ് ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സജീവമായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിനൊപ്പം മലപ്പുറം ജില്ല ചേര്‍ത്തുവച്ച് മുസ്ലീം ഭീകരതയും. അതുകൊണ്ടാണ് കണ്ണൂരില്‍ ഒരു കൊലപാതകം ഉണ്ടാകുമ്പോള്‍ മുമ്പ് സംഭവിക്കാത്ത തരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. അത്ര ബിജെപി അനുകൂലമല്ലാത്ത ദേശീയ മാധ്യമങ്ങള്‍ പോലും കണ്ണൂരിലെ രാജ്യത്തെ വലിയ പ്രശ്നങ്ങളില്‍ ഒന്നായി നോക്കിക്കാണുന്ന അവസ്ഥ പോലുമുണ്ടായി.

കായികമായി ആക്രമിക്കാനുള്ള സംഘബലമാണ്‌ പരിവാറിന്റെ മൂലധനം. സംവാദം എന്നാ സാധ്യത പോലും അവരില്‍ ഉദിക്കാറില്ല. ജനാധിപത്യ സംവാദങ്ങള്‍ അവര്‍ക്ക് എക്കാലത്തും അന്യമായിരുന്നു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാതെ നിലപാടുകള്‍ പറഞ്ഞും വികസന പ്രശ്‌നങ്ങള്‍ ഉന്നയിച്ചും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തും അധികാര ശക്തിയായ ചരിത്രം അവര്‍ക്കില്ല. ഭരണത്തില്‍ നിരന്തരമായ ഇടപെടല്‍ നടത്തിക്കൊണ്ട് അതിനെ നിയന്ത്രിക്കുമ്പോളും ഹൈന്ദവ സാംസ്‌കാരിക സംഘടന എന്ന കാപട്യത്തില്‍ ഒളിഞ്ഞിരിക്കാനാണ് എക്കാലവും ആര്‍എസ്എസ് ശ്രമിച്ചത്. അതുകൊണ്ടാണ് രാഷ്ട്രീയ മുഖംമൂടിയായി ആദ്യം ഭാരതീയ ജനസംഘ് എന്ന പേരിലും പിന്നീട് ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിലും ഒരു രാഷ്ട്രീയ പാര്‍ട്ടി ജനങ്ങളെ അഭിമുഖീകരിക്കുന്നതിനായി അതിന് വേണ്ടി വന്നത്. ആര്‍എസ്എസ് എന്ന പേരില്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഇന്നും അവര്‍ക്കില്ല.

മൂന്ന് എമ്മുകളാണ് നമ്മുടെ ശത്രു എന്ന് ആര്‍എസ്എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മെക്കാളെ (ഇംഗ്ലീഷ് വിദ്യാഭ്യാസം), മുസ്ലീം, മാര്‍ക്‌സിസ്റ്റ്. ദേശീയാടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ അതീവ ദുര്‍ബലമായിരിക്കുമ്പോഴും കമ്യൂണിസ്റ്റ് - മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടികളെ, അതിന്റെ പ്രത്യയശാസ്ത്ര പ്രതിച്ഛായയെ ആര്‍എസ്എസ് വല്ലാതെ ഭയപ്പെടുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. നിലവില്‍ കേരളത്തിലും തൃപുരയിലും മാത്രമാണ് ആ പാര്‍ട്ടി അധികാര ശക്തിയായി നിലനില്‍ക്കുന്നത്. തൃപുര തീരെ ചെറിയ സംസ്ഥാനം. കേരളം താരതമ്യേന വലുതാണ്. മാത്രമല്ല ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് അധികാര ശക്തിയാവാന്‍ കര്‍ണാടക കഴിഞ്ഞാല്‍ എറ്റവും സാധ്യതകളുള്ളതും കേരളത്തിലാണ്. കര്‍ണാടകയുടേയും കേരളത്തിന്റേയും പൊതുവായ പ്രത്യേകത, അധികാര നേതൃത്വം എല്ലായ്‌പ്പോഴും ദേശീയ പാര്‍ട്ടികള്‍ക്കാണ് ഉള്ളതെന്നാണ്. തമിഴ്‌നാട്ടില്‍ സ്ഥിതി അതല്ല. അവിടെ ഇടമുണ്ടാക്കിയെടുക്കുക എന്ന് പറയുന്നത് ബിജെപിയെ സംബന്ധിച്ച് ഏറെ ദുഷ്‌കരമാണ്.

ഓരോ തിരഞ്ഞെടുപ്പിലും ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീം സമുദായം അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ശക്തമായ സ്വാധീനവും സംസ്ഥാനത്തെ ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ആര്‍എസ്എസിനെ എതിര്‍ക്കുന്ന പ്രസ്ഥാനങ്ങള്‍ക്ക് ആയതുകൊണ്ടുമാണ് ബിജെപിക്ക് അധികാരം ഇപ്പോഴും കിട്ടാക്കനിയായി നില്‍ക്കുന്നത്. ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിദ്ധ്യമാണ് ബിജെപിയുടെ അധികാര പ്രാപ്തിക്കും ആര്‍എസ്എസിന്റെ സാമൂഹ്യ, സാംസ്‌കാരിക അധിനിവേശത്തിനും തടസം നില്‍ക്കുന്നത്.

കേരള മോഡല്‍ വികസനത്തിന് ധാരാളം പൊള്ളത്തരങ്ങളും പാളിച്ചകളുമുണ്ട്. ഭൂപരിഷ്‌കരണം കേരളത്തിലെ ദളിതരും ആദിവാസികളുമടങ്ങുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിലും പരിഹാരം കാണുന്നതിലും വലിയ പാളിച്ച വരുത്തിയിട്ടുമുണ്ട്. എന്നാല്‍ സാമൂഹ്യ പുരോഗതിയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ കേരളം നേടിയെടുത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ നേട്ടങ്ങള്‍ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തുടങ്ങി വയ്ക്കുകയും ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോയും ചെയ്ത സാമൂഹ്യ രാഷ്ട്രീയ മുന്നേറ്റമാണ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് ഗള്‍ഫ് കുടിയേറ്റമാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുമ്പോളും അതിന് സഹായകമായ ഒരു സാമൂഹ്യ പരിതസ്ഥിതി വികസിപ്പിക്കുന്നതില്‍ മേല്‍പ്പറഞ്ഞ പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്.ഇഷ്ടം പോലെ പണമുണ്ടെങ്കിലും പ്രശസ്തിയുടെ കുറവുള്ള, അല്ലെങ്കില്‍ സമൂഹത്തില്‍ ആഗ്രഹിക്കുന്ന അംഗീകാരം ലഭിക്കാത്ത പ്രാഞ്ചിയേട്ടന്‍ന്മാര്‍ അനുഭവിക്കുന്ന വിഷമമുണ്ടല്ലോ, അത്തരമൊരു വിഷമത്തില്‍ തുടരുകയാണ് കേരളത്തില്‍ ആര്‍എസ്എസ്. ആ വിഷമം പരിഹരിക്കാനായി ഒരു ഭാഗത്ത് അതീവ ശ്രദ്ധയോടെ ബുദ്ധിപൂര്‍വം കളിക്കുന്നു. ദളിത് സംഘടനകള്‍ അടക്കമുള്ള സമുദായ സംഘടനകളേയും ക്രൈസ്തവ സഭാ നേതൃത്വങ്ങളേയുമെല്ലാം അടുപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഒരു സോഷ്യല്‍ എഞ്ചിനിയറിംഗ്, അപ്പോഴും മറ നീക്കി പുറത്തു വരുന്ന പന്തിഭോജന തട്ടിപ്പുകളും തൊട്ടുകൂടായ്മകളും ഒരു വശത്ത്. പരിസ്ഥിതി- സാംസ്കാരിക വിഷയങ്ങളില്‍ ഇടപെടാനുള്ള ശ്രമം, അതിനായി ചാഞ്ഞു നില്‍ക്കുന്ന സാഹിത്യ, സാംസ്കാരിക നായകരെ പോക്കറ്റിലാക്കല്‍, പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് വളരെ ദുര്‍ബലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ പരമാവധി മാധ്യമശ്രദ്ധ പിടിച്ച് പറ്റാനുള്ള ശ്രമം, അതിനായി മണ്ടത്തരം മുതല്‍ പച്ചക്കള്ളം വരെ പറയുന്നവരെ ടിവി ക്യാമാറക്ക് മുന്നില്‍ അണിനിരത്തല്‍... ഇതെല്ലാം നടക്കുന്നു. കേരളം പിടിക്കാനുള്ള പടപ്പുറപ്പാടില്‍ അവര്‍ക്കുണ്ടായിരിക്കുന്ന വലിയ ആശയക്കുഴപ്പമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

ഡല്‍ഹി യൂണിവേഴ്സിറ്റി ആര്‍എസ്എസിഎന്റെ വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ തട്ടകമാണ്; അവിടെയും അവരുടെ ശത്രു ഇടതുപാര്‍ട്ടികളാണ്. വിദ്യാര്‍ഥികള്‍ ഒന്നടങ്കം തങ്ങള്‍ക്കെതിരെ തിരിഞ്ഞതോടെ സംഘപരിവാര്‍ ബുദ്ധിയില്‍ ഉദിച്ചതാണ് കണ്ണൂര്‍ കൊലപാത ചിത്രങ്ങള്‍ പതിപ്പിച്ചുള്ള പോസ്റ്ററുകള്‍ ക്യാമ്പസില്‍ പതിപ്പിക്കുക എന്നത്. അതുപോലെ തന്നെയായിരുന്നു കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ദിവസം കണ്ണൂരില്‍ നടത്തിയ കൊലപാതകവും അതിനു തിരിച്ചടിയുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ സിപിഎം ആസ്ഥാനത്തെക്ക് മാര്‍ച്ചും ആക്രമണവും സംഘടിപ്പിച്ചതും. ഡല്‍ഹിയിലും ഒപ്പം ഇതര സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന സംഘപരിവാര്‍ വിരുദ്ധ വിദ്യാര്‍ഥി മുന്നേറ്റങ്ങളുടെ ഒരു ഭാഗത്ത് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടെന്നുള്ളതിനാല്‍ അതിനൊക്കെയൊക്കെ നേരിടാനുള്ള ഒരു വഴിയായി ആര്‍എസ്എസ് ഇപ്പോള്‍ മുനകൂര്‍പ്പിച്ചിരിക്കുന്നത് കേരളത്തിലേക്കാണ്.

പിണറായി വിജയന്‍ കേരളത്തിലെ മുഖ്യമന്ത്രിയാണ്; അത് ഭൂരിപക്ഷം സീറ്റുകള്‍ നല്‍കി ജനാധിപത്യ മാര്‍ഗത്തിലൂടെ ഈ സംസ്ഥാനത്തെ ജനം വിജയിപ്പിച്ചതാണ്; ആ മുഖ്യമന്ത്രിയെ വഴി നടത്തില്ല, തലയ്ക്ക് വിലയിടും എന്ന് ഉത്തരേന്ത്യന്‍ സംഘികള്‍ക്കൊപ്പം കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഒക്കെക്കൂടി തിട്ടൂരമിറക്കുന്നതിനു മുമ്പ് നിങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണ് എങ്ങനെ ഉണ്ടായി എന്ന് കൂടി ആലോചിക്കുന്നത് നന്നായിരിക്കും. നിരവധി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഒട്ടൊക്കെ സഹവര്‍ത്തിത്തത്തോടും സഹിഷ്ണുതയോടും കൂടിയാണ് ഇവിടുത്തെ ജനം ജീവിക്കുന്നത്. അതില്ലാതാക്കിയാല്‍ ഉത്തരേന്ത്യന്‍ ബ്രാഹ്മണന്റെ വാമന ജയന്തി പോലെ ആയിരിക്കില്ല കാര്യങ്ങള്‍; മറുപടി പറയുന്നത് ഇവിടുത്തെ സാധാരണ ജനമായിരിക്കും.

അല്ല, എന്താണ് ആര്‍എസ്എസിന് കേരളത്തോട് പ്രശ്നം?


Next Story

Related Stories