TopTop
Begin typing your search above and press return to search.

'ചുമ്മാതല്ല മെസിക്ക് പിഴച്ചത്': ഐസ്‌ലന്‍ഡ് ഗോളി ഹാന്‍സിന്റെ സേവുകള്‍ കാണാം/വീഡിയോ

ചുമ്മാതല്ല മെസിക്ക് പിഴച്ചത്: ഐസ്‌ലന്‍ഡ് ഗോളി ഹാന്‍സിന്റെ സേവുകള്‍ കാണാം/വീഡിയോ

ലോകകപ്പ് ഫുട്‌ബോളില്‍ ഐസ്‌ലന്‍ഡിനെതിരെ ലയണല്‍ മെസി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് അര്‍ജന്റീനയുടെ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ലോകഫുട്‌ബോളിലെ ഇത്തിരിക്കുഞ്ഞന്മാര്‍ക്ക് മുന്നില്‍ ഫുട്‌ബോള്‍ മിശിഹയ്ക്ക് പിഴച്ചുവെന്ന വിധത്തിലാണ് ഇപ്പോളുയരുന്ന പ്രതിഷേധം. എന്നാല്‍ ഐസ്‌ലന്‍ഡ് ഗോളി ഹാന്‍സ് തോര്‍ ഹാല്‍ഡോര്‍സണ്‍ മുമ്പ് നടത്തിയിട്ടുള്ള ചില സേവുകള്‍ കണ്ടാല്‍ മെസ്സിയുടെത് ഒരു അത്ഭുത തടയല്‍ ഒന്നുമല്ല, ആളു ഭയങ്കരനാണെന്ന് വ്യക്തമാകും. സജിന്‍ പിജെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതുന്നു.

"കളിയുടെ അറുപത്തി മൂന്നാമത്തെ മിനുറ്റിൽ ഇരു കൈകളും വിടർത്തി ലോകത്തിലെ തന്നെ ഒന്നാം നമ്പർ കളിക്കാരിലൊരാളായ ലയണൽ മെസ്സിക്കു മുന്നിൽ "പെനാൽറ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗത്തോടെ" ഹാൻസ് തോർ ഹാൽഡോർസൺ നിൽക്കുന്നത് കാണുമ്പോൾ പെരുവിരൽ മുതൽ ഒരു പെരുപ്പ് കയറി വരുകയായിരുന്നു. അർജന്റീനയുടെ അതുവരെയുള്ള ഒന്നൊഴികെ മറ്റെല്ലാ ഷോട്ടുകളെയും പ്രതിരോധിച്ച മനുഷ്യനാണയാൾ. പക്ഷെ ഇത് തടയാനായില്ലെങ്കിൽ ലോകകപ്പിൽ ആദ്യമായി കളിക്കുന്ന ഐസ്‌ലൻഡ് എന്ന കുഞ്ഞൻ രാജ്യം അയാളെ തങ്ങളുടെ പരാജയത്തിന്റെ ശിൽപ്പി എന്നു വിളിച്ചേക്കാം. ബൂം! മെസ്സിയുടെ വലതുകാലിൽ നിന്നും പീരങ്കിയുണ്ട പോലെ ആ കിക്ക് പാഞ്ഞു വരുന്നു. ''ഹാൻസ്, വിടല്ലേ മുത്തേ!" വിളിച്ചത് വെറുതെ ആയില്ല. മെസ്സിയുടെ മനസ്സിലേക്ക് ആയിരുന്നു അയാൾ നോക്കിയത്. കൃത്യമായി വലതു വശത്തേയ്ക്ക് ചാടി പന്ത് തട്ടിയകറ്റുമ്പോൾ ഹോ, എന്തൊരുൾപ്പുളകം, എന്തൊരാശ്വാസം, എന്തൊരു നിർവൃതി!

ഇരുപത്തി ഏഴാമത്തെ വയസ്സിൽ അന്താരാഷ്ട്ര ഫുഡ്ബോളിൽ കന്നിയങ്കം കുറിച്ച ഈ 34 കാരൻ അത്ര ചില്ലറക്കാരനല്ല. നാളിതുവരെ പ്രൊഫഷണൽ ഗോൾകീപ്പിങ്ങിനുള്ള ഒരു ട്രയിനിംഗും കിട്ടാത്ത ആളാണയാൾ! നാട്ടിലെ ലിക്നിർ എന്ന തന്റെ ചെറിയ ക്ലബ്ബിൽ വെച്ച് പരിശീലനമൈതാനത്തിനരുകിലെ മതിലിലേക്ക് സ്വയം ബോളടിച്ചു കയറ്റി റീബൗണ്ടുകൾ ചാടി വീണു പിടിച്ചിട്ടാണ് അയാൾ കീപ്പിംഗ് പഠിച്ചത്! റഷ്യയിലേക്കുള്ള യാത്രയിൽ കളിച്ച ഒൻപത് മത്സരങ്ങളിൽ വെറും അഞ്ച് ഗോളുകളാണ് ഹാൻസ് വഴങ്ങിയത്! ചുമ്മാതല്ല മെസ്സിക്ക് പിഴച്ചത്. "I tried to get into their minds, so they would be thinking about me. I had a good feeling that he'd go this way today." കളി കഴിഞ്ഞപ്പോൾ ഹാൻസ് പറഞ്ഞതാണ് ഈ വരികൾ.

ഒരു കളിക്കാരൻ മാത്രമല്ല ഹാൻസ്. കളി കഴിഞ്ഞ് തിരിച്ചു ചെല്ലുമ്പോൾ ജോലി വീണ്ടും നൽകാം എന്ന് പ്രൊഡ്യൂസർ വാക്ക് നൽകിയിട്ടുള്ള ഒരു സംവിധായകൻ കൂടിയാണയാൾ. ഐസ്ലൻഡിന്റെ 2012-ലെ "Never forget" എന്ന യൂറോവിഷൻ മ്യൂസിക് വീഡിയോ ഡയറക്റ്റ് ചെയ്തത് ഹാൻസ് ആണ്. നിരവധി പരസ്യചിത്രങ്ങളും ടെലിവിഷൻ പരിപാടികളും ഹാൻസ് സംവിധാനം ചെയ്തിട്ടുണ്ട്. "Our Professional Players" എന്നതാണ് അതിൽ ഏറ്റവും പ്രധാനം. ഈ പരിപാടിക്കായി ഇന്റർവ്യൂ ചെയ്തവരോടൊപ്പം പിന്നീട് കാൽപ്പന്ത് കളിച്ചു ഹാൻസ്!

ടീമിലെത്തിയപ്പോൾ എല്ലാ പ്രധാന മത്സരങ്ങൾക്കും മുന്നേ തന്റെ സഹകളിക്കാരെ ഏതെങ്കിലും സിനിമ കാണിക്കുക എന്നത് ഹാൻസ് കൊണ്ടുവന്ന രീതിയാണ്. സംവിധായകൻ എന്ന മേൽവിലാസം കൂടി ഉള്ളതുകൊണ്ട് മിക്കപ്പോഴും മിക്ക സിനിമകളുടേയും ലോക പ്രിമിയർ തന്നെയായിരിക്കും ഐസ്ലൻഡിന്റെ കളിക്കാർ കാണുന്നത്. 2015-ൽ ആംസ്റ്റർഡാമിൽ വെച്ച് നെതർലൻഡ്സിനെ പരാജയപ്പെടുത്തുന്നതിനു മുന്നെ ഹാൻസ് തന്റെ സുഹൃത്തുക്കളെ കാണിച്ചത് ബാൽത്തസാർ കോർമകുറിന്റെ "എവറസ്റ്റ്" എന്ന ചിത്രമാണ്. ഞാൻ അത്ഭുതപ്പെടുന്നത് അർജന്റീനയെ എതിരിടുന്നതിനു മുന്നേ ഏത് ചിത്രമായിരിക്കും ഹാൻസ് കൂട്ടുകാരെ കാണിച്ചിട്ടുണ്ടാവുക എന്നോർത്തിട്ടാണ്. വന്യമായ ഒരു ഭാവനയിൽ എനിക്ക് തോന്നുന്നത് അയാൾ കിൻസ്കി എന്ന അതുല്യ നടൻ അനശ്വരമാക്കിയ വെർണർ ഹെർസോഗിന്റെ "Fitzcarraldo" എന്ന ചിത്രമായിരിക്കാം അവരെ കാണിച്ചിട്ടുണ്ടാവുക എന്നാണ്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ആമസോൺ വനാന്തരത്തിലെ ഒരു കുന്നിൽ മുകളിലേയ്ക്ക് കപ്പൽ വലിച്ചു കയറ്റുന്ന ബ്രയാൻ ഫിറ്റ്സ്ജെറാൾഡ് എന്ന നായകനോളം ഭ്രാന്ത് അർജന്റീനയുടെ ആമസോൺ നദിയെ നേരിടുമ്പോൾ തങ്ങൾക്ക് വേണമെന്ന് അയാൾ തീർച്ചയായും മനസ്സിലാക്കായിരുന്നിരിക്കണം. ഇല്ലെങ്കിൽ അത്രമാത്രം കൈയ്യടക്കത്തോടെ ആ കൊച്ചു രാജ്യം മെസ്സിയെ നേരിടുമായിരുന്നില്ലല്ലോ.

ഹാൻസ് സംവിധാനം നിർവ്വഹിച്ച 2012-ലെ യൂറോവിഷൻ ഗാനം ഇങ്ങനെയാണ് അവസാനിക്കുന്നത്. "Never forget what I did, what I said, what I gave you all.... Because I still believe that you will remember me." മെസ്സിയോടാണ്, മെസ്സിയോട് മാത്രമാണ്."
Next Story

Related Stories