TopTop
Begin typing your search above and press return to search.

സ്വിറ്റ്സർലൻഡിനെ തോല്‍പ്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറില്‍

സ്വിറ്റ്സർലൻഡിനെ തോല്‍പ്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറില്‍

സെന്റ് പീറ്റേഴ്‌സ്ബർഗിൽ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ യൂറോപ്പിലെ പ്രബലരായ സ്വിറ്റ്സർലൻഡും സ്വീഡനും ഏറ്റു മുട്ടിയപ്പോൾ ജയം സ്വീഡന്. ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡിഷ് പക്ഷികൾ സ്വിസ്സിനെ കീഴടക്കിയത്. ഫോഴ്‌സ്ബര്‍ഗാണ് സ്വീഡന്റെ വിജയഗോൾ നേടിയത്. ഇന്ന് നടക്കുന്ന അവസാനത്തെ പ്രീ ക്വാർട്ടർ (ഇംഗ്ലണ്ട് - കൊളംബിയ) മത്സരത്തിലെ വിജയികളെ ആണ് സ്വീഡൻ ക്വാർട്ടറിൽ നേരിടുക.

സ്വീഡന്റെ ടച്ചോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ആദ്യ പകുതിയിൽ ആധിപത്യം സ്വിറ്റസർലാൻഡിനായിരുന്നു. സ്വിസ്സിന്റെ സ്റ്റാർ സ്‌ട്രൈക്കർ ഷാക്കിരി കളിയുടെ മൂന്നാം മിനുട്ടിൽ സ്വീഡിഷ് പോസ്റ്റിലേക്ക് ഉതിർത്ത ലോങ്ങ് റേഞ്ച് ഷോട്ട് തലനാരിഴക്കാണ് ഗോൾ പോസ്റ്റിന്റെ പുറത്തേക്കു പോയത്. കൗണ്ടർ അറ്റാക്കുകൾ മെനയുന്നതിൽ സ്ഥിരത നില നിർത്തി എങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകൾ സ്വീഡന് തിരിച്ചടിയായി, കളിയുടെ ഏഴാം മിനുട്ടിൽ സ്വീഡന് ലഭിച്ച സുവര്‍ണാവസരം മാര്‍ക്‌സ് ബെര്‍ഗിന്റെ അലക്ഷ്യമായ ഷോട്ട് മൂലം നഷ്ടമായി.

സ്വിസ്സിനു വേണ്ടി ഷാക്കിരിയും, സ്വീഡന് വേണ്ടി മാർക്സ് ബെർഗും മുന്നേറ്റ നിരയുടെ ചുക്കാൻ പിടിച്ചപ്പോൾ ഇരു കൂട്ടരുടെയും പ്രതിരോധ നിര അചഞ്ചലമായി നിലകൊണ്ടു. ഇരുപത്തി നാലാം മിനുട്ടിൽ ഷാക്കിരിയുടെ അളന്നു മുറിച്ച ക്രോസ്. പക്ഷെ സ്റ്റൂബറിന്റെ ഹെഡ്ഡര്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്‌ പോയി. കളിയുടെ മുപ്പത്തി ഒന്‍പതാം മിനുറ്റിൽ ബോക്‌സിന് മുന്നില്‍ നിന്ന് സ്വീഡന് ലഭിച്ച ഫ്രീകിക്ക്, ഫോഴ്‌സ്ബര്‍ഗിന്റെ ഷോട്ട് റിഫ്‌ളക്റ്റ് ചെയ്ത് ഔട്ടിലേക്ക്‌.

സ്വീഡന് ലീഡ് നേടാനുള്ള സുവര്‍ണ്ണാവസരം ആല്‍ബിന്‍ എക്ഡല്‍ പാഴാക്കി. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന എക്ഡലിന് പോസ്റ്റിന് തൊട്ടുമുന്നിലേക്ക് ക്രോസ് ലഭിച്ചെങ്കിലും വീണ്ടും അലക്ഷ്യമായ ഷോട്ട് മൂലം അവസരം നഷ്ടമായി. ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾക്ക് മുൻപ് സ്വിസ്സിനു അനുകൂലമായി ഫ്രീ കിക്ക്‌. ഷാക്കിരി എടുത്ത കിക്ക്‌ സ്വീഡൻ ഗോളി റോബിൻ ഓൾസന്റെ കയ്യിൽ ഭദ്രം. ആദ്യ പകുതി അവസാനിക്കുമ്പോൾ.0 - 0

ആദ്യ പകുതിയുടെ തുടർച്ചയായിരുന്നു രണ്ടാം പകുതിയുടെ ആദ്യ 15 മിനുട്ടുകൾ, ഇരു ടീമുകളും പ്രതിരോധത്തിലൂന്നിയപ്പോൾ മത്സരം വിരസമായി. സ്വീഡന് വേണ്ടി റോഡ്രിഗസ് രണ്ടു നല്ലവസരങ്ങൾ പാഴാക്കുകയും ചെയ്തു. ഗോൾ വരൾച്ചയ്ക്ക് വിരാമം ഇട്ടു കൊണ്ടു മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിൽ ആദ്യ ഗോൾ പിറന്നു.

സ്വീഡൻ ആണ് ലീഡ് ചെയ്തത്. ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഫോഴ്‌സ്ബര്‍ഗ് തൊടുത്ത ഷോട്ട് മാനുവല്‍ അകാന്‍ജിയുടെ കാലില്‍തട്ടി ഡിഫ്‌ളക്റ്റ് ചെയ്ത് വലയില്‍ കയറുകയായിരുന്നു. പന്ത് ഡിഫ്‌ളക്റ്റ് ചെയ്തതിനാല്‍ ഗോളി യാന്‍ സൊമെറിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. സ്വീഡൻ 1 - 0 സ്വിറ്റസർലാൻഡ്.

ഗോൾ വീണതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് തിരിച്ചടിക്കാന്‍ രണ്ടു മാറ്റങ്ങൾ വരുത്തി. സെമൈലിയെ പിന്‍വലിച്ച് സഫറോവിക്കിനെയും സ്റ്റൂബറിന് പകരം എംബോളോയും ഇറക്കി. ഷാക്കിരിയുടെ കോര്‍ണര്‍ കിക്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് സമനില ഗോൾ നേടാനുള്ള അവസരം തുറന്നു കിട്ടിയെങ്കിലും ഫോഴ്‌സ്ബര്‍ഗിന്റെയും ഗ്രാന്‍ക്വിസ്റ്റിന്റെയും അവസരോചിത ഇടപെടല്‍ അപകടം ഒഴിവാക്കി. അതിനിടെ ഗോൾ സ്‌കോറർ ഫോഴ്‌സ്ബര്‍ഗിനെ പിൻവലിച്ച സ്വീഡൻ ഓല്‍സനെ പരീക്ഷിച്ചു. അവസാന പത്തു മിനുട്ടിൽ സ്വിസ് പട വീണ്ടും ഗോളിനായി പരിശ്രമിച്ചെങ്കിലും ഉരുക്കു കോട്ട പോലെ നിന്ന സ്വീഡിഷ് പ്രതിരോധം അനുവദിച്ചില്ല.മത്സരത്തിന്റെ അവസാന സ്‌കോർ സ്വീഡൻ 1 - 0 സ്വിറ്റസർലാൻഡ്.


Next Story

Related Stories