TopTop
Begin typing your search above and press return to search.

റഷ്യന്‍ വിപ്ലവത്തിന്റെ 'വയറ്റാട്ടി'മാരെ കമ്യൂണിസ്റ്റ് ചരിത്രവും തമസ്കരിച്ചു

റഷ്യന്‍ വിപ്ലവത്തിന്റെ വയറ്റാട്ടിമാരെ കമ്യൂണിസ്റ്റ് ചരിത്രവും തമസ്കരിച്ചു

റഷ്യയിലെ പെട്രോഗാഡില്‍ 1917 മാര്‍ച്ച് 8-നു നടന്ന സ്ത്രീകളുടെ പണിമുടക്കാണ് റഷ്യന്‍ വിപ്ലവത്തിന്റെ തുടക്കമെന്ന് കുറച്ചു പേര്‍ക്കെ അറിയൂ. 1917-ല്‍ നടന്ന രണ്ടു റഷ്യന്‍ വിപ്ലവങ്ങളുടെ (ഒക്ടോബര്‍ വിപ്ലവം-പടിഞ്ഞാറന്‍ ജൂലിയന്‍ കലണ്ടറില്‍, നവംബര്‍) ശതാബ്ദി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ എന്ന നിലയില്‍ അര്‍ഹമായ അഭിമാനാര്‍ഹമായ സ്ഥാനം നേടും. രാജാവാഴ്ച്ചയും അതിന്റെ ഭീകര ഭരണവും അവസാനിപ്പിച്ചുകൊണ്ട് ഫെബ്രുവരി-മാര്‍ച്ചില്‍ (പടിഞ്ഞാറന്‍ ജൂലിയന്‍ കലണ്ടര്‍) അവസാനിപ്പിക്കുമ്പോള്‍ മുതലാളിത്തത്തോട് എതിര്‍ക്കാനും ഏറ്റുമുട്ടാനും തൊഴിലാളികളും സൈനികരും തീരുമാനിച്ചിരുന്നില്ല. മാത്രവുമല്ല, മുതലാളിമാരേയും ഉപരിവര്‍ഗത്തെയും പ്രതിനിധാനം ചെയ്യുന്ന കദേത് പാര്‍ടിയെ ഇടക്കാല സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ അനുവദിക്കുകയും ചെയ്തു.

ഒന്നാം ലോക മഹായുദ്ധത്തിന്റെ പകുതിയോടെ, 1917-ലെ ശൈത്യം വന്നപ്പോഴേക്കും സാധാരണക്കാരായ ജനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഭക്ഷണത്തിനും ഇന്ധനത്തിനും കടുത്ത ക്ഷാമം നേരിട്ടതോടെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലേക്കും വറുതിയിലേക്കും വലിച്ചെറിയപ്പെട്ടു. 1905-ലെ പരാജയപ്പെട്ട വിപ്ലവത്തിന്റെ അനുസ്മരണമായുള്ള ‘രക്തരൂഷിതമായ ഞായര്‍’ പെട്രോഗാഡില്‍ പണിമുടക്കുകളും പ്രകടനങ്ങളുമായി ഓര്‍മ്മിക്കപ്പെട്ടു. വമ്പന്‍ പണിശാലയായ പ്യൂറ്റിലോവ് വര്‍ക്സിലെ അടച്ചുപൂട്ടല്‍ ഈ സമരവികാരത്തെ കൂടുതല്‍ ശക്തിപ്പെടുത്തി. പിന്നെ ഫെബ്രുവരി 23-ന് പടിഞ്ഞാറന്‍ ജൂലിയന്‍ കലണ്ടറില്‍, മാര്‍ച്ച് 8-ന് അന്താരാഷ്ട്ര വനിതാ ദിനത്തില്‍, തുണിവ്യവസായശാലകളിലെ തൊഴിലാളിസ്ത്രീകള്‍ ബ്രെഡ് ആവശ്യപ്പെട്ടുകൊണ്ട് പെട്രോഗാഡിലെ തെരുവില്‍ കൂട്ടമായി വന്നു നടത്തിയ പ്രകടനം തുടര്‍ന്നുള്ള സംഭവങ്ങളുടെ താക്കോലായി മാറി. മാര്‍ച്ച് 8, ഫെബ്രുവരി വിപ്ലവത്തിന്റെ ആദ്യദിനമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ധീരതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി തെരുവിലിറങ്ങിയ ഈ തൊഴിലാളിസ്ത്രീകള്‍, ഏറ്റവും തീവ്രവാദികളെന്ന് കരുതിയിരുന്ന വൈബോര്‍ഗ് ജില്ലയിലെ ബോള്‍ഷെവിക് നേതൃത്വത്തിലുള്ള ലോഹ തൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ തങ്ങള്‍ക്ക് പിന്നില്‍ വലിച്ചിറക്കി അണിനിരത്തുകയായിരുന്നു.

ഈ തൊഴിലാളിസ്ത്രീകളെ ഫെബ്രുവരി വിപ്ലവത്തിന്റെ വയറ്റാട്ടികളെന്ന് വിളിക്കുന്നത് അല്പം പെരുപ്പിച്ചുകാട്ടലാകും. പക്ഷേ 90,000 തൊഴിലാളികളെ തെരുവിലിറക്കിയ അവരുടെ ഈ നീക്കമാണ് പിന്നീട് നടന്ന സംഭവവികസങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. തൊട്ടടുത്ത ദിവസം തെരുവിലിറങ്ങിയ തൊഴിലാളികളുടെ എണ്ണം ഇരട്ടിയായി. ബ്രെഡിന് വേണ്ടിയുള്ള മുദ്രാവാക്യതോടൊപ്പം കൂടുതല്‍ വ്യക്തമായ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ചേര്‍ന്നു-“സമഗ്രാധിപത്യം അവസാനിപ്പിക്കുക”, “യുദ്ധം തുലയട്ടെ”. അപ്പോഴാണ് ക്രമസമാധാനപാലനത്തിനായി അയച്ച സൈനികരെ നേരിടാന്‍ ആ തൊഴിലാളിസ്ത്രീകള്‍ ധൈര്യം കാണിച്ചത്. അവര്‍ സൈനികരോട് വിളിച്ച് പറഞ്ഞു, “സഖാക്കളെ, ബയനറ്റുകള്‍ താഴ്ത്തൂ, ഞങ്ങള്‍ക്കൊപ്പം ചേരൂ.” കാര്‍ഷിക കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു പല സൈനികരും. അവരില്‍ പലരും പ്രതിഷേധക്കാര്‍ക്കിടയിലിറങ്ങി. ഫെബ്രുവരി 26-നു (പടിഞ്ഞാറന്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 11) കലാപം തുടങ്ങി. ജനങ്ങള്‍ വിജയിക്കും എന്നുറപ്പുള്ളപ്പോള്‍ മാത്രമേ സൈനികര്‍ കലാപം നടത്തുകയുള്ളൂ. അപ്പോള്‍ മാത്രമാണു അവര്‍ ജനങ്ങള്‍ക്കടുത്തേക്ക് പോവുകയുള്ളൂ. ഇത് സംഭവിപ്പിക്കുന്നതില്‍ തൊഴിലാളിസ്ത്രീകള്‍ ചെറിയ പങ്കല്ല വഹിച്ചത്.

Also Read: റഷ്യന്‍ വിപ്ലവത്തിന് 100; റഷ്യക്കാര്‍ക്ക് താത്പര്യമില്ല

മാര്‍ച്ച് പന്ത്രണ്ടോടെ കലാപം പൂര്‍ണമായി. സര്‍ ചക്രവര്‍ത്തി അധികാരഭ്രഷ്ടനായി. പക്ഷേ ഈ കലാപ വിജയത്തിനുശേഷം പ്രത്യയശാസ്ത്രത്തിന്റെ ശക്തി (അതായത്, വ്യാജ ബോധം) വളരെ ശക്തമായിരുന്നു. സാറിസത്തിന് പകരം വെക്കാന്‍ ബൂര്‍ഷ്വാ അധികാരമാണ് വിധിക്കപ്പെട്ടിരിക്കുന്നത് എന്ന രീതിയിലായിരുന്നു അത്. എന്നാല്‍ സമാന്തരമായി, ഫെബ്രുവരി വിപ്ലവക്കാലത്ത് തൊഴിലാളികളും സൈനികരും തെരഞ്ഞെടുത്ത തൊഴിലാളികളുടെയും സൈനികരുടെയും സോവിയറ്റുകള്‍ വന്നതോടെ ഒരു ബദല്‍ അധികാരകേന്ദ്രം നിലവില്‍ വന്നിരുന്നു.

പുതിയ സര്‍ക്കാര്‍, ഇനി മറ്റേതൊരു ബൂര്‍ഷ്വാ സര്‍ക്കാരും, തങ്ങളുടെ ആവശ്യങ്ങള്‍-ഒരു ജനാധിപത്യ റിപ്പബ്ലിക്, ജന്മിമാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കല്‍, അത് കര്‍ഷകര്‍ക്കിടയില്‍ സൌജന്യമായി വിതരണം ചെയ്യുക, അപ്പോള്‍ നടക്കുന്ന ലോകയുദ്ധത്തില്‍ റഷ്യയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ ഉപേക്ഷിക്കല്‍, സമാധാനത്തിനായുള്ള ശ്രമം, എട്ട് മണിക്കൂര്‍ ജോലിസമയം- അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് തൊഴിലാളികള്‍ക്കും, സൈനികര്‍ക്കും (സൈനികവേഷത്തിലുള്ള കര്‍ഷകര്‍), കൃഷിക്കാര്‍ക്കും മനസിലാകാന്‍ അധികസമയം എടുത്തില്ല. ഇടക്കാല സര്‍ക്കാര്‍ തങ്ങളുടെ സര്‍ക്കാരാണെന്ന് കരുതിയത് വലിയ പിഴവായിരുന്നു എന്നവര്‍ മനസിലാക്കി. മുതലാളിമാര്‍ പണിശാലകള്‍ അടച്ചിട്ട് ഒരു പ്രതിവിപ്ലവ ശ്രമത്തിന്റെ ഭീഷണിയെ സഹായിക്കുന്നതിനിടയിലായിരുന്നു ഇത്. ഇതോടെ ഈ സര്‍ക്കാരിന്റെ തൂത്തെറിയുകയും സോവിയറ്റുകളുടെ സര്‍ക്കാര്‍ ഉണ്ടാക്കുകയുമാണ് തങ്ങളുടെ മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ നേടാനുള്ള വഴിയെന്ന ബോധത്തിലേക്ക് തൊഴിലാളികളെയും സൈനികരെയും കര്‍ഷകരെയും നയിച്ചു.

ഒക്ടോബറില്‍ (നവംബര്‍) സോവിയറ്റുകളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഇടക്കാല സര്‍ക്കാരിനെ പുറത്താക്കുന്നതില്‍ അവരുടെ തൊഴിലാളി സഖാക്കളാണ് മുന്‍കൈ എടുത്തതെങ്കിലും സര്‍ ചക്രവര്‍ത്തിയെ പുറത്താക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച തൊഴിലാളി സ്ത്രീകള്‍ വിസ്മരിക്കപ്പെട്ടു. പക്ഷേ സ്വതന്ത്ര സ്വയം ഭരണ വിഭാഗങ്ങള്‍ എന്ന നിലയ്ക്ക് സോവിയറ്റുകളും 1918 വേനലിനപ്പുറത്തേക്ക് നീണ്ടില്ല. വിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച സ്ത്രീകളടക്കമുള്ള റഷ്യന്‍ തൊഴിലാളി വര്‍ഗം ക്രമേണ സോവിയറ്റുകളിലും പണിശാലകളിലും അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു എന്നതൊരു വൈരുദ്ധ്യമാണ്.

(ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധപ്പെടുത്തുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories