TopTop
Begin typing your search above and press return to search.

വരുന്ന രണ്ടു ലോകകപ്പുകളിൽ ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ജപ്പാനുണ്ടാകുമോ? ഇതൊരു അതിമോഹമല്ല...

വരുന്ന രണ്ടു ലോകകപ്പുകളിൽ ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ ജപ്പാനുണ്ടാകുമോ? ഇതൊരു അതിമോഹമല്ല...

'ഇപ്പോൾ സംഭവിച്ചില്ല എന്നതിന് ഇനി ഒരിക്കലും സംഭവിക്കില്ല എന്നർത്ഥമില്ല' എന്ന വിശ്വാസത്തോടെ ഓരോ ലോകകപ്പിനും തയ്യാറെടുക്കുന്ന ഒരു കൂട്ടർ ഉണ്ട്. സാമുറായുടെ പോരാട്ട വീര്യവും പാരമ്പര്യവും ശിരസിൽ ആവാഹിച്ചു ഫുട്‌ബോൾ മൈതാനിയിൽ ഏഷ്യയുടെ കരുത്ത് ആയി നില നിൽക്കുന്ന ജപ്പാൻ ടീം. തുടര്‍ച്ചയായ ആറാം ലോകകപ്പ് കളിച്ച ജപ്പാന്‍, ഏഷ്യയിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ്. എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ നാലു കിരീടങ്ങള്‍. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഒരു വട്ടം റണ്ണറപ്പ്. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിന് അപ്പുറം ഇത് വരെ കടക്കാനായിട്ടില്ലെങ്കിലും തലയുയർത്തി തന്നെയാണ് ഇത്തവണയും അവർ റഷ്യയിൽ നിന്ന് മടങ്ങുന്നത്.

2002ല്‍ ആതിഥേയരായ ദക്ഷിണകൊറിയ സെമിഫൈനലിലെത്തിയതാണ് ലോകകപ്പില്‍ ഒരു ഏഷ്യന്‍ ടീം കൈവരിച്ച ഏറ്റവും വലിയ നേട്ടം. അന്ന് ജര്‍മനിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് സെമിയില്‍ ദക്ഷിണകൊറിയ അടിയറവ് പറഞ്ഞത്. 1966ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ഉത്തര കൊറിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ് മറ്റൊന്ന്. 2010ല്‍ ജപ്പാനും ദക്ഷിണകൊറിയയും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചെങ്കിലും തോറ്റു പുറത്തായി. 2014 ഒരു ജയംപോലും സ്വന്തമാക്കാന്‍ ഈ ടീമുകള്‍ക്കായില്ല. ഇതാണ് ഏഷ്യ ഭൂഖണ്ഡത്തിന്റെ ലോകകപ്പ് ചരിത്രം.

ലോകത്തെ ഏറ്റവും വലിയ വന്‍കരയുടെ പ്രതിനിധികളായി ഇക്കുറി റഷ്യയിലെത്തിയത് അഞ്ച് ടീമുകള്‍ മാത്രമായിരുന്നു. ഇതില്‍ സൗദി അറേബ്യ, ദക്ഷിണകൊറിയ, ആസ്‌ത്രേലിയ, ഇറാൻ ടീമുകള്‍ ആദ്യ റൗണ്ടിൽ തന്നെ പുറത്തു പോയപ്പോൾ പ്രീ ക്വാർട്ടർ യോഗ്യത നേടിയത് ജപ്പാൻ മാത്രം. പ്രീ ക്വാർട്ടറിൽ ബെല്ജിയത്തോട് പൊരുതി കീഴടങ്ങി മടങ്ങുമ്പോഴും ഇത്തവണയും ചില ജാപ്പനീസ് കയ്യൊപ്പുകളും റഷ്യയിൽ പതിഞ്ഞിട്ടുണ്ട്. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെ പരാജപ്പെടുത്താന്‍ ഏഷ്യക്കാര്‍ക്കായിട്ടില്ലെന്ന ചരിത്രമാണ് ജപ്പാന്‍ ഇത്തവണ തിരുത്തിയത്. കൊളംബിയയെ അട്ടിമറിച്ച് ആണ് ജപ്പാൻ പുതു ചരിത്രം രചിച്ചത്.

സെനഗല്‍-ജപ്പാന്‍ മത്സരത്തില്‍ അമ്പരപ്പിക്കുന്ന ഓഫ് സൈഡ് ട്രാപ്പ് റഷ്യൻ ലോകകപ്പ് ഇത് വരെ ദർശിച്ച ഏറ്റവും കുർമബുദ്ധി നിറഞ്ഞ ഒരു ഡിഫൻസ് മൂവ് ആയിരുന്നു. "വിശ്വസിക്കാനാവാത്ത, പയറ്റാൻ ബുദ്ധിമുട്ടുള്ള തന്ത്രം" എന്നാണു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗുസൺ കളിക്കളത്തിലെ ഈ ജാപ്പനീസ് ബുദ്ധിയെ വിശേഷിപ്പിച്ചത്. ജപ്പാന്‍ പ്രതിരോധ നിര താരങ്ങളാണ് ആറ് സെനഗല്‍ താരങ്ങളെ ഒരുമിച്ച് ഓഫ് സൈഡില്‍ കുരുക്കിയത്. മത്സരത്തിന്റെ 45ാം മിനിറ്റിലാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച ഓഫ് സൈഡ് ട്രാപ്പിന് സെനഗല്‍ താരങ്ങള്‍ ഇരയായത്. ഫ്രീകിക്കിനിടെ ജപ്പാന്‍ താരങ്ങള്‍ ഒരുമിച്ച് പോസ്റ്റിന്റെ എതിര്‍ദിശയിലേക്ക് ഓടുകയായിരുന്നു. ഇതോടെ പന്തിനായി പോരാട്ടത്തിന് നിന്ന സെനഗല്‍ താരങ്ങളെല്ലാം ഓഫ്‌സൈഡ്..സെനഗലിനെതിരെ കേസുക ഹോണ്ട നേടിയ ഗോൾ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്.

കോളംബിയയെ തോൽപ്പിച്ച, ആഫ്രിക്കൻ കരുത്തർ സെനഗലിനെ സമനിലയിൽ തളച്ച ഉദയസൂര്യന്റെ നാട്ടുകാർ പോളണ്ടിന് മുന്നിൽ തോറ്റെങ്കിലും ഫെയർ പ്ലേ റൂളിലൂടെ പ്രീ ക്വാർട്ടർ പ്രവേശനം സ്വന്തമാക്കുകയായിരുന്നു. പ്രീ ക്വാർട്ടറിൽ വൻവിജയങ്ങളുടെ തലയെടുപ്പുമായെത്തിയ ബൽജിയത്തിനു ജപ്പാന്റെ ചുണക്കുട്ടികൾക്കു മുന്നിൽ മുട്ടുവിറച്ചു. രണ്ടുഗോളിനു പിന്നിൽ നിന്ന ശേഷം, മൂന്നെണ്ണം തിരികെയടിച്ച് ക്വാർട്ടർ ഫൈനലിൽ എത്തിയെങ്കിലും ബെൽജിയം ടീം അംഗങ്ങളും, ഫുട്ബാൾ പ്രേമികളും ഈ മത്സരം ജീവിതത്തിൽ മറക്കാനിടയില്ല. യൂറോപ്യൻ - ലാറ്റിൻ ടീമുകളുടെ ശാരീരിക ക്ഷമതയോ, കളി വേഗതയോ, പരിചയ സമ്പത്തോ ഇല്ലാത്ത ജപ്പാൻ ടീം ഏതു വമ്പന്മാരുടെയും അത്താഴം മുടക്കാൻ ത്രാണി ഉണ്ടെന്നു ഓർമപ്പെടുത്തി കൊണ്ടാണ് മോസ്‌കോയിൽ നിന്നും മടങ്ങുന്നത്.

ജപ്പാൻ ടീം മാത്രമല്ല ആരാധകരും റഷ്യയിൽ മാതൃകയായി. റഷ്യൻ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ബൽജിയത്തോട് സ്വന്തം ടീം പൊരുതിത്തോറ്റതിൽ നെഞ്ചു തകർന്നിരിക്കുന്നു ആരാധകർ മടങ്ങുമ്പോഴും സ്റ്റേഡിയം വൃത്തിയാക്കാൻ ജപ്പാൻ ആരാധകർ ഇത്തവണയും മറന്നില്ല. നേരത്തെ കൊളംബിയ സെനഗല്‍ എന്നിവര്‍ക്കെതിരായ മത്സര ശേഷം ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തി ആക്കിയത് വലിയ വാർത്തയായിരുന്നു. മത്സരശേഷം അവരിരുന്ന നിരകളിലെ ചവറുകൾ അവർ തന്നെ നീക്കം ചെയ്യും. രണ്ടു ഗോളിനു ലീഡ് നേടിയ ശേഷം ടീം തോറ്റതിന്റെ സങ്കടം നെഞ്ചിൽ വിങ്ങുമ്പോഴും ഇന്നലെ അവർ ഓടിനടന്ന് ഗാലറി വൃത്തിയാക്കി. നിമിഷങ്ങൾക്കകം എല്ലാം ക്ലീൻ! ഇത് ജപ്പാന്റെ സംസ്കാരമാണ്. കളികൾക്ക് ശേഷം രണ്ടു ചേരികളായി ഏറ്റുമുട്ടുന്ന യൂറോപ്യൻ ടീമുകളുടെ ആരാധകർക്ക് ഉദയസൂര്യന്റെ നാട്ടുകാരെ മാതൃകയാക്കാവുന്നതാണ്.

ഭൂകമ്പവും സുനാമിയും ഏൽ‌പ്പിച്ച മഹാപ്രഹരത്തിൽ നിന്ന് ജപ്പാൻ അതിന്റെ അനുപമമായ കർമ്മശേഷിയാൽ ഫീനിക്സ് പക്ഷി കണക്കെ ഉയിർത്തെഴുന്നേറ്റു വന്ന ജനതയാണ്. വരുന്ന പത്തു വര്‍ഷത്തിനിടെയിലെ രണ്ടു ലോകകപ്പുകളിൽ ഫൈനലിസ്റ്റുകളുടെ കൂട്ടത്തിൽ എങ്കിലും സാമുറായ് പടയാളികൾ ഉണ്ടാവും എന്ന് പ്രവചിക്കുന്നത് കേവലം കാല്പനികത അല്ല, ജീവിതത്തിലും, കളിക്കളത്തിലും അവരുടെ നിശ്ചയദാർഢ്യത്തിന്റെ അളവ് തിരിച്ചറിയുന്നത് കൊണ്ടാണ്.


Next Story

Related Stories