TopTop
Begin typing your search above and press return to search.

ലോകകപ്പില്‍ ബാള്‍ക്കന്‍ വീരഗാഥ; ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മടക്കി

ലോകകപ്പില്‍ ബാള്‍ക്കന്‍ വീരഗാഥ; ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മടക്കി

ഇംഗ്ളീഷുകാരെ കെട്ടുകെട്ടിച്ച് ക്രൊയേഷ്യ ലോകകപ്പ് ഫൈനലിൽ. രണ്ടാം സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ മറി കടന്നത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മോഡ്രിച്ചും സംഘവും അവിസ്മരണീയമായ തിരിച്ചു വരവ് നടത്തിയത്. ഫൈനലിൽ ക്രൊയേഷ്യ ഫ്രാൻസിനെ നേരിടും.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ ഗോൾ നേടിക്കൊണ്ട് ഇംഗ്ലണ്ട് ക്രൊയേഷ്യയെ ഞെട്ടിച്ചു. പെനാൽറ്റി ബോക്സിനു മുന്നിൽ ലിംഗാർഡിനെ മോഡ്രിച് ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക്‌, കിക്ക്‌ എടുത്ത ട്രിപ്പിയര്‍ മനോഹരമായ ഷോട്ടിലൂടെ ഗോളാക്കി മാറ്റി. ഇംഗ്ലണ്ടിനായി ട്രിപ്പിയറിന്റെ ആദ്യ ഗോളാണിത്. ബോക്‌സിന്റെ മധ്യത്തില്‍ നിന്നെടുത്ത കിക്ക് ക്രൊയേഷ്യന്‍ പ്രതിരോധത്തെയെല്ലാം മറികടന്ന് ഗോള്‍കീപ്പര്‍ക്കും മുകളിലൂടെ പോസ്റ്റിന്റെ ഇടത് മൂലയില്‍ ചെന്ന് പതിക്കുകയായിരുന്നു. ഇംഗ്ലണ്ട് 1 ക്രൊയേഷ്യ 0

ഗോൾ അടിച്ച ശേഷവും ഇംഗ്ളീഷ് മുന്നേറ്റ നിറം നിരന്തരം ക്രൊയേഷ്യൻ ഗോൾ മുഖത്തു ആക്രമണം അഴിച്ചു വിട്ടപ്പോൾ, ഒറ്റപ്പെട്ട കൗണ്ടറുകൾ മാത്രമാണ് കേളി കേട്ട ക്രൊയേഷ്യൻ മുന്നേറ്റ നിരയുടെ മറുപടി. 16-ആം മിനുട്ടിൽ ഇംഗ്ലണ്ടിന്റെ കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ ഡെറി അലിയുടെ ഒറ്റക്കുള്ള മുന്നേറ്റം ക്രൊയേഷ്യൻ പ്രതിരോധം തടഞ്ഞിട്ടു. 19-ആം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്ന് ക്രൊയേഷ്യയുടെ ഇവാന്‍ പെരിസിച്ചിന്റെ കിടിലന്‍ ഷോട്ട്..പോസ്റ്റിന് സമീപം ചേര്‍ന്ന് പുറത്തേക്ക്‌. 27-ആം മിനുട്ടിൽ ഇടത് വിങില്‍ നിന്ന് ഇംഗ്ലണ്ടിന് വീണ്ടും ഫ്രീ കിക്ക്. ആഷ്‌ലി യൂങ് എടുത്ത കിക്ക്‌ ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഉയര്‍ന്ന് ചാടി പന്ത് തട്ടി തെറിപ്പിക്കുന്നു. ക്രൊയേഷ്യൻ സ്റ്റാർ സ്‌ട്രൈക്കർ ലൂക്ക മോഡ്രിച് ആദ്യ അര മണിക്കൂറിൽ ഒരു നല്ല നീക്കം പോലും നടത്തിയില്ല എന്നത് ശ്രദ്ധേയം ആണ്.

36-ആം മിനുട്ടിൽ ലിംഗാര്‍ഡ് ഒരു സുവര്‍ണാവസരം കളഞ്ഞ് കുളിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് ഡെലി അലി ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നല്‍കിയ പാസ് ലിംഗാര്‍ഡ് അലസമായ ഷോട്ടിലൂടെ പുറത്തേക്കടിച്ചു. മറുപടി ഗോളിനായുള്ള ക്രൊയേഷ്യയുടെ ശ്രമങ്ങൾ ഫിനിഷിങ്ങിലെ പോരായ്മ കൊണ്ട് മാത്രം പാഴായി. ആദ്യ പകുതി അവസാനിക്കുന്നതിനു സെക്കന്റുകൾക്കു മുൻപ് റാക്കിറ്റിച്ച് ക്രൊയേഷ്യക്ക് ഗോള്‍ മടക്കാനുള്ള ഒരു സുവര്‍ണാവസരം നഷ്ടമാക്കിയിരിക്കുന്നു. മാർക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന പെരിസിച്ചിന് പാസ് നൽകാതെ ഒറ്റയ്ക്ക് മുന്നേറാനുള്ള അദ്ദേഹത്തിന്റെ ശ്രമമാണ് വിനയായത്. ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിൽ.

രണ്ടാം പകുതിയുടെ ആരംഭം മുതൽ ക്രൊയേഷ്യ ഇംഗ്ലണ്ടിന് മേൽ ആധിപത്യം സ്ഥാപിച്ചു, റാക്കിറ്റിച്-പെരിസിച്-മോഡ്രിച് ത്രയം മനോഹരമായ നീക്കങ്ങളായാൽ കളം നിറഞ്ഞപ്പോൾ ഇംഗ്ളീഷ് പ്രതിരോധ നിരയ്ക്ക് വിശ്രമമില്ലാതായി. പരുക്കൻ അടവുകൾ ഏറെ കണ്ട മത്സരത്തിൽ ആദ്യത്തെ ഒരു മണിക്കൂറിൽ ക്രൊയേഷ്യ 14 ഫൗളുകളും, ഇംഗ്ലണ്ട് 8 ഫൗളുകളും നടത്തി. ഇംഗ്ലണ്ടിന്റെ മൈക്കൽ വോക്കറിനും, ക്രൊയേഷ്യൻ മിഡ്ഫീൽഡർ മൻസൂക്കിച്ചിനും മഞ്ഞക്കാർഡ് ലഭിച്ചു.

രണ്ടാം പകുതിയിലെ ക്രൊയേഷ്യൻ ആധിപത്യത്തിന് 68-ആം മിനുട്ടിൽ പ്രതിഫലം ലഭിച്ചു. ഇവാന്‍ പെരിസിച്ചാണ് തകര്‍പ്പന്‍ ഗോളിലൂടെ ക്രൊയേഷ്യക്ക് സമനില നേടികൊടുത്തത്‌. സിമേ വ്രസാല്‍ക്കോ വലത് വിങില്‍ പോസ്റ്റിലേക്ക് ഉയര്‍ത്തി നീട്ടി നല്‍കിയ പന്ത് കൈല്‍ വോക്കര്‍ക്കും മുകളിലൂടെ കാല്‍വെച്ച് പെരിസിച്ച് വലയിലെത്തിക്കുകയായിരുന്നു. പെരിസിച്ചിന്റെ റഷ്യൻ ലോകകപ്പിലെ രണ്ടാം ഗോൾ. സ്കോർ ഇംഗ്ലണ്ട് 1 ക്രൊയേഷ്യ 1

അപ്രതീക്ഷിത സമനില ഗോൾ വീണതോടെ സ്റ്റെർലിങ്ങിന് പകരം റാഷ്‌ഫോർഡിനെ ഇറക്കി ഇംഗ്ലണ്ട് ആക്രമണത്തിന് കോപ്പു കൂട്ടി. 83-ആം മിനുട്ടിൽ സമനില ഗോൾ നേടിയ പെരസിച്ചിന് വീണ്ടും ഒരവസരം ലഭിച്ചെങ്കിലും ഇത്തവണ ഗോളിയെ മറി കടക്കാനായില്ല. നിശ്ചിത സമയത്തിന് ശേഷം 3 മിന്റ് എക്സ്ട്രാ ടൈം അനുവദിച്ചെങ്കിലും ഗോൾ പിറന്നില്ല. മത്സരം എക്സ്ട്രാ ടൈമിലേക്ക്. സ്കോർ ഇംഗ്ലണ്ട് 1 ക്രൊയേഷ്യ 1.

99-ആം മിനുട്ടിൽ പോസ്റ്റിലേക്കുള്ള ഇംഗ്ലണ്ടിന്റെ ജോണ്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ പോസ്റ്റ് ലൈനില്‍ നിന്ന് കൊണ്ട് സിമേ വ്രാസല്‍ക്കോ തലകൊണ്ട് തന്നെ തടയുന്നു. ഇംഗ്ലണ്ട് ടീമിൽ മൂന്നാമത്തെ മാറ്റം എറിക് ഡീറിനെ ഇറക്കി ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെ കയറ്റി. 115-ആം മിനുട്ടിൽ ക്രൊയേഷ്യക്ക് പെരിസിച് വഴി ലഭിച്ച അവസരം ഇംഗ്ലണ്ട് ഗോളി പിക്‌ഫോർഡ് തടഞ്ഞിട്ടു.

എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ നെഞ്ചകം പിളർന്നു കൊണ്ട് ക്രൊയേഷ്യയുടെ വിജയഗോൾ വീണു. ഇംഗ്ലീഷ് പ്രതിരോധത്തിലെ അശ്രദ്ധ മുതലെടുത്താണ് മാന്‍സൂക്കിച്ച് ക്രൊയേഷ്യക്ക് ലീഡ് നേടികൊടുത്തത്‌. ആ ലീഡിനെ മറി കടക്കാനോ സമനില ഗോൾ നേടാനോ അവശേഷിച്ച നിമിഷങ്ങളിൽ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.


Next Story

Related Stories