TopTop
Begin typing your search above and press return to search.

ആര്‍എസ്എസ് സ്വയം തയ്പ്പിക്കുന്ന ഇരവേഷങ്ങള്‍

ആര്‍എസ്എസ് സ്വയം തയ്പ്പിക്കുന്ന ഇരവേഷങ്ങള്‍

സാംസ്‌കാരിക ഫാസിസം എന്നത് ആര്‍ക്കും അറിഞ്ഞു കൂടാത്തതും അതിനൂതനവുമായ ഒരു പ്രയോഗമൊന്നുമല്ല. ഈ കഴിഞ്ഞ ദിവസങ്ങളില്‍ അത് വാര്‍ത്തയാകുന്നതും ചര്‍ച്ചകള്‍ ഉത്പാദിപ്പിക്കുന്നതും അതിലെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചല്ല താനും. കൗതുകം 'സാംസ്‌കാരിക ഫാസിസ'ത്തിലല്ല, അത് ഇപ്പോള്‍ ആര്‍, ആര്‍ക്കെതിരേ ഉന്നയിക്കുന്നു എന്നതിലാണ്. സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹ്യവുമായ വിവിധ ധാരകളില്‍ ഏതെങ്കിലും ഒന്ന് മാത്രമെടുത്ത്, മറ്റുള്ളവയെ ഒഴിവാക്കി ഒരു രാഷ്ട്രീയം മാത്രമോ സംസ്‌കാരം മാത്രമോ ആയ ഫാസിസം സാദ്ധ്യമല്ല എന്നതുകൊണ്ട് ഈ പ്രയോഗത്തില്‍ തന്നെ പ്രശ്‌നമുണ്ട്.

എന്നാല്‍ അതിലും രസകരമായ കാര്യം സംഘപരിവാര്‍ ഒരു ലക്ഷണമൊത്ത ഫാസിസ്റ്റ്‌ സംഘടനയാണോ, അതിനെ അങ്ങനെ കണ്ട്‌ നേരിടുന്നത് ഫലപ്രദമാകുമോ തുടങ്ങിയ കാര്യങ്ങളില്‍ സിദ്ധാന്തവും പ്രയോഗവും ഇഴകീറി, അതിന്റെ രാഷ്ട്രീയ, സാംസ്‌കാരിക പ്രതിയോഗികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെയാണ് അവര്‍ അതിലെ മുഖ്യശക്തികളില്‍ ഒന്നായ സിപിഎമ്മിനുമേല്‍ സാംസ്‌കാരിക ഫാസിസം ആരോപിക്കുന്നത് എന്നതാണ്.

ദേവസ്വം മന്ത്രിയുടെ വിവാദ പോസ്റ്റ്
ഇക്കണ്ട വിവാദവും 'സാംസ്‌കാരിക ഫാസിസ' ആരോപണവും ഒക്കെ ഉയര്‍ത്തിവിട്ട ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എംപിയുടെ വിവാദമായ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇതാണ്. 'ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ നടത്തി വരുന്ന അനധികൃത പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്. ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. പ്രസ്തുത പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകും.'

ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. സംഘപരിവാരം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ ആര്‍എസ്എസിനെ നിരോധിക്കാനുള്ള നീക്കമല്ല നടക്കുന്നത്. പോസ്റ്റിന്റെ അവസാന ഭാഗം ശ്രദ്ധിച്ചാല്‍ അടിയന്തിരനടപടികള്‍ ഉണ്ടാകും എന്ന് മന്ത്രി പറയുന്നത് പരാതികള്‍ക്ക് മേലാണെന്ന് വ്യക്തമാകും, അല്ലാതെ ആര്‍എസ്എസിനു മേലോ ശാഖകള്‍ക്ക് മേലോ ശാഖകള്‍ പ്രവര്‍ത്തിക്കുന്ന അമ്പലങ്ങള്‍ക്ക് മേലോ പരക്കെ നടപടി ഉണ്ടാകുമെന്നല്ല. ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷവും അമ്പലങ്ങളില്‍ പ്രവേശനം ഹിന്ദുക്കള്‍ക്ക് മാത്രമേയുള്ളു. അവരില്‍ തന്നെ വിശ്വാസികളായവര്‍ മാത്രമേ അമ്പലങ്ങളില്‍ പോകാറുള്ളു. അങ്ങനെ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് പരാതിയുള്ള ഇടങ്ങളില്‍ ആ പരാതികള്‍ക്ക് മേല്‍ സത്വര നടപടികള്‍ ഉണ്ടാകും എന്ന് മാത്രമാണ് മന്ത്രി പറയുന്നത്.

വിശ്വാസികളുടെ പരാതിയാവട്ടെ, വിശ്വാസത്തെയോ ആചാരാനുഷ്ഠാനങ്ങളെയോ ബന്ധപ്പെടുത്തി ഉയര്‍ന്നുവന്ന ഏതെങ്കിലും ദൈവശാസ്ത്രപരമായ തര്‍ക്കത്തിന്റെ ഭാഗവുമല്ല. ക്ഷേത്രത്തെ ആയുധപ്പുരയും വിശ്വാസത്തെ വിഘടനവാദവുമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു എന്നതാണ്. ഇവ രണ്ടും നിയമപരമായി കുറ്റകരമാണ് എന്ന നിലയ്ക്ക് അതിന്മേല്‍ സത്വര നടപടി ഉണ്ടാകും എന്ന് ഭരണഘടനയെ അംഗീകരിക്കുന്ന ഒരു ഭരണകൂടത്തിന്റെ പ്രതിനിധി പറയുന്നതില്‍ എന്താണ് അസ്വാഭാവികമായുള്ളത്?


പറയുന്നതെന്തിന്, നടപ്പിലാക്കിയാല്‍ പോരെ!
ക്ഷേത്രത്തെ ആയുധപ്പുരയും വിശ്വാസത്തെ വിഘടനവാദവും ആക്കാന്‍ പാടില്ല എന്ന് ഭരണകൂടത്തിന് ബോധ്യമുണ്ടെങ്കില്‍ ആ ബോധ്യത്തെ അനുകൂലിക്കുന്ന നിയമങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. നടപ്പിലാക്കിയാല്‍ പോരെ എന്നതാണ് ചോദ്യം.


പത്തരമാറ്റ് നിഷ്‌കളങ്കതയില്‍ നിന്ന് ഉണ്ടാകുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് മറുപടി പറയാനാണ്? പല നിയമങ്ങളും വെറും നോക്കുകുത്തികള്‍ ആകുന്നത് നിയമതലത്തിലല്ല, നടത്തിപ്പ് വഴിയാണെന്ന് അറിയാത്തവരല്ല നമ്മള്‍. ഭരണകൂടം നിര്‍മ്മിച്ച് അവര്‍ തന്നെ നിവര്‍ത്തിച്ച് പ്രജകളെ 'അനുഭവിപ്പി'ക്കുന്ന ഭരണകൂട താല്‍പര്യങ്ങളല്ല തത്വത്തിലെങ്കിലും ഒരു ജനാധിപത്യ വ്യവസ്ഥയിലെ നിയമങ്ങള്‍. അവ ഒരു മതേതര ജനാധിപത്യത്തില്‍ ജനകീയ പൊതുസമ്മതിയിലൂടെ നിലനില്‍ക്കേണ്ടവയാണ്. ജനാധിപത്യമെന്നത് ഭൂരിപക്ഷാധിപത്യമല്ല. അത് അവസാന ന്യൂനപക്ഷത്തിന്റെയും നൈതിക പ്രശ്‌നങ്ങളെ തുല്യനീതി ഉറപ്പാക്കിക്കൊണ്ട് സമീപിക്കുന്ന ഒരു സംവിധാനമാണ്.


അത്തരം ഒരു സംവിധാനത്തില്‍ പറച്ചിലെന്തിന്, പ്രവര്‍ത്തി പോരേ എന്നതരം മുട്ടാപ്പോക്കുകള്‍ക്ക് പ്രയോഗ തലത്തില്‍ ഒരു സാധ്യതയുമില്ല. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിവരുന്ന ആയുധപരിശീലനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികളില്‍ വിശ്വാസികളില്‍ തന്നെ ഒരു വിഭാഗത്തിന് വിയോജിപ്പും പരാതിയും ഉണ്ട് എന്നതാണല്ലോ പ്രശ്‌നത്തിന് കാരണം. അതായത് വിശ്വാസകളായ ഹിന്ദുക്കള്‍ക്കിടയില്‍ തന്നെ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്നു. അതു കൂടാതെയാണ് ഇത്തരം വാര്‍ത്തകള്‍ ഇവിടത്തെ ന്യൂനപക്ഷ സമുദായങ്ങളില്‍ ഉണ്ടാക്കുന്ന ആകുലതകള്‍.

അത്തരത്തില്‍ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തിന്മേല്‍ നടപടി എടുക്കുംമുമ്പ് ഈ വിഷയത്തെ കേരളത്തിന്റെ പൊതുമനസ്സ് എങ്ങനെ സമീപിക്കുന്നു എന്ന് ഒരു ജനാധിപത്യ ഭരണകൂടം പഠിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ അവര്‍ക്ക് അതിന് രാഷ്ട്രീയമായി വലിയ വിലയൊടുക്കേണ്ടി വന്നേക്കാം. പൊതുസമ്മതിയുടെ നിര്‍മ്മാണം, അതാണ് പ്രധാനം. ഫാസിസ്റ്റ് സമ്മതി നിര്‍മ്മാണത്തില്‍ നിന്ന് ജനാധിപത്യപരമായ സമ്മതിയില്‍ എത്തിച്ചേരല്‍ വ്യത്യസ്തമാകുന്നത് അതിലെ ഭരണകൂട താല്‍പ്പര്യത്തിന് ആനുപാതികമായാണ്. ഇവിടെ അങ്ങനെ ഒരു താല്‍പ്പര്യം പ്രവര്‍ത്തിക്കുന്നില്ല എന്നതിനാലാണ് ഇത്തരം ഒരു കാര്യത്തിന് ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ചകളെ ഒരു ഭരണകൂടത്തിന് അവലംബിക്കേണ്ടി വരുന്നത്.


നടപടികളുടെ പ്രയോഗ തലം
കേന്ദ്രത്തില്‍ ലഭിച്ച മൃഗീയ ഭൂരിപക്ഷം ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള സംഘികള്‍ക്കും അവരുടെ 'ഫ്രിഞ്ച്' എലിമെന്റ്‌സിനും എന്തും ചെയ്യാന്‍ പോന്നവണ്ണം ഒരുണര്‍വ്വും ആത്മവിശ്വാസവും നല്‍കിയിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്; കേരളത്തിനും ബാധകമായ ഒന്ന്. അതിനോട്‌ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച ഇടത്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക്‌ കേരളത്തിന്റെ സവിശേഷമായ ഡെമോഗ്രഫിക്ക് പശ്ചാത്തലം വമ്പിച്ച പിന്തുണ നല്‍കി എന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ആ ഒരു പശ്ചാത്തലത്തില്‍ മുന്‍നിലപാട് അയവേതുമില്ലാതെ വീണ്ടും പ്രഖ്യാപിച്ചു കൊണ്ട് ചര്‍ച്ചകളിലേയ്ക്ക് വരിക എന്ന നിലപാടാണ്‌ നാം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ നിലവിലെ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തം.

പക്ഷേ അതൊരു പഴുതടച്ച തന്ത്രമായിരുന്നോ?
കടകംപള്ളിയുടെ പോസ്റ്റും തുടര്‍ സംഭവങ്ങളും ആര്‍എസ്എസിനെതിരേ ഒരു സമഗ്ര നിയമ നടപടിക്ക്‌ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന ഒരു പ്രതീതിയാണ്‌ പൊതുസമൂഹത്തില്‍ ജനിപ്പിക്കുന്നത്. ആ സാധ്യത ഉപയോഗിച്ച് വേട്ടക്കാരന്‍ തന്നെ ഇരവേഷം കെട്ടിയാടുന്ന ചിത്രമാണ് അനുബന്ധചര്‍ച്ചകളിലും സമ്മേളനങ്ങളിലും ഒക്കെ നാം കാണുന്നതും. ക്ഷേത്രപരിസരങ്ങള്‍ ആയുധശേഖരങ്ങളാക്കി മാറ്റുന്നതില്‍ നിന്നും അമ്പലപ്പറമ്പ് ആയോധനകളരിയാക്കി മാറ്റുന്നതില്‍ നിന്നും ചര്‍ച്ചകള്‍ വഴിമാറുകയാണ്. പകരം വേട്ടയാടപ്പെടുന്ന പാവം സ്വയംസേവകരെന്ന ഒരു പുതിയ വിഭാഗം, ചര്‍ച്ചകളും വിവാദങ്ങളും വഴി ഹിന്ദുത്വ പൊതുബോധത്തില്‍ നിന്ന് ഉയര്‍ന്ന് വരുന്നുണ്ടോ എന്ന സംശയം ദോഷൈകദൃഷ്ടികള്‍ക്ക് മാത്രം തോന്നുതാണോ?


'നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല' എന്ന ശക്തമായ ഒരു നിലപാട് മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തില്‍ അര്‍പ്പിച്ച വിശ്വാസത്തെ പൂര്‍വ്വോത്തരം ബലപ്പെടുത്തുന്നതാണ് എന്നത് കാണാതെയല്ല മേല്‍പ്പറഞ്ഞ ആശങ്ക. അത് പരിവാരം ഇപ്പോള്‍ എടുത്തണിഞ്ഞിരിക്കുന്ന ഇരവേഷം ഹിന്ദു സമൂഹത്തില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും ശാഖയില്‍ എത്തിക്കുമെങ്കില്‍ അതും മുന്‍കൂട്ടിക്കണ്ട്‌ ചെറുക്കേണ്ടതല്ലേ എന്ന ശങ്കയെ അവലംബിക്കുന്ന ഒന്നാണ്.


തയ്പ്പിച്ച്‌ നല്‍കിയതോ ഈ ഇരവേഷം?
അമ്പലങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിശ്വാസികളില്‍ തന്നെ പലര്‍ക്കും വിയോജിപ്പുകളും പരാതിയുമുണ്ട് എന്ന് ഈ വിഷയത്തില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് പലരും സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ശാഖയില്ലെന്നും ഉള്ളതില്‍തന്നെ അപൂര്‍വ്വം ചിലയിടങ്ങളില്‍ മാത്രമേ പരാതിയുള്ളു എന്നുമുള്ള പരിവാരങ്ങളുടെ ന്യായവാദം മുഖവിലയ്ക്ക് എടുത്താല്‍ തന്നെയും ഒരു കാര്യം വ്യക്തമാകും; ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ള വിശ്വാസികള്‍ ഉണ്ടെന്നും അവരുടെ 'അമ്പലം വിശ്വാസികള്‍ക്ക് വിട്ടുതരിക' എന്ന മുറവിളി അവിടങ്ങളില്‍ കായികമായി തന്നെ അമര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും.


ഇത്തരം പരാതികളെ പൊതുവായി എടുത്തുകൊണ്ട് ആര്‍എസ്എസിനെതിരേ ഒരു നടപടിക്ക് മുതിരുന്നതിലും ഫലപ്രദമാകുമായിരുന്നില്ലേ, വിശ്വാസികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഇടങ്ങളില്‍ അതിനെ പ്രാദേശികമായി ഏറ്റെടുത്തുകൊണ്ട്, ആ വിശ്വാസികളെ മുന്‍നിര്‍ത്തി ഒരു പ്രതിരോധസമരത്തിന് പരോക്ഷമായ നേതൃത്വം നല്‍കുന്നത്? അങ്ങനെയെങ്കിലും ചര്‍ച്ച ഉത്പാദിപ്പിക്കപ്പെടുമായിരുന്നു; ഒരുപക്ഷേ സൈബര്‍മീഡിയയില്‍ എങ്കിലും. പതിവുപോലെ പതുക്കെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് അത് എറ്റെടുക്കേണ്ടിയും വന്നേനേ. പക്ഷേ അങ്ങനെയെങ്കില്‍ ഇന്ന് ചാനല്‍മുറികളില്‍ വേട്ടയാടപ്പെടുന്നവരുടെ ധാര്‍മ്മികരോഷം അടിമുടി വാരിതേച്ച് വന്നിരിക്കുന്ന പല നേതാക്കളുടെയും ചമയത്തിന് പിന്നില്‍ മറഞ്ഞിരിക്കുന്ന വേട്ടക്കാരന്റെ ധാര്‍ഷ്ട്യക്കലയും ഒപ്പംതെളിഞ്ഞ് വന്നേനെ എന്ന് മാത്രം.


എന്തായാലും ഒരു കാര്യം വ്യക്തം. സംഘപരിവാര്‍ ലഭ്യമായ പ്‌ളാറ്റ്‌ഫോമുകള്‍ എല്ലാം ഉപയോഗിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹ്യ ബോധത്തിനെതിരേ അതത് മേഖലകളില്‍ പുലര്‍ത്തുന്ന ജാഗ്രത അഭിനന്ദനാര്‍ഹം തന്നെയാണ്. ആശങ്കകള്‍ അവയുടെ രീതിശാസ്ത്രബന്ധിയായ കര്‍മ്മശേഷിയുമായി ബന്ധപ്പെട്ടവ മാത്രമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories