TopTop
Begin typing your search above and press return to search.

എന്നാല്‍ കടകംപള്ളി, ദൈവങ്ങളുടെ കൈയിലുള്ള ആയുധങ്ങള്‍ പിടിച്ചെടുക്ക്- ടി.ജി മോഹന്‍ ദാസ്

എന്നാല്‍ കടകംപള്ളി, ദൈവങ്ങളുടെ കൈയിലുള്ള ആയുധങ്ങള്‍ പിടിച്ചെടുക്ക്- ടി.ജി മോഹന്‍ ദാസ്

ടി.ജി മോഹന്‍ദാസ്

കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസ് ആയുധപ്പുരകളാക്കി വച്ചിരിക്കുന്നു എന്നുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വെറും ഭോഷ്‌ക്കാണ്. ഏതു ക്ഷേത്രത്തില്‍, എന്ത് ആയുധപ്പുര? ക്ഷേത്രങ്ങള്‍ ആയുധപ്പുരയാക്കുകയെന്നു പറഞ്ഞാല്‍ വലിയൊരു ആരോപണമാണ്. നിസാരകാര്യമല്ല. ഒരു അഡ്മിനിസ്‌ട്രേറ്റര്‍ എന്ന നിലയില്‍ എനിക്ക് ഇത്തരം ഒരു വിവരം കിട്ടിയാല്‍ പൊലിസിനോട് പറഞ്ഞ് ആ ആയുധങ്ങള്‍ പിടിച്ചെടുത്ത് അതുകൊണ്ടുവന്നവനെ അറസ്റ്റ് ചെയ്യും. മിനിമം പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യിക്കുകയും ചെയ്യും. കാരണം റിലീജ്യസ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പ്രിവിന്‍ഷന്‍ ഓഫ് മിസ്‌യൂസ് ആക്ട് എന്ന് പറഞ്ഞ് 1986-ല്‍ രാജീവ്ഗാന്ധി പാസാക്കിയ ആക്റ്റ് ഉണ്ട്. ആ ആക്ട് അനുസരിച്ച് ഒരു രാഷ്ട്രീയ ആക്ടിവിറ്റിയോ രാഷ്ട്രീയ സ്വഭാവമുള്ള പൊതുപരിപാടിയോ അമ്പലത്തിനുള്ളിലോ പരിസരത്തോ പാടില്ല. ഇതു ലംഘിക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവുണ്ട്. പരിപാടി നടത്തിയവര്‍ക്കു മാത്രമല്ല, ആ ആരാധനാലയാത്തിന്റെ ഭരണാധികാരികള്‍ക്കും ശിക്ഷകിട്ടും. അതിപ്പോള്‍ ഗുരുദ്വാരയായാലും മുസ്ലിം പള്ളിയായാലും അമ്പലമായാലും.

ഈ ആക്ട് ആറു തവണ കേരളത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒന്ന്, മാറാട് സംഭവം കഴിഞ്ഞപ്പോള്‍ പള്ളിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഈ ആക്ട് പ്രകാരം ആയുധങ്ങള്‍ കൊണ്ടുവച്ച ഒരാളിനെ ശിക്ഷിക്കുകയും ചെയ്തു. രണ്ടാമത്തേത് 2011-ല്‍ മലബാറിലെ ഒരു ദേവീക്ഷേത്രത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ കുംഭകുടം തുള്ളല്‍ നടത്തിയതിന്. ആ കുടത്തില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളമുണ്ടായിരുന്നു. തുള്ളലിന്റെ കൂടെ ഈങ്ക്വിലാബ് സിന്ദാബാദ് അങ്ങനെയെന്തോ മുദ്രാവാക്യവും വിളിച്ചു. അതിന്റെ പേരില്‍ അഞ്ചോ ആറോ പേരുടെ പേരില്‍ കേസ് എടുത്തു. പിന്നീട് പ്രതികള്‍ ഹൈക്കോടതിയില്‍ വന്ന് 25,000 രൂപയും കെട്ടിവച്ച് ആള്‍ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. അതിന് ശേഷം ആ കേസിന് എന്ത് സംഭവിച്ചുവെന്നറിയില്ല.

അപ്പോള്‍, ആരാധനാലയങ്ങള്‍ ആര്‍എസ്എസ് അല്ല, ആരായാലും ആയുധപ്പുരയാക്കിയാല്‍ അത് ഗൗരവമേറിയ വിഷയമാണ്. ഈ ആക്ട് കേരളത്തില്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്ന്‍ മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു. ഈ ആക്ടിന്റെ കോപ്പി എല്ലാ പോലീസ് സ്റ്റേഷനിലും അയച്ചുകൊടുക്കണമെന്നാണു കമ്മിഷന്‍ പറഞ്ഞത്. സഭയുടെ മേശപ്പുറത്തുവച്ചപ്പോള്‍ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടിലും പ്രത്യേകം പറഞ്ഞു. എല്ലാവര്‍ക്കും എത്തിച്ചുകൊടുക്കാനുള്ള നടപടിയെടുത്തിട്ടുണ്ടെന്ന്. ഇങ്ങനെയൊരു നിയമം ഉള്ളപ്പോള്‍, മന്ത്രിക്ക് ആര്‍എസ്എസ്സിനെതിരെ കേസ് എടുക്കാന്‍ പറയാമല്ലോ? ഉത്തരവാദിത്വമുള്ള ഒരു മന്ത്രിയിങ്ങനെ ചെയ്യാന്‍ പാടില്ല. ഡിവൈഎഫ്‌ഐ നേതാവൊന്നുമല്ലല്ലോ ഇങ്ങനെയൊക്കെ സംസാരിക്കാന്‍, മന്ത്രിയല്ലേ! ആ ഒരു രീതിയില്‍ സംസാരിക്കണ്ടേ?

സാങ്കേതികമായി പറഞ്ഞാല്‍ അമ്പലങ്ങള്‍ ആയുധപ്പുരകളാണ്. വിഷ്ണുവിന്റെയും ശ്രീകൃഷ്ണന്റെയും കൈയില്‍ ചക്രം, ശിവന്റെ ശൂലം, ഹനുമാന്റെ ഗദ, പരശുരാമന്റെ മഴു, ദുര്‍ഗയുടെ കൈയിലുള്ള സാധനങ്ങളുടെ പേര് തന്നെ നമുക്കറിയില്ല, ഏത്രയോ ആയുധങ്ങള്‍. ഒന്നാംതരം ആയുധങ്ങളാണ്. മിക്ക ദേവീക്ഷേത്രങ്ങളിലും വെളിച്ചപ്പാടുതുള്ളുന്ന പള്ളിവാളുണ്ട്. ഒരൊറ്റ വീശലിന് മൂന്നോ നാലോ പേരെ കൊല്ലാം. മാരകായുധമല്ലേ?

ചുരുക്കിപ്പറഞ്ഞാല്‍ വലിയൊരു ലഹളയ്ക്കുള്ള ആയുധസന്നാഹങ്ങള്‍ ഓരോ അമ്പലത്തിലും കുമിഞ്ഞുകൂടിയിരിക്കുന്നു. ഞാന്‍ പറയുന്നത്, ഈ മന്ത്രിക്കു നട്ടെല്ലിന്റെ സ്ഥാനത്ത് വാഴനാരെങ്കിലുമുണ്ടെങ്കില്‍ ഈ ആയുധങ്ങള്‍ പിടിച്ചെടുക്കട്ടെ. മാരകായുധങ്ങളാണ്. മാരകായുധങ്ങള്‍ സഹസ്രാബ്ദങ്ങളായി ക്ഷേത്രങ്ങളില്‍ വച്ചു പൂജിക്കുന്ന ആള്‍ക്കാരാണ് ഹിന്ദുക്കള്‍. ആയുധപൂജ എന്ന ചടങ്ങു തന്നെയുണ്ട് ഹിന്ദുക്കള്‍ക്ക്. ആയുധങ്ങളെ പൂജിക്കുകയാണ്. പോലീസുകാരന്‍ തോക്കിനെ പൂജിക്കുന്നു, ഡ്രൈവര്‍ ബസിനെ പൂജിക്കുന്നു, കൊയ്ത്തുകാരി കൊയ്ത്തരിവാളിനെ പൂജിക്കുന്നു, എഴുത്തുകാരന്‍ പേനയെ പൂജിക്കുന്നു ഇതിനെയൊക്കെ എതിര്‍ക്കാന്‍ പോവുകയാണോ കടകംപള്ളി?

ഏത് ലോകത്താണ് ഇവര്‍ ജീവിക്കുന്നത്. ആരോടാണ് ഇവര്‍ കളിക്കുന്നത്? എത്ര നിസ്സാരമായിട്ട് ഉത്തരവാദപ്പെട്ട ഒരു മന്ത്രി ഒരു പ്രസ്താവനയിറക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പരിഭ്രമിച്ചിരിക്കുന്നു. ആര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കേരളത്തില്‍ ഒരു ഹിന്ദുമുന്നേറ്റം കാണെക്കാണെ സംഭവിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് പറയാന്‍ നാലുതവണ ആലോചിക്കേണ്ടിവന്നു. ഒടുവില്‍ പറഞ്ഞത് കോടിയേരി ബാലകൃഷ്ണനാണ്. കടകംപള്ളി സുരേന്ദ്രന്‍ ഇപ്പോഴും പറഞ്ഞിട്ടില്ല. സുപ്രീംകോടതിയില്‍ കൊടുത്ത അഫിഡിവിറ്റ് മാറ്റിയിട്ടുമില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു പേടിയാണ്. ഹിന്ദുക്കളെ പേടിക്കുന്നു. ഹിന്ദുവോട്ടിനെ പേടിക്കുന്നു. ഇതിന്റെ ഗുണം ബിജെപിക്ക് കിട്ടും എന്നവര്‍ മനസ്സിലാക്കുന്നു. ഇതൊരു ഹിന്ദുവിരുദ്ധ മനോഭാവമാണ്. അല്ലെങ്കില്‍ നോക്കിക്കോളൂ. പൂക്കളം, അതില്‍ കയറി കൊത്തേണ്ട വല്ല കാര്യവുമുണ്ടോ പിണറായി വിജയന്. പൂക്കളമിടാനായി ഓഫീസില്‍ നിന്നു ആള്‍ക്കാര്‍ പോയി, അതിനാല്‍ തനിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പോയി എന്ന് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ?

നിലവിളക്ക് കൊളുത്തില്ല, കൊളുത്തുന്നത് ശരിയല്ല എന്നു മന്ത്രി ജി സുധാകരന്‍ പറയുന്നു. ഇങ്ങനെ പറയേണ്ടതിന്റെ വല്ല കാര്യവുമുണ്ടോ? മൂന്നുവര്‍ഷം മുമ്പ് അബ്ദുറബ്ബ് നിലവിളക്ക് കൊളുത്തുന്നില്ലെന്ന് പറഞ്ഞ് നിലവിളക്കുമായി ജാഥ നടത്തിയവരാണ് ഡിവൈഎഫ്‌ഐ; അവര്‍ക്ക് പ്രിയപ്പെട്ട നിലവിളക്ക് ഇത്ര വെറുക്കപ്പെട്ടതെങ്ങനെയാണ്? പൊതുവേദിയില്‍ കൊളുത്തരുതെന്നാണ് പറഞ്ഞത്. പൊതുവേദിയില്‍ തന്നെയാണല്ലോ അബ്ദുള്‍ റബ്ബും പറഞ്ഞത് കൊളുത്തില്ലെന്ന്. നിലവിളക്ക് കൊളുത്തുക, പ്രാര്‍ത്ഥന ചൊല്ലുക ഇത് ഹിന്ദുക്കളുടെ മാത്രമല്ലല്ലോ. പറഞ്ഞുവരുമ്പോള്‍ അതൊരു ഹിന്ദു ആചാരമാണ്. ആ മതത്തിന്റെയാകുമ്പോള്‍ അത് വേണ്ടായെന്നല്ലേ അര്‍ത്ഥം. ക്രിസ്ത്യാനികള്‍ നിലവിളക്ക് കൊളുത്തുന്നു, മുസ്ലിങ്ങള്‍ വ്യാപകമായില്ലെങ്കിലും ധാരാളം പേര്‍ കൊളുത്തുന്നുണ്ട്. ആരെന്തൊക്കെ പറഞ്ഞാലും നിലവിളക്ക് ഒരു ഹിന്ദുബിംബമാണ്. ഹിന്ദുപ്രതീകമാണ്. ഇതു സുധാകരന്റെ ഉള്ളിലുമുണ്ട്, എന്റെ ഉള്ളിലുമുണ്ട്. അതുകൊണ്ട് സുധാകരന്‍ നിലവിളക്കിനെ തള്ളിപ്പറയുന്നു. എനിക്ക് നോവുകയും ചെയ്യുന്നു.

പൂക്കളം കൊണ്ട് മനുഷ്യര്‍ ജോലി ചെയ്യുന്ന സമയത്തിന്റെ അളവ് കുറയുന്നുവെന്ന പ്രശ്‌നം മുമ്പെങ്ങും ഉണ്ടായിട്ടില്ല. ആണെങ്കില്‍ തന്നെ, പൂക്കളമിട്ടു ഓഫീസ് സമയം പാഴാക്കരുതെന്നു ചീഫ് സെക്രട്ടറിക്ക് ഒരു സര്‍ക്കുലര്‍ ഇറക്കാവുന്നതേയുള്ളു. ഉത്തരവാദപ്പെട്ട മന്ത്രിയായിട്ടിരിക്കുമ്പോള്‍ ഇത് പറയാമോ. എനിക്ക് പറയാം, ഞാന്‍ ഉത്തരവാദിത്വമില്ലാത്തയാളാണ്. മുഖ്യമന്ത്രി പൊതുവേദിയില്‍ പറയുമ്പോള്‍ അത് പ്രശ്‌നമാവും. താനിരിക്കുന്ന കസേരയ്ക്കനുസരിച്ച് പെരുമാറാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലായെന്നതാണ് കഷ്ടം. സുധാകരന്‍ അന്യഥാ മാന്യനായ ഒരു മനുഷ്യനാണ്. നിഷ്‌കളങ്കനാണ്. അഴിമതിയില്ലാത്തവനാണ്. പുള്ളിയുടെ നാക്ക് വഷളാണെന്ന് പക്ഷേ കേരളത്തിലെ ആള്‍ക്കാര്‍ക്കറിയാം. മുന്‍ശുണ്ഠിക്കാരനാണ്, എന്തും പറയും. അതുകൊണ്ടു സുധാകരന് ഒരു ഡിസ്‌കൗണ്ട് കൊടുക്കാം. പിണറായി വിജയന്‍ അളന്നുമുറിച്ച് സംസാരിക്കുന്നയാളാണ്. കടകംപള്ളി സുരേന്ദ്രന്‍ പ്രായേണ ശാന്തനും മര്യാദക്കാരനുമായിട്ട് അറിയപ്പെടുന്നയാളാണ്. ഇവരും കൂടി ഇത് പറയുമ്പോഴാണ് സംശയം തോന്നുന്നത്.

ഹിന്ദുവിനോട്, ആര്‍.എസ്.എസിനോട് ഇവര്‍ക്കുള്ള വിരോധം എന്താണ്? പൊളിറ്റിക്കല്‍ വിരോധം മനസ്സിലാകാം. പക്ഷേ അതിനുപകരം റിലിജിയസ് വിരോധം എന്തിനാണ്. ഒരു സന്യാസി കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് കരുതൂ, മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന ഒരു പ്രശ്‌നം ഉത്ഭവിക്കില്ലേ അവിടെ. എത്ര തവണ ക്രിസ്ത്യന്‍ പാതിരിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആരെങ്കിലും ഉന്നയിക്കുന്നുണ്ടോ? മത്തായി നൂറനാല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. ആ മത്തായി നൂറനാലിന്റെ കേസിലാണ് പിണറായി വിജയന്‍ ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചത്. ഫാദര്‍ മത്തായി ളോഹയിട്ട മനുഷ്യനാണ്. അങ്ങേര്‍ക്ക് ദൈവവിശ്വാസമില്ലായെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിഷപ്പ് പറഞ്ഞു; ഞാനാണ് അയാള്‍ക്ക് അന്ത്യകുര്‍ബാന ചൊല്ലിക്കൊടുത്തതെന്ന്. അപ്പോള്‍ ബിഷപ്പിനെ പിണറായി നികൃഷ്ട ജീവിയെന്ന് വിളിച്ചു. മത്തായി നൂറനാലിനെ നിര്‍ത്തി മത്സരിപ്പിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മടിയുമില്ലായിരുന്നു. ഒരു ഹിന്ദു സന്യാസിയെ അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമോ? ഇനി അഥവാ അവര്‍ മത്സരിപ്പിച്ചാല്‍ തന്നെ ഹിന്ദു വിരുദ്ധന്‍ ആയിട്ടുള്ള ഒരാളായിരിക്കും. സംവിദാനന്ദിനെ പോലെ വഴക്കാളി ആയിട്ടുള്ള ഒരാള്‍ ആയിരിക്കും. ഇതെന്തു കൊണ്ട് സംഭവിക്കുന്നു? അവരുടെ ഉള്ളില്‍ ഇപ്പോഴും ഹിന്ദു വിരോധം എന്തുകൊണ്ടാണ്? ഇതാണ് എന്റെ ചോദ്യം.ദേവസ്വം ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹിന്ദുവായാല്‍ മാത്രം പോര, വിശ്വാസി കൂടി ആയിരിക്കണം എന്നുള്ള ഒരു മാനദണ്ഡം കൂടി കൊണ്ട് വന്നത് കെ കരുണാകരന്റെ കാലത്താണ്. അത് ന്യായമായ കാര്യമല്ലേ? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അവരതു മാറ്റി. വിശ്വാസിയുടെ സ്ഥാപനം ഭരിക്കേണ്ടത് വിശ്വാസം ഉള്ള ആളല്ലേ? അങ്ങനെയല്ലെങ്കില്‍ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും പള്ളികള്‍ കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണം. ക്ഷേത്രങ്ങള്‍ വേണ്ട, ദേവസ്വമേ വേണ്ട എന്ന കമ്മ്യുണിസ്റ്റ് നിലപാടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ഉറച്ചു നില്‍ക്കട്ടെ, ക്യാമ്പയിന്‍ ചെയ്യട്ടേ, ഞങ്ങള്‍ക്ക് വിരോധമില്ല. ക്ഷേത്രം വേണ്ട, പക്ഷേ ക്ഷേത്രങ്ങള്‍ ഞങ്ങള്‍ ഭരിക്കും എന്നുള്ള ഇരട്ടത്താപ്പ് അനുവദിച്ചു തരികയില്ല.

ഒരു വശത്തുകൂടി അവര്‍ എല്ലാ മതങ്ങളുടെയും സംരക്ഷകരാണെന്നു പറയുകയും മറു വശത്തുകൂടി ഒരു മതത്തിന്റെ മാത്രം സ്ഥാപനങ്ങളില്‍ മാത്രം തിരക്കിപ്പിടിച്ച് കയ്യേറാന്‍ ശ്രമിക്കുന്നു. ഇത് തുടങ്ങുന്നത് എപ്പോഴും മതേതരത്വത്തിന്റെ പേരും പറഞ്ഞാണ്. സ്റ്റേറ്റ്, ആചാരത്തിലേക്ക് പോലും കടന്നു കയറുന്ന ഒരു സ്ഥിതിയാണ് ഇപ്പോള്‍ ഉള്ളത്. ഇതൊന്നും വേറെ ഒരു സര്‍ക്കാരും ചെയ്യില്ല. ഉമ്മന്‍ ചാണ്ടി ആണെങ്കില്‍ ചെയ്യില്ല. മതം രാഷ്ട്രീയത്തില്‍ കയറരുത്, അതുപോലെ രാഷ്ട്രീയം മതത്തിലും കയറരുത്.

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കേരളത്തില്‍ ചുരുക്കം ചില ശാഖകള്‍ മാത്രമേ നടക്കുന്നുള്ളൂ. അമ്പലങ്ങളില്‍ അല്ല ശാഖകള്‍ നടക്കുന്നത്. അമ്പല മുറ്റം കഴിഞ്ഞുള്ള അമ്പല പറമ്പുകളില്‍, വിശാലമായ പ്രദേശങ്ങളില്‍ ആണ്. കെപിഎംഎസ്, എസ്എന്‍ഡിപി അടക്കമുള്ള ഹിന്ദു സംഘടനകളുടെ പരിപാടികള്‍ അമ്പല പറമ്പുകളില്‍ വച്ച് നടക്കാറുണ്ട്. കാരണം അമ്പല പറമ്പുകള്‍ പൊതു ഇടങ്ങളാണ്. ആര്‍എസ്എസ്സിന് എല്ലാ ദിവസവും സായാഹ്നസമയത്ത് ശാഖ ഉണ്ട്, അപ്പോള്‍ എല്ലാ ദിവസവും അമ്പലപ്പറമ്പ് കയ്യടിക്കി വെക്കാന്‍ കഴിയാത്തതു കൊണ്ട് ഞങ്ങള്‍ സ്വമേധയ അവിടെ നിന്ന് മാറി മറ്റിടങ്ങള്‍ കണ്ടു പിടിച്ചു. കാരണം ഞങ്ങള്‍ ക്ഷേത്രങ്ങളെ സ്‌നേഹിക്കുന്നവരാണ്.

ഇത് നാട്ടുകാരുടെ മുന്നില്‍ അല്ലേ നടക്കുന്നത്? ആര്‍ക്കു വേണമെങ്കിലും അവിടെ എന്താണ് നടക്കുന്നത് എന്നു കയറി നോക്കാവുന്നതാണ്. ഏതമ്പലങ്ങളില്‍ ആണ് ആര്‍എസ്എസ് ആയുധപ്പുരകള്‍ ആക്കി വച്ചിട്ടുള്ളത്? ആരോപണം ഉന്നയിക്കുന്നവര്‍ ഒരു ഉദാഹരണം പറയട്ടെ. ഉദാഹരണം പറഞ്ഞാല്‍ മാത്രം പോര അങ്ങനെ ഉണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ. അമ്പല പറമ്പില്‍ ആയുധ പരിശീലനം നടക്കുമ്പോള്‍ നാട്ടുകാര്‍ നോക്കിയിരിക്കുമോ? നാടുകാര്‍ ഇടപെടില്ലേ? ഇതുവരെ ആരും ഒന്നും പറഞ്ഞിട്ടില്ലല്ലോ?

അധികാരത്തിന്റെ് ഗര്‍വ് ഉപയോഗിച്ച് ആര്‍എസ്എസ്സിനെ ഒതുക്കാം എന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില്‍ മണ്ടത്തരമാണ്. ഇന്ദിരാ ഗാന്ധി വിചാരിച്ചിട്ട് നടക്കാത്തതാണ്; ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ വിചാരിച്ചാല്‍ നടക്കുമോ?

കേരളവും ത്രിപുരയും വിട്ടുകഴിഞ്ഞാല്‍ പിന്നെ എവിടെയുണ്ട് ഇവരുടെ ചുവപ്പ് കൊടി? റെയില്‍വേ സ്‌റ്റേഷനുകളില്‍ കാണും. അതിന്റെ ചൊരുക്കാണ് ഇവര്‍ക്ക്. അവരുടെ വേവലാതി ഞങ്ങള്‍ക്കു മനസിലാകും. പക്ഷെ അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഞങ്ങള്‍ അവരെ ഒന്നും ചെയ്യാനും പോകുന്നില്ല. എന്നാല്‍, അവരിങ്ങോട്ട് കയറി വന്നാല്‍ ഞങ്ങള്‍ക്കു പ്രതിരോധിക്കേണ്ടി വരും.

എന്തെങ്കിലുമൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോള്‍ മന്ത്രി വിചാരിച്ചുകാണില്ല, ഇങ്ങനെയൊക്കെ കാര്യങ്ങള്‍ പോകുമെന്ന്. തിരിച്ചറിവുണ്ടാവട്ടെ, എല്ലാം ശാന്തമാകട്ടെ, വെറുതെ ഈ വിഷയത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ വേണ്ട.

(ബിജെപി ബൌദ്ധികവിഭാഗത്തിന്റെ സംസ്ഥാന കണ്‍വീനര്‍
ടി.ജി മോഹന്‍ദാസുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories