TopTop
Begin typing your search above and press return to search.

ലാറ്റിനമേരിക്കന്‍ ഫുട്ബോളിന് ഒരു ഏഷ്യന്‍ ചുവപ്പ് കാര്‍ഡ്

ലാറ്റിനമേരിക്കന്‍ ഫുട്ബോളിന് ഒരു ഏഷ്യന്‍ ചുവപ്പ് കാര്‍ഡ്

'ഫുട്‌ബോള്‍ ലോകകപ്പ് ഇന്ത്യ എന്നു നേടും' എന്ന ചോദ്യത്തേക്കാള്‍ പ്രസക്തമാണ് 'ഒരു ഏഷ്യന്‍ രാജ്യം കപ്പ് എന്നു നേടും' എന്ന ചോദ്യം. പുരുഷ ഫുട്‌ബോള്‍ ലോകകപ്പ് ഏഷ്യയിലേക്കെത്താന്‍ ഏറെ കാത്തിരിക്കേണ്ടി വരും എന്ന് സമ്മതിക്കുന്നവര്‍ക്ക് അത്ഭുതങ്ങള്‍ സമ്മാനിച്ച് വനിതാ ഫുട്‌ബോള്‍ ലോകകപ്പ് 2011 ൽ ഏഷ്യയിലേക്കു കൊണ്ടു വന്നത് ജപ്പാൻ വനിതകളാണ്. കരുത്തരായ അമേരിക്കയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നായിരുന്നു ജപ്പാന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് 1-1ന് തുല്യത പാലിച്ച മത്സരത്തിന് അധികസമയത്തും (2-2) വിജയികളെ തീരുമാനിക്കാനായില്ല. ഷൂട്ടൗട്ടില്‍ പക്ഷേ 3-1ന് മത്സരവും കപ്പും ജപ്പാന്‍ സ്വന്തമാക്കി.

ഇന്നലെ കൊളംബിയക്കെതിരെ ജപ്പാൻ നേടിയ വിജയം ലോകകപ്പ് ചരിത്രത്തിൽ പുതിയ അദ്ധ്യായം തുറന്നിരിക്കയാണ്. ലോകകപ്പിൽ ഒരു ഏഷ്യൻ ടീം ആദ്യമായി ലാറ്റിനമേരിക്കൻ ടീമിനെ പരാജയപ്പെടുത്തുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജപ്പാന്‍, കൊളംബിയന്‍ ടീമിനെ തറപറ്റിച്ചത്. ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ ടീമുകളിൽ ഒന്നാണ് കൊളംബിയ

ഇതിനു മുമ്പ് 18 മത്സരങ്ങളിലാണ് ഏഷ്യൻ ടീമുകളും ലാറ്റിനമേരിക്കൻ ടീമുകളും നേർക്കുനേർ വന്നിട്ടുള്ളത് അതിൽ ഒന്നു പോലും ജയിക്കാൻ ഏഷ്യൻ ടീമുകൾക്കായില്ല. 18ൽ 15 മത്സരങ്ങളും പരാജയപ്പെട്ടപ്പോൾ 3 മത്സരങ്ങൾ സമനിലയിലുമായി. ഇന്നത്തെ ജപ്പാന്റെ ജയം ഈ ലോകകപ്പിലെ ഏഷ്യൻ ടീമിന്റെ രണ്ടാം ജയം കൂടിയാണ്. നേരത്തെ മൊറോക്കോയെ തോൽപ്പിച്ചു കൊണ്ട് ഇറാൻ ഏഷ്യയുടെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.

തുടര്‍ച്ചയായ ആറാം ലോകകപ്പിന് യോഗ്യതനേടിയ ജപ്പാന്‍, ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ്. എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ നാലു കിരീടങ്ങള്‍. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഒരു വട്ടം റണ്ണറപ്പ്. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിന് അപ്പുറം ഇത് വരെ കടക്കാനായിട്ടില്ലെങ്കിലും അട്ടിമറികൾക്കു കെല്പുള്ളവരാണ്.

ബ്ലൂ സമുറായ് 2002 ലോകകപ്പിന്റെ സഹ ആതിഥേയരായിരുന്നു. ബെല്‍ജിയത്തെ സമനിലയില്‍ തളച്ചും റഷ്യ, ടുണീഷ്യ ടീമുകളെ തോല്‍പ്പിച്ചും അവര്‍ ആദ്യമായി പ്രീ ക്വാർട്ടറിൽ എത്തി, തുർക്കിയോട് തോറ്റു പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ലോകതാരങ്ങൾ എല്ലാം ജപ്പാന്റെ അന്നത്തെ പ്രകടനത്തെ വാനോളം പുകഴ്ത്തി.

2006-ല്‍ ആദ്യറൗണ്ടില്‍ മടങ്ങിയ അവര്‍ ദക്ഷിണാഫ്രിക്ക (2010) ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടീമായി. അവിടെ നിര്‍ണായക കളിയില്‍ ഡെന്‍മാര്‍ക്കിനെ 3-1ന് തകർത്തു കൊണ്ട് പ്രീ ക്വാർട്ടറിൽ കടന്നെങ്കിലും പടയോട്ടം പരാഗ്വെക്ക് മുന്നിൽ അവസാനിച്ചു. 2011-ല്‍ ഖത്തറില്‍ നടന്ന ഏഷ്യന്‍കപ്പില്‍ ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ചാമ്പ്യന്‍മാര്‍. അതോടെ ഫിഫ കോണ്‍ഫെഡേഷന്‍സ് കപ്പിനും യോഗ്യനേടി. ഇതേ കാലയളവിൽ അർജന്റീന, ഫ്രാൻസ് ടീമുകളെ അട്ടിമറിച്ചു കൊണ്ട് ഉദയസൂര്യന്റെ നാട്ടുകാർ വിപ്ലവം സൃഷ്ട്ടിച്ചു.

ലോകഫുട്‌ബോളിൽ ലാറ്റിനമേരിക്കൻ അപ്രമാദിത്യത്തിനു യൂറോപ്യൻ ടീമുകൾ ചുവപ്പു കാർഡ് ഉയർത്തുന്ന കാഴ്ചയാണ് കഴിഞ്ഞ നാല് ലോകകപ്പുകളിലും ഫുട്ബാൾ പ്രേമികൾ കണ്ടത്. 2006 ൽ ബ്രസീലാണ് അവസാനമായി ലോകകപ്പ് നേടുന്ന ലാറ്റിനമേരിക്കൻ ടീം. അതിൽ കഴിഞ്ഞ ലോകകപ്പിൽ മാത്രമാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം ഫൈനൽ കളിക്കുന്നത്, അർജന്റീന. പക്ഷെ ജര്‍മ്മനിയോട് തോൽക്കാനായിരുന്നു വിധി. ഫുട്ബാൾ നിരീക്ഷകർ വിലയിരുത്തുന്നത് ലാറ്റിനമേരിക്കയെയും, യുറോപ്പിനെയും മറികടന്നു കൊണ്ട് ഏഷ്യൻ രാജ്യങ്ങൾ ലോകകപ്പിൽ മുത്തമിടുന്ന ദിവസങ്ങൾക്കു ദൂരം കുറഞ്ഞു വരുന്നു എന്നാണ്, സൗദി അറേബ്യ ഒഴിച്ചുള്ള ഏഷ്യൻ രാജ്യങ്ങളെല്ലാം ഇക്കുറി റഷ്യയിൽ ഭേദപ്പെട്ട പ്രകടനം ആണ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്.

ജപ്പാന്റെ കൊളംബിയൻ അട്ടിമറി ഒരു സൂചന മാത്രമല്ല ലോകഫുട്ബാളിൽ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന ഏഷ്യൻ രാജ്യങ്ങളുടെ പടയോട്ടത്തിന്റെ കിക് ഓഫ് ആണ്. വനിതാ ലോകഫുട്ബോൾ കിരീടം ഏഷ്യയിലേക്കു ആദ്യമായി എത്തിച്ച ജപ്പാൻ തന്നെ പുരുഷ ലോകകപ്പിലും അതാവർത്തിച്ചാൽ ഒട്ടും അത്ഭുതപ്പെടാനില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories