TopTop
Begin typing your search above and press return to search.

ഇഞ്ചുറി ടൈം ട്വിസ്റ്റുകള്‍ ആവര്‍ത്തിക്കുന്നു; ഇംഗ്ലീഷ് വിജയകുതിപ്പ്

ഇഞ്ചുറി ടൈം ട്വിസ്റ്റുകള്‍ ആവര്‍ത്തിക്കുന്നു; ഇംഗ്ലീഷ് വിജയകുതിപ്പ്

റഷ്യൻ കാർണിവലിൽ ഇംഗ്ലണ്ടിന് വിജയ തുടക്കം, ട്യുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ത്രീ ലയൺസ് മറികടന്നത്. ഇരുപത് വർഷം മുൻപ് ഫ്രാൻസ് ലോകകപ്പിൽ ആണ് ഇംഗ്ലണ്ടും ട്യുണീഷ്യയും ഒരു ലോകകപ്പ് മത്സരത്തിൽ നേർക്ക് നേർ അണിനിരക്കുന്നത്. അന്ന് ജയം ഇംഗ്ലണ്ടിനൊപ്പം ആയിരുന്നു, 1998 ലോകകപ്പിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾ ആണെങ്കിൽ ഇത്തവണ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ട്യുണീഷ്യയെ തറ പറ്റിച്ചത്.

യുവനിരയുടെ കരുത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിന് തന്നെ ആയിരുന്നു ആദ്യ മിനുട്ടുകളിൽ മുൻ‌തൂക്കം. ക്യാപ്റ്റൻ ഹാരി കീനിന്‍റെ നേതൃത്വത്തിൽ ഇംഗ്ളീഷ് പട ടുണീഷ്യ ഗോൾ മുഖത്ത് നിരന്തരം ആക്രമണം അഴിച്ചു വിട്ടു. കളിയുടെ നാലാം മിനുട്ടിൽ ഡെലെ അലിയുടെ ക്രോസില്‍ ലിന്‍ഗാഡിന് സുവര്‍ണാവസരം. ബോക്‌സിന് തൊട്ടു മുന്‍പില്‍ വെച്ച് ലിന്‍ഗാര്‍ഡ് അവസരം പാഴാക്കി. എന്നാൽ ആദ്യ പകുതിയുടെ പത്താം മിനുട്ടിൽ ഇംഗ്ലണ്ട് ടുണീഷ്യൻ ഗോൾ വല കുലുക്കി, ആഷ്‌ലി യങ്ങിന്റെ കോര്‍ണര്‍ കിക്കില്‍ സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോളി തടയുന്നു, റീബൗണ്ട് വന്ന് പന്ത് ഒട്ടും സമയം കളയാതെ ഹാരി കീന്‍ വലയിലെത്തിച്ചു, ടുണീഷ്യൻ ഗോളി ഹസ്സനെയ്ക്കു കാഴ്ചക്കാരന്റെ ജോലി മാത്രമേ ഉണ്ടായിരുന്നുള്ളു.സ്‌കോർ : ഇംഗ്ലണ്ട് 1 ടുണീഷ്യ 0. അതിനിടെ തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ടുണീഷ്യയുടെ ഗോള്‍കീപ്പര്‍ മൗസെ ഹസ്സനെ മാറ്റി പകരം ബെന്‍ മുസ്തഫ ഗോൾ വല കാക്കാൻ ഇറങ്ങി.

ഗോൾ വീണിട്ടും ഇംഗ്ലണ്ടിന്റെ ഗോൾ ദാഹം അവസാനിക്കാത്തവണം ടുണീഷ്യൻ ഗോൾ പോസ്റ്റിലേക്ക് ഇരച്ചു കയറി, എന്നാൽ ജെസ്സി ലിന്‍ഗാർഡ് ഗോളെന്നുറച്ച മൂന്നു അവസരങ്ങൾ തുലച്ചത് തിരിച്ചടിയായി. ചില ഒറ്റപ്പെട്ട കൗണ്ടർ അറ്റാക്കുകൾ മാത്രം ആണ് ടുണീഷ്യ നടത്തിയത്. അത്തരം ഒരു നീക്കത്തിനിടയിൽ ബോക്‌സിനുള്ളില്‍ വെച്ച് ബെന്‍ യൂസുഫിനെ വാള്‍ക്കര്‍ ഫൗള്‍ ചെയ്തു. പെനാൽറ്റി വിധിക്കാൻ റഫറിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പെനാല്‍റ്റിയെടുത്ത ഫെര്‍ജാനി സസിക്ക് പിഴച്ചില്ല. സ്‌കോർ ഇംഗ്ലണ്ട് 1 ടുണീഷ്യ 1 . 14 ലോകകപ്പ് മത്സരങ്ങൾ പിന്നിട്ടപ്പോൾ എട്ടു തവണയാണ് പെനാൽറ്റികൾ അനുവദിക്കപ്പെട്ടത്.

ഒന്നാം പകുതിയേ അപേക്ഷിച്ചു രണ്ടാം പകുതി വിരസമായിരുന്നു. ടുണീഷ്യയുടെ പ്രതിരോധം കൂടുതൽ ശക്തമായി, റഹീം സ്റ്റെര്‍ലിങ്ങിന് പകരം റാഷ്‌ഫോര്‍ഡിനെ ഇറക്കി ഇംഗ്ലണ്ട് ആക്രമണത്തിന് മൂർച്ച കൂട്ടിയപ്പോൾ ടുണീഷ്യ സ്ലിട്ടിക്ക് പകരം ബെന്‍ അമോറിനെ കളിക്കളത്തിൽ ഇറക്കി. കളിയുടെ 78 ആം മിനുട്ടിൽ ഡാലെ അലിയെ തള്ളിയിട്ടതിന് ലഭിച്ച ഫ്രീ കിക് ആഷ്‌ലി യങ് ബാറിന് മുകളിലൂടെ പറത്തി വിട്ടു.

തൊണ്ണൂറ് മിനുട്ട് പൂർത്തിയായ മത്സരത്തിൽ നാല് മിനുട്ടിന്റെ എക്സ്ട്രാ ടൈം അനുവദിക്കുന്നു. സമനിലയിലേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന മത്സരത്തിൽ അവിശ്വസനീയമാംവിധം ഒരു ട്വിസ്റ്റ്, നായകൻ ഹാരി കീന്റെ വക, വിസിലൂതാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ട്രിപ്പിയർ എടുത്ത കോർണർ കീൻ വലയിലേയ്ക്ക് കുത്തിയിട്ട് ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു. അവസാന സ്‌കോർ 2-1

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories