TopTop
Begin typing your search above and press return to search.

പത്തു വര്‍ഷത്തിന് ശേഷം ഒരു ലോകകപ്പ് വിജയം വേണം ഇംഗ്ലീഷ് പടയ്ക്ക്; ടുണീഷ്യ സമ്മതിക്കുമോ?

പത്തു വര്‍ഷത്തിന് ശേഷം ഒരു ലോകകപ്പ് വിജയം വേണം ഇംഗ്ലീഷ് പടയ്ക്ക്; ടുണീഷ്യ സമ്മതിക്കുമോ?

യൂറോപ്പിലെ അതികായകരായ ഇംഗ്ലണ്ടും, അട്ടിമറി വീരന്മാരായ ബെൽജിയം എന്നിവരോടൊപ്പം ടുണീഷ്യ, പാനമ എന്നീ ചെറുമീനുകൾ അടങ്ങുന്നതാണ് ഗ്രൂപ് ജി. പ്രവചനാതീതം ആണ് ലോകകപ്പ് മൽസാരങ്ങൾ എന്ന് ഇതിനോടകം തന്നെ ബോധ്യപ്പെട്ടു കഴിഞ്ഞു. ഗ്രൂപ് ജി യിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട്, ട്യുണീഷ്യയെ നേരിടും.

സ്ഥലം, സമയം: വാൾഗോഗ്രാഡ്ഡ് സ്റ്റേഡിയം, ഇന്ത്യൻ സമയം രാത്രി 11.30

ഇംഗ്ലണ്ട്

1966 ലോകകപ്പില്‍ ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ബോബി മൂറിന് 25 വയസ്സായിരുന്നു. ആ ഇരുപത്തിയഞ്ചുകാരന്റെ ചുമലിലേറി അന്ന് ഇംഗ്ലണ്ട് ലോകകപ്പ് കിരീടമുയര്‍ത്തി. ഇംഗ്ലണ്ടിന്റെ ഒരേയൊരു ലോകകപ്പ്. 52 വര്‍ഷങ്ങള്‍ക്കുശേഷം 24 വയസ്സുള്ള ഹാരി കെയ്നിനെ നായകനാക്കി ഇംഗ്ലീഷ് ടീം റഷ്യയിലെത്തുന്നു, ഒരേയൊരു ലക്‌ഷ്യം മാത്രം അര നൂറ്റാണ്ടിനപ്പുറം വീണ്ടും ഒരു കിരീട നേട്ടം.

ഗെരത് സൌത്ത്ഗേറ്റ് എന്ന പരിശീലകന്‍ തിരഞ്ഞെടുത്തിരിക്കുന്നത് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച സംഘത്തെ തന്നെയാണ്. യുവതാരങ്ങളുടെ കരുത്താണ് ഇത്തവണത്തെ ഇംഗ്ലീഷ് സംഘത്തെ വ്യത്യസ്തമാക്കി നിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്. മൂന്നോ നാലോ താരങ്ങളഴികെയുള്ളവരെല്ലാം 30 വയസിന് താഴെ പ്രായമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ട് ശക്തമായി തന്നെ പോരാടുമെന്ന് പ്രതീക്ഷിക്കാം.

മുന്നേറ്റത്തിലെ പ്രതിഭാ വിലാസമാണ് നിലവിലെ ഇംഗ്ലീഷ് ടീമിന്റെ കരുത്ത്. ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡാന്നി വെല്‍ബക്ക്. എന്നിവര്‍ അണിനിരക്കുന്ന മുന്നേറ്റ നിര ശക്തമാണ്. ടോട്ടനത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി നില്‍ക്കുന്ന മധ്യനിര താരങ്ങളായ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, എറിക്ക് ഡയര്‍, ഡെലെ അലി എന്നിവര്‍ തന്നെ ഇംഗ്ലണ്ടിന്റേയും മിഡ്ഫീല്‍ഡ് ഭരിക്കും. ചെല്‍സിയുടെ റുബന്‍ ലോഫ്റ്റസ് ചീകിന്റെ മധ്യനിരയിലെ മികവും ഇംഗ്ലണ്ടിന്റെ മുന്നേറ്റത്തെ നിര്‍ണയിക്കും. ഒപ്പം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരങ്ങളായ അഷ്‌ലി യങ്, ജെസ്സെ ലിംഗാര്‍ഡ് എന്നിവരുമുണ്ട്. ജോണ്‍ സ്റ്റോണ്‍സ്, ഗാരി കാഹില്‍, ഫില്‍ ജോണ്‍സ് തുടങ്ങിയ പ്രമുഖരാണ് പ്രതിരോധത്തില്‍.

2010ലാണ് ഇംഗ്ലണ്ട് ഒരു ലോകകപ്പ് വിജയം അവസാനമായി സ്വന്തമാക്കിയത്. സൌത്ത് ആഫ്രിക്കയില്‍ സ്ലൊവേനിയക്കെതിരെ. 1-0. അന്നത്തെ ടീമില്‍ ഉണ്ടായിരുന്ന ആരും തന്നെ പുതിയ ഇംഗ്ലീഷ് ടീമില്‍ ഇല്ല. ബ്രസീല്‍ ലോകകപ്പില്‍ കളിച്ച 5 കളിക്കാര്‍ മാത്രമാണ് ഈ ടീമില്‍ ഉള്ളത്. ഇത് തന്നെയായിരിക്കാം ഇംഗ്ലണ്ടിന്റെ ശക്തിയും ദൌര്‍ബല്യവും.

ഫിഫ റാങ്കിങ്:12

പരിശീലകന്‍: ഗെരത് സൌത്ത്ഗേറ്റ്

സാധ്യത ടീം: കൈല്‍ വാക്കർ, ജോണ്‍ സ്റ്റോണ്സ്, റഹീം സ്റ്റെര്‍ലിങ്, കൈറന്‍ ട്രിപ്പിയ, ഡാനി റോസ്, എറിക് ഡയർ, ഡെലെ അലി, ഹാരി കെയ്ൻ, ഗാരി കാഹിൽ, ആഷ്‌ലി യങും ജെസ്സി ലിങ്കാര്‍ഡും മാര്‍ക്കസ് റാഷ്ഫാര്‍ഡ, ജോഡന്‍ ഹെന്‍ഡേഴ്‌സൻ, ആദം ലല്ലാന, ജെയ്ക് ലിവര്‍മോർ, ലെവിസ് കുക്കു, ജാമി വാര്‍ഡി, ഡാനി വെൽബാക്

ടുണീഷ്യ

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അറബ് പ്രതിനിധിയായി ടുണീഷ്യ ലോകകപ്പിനെത്തുന്നത്. യോഗ്യതാ മത്സരത്തിൽ തോൽവിയറിയാതെ മുന്നേറിയ ടുണീഷ്യയ്ക്ക് കരുത്തുറ്റ മധ്യനിര പ്രതീക്ഷ നൽകുന്നു. ലോകകപ്പിൽ ആദ്യമായി ജയം നേടിയ ആഫ്രിക്കൻ ടീമെന്ന സൽപ്പേര് ടുണീഷ്യയ്ക്കൊപ്പമുണ്ട്. 1978 ലോകകപ്പിൽ മെക്സിക്കോയ്ക്കെതിരെ നേടിയ ജയം പോലെ ടുണീഷ്യയ്ക്ക് ആവർത്തിക്കാനായാൽ റഷ്യൻ ലോകകപ്പ് ആഫ്രിക്കൻ മണ്ണിന് നൽകുന്നത് പുതിയ ഊർജമാകും. പരിചയക്കുറവും, പ്രതിരോധത്തിലെ പാളിച്ചകളും പരിഹരിച്ചാൽ ട്യുണീഷ്യക്കു അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.

ലോകകപ്പിലെത്തുന്ന യുവ താരങ്ങളില്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള മിഡ്ഫീല്‍ഡര്‍ ബാസ്സെ സ്ഖിരി അടക്കമുള്ള യുവാക്കളുടെ ശ്രദ്ധേയ സാന്നിധ്യമാണ് ടീമിന്റെ വൈവിധ്യം. ടുണീഷ്യയിലെ മറ്റൊരു ശ്രദ്ധേയ താരം അനീസ് ബദ്രി ആണ്. ടുണീഷ്യക്കു ലോകകപ്പ് ടിക്കറ്റ് നേടിക്കൊടുത്ത ഗോള്‍ നേടിയത് ബദ്രിയായിരുന്നു. ലോകകപ്പ് ടീമിലെ പ്രധാന അഭാവം സ്ട്രൈക്കർ യൂസുഫ് മസ്കനിയാണ്. കഴിഞ്ഞ മാസം മുട്ടിന് പരിക്കേറ്റ യൂസുഫിന് ലോകകപ്പിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഴിയില്ല എന്ന് ഉറപ്പായതാണ് ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം.

സൌഹൃദ മത്സരങ്ങളില്‍ ശക്തന്മാരായ പോര്‍ച്ചുഗലിനെയും സ്പെയിനിനെയും വിറപ്പിച്ചിട്ടാണ് ടുണീഷ്യ വരുന്നത്. പോര്‍ച്ചുഗലിനോടുള്ള മത്സരം സമനിലയായപ്പോള്‍ സ്പെയിനിന് ഗോളടിക്കാന്‍ കഴിഞ്ഞത് അവസാന മിനുട്ടുകളില്‍ മാത്രമാണ്.

ഗ്രൂപ്പിലെ മറ്റൊരു ടീമായ പാനമയെ തകർക്കാൻ ഉള്ള കെൽപ് ട്യുണീഷ്യക്കുണ്ട്, ബെൽജിയം, ഇംഗ്ലണ്ട്, ടീമുകളെ എങ്ങനെ നേരിടും എന്നതനുസരിച്ചായിരിക്കും അവരുടെ ലോകകപ്പ് ഭാവി.

ഫിഫ റാങ്കിങ്: 14

പരിശീലകന്‍: നബില്‍ മാലൗലാ

സാധ്യത ടീം: അയ്മൻ മതല്ലോതി, ഹാൻഡി നാഗൂസ്, ഡിലാണ് ബ്രോൺ, എസ്സിനെ മേറിയ, ഒസാമ ഹദാദിദ്, അലി മലൗലി, ഏലിയാസ് സിക്രി, മൊഹമ്മദ്ദ് ആമിർ, ആഹ്മെദ് ഖലീൽ, അനീസ് ബദ്രി, സബർ ഖലിഫാ

ബെൽജിയത്തെ ഒഴിച്ച് നിർത്തിയാൽ ബാക്കി രണ്ടു ടീമുകളെയും മറികടന്നു അടുത്ത ഘട്ടത്തിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് പട ഇന്ന് കളത്തിലിറങ്ങുന്നത്. കടലാസിലെ പുലികളെ മെരുക്കാൻ ഉള്ള ശേഷി ഉണ്ടെന്നു ശ്രമിക്കാൻ ആവും ട്യുണീഷ്യ ശ്രമിക്കുക. ഇരു ടീമുകളും രണ്ടു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒരു തവണ ഇംഗ്ലണ്ട് ജയിക്കുകയും മറ്റൊരു മത്സരത്തിൽ ടുണീഷ്യ ഇംഗ്ലണ്ടിനെ സമനിലയിൽ തളക്കുകയും ചെയ്തു.

https://www.instagram.com/p/BkHqlBxlqyK/?utm_source=ig_embed

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories