TopTop
Begin typing your search above and press return to search.

മലയാളികള്‍ ഏറെ സ്നേഹിക്കാത്ത യൂറോപ്പിലെ ചുവന്ന ചെകുത്താന്‍മാര്‍

മലയാളികള്‍ ഏറെ സ്നേഹിക്കാത്ത യൂറോപ്പിലെ ചുവന്ന ചെകുത്താന്‍മാര്‍

2018 ഫിഫാ ലോകകപ്പിന് കൊടികയറിയപ്പോള്‍ നാടൊട്ടാകെ അര്‍ജന്റീനയുടെയും, ബ്രസീലിന്റെയും, എന്തിനു പോളണ്ടിന്റെ വരെ ഫ്ലെക്സുകളും, പോസ്റ്ററുകളും, ചുമര്‍ചിത്രങ്ങളും നിറഞ്ഞു കഴിഞ്ഞു. എന്നാൽ അധികം ആരുടേയും ശ്രദ്ധയിൽ പെടാത്ത, മലയാളിയുടെ സ്നേഹവാത്സല്യങ്ങൾക്കു അർഹമാകാതെ ഒരു ശക്തമായ ടീം ഉണ്ട് ഈ ലോകകപ്പിൽ. യൂറോപ്പിലെ ചുവന്ന ചെകുത്താന്മാർ എന്നറിയപ്പെടുന്ന ബെൽജിയം.

ബ്രസീലിനും, അര്‍ജന്റീനയ്ക്കും, ജർമനിക്കും ഇല്ലാത്ത എന്താണ് ബെൽജിയത്തിനുള്ളത് എന്ന് ചോദിച്ചാൽ, ഈ ടീമുകൾക്കുള്ളതെന്താണ് ബെൽജിയത്തിനില്ലാത്തതു എന്ന മറുചോദ്യമാണ് ഉത്തരം. ഇതിനേക്കാൾ എല്ലാം പ്രധാനമായി, മാറ്റാരേക്കാളും സാങ്കേതികത്തികവിന്റെയും, ശാരീരിക മികവിന്റെയും, പരിചയസമ്പത്തിന്റെയും സമമായ മിശ്രിതമാണ് ഈ ലോകകപ്പിനെത്തുന്ന ബെൽജിയം ടീം. ആദ്യ പതിനൊന്നിലെ ഭുരിഭാഗം താരങ്ങളും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം, ചെൽസി എന്ന നാല് ടീമുകളിൽ നിന്നുമാണ് എന്ന വസ്തുതയും ബെൽജിയത്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.

ബെൽജിയം ഫുട്ബോളിന്റെ "ഗോൾഡൻ ജനറേഷൻ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടീമിന്റെ നെടുംതൂൺ അതിന്റെ പ്രതിരോധ നിര തന്നെയാണ്. തിബോ കൊത്തുവാ എന്ന ലോകോത്തര ഗോൾകീപ്പറും, മാഞ്ചസ്റ്റർ സിറ്റി ക്യാപ്റ്റൻ വിൻസെന്റ് കൊമ്പനി, ടോട്ടൻഹത്തിന്റെ ആള്‍ഡര്‍വിറാൾഡും, വെർത്തോൻഹാനും, പാരീസ് സൈന്റ്റ് ജർമയ്നിന്റെ മെയ്നീറും അടങ്ങുന്ന പ്രതിരോധനിരക്കൊപ്പം നിൽക്കാൻ ജര്‍മ്മനിക്കും, സ്പെയിനിനും മാത്രമേ കഴിയൂ. യോഗ്യത റൗണ്ടിൽ ശരാശരി 0.6 ഗോളുകൾ മാത്രമാണ് ബെൽജിയത്തിന്റെ പ്രതിരോധ നിര വഴങ്ങിയത്. ഇതിലും മികച്ച റെക്കോർഡ് ജര്‍മ്മനിയുടെയും അര്‍ജന്‍റീനയുടെയും 0.4 ഗോളുകൾ എന്ന ശരാശരി മാത്രമാണ്.

മധ്യനിരയിൽ ആണെങ്കിൽ കെവിൻ ഡിബ്രൂയ്ന്റെ സാങ്കേതികത്തികവിനെ കടത്തിവെട്ടാൻ കഴിയുന്ന വിരളം കളിക്കാർ മാത്രമേ ഇന്ന് ലോക ഫുട്ബോളിലുള്ളു. ലോകം ഇന്ന് വരെ കണ്ടിട്ടുള്ള ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ടീമിന്റെ ഹൃദയസ്പന്ദനമാണ് ഡിബ്രൂയനെ. പന്ത്രണ്ടു ഗോളുകളും, ഇരുപത്തൊന്നു അസിസ്റ്റുകളും കഴിഞ്ഞ സീസണിൽ നേടിയ ഡിബ്രൂയനെ മികച്ച ഫോർമിലാണ് റഷ്യയിൽ എത്തുന്നത്.

ഡിബ്രൂയെനെപ്പോലെ തന്നെ മികച്ച ഫോമിൽ ലോകകപ്പിനെത്തുന്ന മറ്റൊരു താരമാണ് ഡ്രൈസ് മെർട്ടൻസ്. ഇറ്റാലിയൻ സീരി- എയിൽ പതിനെട്ടു ഗോളുകളാണ് മെർട്ടൻസ് കഴിഞ്ഞ സീസണിൽ നാപ്പോളിക്കുവേണ്ടി അടിച്ചത്. ഇതിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റോമേലു ലുക്കാക്കുവിന്റെയും, പ്ലാൻ ബിയായി രണ്ടാം പകുതിയിൽ എത്താൻ സാധ്യതയുള്ള മരുവേൻ ഫെല്ലെയ്നിയുടെയും ഉയരവും ശാരീരിക മേൽക്കോയ്മയും ഏതൊരു സെന്റർ ബാക്കിന്റെയും പേടിസ്വപനമാണ്. പോരാത്തതിന് പോസ്സെഷൻ ഫുട്ബോൾ കളിക്കുന്ന ബെൽജിയം ടീമിന് ഇവരുടെ സാന്നിധ്യം മറ്റൊരു മാനവും നൽകുന്നു.

ഇതുവരെ പറഞ്ഞതൊന്നും പ്രസക്തമായി പലർക്കും തോന്നിയെന്ന് വരില്ല. കാരണം ഒരു ശരാശരി ഫുട്ബോൾ ആരാധകനെ സംബന്ധിച്ചിടത്തോളം തന്റെ ആരാധന പത്രമായ ഒരു സ്റ്റാർ പ്ലെയറുടെ സാന്നിധ്യമാണ് ഒരു ടീമിന്റെ സാധ്യതകൾ നിർണയിക്കുന്ന പ്രധാന ഘടകം. എന്നാൽ അതിനും ബെൽജിയത്തിന്റെ കൈയിൽ തക്കതായ ഉത്തരമുണ്ട് - ഈഡൻ ഹസാർഡ്! ഇന്ന് ലോകത്തു മെസ്സിക്കും, റൊണാള്‍ഡോയ്ക്കും, നെയ്മറിനും, ബെയ്ലിനും ഒപ്പം പരാമർശിക്കുന്ന മറ്റൊരു പേരുണ്ടെങ്കിൽ അത് ഹസാർഡ് മാത്രമാണ്.

ഇനി അധികം ആരും പരിഗണിക്കാത്ത ചില കാര്യങ്ങളിലേക്ക് കടക്കാം, പ്രധാനമായും റോബർട്ടോ മാർട്ടിനെസ് എന്ന യുവ കോച്ചിലേക്ക്. പരിശീലനത്തിനും, തന്ത്രങ്ങൾ മെനയുന്നതിനും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന നാഗേൽസ്മാനെപ്പോലേയുള്ള ലാപ്ടോപ്പ് കോച്ചുകളുടെ തലമുറയ്ക്ക് അടിത്തറപാകിയതിൽ പ്രധാനിയാണ് റോബർട്ടോ മാർട്ടിനെസ്. ബ്രിട്ടണിൽ താരതമേന്യ ചെറിയ ടീമായ സ്വാൻസാ സിറ്റിയെ പടിപടിയായി ഉയർത്തിക്കൊണ്ടു വന്നതും, ശരാശരിയിലും താഴെ നിന്നിരുന്ന വിഗണിനെ പ്രീമിയർ ലീഗിൽ നില നിർത്തിയതും, എവെർട്ടനെ മനോഹരമായ ഫുട്ബോൾ കളിപ്പിച്ചുകൊണ്ടു യൂറോപ്പ ലീഗിൽ എത്തിച്ചതുമെല്ലാം മാർട്ടിനെസിന്റെ നേട്ടങ്ങളാണ്.

മേല്പറഞ്ഞ വസ്തുതകൾ ഏല്ലാം തന്നെ മാറ്റിവെച്ചുകൊണ്ടു കണക്കുകളും, സമീപകാല ചരിത്രവും മാത്രം പരിശോധിച്ചാലും സാധ്യതകൾ ബെൽജിയത്തിന് അനുകൂലമാണ്. ഫുട്ബോൾ സ്റ്റാറ്റിസ്റ്റിക്സ് സൈറ്റായ ഒപ്റ്റയുടെ സമീപകാല ലോകകപ്പ് വിജയികളുടെ അവലോകനം അനുസരിച്ചു നാലു പ്രധാന ഘടകങ്ങളാണ് മുൻകാല വിജയികൾക്കെല്ലാം പൊതുവായി ഉള്ളത്. ഒന്ന്- ലോകകപ്പ് സീഡിങ്ങിൽ മുന്നിൽ നിൽക്കുന ടീം. രണ്ടു- യോഗ്യത റൗണ്ടിലെ മികച്ച പ്രതിരോധ പ്രകടനം. മൂന്നാമത്തെ ഘടകം ലോകോത്തര ഗോൾകീപ്പർ എന്നതും, നാലാമത്തേത് കൂടുതൽ ശരാശരി പരിചയ സമ്പന്നത എന്നതുമാണ്. ഇവയ്ക്കൊപ്പം യൂറോപ്പിൽ നിന്നുള്ള ടീം എന്ന കാര്യവും, നിലവിലെ ജേതാക്കൾ അല്ലാത്ത ടീം എന്ന പോയിന്റും കൂടി കൂടുമ്പോൾ, ഉത്തരം ഒന്നേ ഉള്ളു- ബെൽജിയം.

കണക്കുകളും പ്രവചനങ്ങളും കാറ്റിൽപറത്തി, അട്ടിമറികളും അത്ഭുതങ്ങളും കാണികൾക്കു സമ്മാനിക്കുന്ന ഒരു കായിക മാമാങ്കമാണ് ലോകകപ്പ്. നൈജീരിയയും, സെനഗലും, കൊറിയയും കറുത്ത കുതിരകളായതും, ചാമ്പ്യന്മാരായ ഫ്രാൻസ് ആദ്യ റൗണ്ടിൽ തൊറ്റു പുറത്തായതും, ശക്തരായ ബ്രസീലിന്റെ മഞ്ഞപ്പടയ്ക്കെതിരെ ജർമ്മനി ഏഴു ഗോളുകൾ അടിച്ചതുമെല്ലാം നമ്മുടെ ഓർമയിൽ നിന്നും ഇനിയും മാഞ്ഞിട്ടില്ല. എന്നിരുന്നാലും ഒരു വിജയിയെ പ്രവചിക്കണമെങ്കിൽ, എന്റെ കുറി ബെൽജിയത്തിനു തന്നെ.


ജിബു ഏലിയാസ്

ജിബു ഏലിയാസ്

ജിബു ഏലിയാസ് രാജ്യത്തിൻറെ ഔദ്യോഗിക എ.ഐ പോർട്ടൽ ആയ ഇന്ത്യ എ ഐയുടെ പ്രധാന ആസൂത്രകനും ഗവേഷണ തലവനുമാണ്. സ്പ്രിംഗറുടെ എ ഐ ആൻഡ് എത്തിക്സ് ജേർണലിൻറെ സ്ഥാപക എഡിറ്റോറിയൽ ബോർഡ് അംഗവും നാസ്സ്കോമിലെ എ ഐ ഗവേഷകനുമാണ്.

Next Story

Related Stories