TopTop
Begin typing your search above and press return to search.

ഫ്രെഞ്ച് പടയ്ക്ക് വാട്ടര്‍ലൂ ആയില്ല ബെല്‍ജിയം

ഫ്രെഞ്ച് പടയ്ക്ക് വാട്ടര്‍ലൂ ആയില്ല ബെല്‍ജിയം

മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിന്റെ പടയോട്ടത്തിനു മുന്നിൽ കറുത്ത കുതിരകൾക്കും അടി തെറ്റി. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകൾ ഏറ്റുമുട്ടിയ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ബൽജിയത്തിനെതിരെ ഫ്രാൻസിന് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. 51-ആം മിനുട്ടിൽ പ്രതിരോധ നിരക്കാരൻ സാമുവൽ ഉംറ്റിറ്റി ആണ് വിജയഗോൾ നേടിയത്. റഷ്യൻ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായ ഫ്രാൻസ് നാളെ നടക്കുന്ന ഇംഗ്ലണ്ട് - ക്രൊയേഷ്യ മത്സര വിജയികളെ കലാശ പോരാട്ടത്തിൽ നേരിടും. പതിനാറ് കൊല്ലത്തിനു ശേഷം ആണ് ഫ്രാൻസിന്റെ ഫൈനൽ പ്രവേശനം.

ആദ്യ പകുതിയിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ അപേക്ഷിച്ചു ബൽജിയത്തിനായിരുന്നു നേരിയ മുൻ‌തൂക്കം. കളിയുടെ രണ്ടാം മിനുട്ടിൽ വലതു വിങ്ങിലൂടെ ബെല്‍ജിയത്തിന്റെ മുന്നേറ്റം. പക്ഷേ ഹെര്‍ണാണ്ടസിന്റെ ഇടപെടല്‍ ഫ്രാന്‍സിനെ ഗോളിൽ നിന്നും രക്ഷിച്ചു. 5-ആം മിനുട്ടിൽ ബൽജിയം ക്യാപ്റ്റൻ ഹസാർഡിന്റെ തകർപ്പൻ ക്രോസ്സ്, ഫ്രഞ്ച് ഡിഫൻഡർ ഉംറ്റിറ്റി കോർണർ വഴങ്ങി ഗോളവസരം തടഞ്ഞു. മറുവശത്തു പതിയെ ആക്രമണം ആരംഭിച്ച ഫ്രഞ്ച് പടയ്ക്കു വേണ്ടി പ്രോഗ്ബയും, ഗ്രീസ്മാനും ബൽജിയം പ്രതിരോധത്തെ രണ്ടു തവണ പരീക്ഷിച്ചു.

9-ആം മിനുട്ടിൽ ഗ്രീസ്മാന് ടൈമിങ്ങില്‍ പിഴച്ചു. പോസ്റ്റിന് മുന്നിലേക്ക് ലഭിച്ച പന്ത് നിയന്ത്രണത്തിലാക്കാന്‍ സാധിച്ചില്ല. 12-ആം മിനുട്ടിൽ പ്രതിരോധത്തിന് വര്‍ട്ടോഗന്‍ മാത്രം നില്‍ക്കെ എംബാപ്പെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളി കുര്‍ട്ടോയ്‌സ് മുന്നോട്ടു കയറി പന്ത് പിടിച്ചെടുത്തു. മത്സരം 15 മിനുറ്റ് പിന്നിടുമ്പോൾ അറുപത്തി നാലു ശതമാനം ബോൾ പൊസഷനുമായി ചുകന്ന ചെകുത്താന്മാർ ഫ്രഞ്ച് പടയ്ക്കു മേൽ ആധിപത്യം സ്ഥാപിച്ചു.

30-ആം മിനുട്ടിൽ എംബാപ്പെയെ വിറ്റ്‌സെല്‍ ഫൗള്‍ ചെയ്ത് വീഴ്ത്തിന് ഫ്രാന്‍സിന് അനുകൂലമായ ഫ്രീകിക്ക്. ഗ്രീസ്മാന്‍ പന്ത് നേരെ പവാര്‍ഡിന് പാസ് ചെയ്തു. ബോക്‌സിലേക്കെത്തിയ പവാര്‍ഡിന്റെ ക്രോസില്‍ ജിറൂഡിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. തൊട്ടടുത്ത മിനുട്ടിൽ വീണ്ടും ഫ്രാൻസിന്റെ മിന്നൽ ആക്രമണം ഗ്രീസ്മാന്റെ ലോങ് റേഞ്ചര്‍. പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതിയിൽ ഇരുകൂട്ടരും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. 44-ആം മിനുട്ടിൽ ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് ഫ്രാന്‍സിന് ഫ്രീകിക്ക്. ഗ്രീസ്മാന്റെ ഷോട്ട് ബെല്‍ജിയം പ്രതിരോധ ഭിത്തിയില്‍ തട്ടിനിന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരുകൂട്ടരും ഗോൾ രഹിത സമനിലയിൽ.

ലുക്കാക്കുവിന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി പോസ്റ്റിന് മുകളിലൂടെ ഔട്ടിലേക്കു പറക്കുന്ന കാഴ്ചയുമായാണ് രണ്ടാം പകുതി ആരംഭിച്ചത്. ആക്രമണം ആരംഭിച്ചത് ബൽജിയം ആണെങ്കിലും ഇത്തവണ സ്‌കോർ ചെയ്തത് ഫ്രാൻസ് ആണ്. ഗ്രീസ്മാനും, എംബപ്പേയും, പ്രോഗ്ബയും അടങ്ങുന്ന മുന്നേറ്റ നിറയെ സാക്ഷി നിർത്തി പ്രതിരോധനിരക്കാരൻ ഉംറ്റിറ്റി ആണ് 51-ആം മിനുട്ടിൽ ഫ്രാൻസിന്റെ നിർണായക ഗോൾ നേടിയത്. ഗ്രീസ്മാന്‍ എടുത്ത കോര്‍ണറില്‍ ഹെഡ്ഡര്‍ ഗോളിലൂടെ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന് ലീഡ് നല്‍കിയത്‌. സ്കോർ ഫ്രാൻസ് 1 ബൽജിയം 0.

ഗോൾ വഴങ്ങിയതോടെ സമ്മർദ്ദത്തിലായ ഹസാർഡും പരിവാരങ്ങളും ഡെംബലെയെ പിന്‍വലിച്ച് മെര്‍ട്ടന്‍സിനെ ഇറക്കി. 64-ആം മിനുട്ടിൽ ബൽജിയത്തിനു നിർഭാഗ്യം കൊണ്ട് മാത്രം ഗോൾ നഷ്ടമായി, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഫെല്ലെയ്‌നിയുടെ ഹെഡ്ഡര്‍ ഫസ്റ്റ് പോസ്റ്റിനരികിലൂടെ പുറത്തേക്ക്. അതിനിടെ മറ്റിയൂഡിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഹസാര്‍ഡിന് മത്സരത്തിലെ ആദ്യ മഞ്ഞ കാര്‍ഡ്. 67-ആം മിനുട്ടിൽ ഗ്രീസ്മാന്റെ കാർമികത്വത്തിൽ ഫ്രാൻസിന്റെ മുന്നേറ്റം ഗ്രീസ്മാൻ പന്ത് ജിറൂഡിന് കൈമാറിയെങ്കിലും ജിറൂഡിന്റെ അലക്ഷ്യമായ ഷോട്ട് പുറത്തേക്ക്.

75-ആം മിനുട്ടിൽ സമനിലഗോളിനായി ലഭിച്ച സുവർണാവസരം ബൽജിയം തുലച്ചു. ഡി ബ്രൂയിന്റെ അലക്ഷ്യമായ ഷോട്ട് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. അവസാന പതിനഞ്ചു മിനുട്ടിൽ ഗോൾ നേടാനുള്ള ബെല്ജിയത്തിന്റെ ശ്രമങ്ങളെ ഫ്രാൻസിന്റെ പ്രതിരോധം അക്ഷരാർത്ഥത്തിൽ പിടിച്ചു കെട്ടി. അതിനിടെ ഫെല്ലെയ്‌നിയെ കയറ്റി ബെല്‍ജിയം കാരാസ്‌കോയെ ഇറക്കിയപ്പോൾ ജിറൂഡിന് പകരം എന്‍സോസന്‍സിയെ പരീക്ഷിച്ചു ഫ്രാൻസും പ്രതിരോധത്തെ ഭദ്രമാക്കി.

90-ആം മിനുട്ടിൽ ലീഡ് ഉയർത്താൻ ഫ്രാൻസിന് ലഭിച്ച സുവർണാവസരം ഗ്രീസ്മാൻ പാഴാക്കി. നിശ്ചിത സമയത്തിന് ശേഷം 6 മിനുട്ട് എക്സ്ട്രാ ടൈം നൽകിയെങ്കിലും ബൽജിയത്തിനു ഗോൾ മടക്കാനായില്ല. അവസാന സ്കോർ ഫ്രാൻസ് 1 ബൽജിയം 0 .


Next Story

Related Stories