TopTop
Begin typing your search above and press return to search.

പുടിന്‍ ജയിച്ചു; പക്ഷേ, തോറ്റു

പുടിന്‍ ജയിച്ചു; പക്ഷേ, തോറ്റു

ലിയോണിട് ബെര്‍ഷിട്സ്കി
(ബ്ലൂംബര്‍ഗ്)

റഷ്യയില്‍ ഞായറാഴ്ച്ച നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് വ്ലാഡിമിര്‍ പുടിന്റെ അനുയായികള്‍, യുനൈറ്റഡ് റഷ്യ പാര്‍ടി വലിയ ഭൂരിപക്ഷം നേടി-പക്ഷേ യുനൈറ്റഡ് റഷ്യ പാര്‍ടിയുടെയും ആ വഴിക്കു പുടിന്റെയും വലിയ ജനപ്രീതി എന്നത് വ്യാജമാണെന്നും റഷ്യക്കാര്‍ കാണിച്ചു. റഷ്യയിലെ ഫെഡറല്‍ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്തവണ.

യുണൈറ്റഡ് റഷ്യ 450 അംഗ ഡ്യൂമയില്‍-പാര്‍ലമെന്റിന്റെ അധോസഭ- 344 സീറ്റുകള്‍ നേടി. 2011-ലെ തെരഞ്ഞെടുപ്പില്‍ ഇത് 211 ആയിരുന്നു. അതേ സമയം അവരുടെ മൊത്തം വോട്ടില്‍ ഏതാണ്ട് 5 ദശലക്ഷത്തിന്റെ ഇടിവുണ്ടായി. കഴിഞ്ഞ തവണ 60.2% ആയിരുന്നു പോളിംഗ് ശതമാനമെങ്കില്‍ ഇത്തവണയത് 47.8% ആണ്. മൊത്തം ജനസംഖ്യയുടെ 11.8% താമസിക്കുന്ന മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബര്‍ഗിലും പോളിംഗ് ഇതിലും കുറവായിരുന്നു-30%-ത്തിലും താഴെ.

ഇതൊരു സുപ്രധാന മാറ്റമാണ്. 2011-ല്‍ കള്ളവോട്ടും മറ്റ് തിരിമറികളും മോസ്കോയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. തലസ്ഥാന നഗരത്തിലെ മധ്യവര്‍ഗക്കാര്‍ ഈ തട്ടിപ്പിനെ ഒട്ടും അംഗീകരിച്ചില്ല. എന്നാല്‍ 2014-ല്‍ ഉക്രെയിനില്‍ ഭരണമാറ്റത്തിന് വഴിതെളിച്ചപോലൊരു സംഘര്‍ഷത്തോട് ഇതേ മോസ്കോ നിവാസികള്‍ക്കുള്ള താത്പര്യക്കുറവുമൂലം ആ പ്രതിഷേധങ്ങള്‍ പരാജയപ്പെട്ടു. ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിലും മുന്‍തെരഞ്ഞെടുപ്പിലെപ്പോലെ തട്ടിപ്പുകള്‍ പ്രകടമായിരുന്നിട്ടും പ്രതിഷേധ പ്രകടനങ്ങളോ ജാഥകളോ ഉണ്ടായില്ല. എങ്കിലും കുറഞ്ഞ പോളിംഗ് ശതമാനം ശക്തമായ സൂചനയാണ്. മദ്ധ്യേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ വിമതനായി മുദ്രകുത്തപ്പെട്ടാലോ എന്നു ഭയന്ന് ആളുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും; മുന്‍ സോവിയറ്റ് യൂണിയനില്‍ സംഭവിച്ചിരുന്നതുപോലെ. ഉദാഹരണത്തിന്, തുര്‍ക്മെനിനിസ്ഥാനില്‍ 2013-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 91% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ട് ചെയ്യാതെ മാറിനിന്ന ഭൂരിഭാഗം റഷ്യക്കാര്‍ കാണിച്ചത് പുടിന്‍ ഭരണത്തോട് തങ്ങള്‍ക്ക് സ്നേഹമോ ഭയമോ ഇല്ലെന്നാണ്.

2014-ല്‍ ഉക്രെയിനില്‍ നിന്നും റഷ്യ കൂട്ടിച്ചേര്‍ത്ത ക്രിമിയയില്‍ പോലും 2012-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെക്കാള്‍ കുറഞ്ഞ പോളിംഗ് ശതമാനമെ ഉണ്ടായുള്ളൂ.

“സംവിധാനം നിര്‍ജീവമാവുകയും സ്വയം അടഞ്ഞുപോവുകയുമാണ്,” രാഷ്ട്രീയ നിരീക്ഷകന്‍ അലക്സാണ്ടര്‍ മൊറോസോവ് പറഞ്ഞു. “ഇപ്പോള്‍, അതിന്റെ വ്യക്തമായ സാമൂഹ്യസൂചനകളാണ്.”

തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പ്രതിപക്ഷ കക്ഷികള്‍ക്ക് വോട്ട് ചെയ്യാന്‍ റഷ്യക്കാരോട് ആവശ്യപ്പെട്ട പുടിന്റെ എതിരാളികളും നിരാശരായി; അതേ നാല് കക്ഷികള്‍-യുനൈറ്റഡ് റഷ്യ, ചതിപ്പേരുള്ള, അവസരവാദികളായ ലിബറല്‍ ഡെമോക്രാറ്റ് കക്ഷി, കമ്മ്യൂണിസ്റ്റുകാര്‍, ഏതാണ്ട് മധ്യ-ഇടതെന്ന് വിളിക്കാവുന്ന ഫെയര്‍ റഷ്യ- മാത്രമാണു സീറ്റുകള്‍ നേടിയത്. വലിയ പുടിന്‍ വിരുദ്ധരായ യാബ്ലോകോയ്ക്ക് വെറും 2% വോട്ടാണ് കിട്ടിയത്. പാര്‍ലമെന്റില്‍ സീറ്റ് പോയിട്ട് സര്‍ക്കാര്‍ ധനസഹായവും ഇനി കിട്ടില്ല. ഉദാരവാദികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ പുടിന്‍ വിരുദ്ധരോടു വോട്ടുചെയ്യാന്‍ ആഹ്വാനം ചെയ്ത മാധ്യമപ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ സെര്‍ഗെയ് പാര്‍ഖോമെങ്കോ ഫെയ്സ്ബുകില്‍ ഇങ്ങനെ പൊട്ടിത്തെറിച്ചു;“നിങ്ങളുടെ സജീവ പങ്കാളിത്തത്തിലാണ് ഈ ഡ്യൂമയെ തെരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങളാണ് ഭൂരിപക്ഷം. കാലുകൊണ്ടു വോട്ടുചെയ്തു എന്നാണ് നിങ്ങള്‍ കരുതുന്നത്. പക്ഷേ നിങ്ങളുടെ പൃഷ്ഠം കൊണ്ടാണ് നിങ്ങള്‍ വോട്ടുചെയ്തത്; നിങ്ങളിന്നലെ വെറുതെ കുത്തിയിരുന്ന പൃഷ്ഠം.”

“അത് വെറും വികാരപ്രകടനമാണ്,” മൊറോസോവ് എതിര്‍വാദം ഉന്നയിക്കുന്നു. മറിച്ച്,പല കാരണങ്ങള്‍കൊണ്ടും പുടിന്‍ വിരുദ്ധ കക്ഷികള്‍ക്ക് വിജയിക്കാന്‍ സാധ്യതകള്‍ കുറവായിരുന്നു. അവര്‍ ഒരു പൊതുപരിപാടിയില്ലാതെ ചിതറിക്കിടന്നു. അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അലെക്സി നവാല്‍നി, മുന്‍ സംരഭകന്‍ ഇല്യ പൊനോമാര്‍യോവ് എന്നിവരെപ്പോലെ അവരുടെ പല ജനപ്രിയ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്‍കാലങ്ങളിലെ രാഷ്ട്രീയപ്രേരിത ശിക്ഷയുടെ പേരിലും കെട്ടിച്ചമച്ച കുറ്റാരോപണങ്ങളുടെ പേരിലും മത്സരിക്കാനാകാതെ പോയി. സംഭാവന നല്കാന്‍ ആളുകള്‍ ഭയന്നു. എന്തെങ്കിലും സ്വാധീനമുള്ള ഏത് മാധ്യമസ്ഥാപനത്തെയും ഭരണകൂടത്തിനിപ്പോള്‍ നിയന്ത്രിക്കാനും ഞെരുക്കാനുമാകും. കള്ളവോട്ടും മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ യുനൈറ്റഡ് റഷ്യയ്ക്ക് അനുകൂലമായി നടന്ന തിരിമറികളും ഇത്തവണയും ആവര്‍ത്തിച്ചു. ഇതേ സംബന്ധിച്ച് വിശകലനം നടത്തിയ സെര്‍ഗേയ് ഷ്പ്പില്‍കിന്‍ പറയുന്നതു ഇത്തരം തട്ടിപ്പുകളിലൂടെ ഏതാണ്ട് 14% വോട്ടെങ്കിലും യുനൈറ്റഡ് റഷ്യയ്ക്ക് അനുകൂലമായി വീഴ്ത്തിയിട്ടുണ്ട് എന്നാണ്.ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വവുമായിരുന്നില്ല. പുടിന്‍ ഭരണത്തില്‍ സന്തുഷ്ടരും അസന്തുഷ്ടരുമായ മിക്ക റഷ്യക്കാര്‍ക്കും അതങ്ങനെയാണെന്ന് അറിയുകയും ചെയ്യാം. വോട്ട് ചെയ്യാതെ വിട്ടുനിന്നുകൊണ്ടു മണ്ടന്മാരാകാന്‍ തങ്ങളില്ലെന്നാണ് അവര്‍ പ്രഖ്യാപിച്ചത്.

ഭൂരിപക്ഷ പിന്തുണയുടെ പേരില്‍ പുടിന്‍ എല്ലായ്പ്പോഴും അഹങ്കരിച്ചിരുന്നു. അയാളുടെ ഭരണം-അല്ലെങ്കില്‍ അതിനെക്കുറിച്ചുള്ള അയാളുടെ ധാരണ- ഇഷ്ടത്തിന്റെയും പേടിയുടെയും അടിസ്ഥാനത്തിലായിരുന്നു. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകളില്‍ കൂട്ടമായി റഷ്യക്കാര്‍ വോട്ടുചെയ്യുകയുമുണ്ടായി. 2006-ല്‍ തെരഞ്ഞെടുപ്പുകളില്‍ സാധുതക്കായുള്ള കടമ്പ-20% ഡ്യൂമയിലേക്ക്, 50% പ്രസിഡണ്ട് തെരഞ്ഞെടുപ്പ്- പാര്‍ലമെന്റ് റദ്ദാക്കി 50 ശതമാനത്തിലേറെ സമ്മതിദായകര്‍ എപ്പോഴും വോട്ടുചെയ്യുന്നു എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാലിപ്പോള്‍ അങ്ങനെയല്ല. പുതിയ പാര്‍ലമെന്റിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. ക്രെംലിന്‍ അത് നിസാരമായിക്കാണാന്‍ ശ്രമിക്കുന്നു എങ്കില്‍പ്പോലും. പുടിന്റെ മാധ്യമ സെക്രട്ടറി ദിമിത്രി പെസ്കോവ് ഔദ്യോഗിക ഭാഷ്യം ആവര്‍ത്തിച്ചു,“കൂടിയ പോളിംഗ് നല്ലതാണെകിലും ഇപ്പോഴുള്ളതിനെ കുറച്ചുകാണാന്‍ ആകില്ല. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിലും കുറവാണ് പോളിംഗ്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാമ്പ്രദായികമായി പങ്കെടുക്കുന്ന രാഷ്ട്രീയമായി സജീവമായ ജനങ്ങളുടെ അനുപാതത്തെയാണ് കാണിക്കുന്നത്.”

വസ്തുതാപരമായി പിശകുണ്ടെങ്കിലും ക്രെംലിന്റെ ട്രോള്‍ സേന ഈ താരതമ്യം പ്രചരിപ്പിക്കുകയാണ്. ഏത് യൂറോപ്യന്‍ രാജ്യത്തും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 48% വോട്ട് എന്നത് തീര്‍ത്തൂം കുറവായിരിക്കും.

സമ്മതിദായകരുടെ താത്പര്യമില്ലായ്മയില്‍ പുടിന്‍ സര്‍ക്കാരിന് വലിയ പ്രശ്നമില്ലായിരിക്കാം. പക്ഷേ അത് പതിഞ്ഞ തരത്തിലുള്ള എതിര്‍പ്പിനെ നേരിടുകയാണ് എന്ന് സംശയിക്കാന്‍ ന്യായമായ കാരണങ്ങളുണ്ട്. റഷ്യയുടെ സാമ്പത്തികമാന്ദ്യം അവസാനിക്കുന്നതിന്റെയോ വ്യാപാരത്തിനും പൊതുജനങ്ങള്‍ക്കും പിന്നില്‍ നിയമ, രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ സദാ പിന്തുടരുന്നത് അവസാനിക്കുന്നതിന്റെയോ ലക്ഷണങ്ങളൊന്നും കാണാനില്ല. രാജ്യം മുന്നോട്ടുപോകാനാകാത്ത ഒരവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് മൂന്നിലൊന്ന് റഷ്യക്കാരും കരുതുന്നു. പാര്‍ലമെന്റിലെ ഭരണഘടനാപരമായ ഭൂരിപക്ഷം കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കും അവശേഷിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ എടുത്തുകളയുന്നതിലേക്കും പുടിന് കൂടുതല്‍ ശക്തി നല്കാം; അയാളത് ഉപയോഗിക്കുകയും ചെയ്തേക്കാം. പക്ഷേ കൂടുതലാളുകള്‍ അയാളുടെ സര്‍ക്കാരില്‍ നിന്നും, ലക്ഷ്യങ്ങളില്‍ നിന്നും ജനാധിപത്യ പ്രഹസനങ്ങളില്‍ നിന്നും അകലുന്നത് അയാളെ സന്തോഷിപ്പിക്കാന്‍ പോന്ന കാര്യമല്ല. ശക്തനായ ഒരെതിരാളി ഉയര്‍ന്നുവന്നാലോ, സാമ്പത്തികമായി കാര്യങ്ങള്‍ പിടിവിട്ടുപോയാലോ അവര്‍ അയാള്‍ക്കൊപ്പം നില്‍ക്കില്ല.


Next Story

Related Stories