TopTop
Begin typing your search above and press return to search.

PREVIEW: മെസി നല്‍കുന്ന പാഠം, അത് നെയ്മറിന് കൂടി ഉള്ളതാണ്; ഇന്ന് ബ്രസീല്‍ × കോസ്റ്റാറിക്ക മത്സരം

PREVIEW: മെസി നല്‍കുന്ന പാഠം, അത് നെയ്മറിന് കൂടി ഉള്ളതാണ്; ഇന്ന് ബ്രസീല്‍ × കോസ്റ്റാറിക്ക മത്സരം

അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ നേരിടും. പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്. ഇന്ത്യന്‍ സമയം 5.30-നു ആണ് മത്സരം.

നാലുവര്‍ഷം മുന്‍പ് സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ നേരിട്ട ദുരന്തഓര്‍മകള്‍ ബ്രസീലിനെ ഇന്നും വിട്ടുമാറിയിട്ടില്ല എന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ മത്സരത്തിന് ശേഷം കണ്ട ഏറ്റവും ശ്രദ്ധേയമായ ഒരു ട്വീറ്റ്. നാട്ടില്‍ കിരീടപ്രതീക്ഷയുമായി സെമിയിലിറങ്ങിയ മഞ്ഞക്കിളികളെ ഒന്നിനെതിരെ ഏഴുഗോളുകള്‍ക്കാണ് ചാമ്പ്യന്‍ പട്ടമണിഞ്ഞ ജര്‍മനി തകര്‍ത്തത്.

ആറാം ലോക കിരീടം ലക്ഷ്യമിട്ടിറങ്ങിയ കാനറികളെ റഷ്യയില്‍ ആദ്യ മത്സരത്തില്‍ സ്വിസ് പ്രതിരോധം അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കെട്ടി. പരുക്കന്‍ അടവുകള്‍ എന്നൊരാരോപണം സ്വിസിനെതിരെ ഉയര്‍ന്നെങ്കിലും അത് മത്സര ഫലത്തെ ഒരു തരത്തിലും ബാധിക്കില്ല. കഴിഞ്ഞ ലോകകപ്പില്‍ സ്‌പെയിനിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് സാക്ഷാല്‍ ബ്രസീലിനെ നേരിടാന്‍ ഇറങ്ങിയത്. മഞ്ഞപ്പടയ്ക്ക് രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ഒരു ഈസി വാക്കോവര്‍ ആണ് കായിക ലോകവും പ്രവചിച്ചത്. എന്നാല്‍ എല്ലാ പ്രവചനങ്ങളും, നിരീക്ഷണങ്ങളും കാറ്റില്‍ പറക്കുന്ന കാഴ്ചയാണ് റോസ്റ്റൊവില്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ കാനറികളെ സ്വിസ് പട ഒരു ഗോളിന് സമനിലയില്‍ തളച്ചു.നെയ്മര്‍, പൗളിഞ്ഞോ, കുട്ടീഞ്ഞോ കൂട്ടുകെട്ടിന് ഫലപ്രദമായി സ്വിസ് പ്രതിരോധം നിയന്ത്രിച്ചു. കുട്ടീഞ്ഞോ നേടിയ മനോഹര ഗോള്‍ മാത്രമാണ് ബ്രസീല്‍ പടയുടെ സമ്പാദ്യം.

ബ്രസീല്‍ × സ്വിറ്റ്‌സര്‍ലാന്‍ഡ് മത്സരം

കോസ്റ്റാറിക്കക്കെതിരെ നല്ല മാര്‍ജിനില്‍ വിജയം കണ്ടെത്തുക എന്ന ഒറ്റ അജണ്ട മാത്രമേ മാഴ്സലോയുടെ ടീമിന് ഉണ്ടാകു. ആദ്യ മത്സരത്തിലെ മോശം പ്രകടനം തിരുത്തി വിമര്‍ശകരുടെ വായടപ്പിക്കാന്‍ നെയ്മറും ഒരുങ്ങിയിറങ്ങിയാല്‍ മത്സരം തീപാറും. മികച്ച ഫോമിലുള്ള കുട്ടീഞ്ഞോയുടെ സാന്നിദ്ധ്യം ബ്രസീലിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. സ്വിസിനെതിരായ മത്സരത്തില്‍ അണി നിരന്ന അതേ ടീമിന് ഇന്നും നില നിര്‍ത്താന്‍ ആണ് സാധ്യത.

2014-ലെ ബ്രസീല്‍ ലോകകപ്പില്‍ മിന്നുന്ന പ്രകടനം നടത്തിയ ടീം ആണ് കോസ്റ്ററിക്ക. എന്നാല്‍ 2018 റഷ്യന്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ നിഴല്‍ മാത്രം ആയി ഒതുങ്ങി. ഏകപക്ഷീയമായ ഒരു ഗോളിന് സെര്‍ബിയയോട് തോല്‍വി ഏറ്റു വാങ്ങിയതിന്റെ ക്ഷീണവും പേറിയാണ് കോണ്‍കകാഫ് മേഖലയില്‍ നിന്നും യോഗ്യത നേടിയ കോസ്റ്റാറിക്ക ബ്രസീലിനെ നേരിടാനിറങ്ങുന്നത്. മത്സരത്തിന്റെ 56-ാം മിനുട്ടില്‍ സെര്‍ബിയ ക്യാപ്റ്റന്‍ കൊളറോവാണ് കോസ്റ്റാറിക്കക്കെതിരെ ഗോള്‍ നേടിയത്. പോസ്റ്റിനു സമീപത്ത് നിന്ന് ലഭിച്ച ഫ്രീക്കിക്ക് കൊളറോവ് ഗോളാക്കി മാറ്റുകയായിരുന്നു.

മത്സരത്തില്‍ മികച്ച മുന്നേറ്റങ്ങളാണ് സെര്‍ബിയ നടത്തിയത്. കൃത്യമായ ആധിപത്യം നേടിയ സെര്‍ബിയയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. സെര്‍ബിയ താരങ്ങളുടെ പിഴവും ഗോളി നവാസിന്റെ പ്രകടനവുമാണ് മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ ഏറ്റു വാങ്ങാതിരിക്കാന്‍ കോസ്റ്റാറിക്കയ്ക്ക് സഹായകരമായത്. പ്രതിരോധത്തിലൂന്നിയ കളിയാണ് കോസ്റ്ററിക്ക, സെര്‍ബിയക്കെതിരെ പുറത്തെടുത്തത്, അത് കൊണ്ട് തന്നെ മുന്നേറ്റങ്ങള്‍ വിരളമായിരുന്നു.

ബ്രസീല്‍ × സെര്‍ബിയ മത്സരം

ബ്രസീലിനെതിരെയുള്ള മത്സരം കോസ്റ്റാറിക്കയ്ക്ക് നിര്‍ണായകം ആണ്. മിഡ്ഫീല്‍ഡര്‍ ബ്രയന്‍ റൂയിസ് സെര്‍ബിയക്കെതിരെ നിറം മങ്ങിയത് കോച്ച് ഒസ്‌കാര്‍ റാമിറെസിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ടീമിന്റെ മുന്നേറ്റ നീക്കങ്ങളുടെ എല്ലാം അമരക്കാരന്‍ റൂയിസ് ആണ്. അതേ സമയം സെര്‍ബിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ഗോളി നവാസിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം കോസ്റ്ററിക്ക ക്യാമ്പിന്റെ ആശ്വാസ ഘടകമാണ്. ബ്രസീല്‍ ലോകകപ്പില്‍ കോസ്റ്ററിക്കയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ നവാസിന് കഴിഞ്ഞിരുന്നു. ബ്രസീലിന്റെ മുന്നേറ്റ നിരയെ ഫലപ്രദമായി പ്രതിരോധിക്കാനായാല്‍ മത്സരം പാതി വിജയിക്കും. എളുപ്പം കീഴടങ്ങി ശീലം ഇല്ലെന്നു ഇതിനോടകം തന്നെ തെളിയിച്ചിട്ടുള്ള കോസ്റ്ററിക്കയുമായുള്ള മത്സരം ബ്രസീലിനു ഈസി വാക്കോവറാവില്ല.

ഇരു ടീമുകളും പത്ത് തവണ ഏറ്റു മുട്ടിയപ്പോള്‍ ഒന്‍പതു തവണയും ബ്രസീലിനൊപ്പമായിരുന്നു ജയം.1960-ല്‍ പാന്‍ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ് കോസ്റ്റാറിക്ക ഒരേയൊരു തവണ ബ്രസീലിനെ തോല്‍പ്പിച്ചത്.

http://www.azhimukham.com/sports-russia2018-will-argentina-fans-forgive-messi-and-cabellaro/

http://www.azhimukham.com/sports-jayadevan-kizhakkepatt-writes-on-the-market-interventions-to-the-football-playground/

http://www.azhimukham.com/sports-world-cup-2018-sampaoli-defends-messi-begs-forgiveness/


Next Story

Related Stories