TopTop

മെസ്സി, റോണാള്‍ഡോ നിങ്ങള്‍ വിജയം അര്‍ഹിക്കുന്നില്ല; അടുത്ത ലോകകപ്പില്‍ നല്ല ടീമുമായി വരൂ..

മെസ്സി, റോണാള്‍ഡോ നിങ്ങള്‍ വിജയം അര്‍ഹിക്കുന്നില്ല; അടുത്ത ലോകകപ്പില്‍ നല്ല ടീമുമായി വരൂ..
'മെസ്സിയെ മാത്രം ആശ്രയിച്ച് ടീമിനെ മുന്നോട്ട് കൊണ്ട് പോകുന്നത് അപകടകരമാണ്' എന്ന് ബാറ്റിസ്റ്റിയൂട്ടയും, 'കേവലം ഒരു കളിക്കാരനില്‍ മാത്രം ആശ്രേയിക്കുന്നത് ഗുണകരമാവില്ല, ഫുട്‌ബോള്‍ വണ്‍ മാന്‍ ഷോ അല്ല.' എന്ന് ഫിഗോയും ലോകകപ്പിനായി തയ്യാറെടുക്കുന്ന തങ്ങളുടെ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ അര്‍ജന്റീനയുടെ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെയും പോര്‍ച്ചുഗല്‍ താരം ലൂയിസ് ഫിഗോയുടെയും മുന്നറിയിപ്പിന് എത്രത്തോളം വിലയുണ്ടായിരുന്നു എന്ന് ഇന്നലത്തെ കളിക്ക് ശേഷം ഇരുടീമുകള്‍ക്കും ബോധ്യമായികാണും.

ഫിഫ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാറ്റിസ്റ്റിയൂട്ട തന്റെ പിന്‍ഗാമികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ഒരു പോര്‍ച്ചുഗല്‍ മാധ്യമത്തിലൂടെയായിരുന്നു പോര്‍ച്ചുഗീസ് പടയുടെ മുന്‍ ക്യാപ്റ്റന്‍ ഫിഗോ, പറങ്കി താരങ്ങളോട് തന്റെ അഭിപ്രായം അറിയിച്ചത്.റഷ്യന്‍ ലോകകപ്പില്‍ ഫേവറൈറ്റുകളായി ഇടം പിടിച്ച അര്‍ജന്റീനയും, പോര്‍ച്ചുഗലും ഒരേ രാത്രിയില്‍ മടക്ക ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നു. ലോകഫുട്ബാളിലെ സൂര്യനും ചന്ദ്രനും ഇല്ലാത്ത ലോകകപ്പ് ആവേശം കെടുത്തും എന്ന് ആരാധകര്‍ പരാതി പറയുന്നു! ഫ്രാന്‍സിനോട് തോറ്റു അര്‍ജന്റീനയും, ഉറുഗ്വേയോട് പരാജയപ്പെട്ട് പോര്‍ച്ചുഗലും മടങ്ങുമ്പോള്‍ ആരെയാണ് പഴിക്കേണ്ടത്?.എല്ലാ തോല്‍വികള്‍ക്കും ബലിയാടുകള്‍ ആവശ്യമാണ്, കേവലം മെസ്സിയെയോ, റൊണാള്‍ഡോയുടെയോ തലയില്‍ കെട്ടി വെച്ച് രക്ഷപെടാന്‍ ഇരു ടീമുകളുടെയും അധികൃതര്‍ക്ക് കഴിയില്ല.

ഫ്രാന്‍സിനെതിരെ അര്‍ജന്റീന അടിച്ച മൂന്നു ഗോളുകളില്‍ രണ്ടു ഗോളുകള്‍ക്കും വഴി തെളിച്ചത് മെസ്സിയാണ്. നൈജീരിയക്കതിരെ ഗ്രൂപ്പ് മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയതും മെസ്സി തന്നെ. ലോകകപ്പിന് യോഗ്യത അര്‍ജന്റീനക്ക് നേടി കൊടുത്തത് മെസ്സിയുടെ ഹാട്രിക് ഗോളിന്റെ മികവിലാണ് എന്ന് കൂടി നാം ഓര്‍ക്കണം.

ആദ്യ മത്സരത്തില്‍, പരാജയത്തില്‍ നിന്ന് പോര്‍ച്ചുഗലിനെ സമനിലയില്‍ എത്തിച്ചത് ക്രിസ്റ്റിയാനോയുടെ ഹാട്രിക്കായിരുന്നു. അതിലൂടെ റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയ താരമെന്ന റെക്കോര്‍ഡും ക്രിസ്റ്റിയാനോ സ്വന്തമാക്കി. മുന്‍ ചാമ്പ്യന്മാരായ സ്‌പെയിനിനെതിരെയുള്ള മല്‍സരത്തില്‍ 3 -3 സമനില പാലിച്ചപ്പോള്‍ ലോക മാധ്യമങ്ങള്‍ ഇങ്ങനെ എഴുതി 'സ്പെയിന്‍ 3 - 3 ക്രിസ്റ്റിയാനോ റൊണാള്‍ഡോ'. മത്സരം സ്‌പെയിനും റൊണാള്‍ഡോയും തമ്മില്‍ ആയിരുന്നു.ഈ ലോകകപ്പില്‍ നാലു കളികളില്‍ നിന്ന് നാലു ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സ്‌പെയ്‌നെതിരെ മാത്രമല്ല ഇറാന്‍, മൊറോക്കോ മത്സരങ്ങളിലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ കളിച്ച റോണാള്‍ഡോയുടെ ആ ഒറ്റയാള്‍ പോരാട്ടത്തിന് പ്രീ ക്വാര്‍ട്ടര്‍ വരെയേ ആയുസ്സുണ്ടായുള്ളു. ഫിഗോ നല്‍കിയ സൂചന അച്ചട്ടായി, പെപെ, കരിസ്മ, സില്‍വ തുടങ്ങിയ പോര്‍ച്ചുഗല്‍ താരങ്ങള്‍ റൊണാള്‍ഡോക്ക് പന്തെത്തിക്കുന്നതിലും, പിന്തുണയ്ക്കുന്നതിലും അമ്പേ പരാജയപ്പെട്ടു.

മറുവശത്തു അഗ്വോറോ, ഹിഗ്വയ്ന്‍, ഇക്കാര്‍ഡി, ബെന്‍ഡറ്റോ, തുടങ്ങിയ ലോക താരങ്ങള്‍ ഉണ്ടായിട്ടും എല്ലാം മെസ്സി എന്ന മുപ്പതുകാരന്റെ ചുമലില്‍. അതിനുള്ള ശിക്ഷയും പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്ക് ലഭിച്ചു. അര്‍ജന്റീന ആകെ ലോകകപ്പില്‍ വഴങ്ങിയത് ഒന്‍പതു ഗോളുകളാണ്. അതുകൊണ്ട് തന്നെ ഒരു മൂന്ന് മെസ്സിമാര്‍ ഈ ടീമിലുണ്ടായാലും ഒരു കാര്യമില്ല. അത്രക്ക് ദയനീയമായ പ്രതിരോധ നിര ആയിരുന്നു അവരുടേത്. പ്രതിരോധ താരങ്ങളായ മഷറാനോ, ഓട്ടോമന്റി, തുടങ്ങിയവര്‍ എല്ലാം വഴി തെറ്റിയ സ്‌കൂള്‍ കുട്ടികളെ പോലെ ആയിരുന്നു കളിക്കളത്തില്‍. ഫ്രാന്‍സിന്റെ എംബപ്പേ എന്ന പത്തൊന്‍പതുകാരന്റെ ചീറ്റ പുലി കണക്കെയുള്ള ഓട്ടത്തിന് ഒപ്പം എത്താന്‍ അര്‍ജന്റീനിയന്‍ വയസ്സന്‍ പടയ്ക്കു കഴിഞ്ഞതുമില്ല.

മെസ്സിയെ ടീം അമിതമായി ആശ്രയിക്കുന്നുവെന്നും താരത്തിന് സമ്മര്‍ദം നല്‍കുന്നുവെന്നുമുള്ള വിമര്‍ശനം ശരി ആണെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഐസ്‌ലാന്‍ഡിനെതിരെ ആദ്യ മല്‍സരത്തില്‍ പെനാല്‍റ്റി കിക്ക് തുലച്ചത്. കിക്ക് എടുക്കാന്‍ ഇറങ്ങിയ മെസ്സിയുടെ മുഖത്തു എഴുതി വെച്ചിട്ടുണ്ട് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്!മെസ്സിക്ക് കൂട്ടായി ഗ്രൂപ്പ് മല്‍സരത്തില്‍ ക്രിസ്റ്റിയാനോയും പെനാല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. മെസ്സിയും, ക്രസ്റ്റിയാനോയും ആ പെനാല്‍റ്റി പാഴാക്കിയത് കളിക്കാന്‍ അറിയാത്തതുകൊണ്ടാണെന്ന് ആരും പറയില്ല.


ഒരു ടീം ഗെയിമായ ഫുട്‌ബോളില്‍ ഒന്നോ രണ്ടോ സൂപ്പര്‍ താരങ്ങളുടെ മികവിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു ഉള്ള യാത്ര സുഗമമല്ലെന്നു ഇതിനോടകം പല ലോകകപ്പുകളും തെളിയിച്ചിട്ടുണ്ട്. ഈ ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന ബെല്‍ജിയം, ഉറുഗ്വേ, ക്രൊയേഷ്യ ടീമുകളെ നോക്കുക. ഈ ടീമുകള്‍ എല്ലാം ഏതെങ്കിലും ഒരു താരത്തിന്റെ ലേബലില്‍ അല്ല മറിച്ച് ടോട്ടല്‍ ഫുട്ബാളിന്റെ വശ്യ ചാരുത ടീം ഗെയിമിലൂടെ തെളിയിച്ചു കൊണ്ട് ആണ് ഈ ടീമുകള്‍ വിജയം കൊയ്തത്. പോര്‍ച്ചുഗലിന്റെ നെഞ്ചു പിളര്‍ന്ന ഉറുഗ്വേ ഗോളുകളില്‍ കവാനിയുടെ മാത്രം മിടുക്കല്ല സുവാരസിന്റെ മനോഹരമായ ക്രോസിന്റെ സാന്നിധ്യവും ഉണ്ട്. റഷ്യന്‍ ലോകകപ്പില്‍ തന്നെ അത്തരം ധാരാളം ഉദാഹരണങ്ങളുണ്ട്.

അര്‍ജന്റീനയുടെയും പോര്‍ചുഗലിന്റെയും തോല്‍വിയില്‍ മെസ്സിക്കും റൊണാള്‍ഡോക്കും തീര്‍ച്ചായും പങ്കുണ്ട്. പക്ഷെ അവര്‍ മാത്രമല്ല അതിന് ഉത്തരവാദികള്‍. സഹകളിക്കാര്‍ക്കും, ടീം കോച്ചിനും മാനേജ്‌മെന്റിനുമൊക്കെ പരാജയത്തില്‍ പങ്കുണ്ട്. ഇത് പോലെ ഒരു ടീമിനെയും കൊണ്ട് ലോകകപ്പ് അല്ല പ്രാദേശിക ട്രോഫികള്‍ പോലും കിട്ടുമോ എന്ന് സംശയമാണ്.

മതം അതിന്റെ എല്ലാ ശക്തിയുംദൈവത്തെ ഏല്‍പ്പിക്കുന്നത് പോലെ സോക്കറില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും മെസ്സിയിലും, റൊണാള്‍ഡോയിലും മാത്രം പ്രതീക്ഷയര്‍പ്പിച്ചപ്പോള്‍ മറന്നു പോയത് 'മിശിഹാ', 'രാജകുമാരന്‍' എല്ലാം ആരാധകരുടെ സംഭാവനയാണ് എന്നതാണ്. ഫാന്‍സുകാരുടെ അത്തരം ഫാന്റസികള്‍ കളിക്കളത്തില്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇതായിരിക്കും ഫലം. ഇതെല്ലാവര്‍ക്കും ഒരു പാഠമാണ്.

https://www.azhimukham.com/sports-2018russia-messi-and-ronaldo-sad-moments/

https://www.azhimukham.com/sports-russia-2018-france-beat-argentina/

https://www.azhimukham.com/russia2018uruguay-beats-portugal/

https://www.azhimukham.com/russia2018-pierluigi-collina-legend-referee-football-profile/

https://www.azhimukham.com/analysis-russia2018-group-matches-analysis-ameen/

https://www.azhimukham.com/sports-javier-mascherano-resignedd-from-international-football/

Next Story

Related Stories