TopTop
Begin typing your search above and press return to search.

ഇനി നമുക്ക് സെനഗലിനെ കുറിച്ചു സംസാരിക്കാം

ഇനി നമുക്ക് സെനഗലിനെ കുറിച്ചു സംസാരിക്കാം

എല്ലാ കണക്കുകൂട്ടലുകളും, പ്രവചനങ്ങളും, നിഗമനങ്ങളും കാറ്റിൽ പറത്തുന്ന ഒരു പൊതുസ്വഭാവം റഷ്യൻ ലോകകപ്പിലെ മത്സരങ്ങൾക്കുണ്ട്. പോളണ്ട്-സെനഗൽ പോരാട്ടത്തിലും അതാവർത്തിച്ചു. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ഏവരെയും ഞെട്ടിച്ച, ഈ ലോകകപ്പിലെ നിർണായക ശക്തിയാവും എന്ന് പ്രവചിക്കപ്പെട്ട പോളണ്ടിന് സെനഗൽ എന്ന ആഫ്രിക്കൻ കുതിരകൾക്കു മുന്നിൽ പരാജിതരായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗൽ പോളണ്ടിനെ അട്ടിമറിച്ചത്.

2002 ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയ സെനഗല്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന സിസ്സെ അലിയൂവിന്റെ പരിശീലനത്തിൽ കളത്തിലിറങ്ങിയ സെനഗലും, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി എന്ന സ്റ്റാർ സ്‌ട്രൈക്കറുടെ കീഴിൽ പോളണ്ടും തുടക്കം മുതലേ ഒപ്പത്തിനൊപ്പം ആക്രമിച്ചു കളിച്ചു. കളിയുടെ പത്താം മിനുട്ടിൽ സെനഗൽ സൂപ്പർ താരം സാഡിയോ മാനേയുടെ ഷോട്ട് നേരെ പോളണ്ട് ഗോള്‍കീപ്പറുടെ കൈയിലേക്ക്‌, സെക്കന്റുകൾക്കുള്ളിൽ പോളണ്ടിന്റെ കൗണ്ടർ അറ്റാക് പക്ഷെ ലെവന്‍ഡോവ്‌സ്‌കിയുടെ കിടിലൻ ഷോട്ട് പോസ്റ്റിന് പുറത്തേക്ക്‌.

കളിയുടെ 37 മിനുട്ടിൽ പോളണ്ട് ഗോൾ മുഖത്തു നടന്ന കൂട്ടപ്പൊരിച്ചിൽ സെനഗലിന്റെ ഇദ്രിസ ഗുയെയുടെ ഷോട്ട് തടയുന്നതിനിടെ പോളിഷ് ഡിഫൻഡർ തിയാഗോ സിനോനെകിന്റെ കാലില്‍ തട്ടി പന്ത് പോളിഷ് വലയിലേക്ക്‌ സ്‌കോർ 1 -0 . ആദ്യ പക്തിക്കു വിരാമമിടുമ്പോൾ ആഫ്രിക്കൻ പട മുന്നിൽ. ഈ ലോകകപ്പിലെ മൂന്നാമത്തെ സെൽഫ് ഗോൾ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെവന്‍ഡോവ്‌സ്‌കി നടത്തിയ ചില നീക്കങ്ങൾ സെനഗൽ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി എങ്കിലും ഗോളിൽ കലാശിച്ചില്ല, തിരിച്ചടിക്കാൻ ഉള്ള പോളണ്ടിന്റെ ശ്രമങ്ങൾക്കിടെ മത്സരത്തിന്റെ 60 മിനുട്ടിൽ സെനഗലിന്റെ വക അടുത്ത പ്രഹരം. അനവസരത്തിലുള്ള ഒരു മൈനസ് പാസിന് പോളണ്ട് വലിയ വില നല്‍കേണ്ടി വന്നിരിക്കുന്നു. പന്തു പിടിക്കാൻ കയറിയെത്തിയ പോളണ്ട് ഗോൾകീപ്പറിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഗോളിയെ കടന്ന് പന്തുമായി മുന്നേറിയ നിയാങ്, ഒപ്പമെത്തിയ പോളണ്ട് ഡിഫൻഡറെ കബളിപ്പിച്ച് പന്ത് വലയിലിട്ടു. സ്കോർ 2–0. ലോകം കീഴടക്കിയ ആഹ്ളാദത്താൽ സെനഗൽ നടത്തിയ ആഘോഷം റഷ്യൻ കാര്‍ണിവലിലെ ഏറ്റവും മികച്ച കാഴ്ചകളിൽ ഒന്നായി.

മികച്ച പ്രതിരോധവുമായി ലെവൻഡോവിസ്കിക്കും സംഘത്തിനും സെനഗൽ പ്രതിരോധ നിര കത്രികപ്പൂട്ടിട്ടപ്പോൾ പോളിഷ് സൈന്യം സ്തബ്ധരായി. ഒടുവിൽ ചടുലമായ ഒരു നീക്കത്തിനൊടുവിൽ സെനഗലിന്റെ പ്രതിരോധം സമ്മർദ്ദത്തിലായി, കാമില്‍ ഗ്രോസിക്കിയുടെ പാസിൽ ക്രെയ്‌ച്ചോവിയാക്കിന്റെ ഹെഡ്ഡര്‍ സെനഗലിന്റെ വലയിലേക്ക്‌. പോളണ്ട് 1 - 2 സെനഗൽ. കളി അവസാനിക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കെ നേടിയ ഗോളിന്റെ ആത്മവിശ്വാസത്തിൽ വീണ്ടും സെനഗൽ ഗോൾ മുഖത്തേക്ക് ആക്രമണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

റഫറി ഫൈനൽ വിസിൽ വിളിച്ചപ്പോൾ സെനഗൽ വിജയാഹ്ലാദത്തിലും പോളിഷ് പട നിരാശയുടെ കൊടുമുടിയിലും ആയിരുന്നു. അവസാന സ്‌കോർ സെനഗൽ 2 - 1 പോളണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


Next Story

Related Stories