TopTop
Begin typing your search above and press return to search.

റഷ്യയില്‍ സമുറായി വീര്യം; ജപ്പാന്‍റെ മുന്നില്‍ വിറച്ച് ജയിച്ച് ബെല്‍ജിയം

റഷ്യയില്‍ സമുറായി വീര്യം; ജപ്പാന്‍റെ മുന്നില്‍ വിറച്ച് ജയിച്ച്  ബെല്‍ജിയം

ചുകന്ന ചെകുത്താന്മാർക്കു മുന്നിൽ അവസാന നിമിഷം വരെ പൊരുതി ജപ്പാൻ കീഴടങ്ങി. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷം അവിശ്വസനീയമാം വണ്ണം തിരിച്ചുവന്ന ബെൽജിയം അവസാനശ്വാസത്തിൽ നേടിയ ഗോളിനാണ് ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ ജപ്പാനെ മറി കടന്നത്. രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ബൽജിയത്തിന്റെ വിജയം. ക്വാർട്ടറിൽ ബൽജിയം ബ്രസീലിനെ നേരിടും.

ടൂർണമെന്റിലെ കറുത്ത കുതിരകൾ എന്ന വിശേഷണത്തോടെ പ്രീ ക്വാർട്ടറിനിറങ്ങിയ ബൽജിയത്തെ ജപ്പാൻ വിറപ്പിക്കുന്ന കാഴ്ചകളോട് കൂടിയാണ് മത്സരം ആരംഭിച്ചത്. കളിയുടെ രണ്ടാം മിനുട്ടിൽ പെനാല്‍റ്റി ബോക്‌സിന് തൊട്ടപ്പുറത്ത് നിന്ന് ജപ്പാന്റെ കഗാവയുടെ ബെല്‍ജിയം പോസ്റ്റ് ലക്ഷ്യമിട്ട ഷോട്ട് തലനാരിഴക്ക് പുറത്തേക്ക്. ഹസാർഡിന്റെ നേതൃത്വത്തിൽ ബൽജിയം ചില കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും, ജപ്പാൻ ഡിഫൻഡർമാർ പ്രതിരോധിച്ചു. പതിനൊന്നാം മിനുട്ടിൽ

ബോക്‌സിന് പുറത്ത് നിന്ന് ഹസാര്‍ഡിന്റെ അളന്നുമുറിച്ചൊരു പാസ് കളക്ട് ചെയ്യാൻ ബൽജിയം സ്‌ട്രൈക്കർമാർക്കായില്ല.

ഇരുപത്തിയൊന്നാം മിനുട്ടിൽ കൃത്യമായ ഗെയിം പ്ലാനിലൊടുവില്‍ കിട്ടിയ പന്ത് ഗോളടി വീരൻ ലുക്കാക്കു പോസ്റ്റിലേക്ക് തൊടുത്തെങ്കിലും വീണ്ടും ജപ്പാൻ പ്രതിരോധം ഫലപ്രദമായി ഇടപെട്ടു. ആദ്യ മിനുട്ടുകളിലെ പതർച്ചയ്ക്കു ശേഷം ജപ്പാന്‍ പോസ്റ്റില്‍ ബെല്‍ജിയം ആധിപത്യം സ്ഥാപിച്ച് കളിക്കുന്നുണ്ടെങ്കിലും ഫിനിഷിങ് പോരായ്മകൾ വില്ലനായി. അതിനിടെ ലുക്കാക്കു ഒരു തുറന്ന അവസരം പാഴാക്കി. വലത് വിങില്‍ നിന്ന് മെര്‍ട്ടന്‍സ് നല്‍കിയ ക്രോസിങ് ലുക്കാക്കുവിന്റെ കാലിനിടയില്‍ കുടുങ്ങി നഷ്ടമായ കാഴ്ച ഏവരെയും അമ്പരപ്പിച്ചു.

ഹസാർഡിന്റെയും, ലുക്കാക്കുവിന്റെയും മുന്നേറ്റങ്ങൾക്ക് നിമിഷങ്ങളുടെ ഇടവേളകളിൽ ജപ്പാന്റെ മറുപടികൾ ഉണ്ടായിരുന്നു. മുപ്പത്തിയഞ്ചാം മിനുട്ടിൽ ഇടത് വിങില്‍ നിന്ന് നഗാട്ടൊമോയുടെ ക്രോസില്‍ ഇന്യൂയിയുടെ ഹെഡര്‍ കൃത്യം ബെല്‍ജിയം ഗോളിയുടെ കൈയില്‍ ഭദ്രം. ആക്രമണവും, പ്രത്യാക്രമണവുമായി ഗോൾ രഹിത സമനിലയിൽ ആദ്യ പകുതി അവസാനിച്ചു.

ഗോൾരഹിതമായ ആദ്യപകുതിയുടെ ക്ഷീണം രണ്ടാം പകുതിയിൽ ഇരു ടീമുകളും ഭേദിച്ചു. ബൽജിയത്തെ ഞെട്ടിച്ചു ഉദയസൂര്യന്റെ നാട്ടുകാർ ആദ്യ ഗോൾ നേടി, മത്സരത്തിന്റെ നാല്‍പ്പത്തിയെട്ടാം മിനുട്ടിൽ ഗാക്കു ഷിബാസകിയുടെ ലോങ് പാസില്‍ നിന്ന് ഗെങ്കി ഹരാഗുച്ചിയാണ് സ്‌കോര്‍ ചെയ്തത്. ബെല്‍ജിയം ഡിഫന്‍ഡറുടെ പിഴവിലൂടെയാണ് ഷിബാസാകി പന്ത് ഹരാഗുച്ചിയിലെത്തിച്ചത. സ്‌കോർ 1 - 0

ആദ്യ ഗോളിന്റെ ആഘാതത്തിൽ നിന്നും ചുകന്ന ചെകുത്താന്മാർ ഉയിർത്തെഴുന്നേൽക്കും മുൻപ് രണ്ടാം ഗോളും നേടി ഏഷ്യൻ പട. പോസ്റ്റിന്റെ 25 വാര അകലെനിന്ന് തകാഷി ഇന്യുയി തൊടുത്തു വിട്ട ലോങ് റേഞ്ച് ഷോട്ട് ബൽജിയത്തിന്റെ ഗോൾ വല കുലുക്കി. സ്‌കോർ 2-0 . റസ്റ്റോ സ്റ്റേഡിയം മറ്റൊരു അട്ടിമറിക്ക് സാക്ഷ്യം വഹിക്കുകയാണോ എന്ന് ഫുട്ബോൾ ലോകം ആകാംഷയോടെ വീക്ഷിച്ചു.

ഇരട്ട ഗോളുകൾ വീണതോടെ ബൽജിയം ആക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കി അറുപത്തി രണ്ടാംമിനുറ്റിൽ ഗോളടിക്കാനുള്ള സുവര്‍ണാവസരം ലുക്കാക്കുവിന് നഷ്ടമാക്കി. മ്യൂനീറുടെ ക്രോസില്‍ നിന്ന് ഉയര്‍ന്ന് ചാടിയ ലുക്കാക്കു ഹെഡ് ചെയ്ത ബോള്‍ പോസ്റ്റിനെ ചാരി പുറത്തേക്ക്. മത്സരത്തിലെ ഏറ്റവും നിർണായകമായ നീക്കം നടത്തിയത് ബൽജിയം പരിശീലകൻ റോബർട്ടോ മെർറ്റൻസി ആണ്. അറുപത്തിയഞ്ചാം മിനുറ്റിൽ ബെല്‍ജിയം നാസര്‍ ചാഡ്‌ലിയേയും മൗറാന്‍ ഫെല്ലെയ്‌നിയേയും രംഗത്തിറക്കി മെര്‍ട്ടന്‍സിനെയും കാരാസ്‌കോയേയും പിന്‍വലിച്ചു.

കളിയുടെ 70 മിനുട്ടിൽ ബൽജിയത്തിന്റെ ആദ്യ ഗോൾ പിറന്നത് വര്‍ട്ടോംഗനാനിലൂടെയാണ്. കോര്‍ണറില്‍ ജപ്പാന്‍ പോസ്റ്റില്‍ കറങ്ങിതിരഞ്ഞ പന്ത് ബോക്‌സിന്റെ ഇടത് മൂലയില്‍ നിൽക്കുകയായിരുന്ന വര്‍ട്ടോംഗൻ തകർപ്പൻ ഹെഡറിലൂടെ വലയിലേക്കിട്ടു. സ്‌കോർ 2 - 1 . 5 മിനുട്ടിനുള്ളിൽ ബൽജിയത്തിന്റെ അടുത്ത ഗോളും പിറന്നു. പകരക്കാരനായി ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൗറാന്‍ ഫെല്ലെയ്‌നിയാണ് ബെല്‍ജിയത്തിന് സമനില ഗോള്‍ നേടികൊടുത്തത്. ക്യാപ്റ്റന്‍ ഹസാര്‍ഡ് ഇടത് വിങില്‍ നിന്ന് നല്‍കിയ ക്രോസ് പാസില്‍ നിന്ന് ഹെഡറിലൂടെ തന്നെയാണ് ഫെല്ലെയ്‌നിയും ഗോള്‍ നേടിയത്. സ്‌കോർ 2 -2.

ബൽജിയത്തിന്റെ അപ്രതീക്ഷിത തിരിച്ചു വരവിൽ ലീഡ് നേടാൻ ജപ്പാൻ മുന്നേറ്റ നിരയുടെ ശ്രമങ്ങൾ ആയിരുന്നു പിന്നീട്. എണ്‍പത്തിരണ്ടാം മിനുട്ടിൽ ഹോണ്ടയുടെ ഗോളിലേക്കുള്ള ഒരു തകര്‍പ്പന്‍ മുന്നേറ്റം ബെല്‍ജിയം ഡിഫന്‍ഡര്‍ തലനാരിഴക്ക് രക്ഷപ്പെടുത്തുന്നു.പന്ത് കോര്‍ണറിലേക്ക്. അവസാന പത്ത് മിനുട്ടിൽ ബൽജിയം രണ്ടു സുവർണാവസരങ്ങൾ പാഴാക്കി. ഒരർത്ഥത്തിൽ ജപ്പാൻ ഗോളിയുടെ മുന്നിൽ അവസരങ്ങൾ പാഴായി എന്നതാണ് സത്യം. ചാഡ്‌ലിയുടേയും ലൂക്കാക്കുവിന്റെയും ഹെഡറുകളാണ് സെക്കന്റുകളുടെ വ്യത്യാസത്തില്‍ കവാഷിമ തടഞ്ഞിട്ടത്‌.

എക്സ്ട്രാ ടൈമിലേക്കു നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിന്റെ അധിക സമയം അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ആണ് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ അവശേഷിക്കുന്ന പ്രതിനിധിയെ നാട്ടിലേക്കു മടക്കി അയച്ച ഗോൾ പിറന്നത്. തോമസ് മ്യൂനിയറുടെ ബോക്‌സിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി വലത് മൂലയില്‍ നിന്ന് ഇടത്തോട്ട് നല്‍കിയ ചെറിയൊരു ക്രോസ് ലുക്കാക്കു അറ്റന്‍ഡ് ചെയ്യാതെ ചാഡ്‌ലിയുടെ കാലിലേക്ക് വിട്ട് നല്‍കുകയായിരുന്നു. ചാഡ്‌ലിയത് കൃത്യമായി വലയിലെത്തിക്കുകയും ചെയ്തു. ബൽജിയത്തിന്റെ വിജയാഘോഷം അവസാനിക്കും മുൻപ് ഫൈനൽ വിസിൽ മുഴങ്ങിയിരുന്നു. അവസാന സ്‌കോർ 3 - 2.


Next Story

Related Stories