TopTop
Begin typing your search above and press return to search.

ക്രൊയേഷ്യയ്ക്ക് മുന്‍പില്‍ റഷ്യ വീണു

ക്രൊയേഷ്യയ്ക്ക് മുന്‍പില്‍ റഷ്യ വീണു

റഷ്യൻ വിപ്ലവത്തിന് പെനാൽറ്റിയിലൂടെ കടിഞ്ഞാണിട്ട് ക്രൊയേഷ്യ. ഫ്രാൻസ് 1998 ലോകകപ്പിന് ശേഷം ഇതാദ്യമായി ക്രൊയേഷ്യ ലോകകപ്പിന്റെ സെമിഫൈനലിൽ ഇടം നേടി. നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ക്രൊയേഷ്യ നാല് കിക്കുകള്‍ വലയിലെത്തിച്ചപ്പോള്‍ റഷ്യക്ക് മൂന്നെണ്ണമേ ഗോളാക്കാന്‍ കഴിഞ്ഞുള്ളു. സ്വീഡനെ തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളികൾ.

സാക്ഷാൽ അർജന്റീനയെ വരെ മലർത്തിയടിച്ച റഷ്യൻ ലോകകപ്പിലെ ഏറ്റവും കരുത്തർ എന്ന വിശേഷണവുമായിറങ്ങിയ ക്രൊയേഷ്യയ്ക്കു മേൽ ആതിഥേയരായ റഷ്യയുടെ ആധിപത്യമാണ് ആദ്യ പകുതിയുടെ ഹൈലൈറ്റ്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ക്രൊയേഷ്യൻ പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി റഷ്യൻ മുന്നേറ്റ നിര ആക്രമങ്ങൾ അഴിച്ചു വിട്ടു. ഫിനിഷിങ്ങിലെ പാളിച്ചകൾ റഷ്യൻ പടയ്ക്കു വിനയായി. ബോൾ പൊസഷനിൽ ക്രൊയേഷ്യ ആണ് മുന്നിൽ എങ്കിലും ഒറ്റപ്പെട്ട റഷ്യയുടെ കൗണ്ടറുകൾ മനോഹരമായിരുന്നു.

പന്ത്രണ്ടാം മിനുട്ടിൽ ക്രൊയേഷ്യയുടെ മാന്‍സൂക്കിച്ചിന് സുവര്‍ണാവസരം. പോസ്റ്റിന് തൊട്ടുമുന്നിലേക്ക് വ്രസാല്‍ക്കോ മികച്ച പാസ് നല്‍കിയെങ്കിലും മാന്‍സൂക്കിച്ചിന്റെ അലക്ഷ്യമായ ഷോട്ട് ഉയര്‍ന്ന് പുറത്തേക്ക്‌. സെറ്റ് പീസുകൾ ഗോളാക്കുന്നതിൽ ക്രൊയേഷ്യ പരാജയപ്പെട്ടപ്പോൾ തുടരെ അവസരങ്ങൾ നഷ്ടമായി. പതിനാറാം മിനുട്ടിൽ ക്രൊയേഷ്യക്ക് ഫ്രീകിക്ക്. യാതൊരു സാധ്യതയും നല്‍കാതെ റാക്കിറ്റിച്ചിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്കു പോയത് ഏവരെയും അമ്പരപ്പിച്ചു.

റഷ്യയുടെ നല്ലൊരവസരം സുബാസിച്ചിന്റെ അവസരോചിത ഇടപെടളിലൂടെ ഗോൾ വഴങ്ങുന്നതിൽ നിന്നും ക്രൊയേഷ്യയെ രക്ഷിച്ചു. അലക്‌സാണ്ടര്‍ സമദോവിന്റെ ഗോള്‍ ശ്രമം മുന്നോട്ടു കടന്ന് സുബാസിച്ച് കൈയ്യിലൊതുക്കി. മുപ്പതാം മിനുട്ടിൽ ചെറിഷേവിന്റെ ഫ്രീകിക്ക് നേരെ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിന്റെ കൈയ്യില്‍. ഫ്രീകിക്ക് തുലച്ച് സെക്കന്റുകൾ പിന്നീടവേ മോസ്‌കോ നഗരത്തെ ആവേശത്തിലാഴ്ത്തി കൊണ്ട് ആതിഥേയർക്ക് വേണ്ടി ചെരിഷേവിന്റെ മാസ്മരിക ഗോൾ പിറന്നു. മധ്യനിരയിൽനിന്ന് ഉയർന്നു പൊന്നു വന്ന പന്ത് സ്യൂബയും ചെറിഷേവും പരസ്പരം കൈമാറി ക്രൊയേഷ്യൻ പ്രതിരോധത്തെ നെടുകെ പിളർന്നു. ഒടുവിൽ ചെറിഷേവ് ബോക്സിന്റെ മുകളറ്റത്ത് നിന്ന് ഓർക്കാപ്പുറത്തൊരു കിടിലൻ കിക്ക്. പന്ത് പുറത്തേയ്ക്കാണെന്ന് ധരിച്ച് ഗോളി കാഴ്ചക്കാരനായി നിൽക്കുന്നു, പന്ത് പറന്നുവന്ന് വലയിൽ. റഷ്യ മുന്നിൽ. സ്കോർ റഷ്യ 1 ക്രൊയേഷ്യ 0.

റഷ്യയുടെ ആഹ്ളാദത്തിനു കേവലം 8 മിനുട്ടിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളു, റഷ്യൻ പ്രതിരോധത്തെ ഭേദിച്ച് ഇടതു പാർശ്വത്തിലൂടെ മുന്നേറി മാൻസൂകിച്ച് നൽകിയ ക്രോസിന് പോസ്റ്റിന് മുന്നിൽ നിന്ന് തലവയ്ക്കേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ ക്രാമറിച്ചിന്. മുപ്പത്തിയൊന്‍പതാം മിനുട്ടിൽ ക്രൊയേഷ്യയുടെ സമനില ഗോൾ. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ റഷ്യ 1 ക്രൊയേഷ്യ 1.

ക്രൊയേഷ്യൻ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം പകുതിയുടെ ആരംഭം ക്രാമരിച്ചിന്റെ തുടരെയുള്ള രണ്ടു മുന്നേറ്റങ്ങൾ റഷ്യന്‍ പ്രതിരോധം വിഫലമാക്കി. അറുപത്തിയൊന്നാം മിനുട്ടിൽ പെരിസിച്ചിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് സൈഡ് ബാറില്‍ തട്ടി പുറത്തേക്ക്. ലീഡ് നേടാൻ ഉള്ള ക്രൊയേഷ്യൻ ശ്രമങ്ങൾ ശക്തമായപ്പോൾ റഷ്യ പ്രതിരോധത്തിലൂന്നിയ കളിയാണ് പുറത്തെടുത്തത്.

എഴുപത്തിയഞ്ചാം മിനുട്ടിൽ റഷ്യന്‍ ബോക്‌സിനുള്ളില്‍ കൂട്ടപ്പൊരിച്ചില്‍. ലീഡ് നേടാനുള്ള ക്രൊയേഷ്യയുടെ ശ്രമം പാഴായി. ഇരു ടീമുകളും ലീഡിനായി പൊരുതിയെങ്കിലും മത്സരത്തിന്റെ മുഴുവൻ സമയം അവസാനിച്ചിട്ടും ലക്‌ഷ്യം കണ്ടില്ല. നിശ്ചിത സമയത്തിന് പുറമെ അനുവദിച്ച 5 മിനുട്ടിൽ ക്രൊയേഷ്യക്ക് വേണ്ടി മോഡ്രിച്ച് നടത്തിയ നീക്കം റഷ്യൻ ഗോളി അകിൻഫീവ് വിഫലമാക്കി. ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞതിനാൽ വിജയിയെ കണ്ടെത്താൻ മത്സരം എക്സ്ട്രാ ടൈമിലേക്ക്.

പരിക്കേറ്റ സിമേ വ്രസാല്‍ക്കോയ്ക്ക് പകരം ക്രൊയേഷ്യ കൊര്‍ലൂക്കയെ ഇറക്കി. എക്സ്ട്രാ ടൈമിന്റെ ആദ്യ പത്ത് മിനുട്ടും ഗോൾരഹിതം. 101 മിനുട്ടിൽ മത്സരത്തിന്റെ ഗതി നിർണയിക്കുന്ന ഗോൾ വീണു, ക്രൊയേഷ്യ ലീഡെടുത്തു. കോര്‍ണര്‍ കിക്കില്‍ ബോക്‌സിലേക്ക് വിദ തൊടുത്ത ഹെഡ്ഡര്‍ ഗോളിലാണ് ക്രൊയേഷ്യ മുന്നിലെത്തിയത്. സ്കോർ ക്രൊയേഷ്യ 2 റഷ്യ 1 . ക്രൊയേഷ്യ സെമി ഫൈനൽ ഉറപ്പിച്ച നിമിഷങ്ങൾക്ക് മിനിറ്റുകളുടെ ആയുസ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. പിവാറിച്ചിന്റെ ഹാന്‍ഡ്‌ബോളിന് ലഭിച്ച ഫ്രീകിക്കാണ് ഗോളിന് വഴിവെച്ചത്. സഗയേവിന്റെ ഷോട്ടില്‍ ഫെര്‍ണാണ്ടസിന്റെ ഹെഡ്ഡര്‍ വലയിലെത്തി. റഷ്യയും ക്രൊയേഷ്യയും ഒപ്പത്തിനൊപ്പം സ്‌കോർ റഷ്യ 2 ക്രൊയേഷ്യ 2. മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക്.ഷൂട്ട് ഔട്ടിൽ (4 -3 ) എന്ന സ്കോറിന് ആതിഥേയരെ മറി കടന്നു ക്രൊയേഷ്യ സെമി ഫൈനൽ ഉറപ്പിച്ചു.


Next Story

Related Stories