TopTop
Begin typing your search above and press return to search.

നാടോടിയാകാന്‍ ആഗ്രഹിച്ച അച്ഛന്‍- പൊറ്റെക്കാട്ടിന്‍റെ ഓര്‍മകളില്‍ മകള്‍ സുമിത്ര

നാടോടിയാകാന്‍ ആഗ്രഹിച്ച അച്ഛന്‍- പൊറ്റെക്കാട്ടിന്‍റെ ഓര്‍മകളില്‍ മകള്‍ സുമിത്ര

കെ.പി.എസ്.കല്ലേരി

അച്ഛന് ഈ ലോകത്ത് സഞ്ചരിച്ച് കൊതി തീര്‍ന്നിരുന്നില്ല. അടുത്ത ജന്മത്തില്‍ ഒരു നാടോടിയായി ജനിക്കണമെന്നാണ് അച്ഛന്‍ പലപ്പോഴും പറയാറുള്ളത്. യാത്രയില്‍ തന്നെക്കാള്‍ മുമ്പേ പിരിഞ്ഞുപോയ ഭാര്യ ജയയുമുണ്ടാകണമെന്നും അച്ഛന്‍ ആഗ്രഹിച്ചു. അമ്മയെ അത്രമേല്‍ പ്രിയമായിരുന്നു അച്ഛന്. അടുത്ത ജന്മത്തില്‍ ആരാവണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ആ അച്ഛന്റെ മകളായി മാത്രം ജനിച്ചാല്‍ മതിയെന്നാണ് ഞാന്‍ പറയാറുള്ളത്... പറയുന്നത് സഞ്ചാരസാഹിത്യകാരന്‍ എസ്.കെ.പൊറ്റക്കാടിന്റെ മകള്‍ സുമിത്ര ജയപ്രകാശ്. നോവലുകള്‍ക്കും കഥകള്‍ക്കും പിന്നാലെ കറങ്ങി നിന്ന സാഹിത്യത്തെ സഞ്ചാരത്തിന്റെ വഴികളിലൂടെ കടത്തിവിട്ട മലയാളിയുടെ പ്രിയ സാഹിത്യകാരന്‍ പടിയിറങ്ങിയിട്ട് 32 വര്‍ഷം കഴിഞ്ഞിരിക്കുന്നു. 1982 ആഗസ്റ്റ് ആറിനാണ് ഭൂമിയിലെ സഞ്ചാരവും സൗഹൃദങ്ങളും വിട്ട് എസ്‌ കെ യാത്രയായത്. എസ്‌ കെയുടെ മകള്‍ സുമിത്ര അച്ഛനെ ഓര്‍മ്മിക്കുന്നു...

കവിയാകാനായിരുന്നു അച്ഛന്‍ ഏറെ ആഗ്രഹിച്ചത്. ഞങ്ങള്‍ മുതിര്‍ന്നപ്പോള്‍ ഇത് പലപ്പോഴായി അച്ഛന്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വള്ളത്തോളിനെപ്പോലൊരു കവിയാകണമെന്ന് അച്ഛന്‍ ആഗ്രഹിച്ചു. വള്ളത്തോളിന്റെ ഒരു പ്രസംഗം കേട്ടുവന്നതിനുശേഷമാണ് ഇത്തരമൊരമാരാഗ്രഹം പങ്കുവെച്ചത്. കുട്ടിക്കാലത്ത് അദ്ദേഹം ധാരാളം കവിതകളെഴുതുകയും ചെയ്തു. പിന്നീടെപ്പഴോ ആണ് കഥയിലേക്കും സഞ്ചാര സാഹിത്യത്തിലേക്കും കടന്നത്.


അത്ഭുതത്തോടെയാണ് അച്ഛന്റെ യാത്രാകുറിപ്പുകള്‍ വായിച്ചത്. ദിവസവും അച്ഛന്‍ മൂന്നുതരം യാത്രാകുറിപ്പുകള്‍ എഴുതിയിരുന്നു. നാട്ടിലേയും അയല്‍പക്കത്തേയും കാര്യങ്ങളെഴുതാന്‍ മാത്രമായി ഒരു ഡയറി. ദിവസവും പ്രഭാത സവാരി കഴിഞ്ഞാല്‍ എല്ലാം അതില്‍ വിശദമായി എഴുതിയിടും. ഒരു ഡയറി മുഴുവന്‍ വ്യക്തിപരമായ കാര്യങ്ങള്‍ എഴുതാനായിരുന്നു. മറ്റൊരു ഡയറി വരവ് ചെലവ് കണക്കുകളെഴുതാനും. അച്ഛന്‍ വിടപറഞ്ഞപ്പോഴാണ് എത്രമാത്രം ആഴുമുണ്ട് ആ ഡയറിക്കുറിപ്പുകള്‍ക്കെല്ലാം എന്ന് ബോധ്യമായത്. ഡയറി കുറിപ്പുകള്‍ പോലെതന്നെയായിരുന്നു നമ്മള്‍ക്ക് നിസ്സാരമെന്നുതോന്നുന്ന വസ്തുക്കളും അദ്ദേഹത്തിന്. യാത്രയിലെ ടിക്കറ്റുകള്‍, അടിക്കാതെ പോയ ലോട്ടറി ടിക്കറ്റുകള്‍ എല്ലാം അച്ഛന്‍ സൂക്ഷിച്ച് വെക്കുമായിരുന്നു. ഒരിക്കല്‍ ഒരു യാത്രയ്ക്ക് പോകുന്നതിനുമുമ്പുണ്ടായ ചെറിയ വീഴ്ചയില്‍ അച്ഛന്റെ ഒരു പല്ല് പൊട്ടി. പൊട്ടിയ ആ പല്ലിന്റെ കഷണം പോലും ആദ്ദേഹം ചെറിയ കുപ്പിയിലാക്കി സൂക്ഷിച്ചു വച്ചു. ഒരു സുഹൃത്തിന്റെ കല്യാണത്തിന് അച്ഛനൊപ്പം പോയിവരുമ്പോളാണ് അച്ഛന് ജ്ഞാനപീഠപുരസ്‌കാരം കിട്ടിയ വിവരമറിയുന്നത്.

ബെസ്റ്റ് ഓഫ് അഴിമുഖം

നനഞ്ഞുപോയെങ്കിലും ജ്വാല...കെ. ബാലകൃഷ്‌ണൻ ഓർമ
ചന്ദ്രകാന്തവും കേക്കുകളും മുല്ലപ്പൂവും- ഒരു ബഷീര്‍ ഓര്‍മ്മ
രക്തം കിനിയുന്ന പതാക, ചൂട് പകര്‍ന്ന് ഒരു പുതപ്പ്
രണ്ടു കാലം, രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍
മീസാന്‍ കല്ലുകള്‍ക്കിടയിലെ നിത്യഹരിത സൌന്ദര്യം

ചന്ദ്രകാന്തത്തിലെത്തിയപ്പോള്‍ പുറത്ത് നിറയേ മാധ്യമ പ്രവര്‍ത്തകര്‍. കാര്യമന്വേഷിച്ചപ്പോഴാണ് ഇത്തവണത്തെ ജ്ഞാനപീഠപുരസ്‌കാരം എസ്‌ കെയ്ക്കാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്. ഒന്നും ഉരിയാടാതെ അച്ഛന്‍ നേരെ അകത്തേക്ക് നടന്നു. അമ്മയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പോയി നിന്നു. പണ്ട് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ ഇതിലും എത്രയോ വലിയ അവാര്‍ഡ് കിട്ടുമെന്ന് അവള്‍ പറഞ്ഞിരുന്നു. അത് യാഥാര്‍ഥ്യമാവുമ്പോഴേക്കും അവള്‍ പോയി... അമ്മയുടെ ഫോട്ടോയ്ക്ക് മുമ്പില്‍ നിന്ന് സങ്കടത്തോടെ ഇത്രയും പറഞ്ഞ അച്ഛന്റെ മുഖമാണിപ്പോഴും മനസിലെന്ന് സുമിത്ര ഓര്‍മ്മിച്ചു.


Next Story

Related Stories