TopTop
Begin typing your search above and press return to search.

ഭോപ്പാലില്‍ തടഞ്ഞത് ഒരു പാര്‍ട്ടി നേതാവിനെയല്ല; മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയാണ്

ഭോപ്പാലില്‍ തടഞ്ഞത് ഒരു പാര്‍ട്ടി നേതാവിനെയല്ല; മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയാണ്

കേരളത്തെക്കുറിച്ചു പറയുമ്പോഴൊക്കെ സംഘപരിവാരത്തിന്റെ നാവില്‍ നിന്നും ആദ്യം പുറത്തേക്കു വരുന്ന വാക്ക് അസഹിഷ്ണത എന്നതാണ്. കേരളത്തില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലെല്ലാം സംഘ പരിവാരത്തിന് പറയാനുണ്ടാവുക സിപിഎം അവരോട് വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ അസഹിഷ്ണതയെക്കുറിച്ചു തന്നെയാരിക്കും. അസഹിഷ്ണത എന്ന വാക്ക് അത്ര കണ്ടു സംഘികള്‍ക്ക് പഥ്യം ആകയാല്‍ അവര്‍ ആ വാക്ക് ഊണിലും ഉറക്കത്തിലും നിറുത്താതെ ഉച്ചരിച്ചു കൊണ്ടേയിരിക്കുന്നു. (ഇപ്പറഞ്ഞതുകൊണ്ടു സിപിഎമ്മുകാര്‍ പഞ്ചപാവങ്ങള്‍ എന്ന് വെറുതെ തെറ്റിദ്ധരിക്കരുതേ. ആവശ്യത്തിനും അനാവശ്യത്തിനും സഹിഷ്ണുത കൈവെടിയുന്ന കാര്യത്തില്‍ അവരും ഒട്ടും പിന്നിലല്ല. കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടിക്കുനേരെ ഉണ്ടായ ആക്രമണം അതില്‍ ഒന്ന് മാത്രം).

എന്നാല്‍ ഞായറാഴ്ച ഭോപ്പാലില്‍ സംഭവിച്ചത് പരിശോധിച്ചാല്‍ അസഹിഷ്ണുത എന്ന വാക്ക് ഉച്ചരിക്കാന്‍ സംഘികള്‍ക്ക് എത്രകണ്ട് യോഗ്യത ഉണ്ടെന്നു മനസ്സിലാകും. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് അവിടുത്തെ മലയാളികളുടെ കൂട്ടായ്മ ഒരു സ്വീകരണം ഒരുക്കിയിരുന്നു. ഈ സ്വീകരണ യോഗം അലങ്കോലപ്പെടുത്തികൊണ്ടു ആര്‍എസ്എസ് തങ്ങള്‍ സത്യത്തില്‍ എത്രമാത്രം അസഹിഷ്ണുക്കളാണെന്ന് വ്യക്തമാക്കിത്തന്നു.

പിണറായി വിജയന്‍ പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ് അലങ്കോലപ്പെടുത്താനുള്ള കാരണമായി സംഘപരിവാറുകാര്‍ പറഞ്ഞത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ശ്രീകാര്യത്ത് ഒരു ആര്‍എസ്എസ് നേതാവിന് വെട്ടേറ്റ സംഭമാണ്. ആര്‍എസ്എസ് നേതാവിന് നേരെയുണ്ടായ വധശ്രമം അപലപിക്കപ്പെടേണ്ട ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നുവെച്ച് അത് ഭോപ്പാലില്‍ ഒരു അന്യ സംസ്ഥാന മുഖ്യമന്ത്രിയെ തടഞ്ഞുകൊണ്ട് തന്നെ വേണെമെന്നുണ്ടോ? അങ്ങനെയായാല്‍ കേന്ദ്ര മന്ത്രിമാര്‍ അവര്‍ ബിജെപിക്കാര്‍ ആയതിനാല്‍ കേരളത്തില്‍ തടയും എന്ന് ആരെങ്കിലും ഒക്കെ തീരുമാനിച്ചാല്‍ കാര്യങ്ങള്‍ എവിടെ ചെന്ന് അവസാനിക്കും?

പിണറായിയെ തടഞ്ഞതിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം രേഖപ്പെടുത്തിയെന്നാണ് അറിയുന്നത്. നല്ലതു തന്നെ. എന്നാല്‍ വെറും ഖേദപ്രകടനത്തില്‍ ഒതുക്കേണ്ട ഒന്നല്ല ഞായറാഴ്ച ഭോപ്പാലില്‍ നടന്നത്. ഒരു സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയെ ആണ് അപമാനിച്ചിരിക്കുന്നത്. ഇതുവഴി സംഘികള്‍ നല്‍കുന്ന സൂചന ചെറുതൊന്നുമല്ല. അതാവട്ടെ മോദി യുഗത്തില്‍ ഇന്ത്യയില്‍ എന്ത് നടക്കണം, നടക്കേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം തങ്ങളില്‍ നിഷിപ്തമായിരിക്കുന്നു എന്ന് തന്നെയാണ്.

സംഘപരിവാരത്തിന്റെ വളര്‍ച്ച ഇന്ത്യയില്‍ എങ്ങിനെ സംഭവിച്ചു എന്നിടത്തേക്കുള്ള അന്വേഷണങ്ങള്‍ കൊണ്ടുചെന്നെത്തിക്കുക സത്യാര്‍ത്ഥ പ്രകാശിലൂടെ ആദ്യം ആര്യ സമാജത്തിലേക്കും പിന്നീടിങ്ങോട്ട് വളര്‍ന്നു പരിപുഷ്ടമായ ഒരു അസഹിഷ്ണത പ്രസ്ഥാനത്തിന്റെ വികാസ പരിണാമത്തിന്റെ നാള്‍ വഴികളിലേക്കാണ്. ആ പരിണാമത്തിന് ചോരയുടെ ഗന്ധവും അസഹിഷ്ണതയാല്‍ മുദ്രിതമായ ഒരു ആവരണവും ഉണ്ടായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തിലകിനെ പോലുള്ള നേതാക്കള്‍ എത്രകണ്ട് തീവ്ര ഹിന്ദു നിലപാട് സ്വീകരിച്ചിരുന്നു എന്നത് 1893-ല്‍ ബോംബെയില്‍ നടന്ന ഹിന്ദു-മുസ്ലിം ലഹളയുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഹിന്ദുക്കളെയും മുസ്ലിംകളെയും വിഭജിക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ തന്ത്രപരമായ നീക്കം ആയിരുന്നു ആ ലഹള. എന്നാല്‍ യാഥാര്‍ഥ്യം മനസ്സിലാക്കാതെ തിലകും കൂട്ടരും ഹിന്ദുക്കളെ മുസ്ലിമുകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. പൂനെയിലെ ചപെക്കര്‍ ക്ലബ്, കൊല്‍ഹാപൂരിലെ ശിവാജി ക്ലബ്, ബെല്ഗാമിലെ മസീനി ക്ലബ്, അഭിനവ് ഭാരത് മണ്ഡല്‍ തുടങ്ങിയ സംഘടനകള്‍ ഹിന്ദു തീവ്രവാദം ആളിക്കത്തിക്കുന്നതില്‍ എത്രമാത്രം സജീവമായിരുന്നു എന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

ഗാന്ധി വധത്തിനും മുന്‍പ് തന്നെ അസഹിഷ്ണത കൊലപാതകങ്ങള്‍ അരങ്ങേറിയിരുന്നു. പുനെയിലെ പ്ലേഗ് കമ്മീഷണര്‍ ആയിരുന്ന വാള്‍ട്ടര്‍ ചാള്‍സ് റാന്‍ഡാലിനെ വെടിവെച്ചു കൊന്നുകൊണ്ടായിരുന്നു ചപെക്കര്‍ ക്ലബ്ബിന്റെ ആരംഭം തന്നെ. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ അഭിനവ് ഭാരത് മണ്ഡലിലൂടെ രംഗത്തുവന്ന വീര്‍ സവര്‍ക്കര്‍ പഠിക്കാന്‍ എന്ന വ്യാജേന ഇംഗ്ലണ്ടില്‍ പോയി ബോംബ് നിര്‍മാണത്തില്‍ വൈദഗ്ദ്ധ്യം നേടിയതും ഒക്കെ പില്‍ക്കാല ചരിത്രം.

iii

ഭോപ്പാലില്‍ സംഘപരിവാര്‍ ഭീഷണി ഉണ്ടാകുമെന്നു പറഞ്ഞു പോലീസ് പിന്തിരിപ്പിച്ചപ്പോള്‍ പിന്തിരിയാന്‍ തയ്യാറായത് പിണറായി കാട്ടിയ ബുദ്ധി എന്ന് തന്നെ പറയേണ്ടി വരും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എംവി രാഘവന്‍ കാട്ടിയ ധാര്‍ഷ്ട്ട്യം പോലീസ് വെടിവയ്പിലും അഞ്ചു പേരുടെ മരണത്തിലും കലാശിച്ച കാര്യം ഒരു പക്ഷെ പിണറായി ഓര്‍ത്തിട്ടുണ്ടാകും.

ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത് 1990-ല്‍ മുംബയില്‍ (അന്ന് ബോംബെ ) നടന്ന ഒരു സംഭവമാണ്. അന്നത്തെ യു പി മുഖ്യമന്ത്രി മുലായം സിംഗ് യാദവിന് മുബൈയില്‍ ഒരു വലിയ സ്വീകരണം സംഘടിപ്പിച്ചു. അദ്വാനിയുടെ രഥയാത്ര തടയപ്പെടുകയും അദ്വാനി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിന്റെ പേരില്‍ അത് ചെയ്ത അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദിനൊപ്പം മുലായത്തിനും വലിയ സ്റ്റാര്‍ വാല്യൂ ലഭിച്ച കാലമായിരുന്നു അത്. മുലായത്തിന്റെ സ്വീകരണ യോഗം ശിവസേനക്കാരും ഇതര സംഘി സംഘടനകളും ചേര്‍ന്ന് ആക്രമിക്കുന്നു. ചടങ്ങു റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഞങ്ങള്‍ പത്രക്കാര്‍ക്കും കിട്ടി പൊതിരെ തല്ല്. പക്ഷെ മുലായം കുലുങ്ങിയില്ല. വേദിയില്‍ കയറി രണ്ടു വാക്കു പറഞ്ഞതിന് ശേഷമേ അദ്ദേഹം പിന്‍വാങ്ങിയുള്ളു.

പിണറായി കാണിച്ചത് തന്നെയാണ് ബുദ്ധിയും യുക്തിയും എന്ന് വീണ്ടും ഒരിക്കല്‍ കൂടി പറയാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ പറയേണ്ടിവരുന്നത് അനാവശ്യ ചെറുത്തു നില്പുകള്‍ ചിലപ്പോള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമേ വരുത്തി വെക്കൂ എന്നത് കൊണ്ടുകൂടിയാണ്. എം വി ആറിന് സംഭവിച്ചതും അത് തന്നെയായിരുന്നു. കോഴിക്കോട് ഐസ് ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംഭവിച്ചതും സോളാര്‍ കാലത്തു ഉമ്മന്‍ ചാണ്ടിക്ക് സംഭവിച്ചതും അത് തന്നെയായിരുന്നു. എന്ന് കരുതി ആരും അഭിപ്രായ സ്വാതന്ത്ര്യത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും എതിര് നിന്നാല്‍ അതിനെ ചെറുത്തു തോല്‍പ്പിക്കുക തന്നെ വേണം. അതിനുള്ള ആര്‍ജവം പിണറായി ഭോപ്പാലില്‍ കാട്ടേണ്ടതുണ്ടായിരുന്നു . എന്തുകൊണ്ട് അത് ഉണ്ടായില്ല എന്നത് ഒരു മുഖ്യമന്ത്രി കാണിക്കേണ്ട ഔചിത്യം മാത്രമായി കാണുന്നതിലും ഉണ്ടാവില്ലേ ഒരു യുക്തിരാഹിത്യം? പ്രത്യേകിച്ചും ഒരു വിസിറ്റിംഗ് മുഖ്യ മന്ത്രിക്കു സുരക്ഷ ഒരുക്കുന്നതിനപ്പുറം അദ്ദേഹം പങ്കെടുക്കേണ്ട ചടങ്ങുകള്‍ ഭംഗിയായി നടക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ഫെഡറല്‍ സിസ്റ്റത്തില്‍ ഓരോ സംസ്ഥാങ്ങള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നു ഇപ്പോഴും ഭരണഘടന ഉറപ്പു നല്‍കുന്ന കാലത്തും.

എങ്കിലും താങ്കള്‍ ചെയ്തതാണ് ശരിയെന്ന്‍ ഏറെ മാറിപ്പോയ ഈ കാലഘട്ടത്തില്‍ എങ്കിലും സ്വന്തം സഖാക്കളും വായിച്ചു പഠിക്കേണ്ടതാണ്. കലാപത്തെ കലാപം കൊണ്ടല്ല യുക്തികൊണ്ടാണ് എതിരിടേണ്ടതെന്നു അവരും മനസ്സിലാക്കട്ടെ. അല്ലെങ്കില്‍ മന്ത്രിമാരെയും എംഎല്‍എമാരെയും മാത്രമല്ല സാധാരണ പൗരനെയും വഴിതടയുകയും തങ്ങള്‍ക്കു അപ്രിയമായ കാര്യങ്ങള്‍ പറയുമ്പോള്‍ അടിച്ചോ കുത്തി മലര്‍ത്തിയോ അവരെ ഉന്‍മൂലനം ചെയ്തു ഞങ്ങള്‍ ജയിച്ചേ എന്ന പതിവ് ആരവങ്ങള്‍ തന്നെ മുഴങ്ങും നമ്മുടെ കൊച്ചു കേരളത്തില്‍.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories