TopTop
Begin typing your search above and press return to search.

സംഘപരിവാറിന്‍റെ രാജ്യസ്നേഹ ഇടപെടലുകള്‍ ഇങ്ങനെയൊക്കെയാണ്

സംഘപരിവാറിന്‍റെ രാജ്യസ്നേഹ ഇടപെടലുകള്‍ ഇങ്ങനെയൊക്കെയാണ്

പി സി ജിബിന്‍

സംഘപരിവാർ അഥവാ അതിന്റെ നെടും തൂണായ ആർ എസ് എസ് ആയുധങ്ങൾ ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചാൽ അതെ എന്ന് തന്നെയാവും എല്ലാവരും ഉത്തരം പറയുക. കത്തി മുതൽ നാടൻ ബോംബും കുറുവടിയും വരെ പലയിടങ്ങളിൽ അവർ ഉപയോഗിച്ചിട്ടുണ്ട്. ആർ എസ് എസ് പ്രത്യയശാസ്ത്രം അനുസരിച്ച് മാതൃഭൂമിയുടെ മാനം കാക്കാൻ ആണ് അവർ ആയുധങ്ങൾ എടുക്കാറുള്ളത്. അത്തരം ഒരു ആയുധപ്രയോഗം ആണല്ലോ ഗാന്ധിവധം. കലാപങ്ങൾക്കും അക്രമങ്ങൾക്കും ആയുധം എടുക്കുന്നതും മാതൃഭൂമിക്ക് വേണ്ടി തന്നെ. ഹൈന്ദവ രാഷ്ട്രത്തിന് വിനയായി നിൽക്കുന്ന മത ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകളെയും കൊല്ലുക എന്നതിൽ കവിഞ്ഞ് മറ്റെന്തു ദേശസ്നേഹപ്രകടനമാണ് ഒരു സംഘപരിവാർ അനുയായിക്ക് ആ പ്രത്യയശാസ്ത്രപ്രകാരം ചെയ്യാൻ കഴിയുക?

മാതൃഭൂമിക്ക് ശേഷം സംഘപരിവാർ ആയുധം എടുക്കുന്നത് ഗോമാതാവിന് വേണ്ടിയാണ്. വിശുദ്ധ പശുവിന്റെ പേരിൽ ഈയിടെ നടന്ന ദാദ്രി കൊലപാതകത്തോടെയാണ് സംഭവം വ്യാപക ചർച്ച ആവുന്നത്. മുഖ്യധാരാ കുടുംബത്തിൽ ജീവിക്കുന്ന ഒരു മുസ്ലിം ആയതുകൊണ്ടാണ് വിഷയം എല്ലാവരും അറിഞ്ഞത്. കൊല്ലപ്പെട്ടത് ഉൾനാട്ടിലെ വല്ല ദാരിദ്ര മുസ്ലിമും ആയിരുന്നെങ്കിൽ സംഭവം ആരും അറിയില്ലായിരുന്നു. ദാദ്രി സംഭവത്തിന് ശേഷം ആർ എസ് എസ് പറഞ്ഞത് അവർക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ല എന്നാണ്. മൃഗസംരക്ഷണം വിശേഷാൽ ചില പശു സംരക്ഷണ എൻ ജി ഓ കൾക്ക് ഇതുമായി ബന്ധമുണ്ടെന്ന തരത്തിൽ അപ്പോൾ ചില മാധ്യമ വാർത്തകൾ വന്നിരുന്നു.

വീണ്ടും ഗാന്ധി വധത്തിലേക്ക് വരാം. ഏറെ വർഷങ്ങൾക്ക് ശേഷം അത് വീണ്ടും ചർച്ചയാവാനുള്ള കാരണം ഗാന്ധി ഘാതകൻ ഗോഡ്സേക്കും ക്ഷേത്ര നിർമാണം ഉൾപ്പെടെ നടത്താനുള്ള നീക്കങ്ങളാണ്. ഹിന്ദു മഹാ സഭയാണ് ഇത്തരം നീക്കങ്ങളുമായി മുന്നോട്ടു പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തിൽ ഉയർന്ന ചോദ്യങ്ങൾക്ക് ആർ എസ് എസ് മറുപടി നല്കിയത് ഗാന്ധിയെ കൊന്നതും ഇപ്പോൾ ഗോഡ്സേയെ കൊണ്ടാടുന്നതും തങ്ങളല്ലെന്നും ഹിന്ദു മഹാ സഭയുമായി അവർക്ക് യാതൊരു ബന്ധവും ഇല്ലെന്നും ഒക്കെയാണ്. ചില ഘട്ടങ്ങളിൽ ഹിന്ദു മഹാസഭയ്ക്കും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കും അടുത്ത ബന്ധമാണെന്നും വരെ പറഞ്ഞു നടന്നു. അങ്ങനെയെങ്കിൽ ഹിന്ദു മഹാസഭക്കെതിരെ എന്തേ കേസെടുക്കുന്നില്ല എന്ന് ചോദിച്ചാൽ ആർ എസ് എസ് കേട്ടഭാവം നടിക്കില്ല.ഇനി കർണാടകത്തിലേക്ക് വരാം. അവിടത്തെ ഹനുമാൻ സേന, ശ്രീരാം സേനയൊക്കെ കുപ്രസിദ്ധമാണ്. വാലെന്റൈൻ ദിനാഘോഷങ്ങങ്ങളെ ആക്രമിച്ചും ഒടുവിൽ മംഗലാപുരത്തെ പബ്ബ് ആക്രമിച്ചും കുപ്രസിദ്ധി നേടിയവർ. ഇന്ത്യൻ ഹിന്ദുത്വ തീവ്രവാദത്തിന്റെ ആക്രമണങ്ങൾ ആയി അതൊക്കെ വിശേഷിപ്പിക്കപ്പെട്ടപ്പോഴും ആർ എസ് എസ്സിന് പതിവ് ഉത്തരം, 'സേനക്കും സംഘത്തിനും ബന്ധമില്ല.'

ഏറ്റവും ഒടുവിൽ കേരളത്തിലേക്ക് വരാം. മാധ്യമ പ്രവർത്തക സിന്ധു സൂര്യകുമാറിന് നേരെ ഉണ്ടായ വധഭീഷണിക്കും അവഹേളനത്തിനും പോലീസ് പിടിയിലായവർ ശ്രീരാം സേന പ്രവർത്തകർ ആണ്. ആർ എസ് എസ്സിന് പതിവ് മറുപടി ഉണ്ട് 'സിന്ധു പറഞ്ഞതിനോട് യോജിപ്പില്ല, പക്ഷെ ശ്രീരാം സേനയുമായി സംഘത്തിന് ഒരു ബന്ധവും ഇല്ല. '

ശ്രീരാം-ഹനുമാൻ സേനകൾക്കും മറ്റും ഒക്കെ ആർ എസ് എസ്സുമായുള്ള ബന്ധം എന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമേ ഉണ്ടാകൂ. അത് 'സംഘപരിവാർ' എന്നതാണ്. ഹൈന്ദവ തീവ്രവാദികളുടെ കൂട്ടായ്മയാണ് സംഘപരിവാർ. സംഘപരിവാറിന്റെ, അഥവാ സംഘ കുടുംബത്തിന്റെ 'ഗൃഹനായകസ്ഥാനം' സംഘത്തിന്, അഥവാ ആർ എസ് എസ്സിന് തന്നെ.

ആർ എസ് എസ് ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ പ്രവര്ത്തിക്കുന്നത് എൻ ജി ഒകൾ ആയാണ്. പശു സംരക്ഷണത്തിനുള്ള എൻ ജി ഒ ആണ് ഗോ രക്ഷാ ദൾ സംഘടനകൾ. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇവർക്ക് ഘടകങ്ങൾ ഉണ്ട്. ഗോ രക്ഷ ദളിന്റെ പേരിലുള്ള http://protectyourcow.blogspot.in/ എന്ന ബ്ലോഗ് നോക്കുക. ഇതിൽ ഗോ രക്ഷ ദൾ പഞ്ചാബ് വിഭാഗത്തിന്റെ പ്രസിഡന്റ് സതിഷ്കുമാർ എഴുതുന്നത് ഇങ്ങനെയാണ്. 'എബൌട്ട് അസ്' പേജിൽ 'സുഹൃത്തുക്കളെ, പശു ഭക്തരേ' എന്ന് തുടങ്ങുന്ന കുറിപ്പിൽ, ഈ സംഘടനയുടെ ലക്ഷ്യവും പ്രവർത്തനവും ഒക്കെ വിശദീകരിക്കുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് പറഞ്ഞ് അതിന് 'പശു ഭക്തരിൽ' നിന്നും സംഭാവനകളും ചോദിക്കുന്നുണ്ട് സതിഷ് കുമാർ. ഒന്നാമത്തെ ആവശ്യം പശുകടത്തലുകാരെ പിടിക്കാൻ വണ്ടികൾ വാങ്ങണം എന്നുള്ളതാണ്. രണ്ടാമത്തെതാകട്ടെ പശുകടത്തലുകാരെ നേരിടാൻ ആയുധങ്ങൾ വാങ്ങണം എന്നതും. ഇതിനാണ് സംഭാവന ചോദിക്കുന്നത്. സംഭവം തമാശയായി കണ്ട് ചിരിച്ചു തള്ളാൻ വരട്ടെ. ഇവരുടെ തന്നെ പേരിലുള്ള യൂട്യൂബ് ചാനലിൽ നിറയെ വീഡിയോകൾ ഉണ്ട്. പഞ്ചാബ്-രാജസ്ഥാൻ ബോർഡറിൽ നടന്നത് എന്ന പേരിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ നോക്കൂ.പശുവിനെ 'കടത്തിയ' ഒരാൾ എന്ന് ആരോപിച്ച് ഒരു വ്യക്തിയെ എത്ര മൃഗീയമായിട്ടാണ് മർദിക്കുന്നത്. ഒട്ടനവധി മൃഗീയമായ മർദനങ്ങളുടെ ദൃശ്യങ്ങൾ, ഗോ രക്ഷാ സേന നടത്തുന്ന റെയ്ഡുകൾ എന്നിവയുടെ വീഡിയോകള്‍ ഇതേ യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

പിയൂഷ് വി ആർ മിശ്ര എന്ന യൂട്യൂബ് അക്കൌണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ കാണുക.ആധുനിക തോക്കുകളുമായി യൂണിഫോം ധരിച്ച് ഹൈവേകളിൽ പട്രോളിംഗ് നടത്തുന്ന ഈ സംഘത്തിന്റെ ദൃശ്യം താലിബാൻ സംഘത്തിന്‍റെയല്ല. പശുക്കളെ കടത്തുന്ന വാഹനങ്ങൾ തടഞ്ഞു വച്ച് തകർക്കുന്നതും തീവെക്കുന്നതും എല്ലാം ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആണെന്ന് ഓർത്ത് അഭിമാനിക്കുകയാണോ വേണ്ടത്?

സമാനമായ വിവിധ ദൃശ്യങ്ങൾ നിരവധി യൂട്യൂബ് ചാനലുകളിലായി ലഭ്യമാണ്. ഇതെല്ലാം യു പി എ ഭരണകാലം മുതൽ ഇവിടെയുണ്ടെന്നതും ഓർക്കുക. മൃദു ഹൈന്ദവതയെ പുൽകുന്ന കോണ്‍ഗ്രസ് രാഷ്ട്രീയം ഇവർക്ക് ഇപ്പോഴും വളം വെക്കുകയായിരുന്നു. ആർ എസ് എസ് ഭരണത്തിൽ എത്തുന്നതോടെ ഇത്തരം ഗ്രൂപ്പുകൾക്ക്, അതായത് എൻ ജി ഒകൾക്ക് ജീവൻ വെക്കുകയും ചെയ്തു. ആർ എസ് എസ്സിനോട് ചോദിച്ചാൽ അവർ പതിവ് മറുപടി തന്നെ തരും, ഇത്തരം ദളുകളും സേനകളും ആയി അവർക്ക് ബന്ധം ഇല്ലെന്ന്. അങ്ങനെ ബന്ധമില്ലെങ്കിൽ എന്തുകൊണ്ടാണ് ഇങ്ങനെ ആയുധ ശേഖരണവും നിയമം കയ്യിലെടുക്കലും വർഗീയതയും നടപ്പിലാക്കുന്ന ഗ്രൂപ്പുകൾക്ക് നേരെ കേസുകൾ എടുക്കാത്തത്?

സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ ശ്രീരാം സേനയുടെ പേരിൽ നൂറോളം അക്കൌണ്ടുകൾ ഫെയ്സ്ബുക്കിൽ ഉണ്ട്. അവയിലെ പോസ്റ്റുകൾ പരിശോധിച്ചാൽ തന്നെ അറിയാം അവർ എത്രത്തോളം വിഷലിപ്തമാണെന്ന്. അതിനെക്കുറിച്ച് അന്വേഷിക്കാൻ എന്താണ് കേരളത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ തയ്യാറാവാത്തത്?

കന്നുകാലി സംരക്ഷണത്തിന് ഉൾപ്പെടെയുള്ള സമാന ബഡ്ജറ്റ് വിഹിതങ്ങളും ഇത്തരം എൻ ജി ഒകളുടെ കയ്യിലാണ് എത്താൻ പോകുന്നത്. കന്നുകാലി സംരക്ഷണം, സദാചാര പരിശീലനം തുടങ്ങിയവ പ്രവർത്തനമേഖലകൾ ആക്കിയ സംഘപരിവാർ എൻ ജി ഒകൾക്ക് ഫണ്ട് നൽകാം, അവയെ വളർത്താം. ഗോ മാതാവിനും ഭാരത മാതാവിനും വേണ്ടി അവർ ആയുധങ്ങൾ വാങ്ങട്ടെ, കലാപങ്ങൾ ഉണ്ടാക്കട്ടെ. പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം എന്നൊക്കെ മിണ്ടുന്ന എൻ ജി ഒകളുടെ ഫണ്ടുകൾ ഇല്ലായ്മ ചെയ്ത് നമുക്ക് കള്ളപ്പണം തടയാം. നിരായുധരായി കൂട്ടം കൂടുന്ന കോളേജ് കുട്ടികളുടെ പേരിൽ നമുക്ക് രാജ്യദ്രോഹക്കുറ്റം ചുമത്താം - നമ്മുടെ രാജ്യം സുരക്ഷിതമായി ഇരിക്കട്ടെ!

വന്ദേ മാതരം !!

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories