TopTop
Begin typing your search above and press return to search.

സോവിയറ്റ് യൂണിയന്റെ ലെവ് യാഷിനു പിന്‍ഗാമിയായി റഷ്യയുടെ ഇഗോർ അകിൻഫീവ്

സോവിയറ്റ് യൂണിയന്റെ ലെവ് യാഷിനു പിന്‍ഗാമിയായി റഷ്യയുടെ ഇഗോർ അകിൻഫീവ്

"യുറിഗഗാറിൻ ബഹിരാകാശത്തു പറന്നു നടക്കുന്നത് കാണുമ്പോൾ ലഭിക്കുന്ന ആനന്ദത്തെ മറി കടക്കാൻ കഴിയുന്നത് ഒരു പെനാൽറ്റി സേവിലൂടെ മാത്രമാണ്"- ബ്ളാക്ക് സ്പൈഡർ എന്നറിയപ്പെടുന്ന സോവിയേറ്റു യൂണിയന്റെ ഗോൾ കീപ്പർ ലെവ് യാഷിന്റെ വാക്കുകൾ ആണ്. പതിനഞ്ചു രാജ്യങ്ങളിലേക്ക് സോവിയേറ്റു യൂണിയൻ വേര്‍പിരിഞ്ഞിട്ടു ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷം ആദ്യമായി ഒരു ലോകകപ്പ് ടൂർണമെന്റിന് റഷ്യ വേദിയാകുമ്പോൾ ആദ്യം സ്മരിക്കേണ്ട പേരുകളിൽ ഒന്നാണ് 'ലെവ് യാഷിൻ'. ഇതിഹാസ താരം പെലെ തന്റെ ആത്മകഥയിൽ യാഷിന്റെ സേവുകളെ വാനോളം പുകഴ്ത്തുന്നുണ്ട്.

നീണ്ട പതിനാല് വർഷമാണ് ലെവ് യു എസ് എസ് ആറിന്റെ വല കാത്തത്. 14 വര്‍ഷം 74 കളികളിലായി ഒറ്റ ഗോൾ പോലും വഴങ്ങിയിട്ടില്ല എന്നതാണ് യാഷിനെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആക്കി മാറ്റിയത്. 812 പ്രൊഫഷണൽ കളികളിൽ 270 ക്ളീൻ ചിറ്റുകൾ, 150 പെനാൽറ്റി സേവുകൾ, ഇന്നും തകർക്കപ്പെടാത്ത റെക്കോഡ് ആണിത്. 1960 ൽ സോവിയേറ്റ് യൂണിയൻ ആദ്യ യൂറോപ്യൻ കപ്പ് നേടുമ്പോൾ ആകെ വഴങ്ങിയത് രണ്ടേ രണ്ടു ഗോളുകൾ. വല കാത്തത് മറ്റാരുമല്ല ലെവ് യാഷിൻ എന്ന അത്ഭുത മനുഷ്യൻ.

ഇഗോർ അകിൻഫീവ് എന്ന റഷ്യയുടെ ഇപ്പോഴത്തെ ഗോളി ലെവ് യാഷിൻ എന്ന ഇതിഹാസത്തിന് ഒത്ത പിന്‍ഗാമി ആണെന്ന് തെളിയിച്ച ദിവസം ആയിരുന്നു ഇന്നലെ. ഗോൾ പോസ്റ്റ് ഒരു ആവാസ വ്യവസ്ഥയാണെങ്കിൽ അവിടെ ആ വരയ്ക്കപ്പുറത്തേക്ക് ഒറ്റ ഒരുത്തനും ബോൾ അടിച്ച് കയറ്റില്ലെന്ന് ദൃഢനിശ്ചയം എടുത്ത പോലത്തെ നിൽപ്പായിരുന്നു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സ്പാനിഷ് പടയുടെ ഇന്നലത്തെ അന്തകൻ അകിൻഫീവ് ആയിരുന്നു.

75 ശതമാനം സമയവും പന്ത് കൈവശം വെച്ചിട്ടും ലോകത്തിലെ ഏറ്റവും മികച്ച സ്‌പെയിൻ മുന്നേറ്റ നിര സാഷ്ടാംഗം തോൽവി സമ്മതിച്ചത് അകിൻഫീവിന്റെ പ്രകടനത്തിന് മുന്നിലായിരുന്നു. ഇനിയെസ്റ്റാ, റോഡ്രിഗോ, അസൻസിയോ എന്നിവരുടെ ലോങ്ങ് റേഞ്ച് അതിസമര്‍ത്ഥമായി തട്ടിയകറ്റിയാ അകിൻഫീവ് ജോര്‍ഡി അലാബയുടെ ഹെഡർ കൈപ്പിടിയിലൊതുക്കിയത് സഹ കളിക്കാരെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ്. ഒൻപതു സേവുകളാണ് ഇന്നലെ അദ്ദേഹം നടത്തിയത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയത്. അകിൻഫീവിനു ഗോൾ പോസ്റ്റിൽ ഒരു ഏകാന്തതയും അനുഭവപ്പെട്ടതായി തോന്നിയില്ല. ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകളണ് റഷ്യൻ ഗോളി അക്കിൻഫീവ് തടഞ്ഞത്. മൂന്നാമത്തെ കിക്കെടുത്ത കോക്കോയുടേയും അവസാന കിക്കെടുത്ത അസ്പാസിന്റേയും. അഞ്ചു കിക്കുകളില്‍ മൂന്നെണ്ണം മാത്രമാണ് സ്‌പെയിന്‍ വലയിലെത്തിച്ചത്. റഷ്യ നാലെണ്ണവും വലയിലെത്തിച്ചു. അങ്ങനെ ഷൂട്ട്‌ഔട്ടുകളില്‍ ലോകകപ്പ്‌ ആതിഥേയര്‍ ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്തി റഷ്യ ഷൂട്ട്‌ഔട്ടിലൂടെ സ്പെയിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍.

അകിന്‍ഫീവ് ഒന്‍പതു രക്ഷപ്പെടുത്തലുകളുമായി വലയ്ക്ക് കീഴില്‍ അക്ഷീണം പ്രയത്നിച്ചില്ലായിരുന്നെങ്കിൽ മൂന്നോ നാലോ ഗോളുകൾക്ക് ആതിഥേയർ സ്പാനിഷ് പടയോട് അടിയറവ് പറഞ്ഞേനെ. 2004 മുതല്‍ റഷ്യയുടെ ഗോള്‍ പോസ്റ്റിന്റെ കാവലാളായി അകീന്‍ഫീവുണ്ട്. 110 മത്സരങ്ങളുടെ മത്സരപരിചയം ഉള്ള അകിന്‍ഫീവ് റഷ്യൻ ലോകകപ്പിൽ പന്തുമായെത്തുന്നവര്‍ക്ക് വിലങ്ങു തടിയാകും എന്ന് പ്രവചിച്ചത് മുൻ റഷ്യൻ താരം ആന്ദ്രേ അർഷാവിൻ ആണ്. യൂറോ 2008 ല്‍ റഷ്യയുടെ സെമി പ്രവേശ ടീമില്‍ നിര്‍ണായക സ്ഥാനം വഹിച്ചതും ഗോള്‍കീപ്പര്‍ ഇഗോര്‍ അകിന്‍ഫീവ് തന്നെ.

ലോകകപ്പിന് ആതിഥ്യം വഹിച്ച ടീമുകളില്‍ ഏറ്റവും മോശപ്പെട്ട റാങ്കിംഗ് ഉടമകള്‍ എന്ന ദുഷ്പേരും തിരുനെറ്റിയില്‍ കൊത്തിവെച്ചു സ്വന്തം കാണികൾക്ക്‌ മുൻപിൽ ഇറങ്ങിയ റഷ്യ ഇപ്പോൾ വമ്പൻമാർക്ക് അടി തെറ്റിയ ലോകകപ്പിൽ ക്വാർട്ടറിൽ കടന്നിരിക്കയാണ്.

ഈ കുതിപ്പിലേക്കു അവരെ പിടിച്ചുയർത്തിയ ടീം ക്യാപ്റ്റൻ കൂടിയായ ഇഗോര്‍ അകിന്‍ഫീവിൽ തന്നെയാണ് മുന്നോട്ടുള്ള യാത്രയുടെ പ്രതീക്ഷകളും. അപൂർവമായി ഫുട്ബാളും ഒരു ഒറ്റയാൾ ഗെയിം ആണ് എന്ന് തോന്നുന്നത് അകിന്‍ഫീവിനെ പോലെയുള്ള പ്രതിഭകളെ കാണുമ്പോഴാണ്.

https://www.azhimukham.com/video-save-that-broke-heart-of-spain/

https://www.azhimukham.com/sports-russia2018-russia-beats-spain/


Next Story

Related Stories