TopTop
Begin typing your search above and press return to search.

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ - ഐതിഹ്യം -ചരിത്രം

ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും; വിവാദങ്ങള്‍ - ഐതിഹ്യം -ചരിത്രം

ധര്‍മശാസ്താവ് ആര്? അയ്യപ്പ സ്വാമി ആര്? എന്ന ചോദ്യത്തിന് ഇപ്പോള്‍ കാരണമായത് ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്ത ദേവസ്വം ബോര്‍ഡിന്റെ നടപടിയാണ്. ശബരിമല ധര്‍മശാസ്താവും അയ്യപ്പ സ്വാമിയും വിശ്വാസികള്‍ക്ക് ദൈവങ്ങളാണ്, ചരിത്രകാരന്‍മാര്‍ക്ക് ഒന്ന് ഐതിഹ്യവും മറ്റേത് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുമാണ്, ഇനി യുക്തിവാദികള്‍ക്ക് സര്‍ക്കാരിന്റെ ഖജനാവ് നിറയ്ക്കാന്‍ സഹായിക്കുന്ന പേരുകളും ഇടങ്ങളുമാണ്. പലരും പല രീതിയിലാണ് ശബരിമല ധര്‍മശാസ്താവിനെയും അയ്യപ്പ സ്വാമിയെയും വീക്ഷിക്കുന്നത്.

എന്നും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ശബരിമല. ഇപ്പോള്‍ ഈ ലേഖനത്തിന് കാരണമായതും ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്തത്തിന്റെ പശ്ചാത്തലത്തിലും കൂടിയാണ്. ഏറ്റവും പുതിയ ശബരിമല വിവാദം ക്ഷേത്രത്തിന്റെ പേരുമാറ്റം സംബന്ധിച്ചാണ്. ശബരിമല ധര്‍മശാസ്താ ക്ഷേത്രമെന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമെന്ന് പുനര്‍നാമകരണം ചെയ്ത വിവരം സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞതോടെ അടുത്ത വിവാദവുമായി. ക്ഷേത്രത്തിന്റെ പേര് മാറ്റിയ ദേവസ്വം ബോര്‍ഡിന്റെയും പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെയും നീക്കത്തില്‍ നിഗൂഢതയുണ്ടെന്നും പേര് മാറ്റാന്‍ ബോര്‍ഡിനാവകാശമില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പ്രയാറിന്റെ മറുപടി ബോര്‍ഡ് സ്വതന്ത്ര്യമാണെന്നും പേരുമാറ്റാന്‍ അവകാശമുണ്ടെന്നുമാണ്. ഇവര്‍ തമ്മിലുള്ള പോര് മുറുക്കുന്നതിനിടെ പേരു മാറ്റല്‍ വിവാദത്തിനകത്തേക്ക് സ്ത്രീ പ്രവേശന വിവാദവും കടന്നു വന്നിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സ്ത്രീപ്രവേശന കേസിന്റെ പശ്ചാത്തലത്തിലാണെന്നാണ് ആരോപണം. ധര്‍മശാസ്താവ് വിവാഹിതനായിരുന്നു എന്നും അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നുമാണ് വിശ്വാസം (അഷ്ടോത്തരശതകം അനുസരിച്ച് പൂര്‍ണ, പുഷ്‌കല എന്നീ ഭാര്യമാരും സത്യകന്‍ എന്ന മകനും ശാസ്താവിനുണ്ടായിരുന്നെന്നാണ് ഐതിഹ്യം) ധര്‍മശാസ്താവിന്റെ അംശമായ അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയായതിനാല്‍ അവിടെ ഋതുമതികളായ വനിതകള്‍ വരാന്‍ പാടില്ല. പേരുമാറ്റല്‍ മൂലം ഈ ആചാരം നിലനിര്‍ത്താന്‍ കോടതിയുടെ അനുകൂല മനോഭാവം ലഭ്യമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോപണം.

ശബരിമലയുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രധാന വിവാദങ്ങള്‍

1950ലാണ് ശബരിമല ക്ഷേത്രം തീവെച്ച് നശിപ്പിച്ചത്. അന്നു മുതല്‍ ഇന്നു വരെ വിവാദമായിട്ട് ഇടക്കിടെ ഈ വിഷയം പൊങ്ങി വന്നിട്ടുണ്ട്. 1957-ല്‍ കേരളാ നിയമസഭയില്‍ ഐജി കെ കേശവമേനോന്‍ സമര്‍പ്പിച്ച തീവയ്പ് വിഷയത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അന്ന് കത്തി തുടങ്ങിയത് ഇന്നും കെടാതെ നില്‍ക്കുന്നുണ്ട്. മറ്റൊരു വിവാദം 1983 മാര്‍ച്ച് 24-ന് ശബരിമലയുടെ ഭാഗമണെന്ന് (പൂങ്കാവനം) വിശ്വസിക്കുന്ന നിലയ്ക്കലില്‍, സെന്റ് തോമസ് എഡി-52ല്‍ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന കുരിശ് കണ്ടെടുത്ത സംഭവമാണ്. ഈ വിഷയം ക്രിസ്ത്യന്‍-ഹിന്ദു വിഭാഗത്തെ കാര്യമായി ബാധിച്ച ഒന്നാണ്. ഇപ്പോഴും ഇതിന്റെ പേരില്‍ പരസ്യമല്ലെങ്കിലും തര്‍ക്കമുണ്ട്. പന്നീട് 2006 ജൂണില്‍ ശബരിമലയില്‍ ദേവപ്രശ്നത്തിനിടയില്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കര്‍ ഒരു സ്ത്രീ ശബരിമല ശ്രീകോവിലിലെ മുഖ്യ വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്ന് പ്രവചനം നടത്തി. തുടര്‍ന്ന് പ്രമുഖ നടി ജയമാല ശബരിമല എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്ക് അയച്ച ഫാക്‌സ് സന്ദേശത്തില്‍ വിഗ്രഹത്തില്‍ സ്പര്‍ശിച്ച സ്ത്രീ താനാണെന്നു വ്യക്തമാക്കി. കേരളത്തിലെ ഹിന്ദു സമൂഹം ഈ വിവാദത്തില്‍ കൊടുമ്പിരികൊണ്ടു. ഒടുവില്‍ ഉണ്ണികൃഷ്ണപ്പണിക്കരും മറ്റു ചിലരും നിര്‍ബന്ധിച്ചതു കൊണ്ടാണ് ഇത്തരം ഒരു പ്രസ്താവന നടത്തിയതെന്നു ജയമാല ക്രൈബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കി. ഉണ്ണികൃഷ്ണപ്പണിക്കര്‍ കേസില്‍ ഒന്നാം പ്രതിയും സഹായിയായ രഘുപതി രണ്ടാം പ്രതിയും ജയമാല മൂന്നാം പ്രതിയുമായിരുന്നു. എല്ലാ വിവാദ കേസുകളെയുപ്പോലെ അതും മറഞ്ഞു.

ഇതിനിടയ്ക്ക് ചെറിയ ചെറിയ വിവാദങ്ങള്‍ ശബരിമല സൃഷ്ടിച്ചു കൊണ്ടിരുന്നു. മുല്ലപ്പെരിയാര്‍ വിഷയം വരെ ശബരിമലയുമായി ബന്ധപ്പെട്ടു പരാമര്‍ശത്തില്‍ വന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നില്‍ക്കുന്ന ഒരു വിവാദം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പക്കണമെന്നുള്ളതാണ് (നിലവില്‍ ഋതുമതികളായ സ്ത്രീകള്‍ക്ക് പ്രവേശനമില്ല). ഭരണഘടനയ്ക്കെതിരായ ഒരു കാര്യമാണ് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതെങ്കിലും സുപ്രീംകോടതിക്ക് പോലും ഒരു തീരുമാനം എടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. നിയമം നിയമത്തിന്റെ വഴിക്ക് പോയാല്‍ കലാപമുണ്ടാകും (അല്ലെങ്കില്‍ ഉണ്ടാക്കും). ഏതു തീരുമാനം എടുത്താലും പ്രശ്നമാകാന്‍ സാധ്യതയുള്ളതിനാല്‍ കേസ് മുമ്പോട്ട് തള്ളിക്കൊണ്ടിരിക്കുകയാണ്.

ശബരിമല-ആചാരം, ഐതിഹ്യം, ചരിത്രം

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം. വര്‍ഷം ഏതാണ്ട് 5 കോടി തീര്‍ത്ഥാടകര്‍ ഇവിടേക്കെത്താറുണ്ടെന്നാണ് കണക്കാക്കുന്നത്. അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതല്ല ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും ചിലവാദങ്ങളുണ്ട്. ബുദ്ധ അനുയായികളുടെ ശരണം വിളിയും അയ്യപ്പ ശരണം വിളിയും തമ്മിലുള്ള സാമ്യം കൊണ്ട് ഈ വാദത്തെ അവര്‍ ന്യായീകരിക്കുന്നുണ്ട്. അയ്യപ്പന്‍ വിഷ്ണുവിന്റേയും ശിവന്റേയും പുത്രനായാണ് കരുതപ്പെടുന്നത്. ഇതു ശൈവ-വൈഷ്ണവ ഐക്യത്തെ സൂചിപ്പിക്കുന്നു എന്ന വാദവും നിലവിലുണ്ട്. മറ്റു ക്ഷേത്രങ്ങളിലെപ്പോലെ വര്‍ഷത്തില്‍ എല്ലാദിവസവും ഇവിടെ നട തുറന്ന് പൂജ നടത്താറില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീര്‍ത്ഥാടനകാലയളവ്. എല്ലാ മലയാള മാസത്തിലെ ആദ്യ അഞ്ചു ദിവസളിലും നട തുറക്കും. വിഷുക്കണി ദര്‍ശനം, നിറപുത്തരി, ചിത്തിര ആട്ടത്തിരുനാള്‍, പ്രതിഷ്ഠാദിനം, പൈങ്കുനി ഉത്രം എന്നിവയും വിശേഷങ്ങളാണ്. മീന മാസത്തിലെ പൈങ്കുനി ഉത്രമാണ് ശബരിമലയിലെ ധര്‍മശാസ്താവിന്റെ/അയ്യപ്പന്റെ പിറന്നാള്‍ എന്ന സങ്കല്‍പം. അന്ന് ആറാട്ട് വരത്തക്കവിധത്തിലാണ് 10 ദിവസത്തെ ചടങ്ങോടു കൂടിയാണ് ഉല്‍സവാഘോഷം.

ആദ്യം ശബരിമലയില്‍ ധര്‍മ്മശാസ്താവിന്റ പ്രതിഷ്ഠയായിരുന്നുവെന്നും പിന്നീട് അതിലേക്ക് ബ്രഹ്മചാരി സങ്കല്പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചുവെന്നുമാണ് ഒരു ഐതിഹ്യം. അതിനാല്‍ ഋതുമതി പ്രായഗണത്തിലുള്ള (10 മുതല്‍ 50 വയസ്സു വരെ) സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാറില്ല. ശബരിമല ക്ഷേത്രത്തിന്റ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയില്‍ നിന്ന് ഏകദേശം 14 കിലോമീറ്റര്‍ അകലെ പൊന്നമ്പലമേട്ടില്‍ പരശുരാമന്‍ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നുവെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തില്‍ വനദേവതമാര്‍ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരവിളക്കെന്നുമാണ് വിശ്വാസം. പിന്നീട് മലവേടന്മാരുടെ ആഘോഷവേളയില്‍ കത്തിച്ചിരുന്ന കര്‍പ്പൂര ആരതിയാണ് മകരവിളക്ക് എന്നു പറയുന്നു. പൊന്നമ്പലമേട്ടില്‍ ഉള്ള ക്ഷേത്രത്തിന്റെ മുകളില്‍ കാണുന്ന നക്ഷത്രമാണ് മകരവിളക്ക് എന്ന് വാദികുന്നവരുണ്ട്. നിലവില്‍ ഇതിന് അധികാരികമായ തെളിവില്ല. മലവേടന്‍മാരെ മാറ്റി ഇപ്പോള്‍ മകരജ്യോതി തെളിയിക്കുന്നത് തങ്ങളുടെ ജീവനക്കാരും അയ്യപ്പസേവാസംഘവുമാണെന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരസ്യമായി പറഞ്ഞിരുന്നു.

ശബരിമലയ്ക്ക് പോകുന്ന വിശ്വാസികള്‍ 41 ദിവസത്തെ വ്രതം എടുക്കുകയും ഇരുമുടിക്കെട്ട് എന്നറിപ്പെടുന്ന തുണികൊണ്ടുള്ള ഒരു കെട്ട് ആചാരപ്രകാരം കൊണ്ടുപോകുയും ചെയ്യുന്നുണ്ട്. രണ്ട് വശങ്ങളുള്ള കെട്ടിനുള്ളില്‍ മുന്‍ വശത്ത് ശബരിമലയിലേക്കുള്ള പൂജാദ്രവ്യങ്ങളും മുദ്ര എന്നറിയപ്പെടുന്ന നെയ് നിറച്ച തേങ്ങ എന്നിവയും പുറക് വശത്ത് പച്ചരി, നാളികേരം തുടങ്ങിയവയുമായിരിക്കും. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നുതെന്നാണ് വിശ്വാസം. വിശ്വാസികള്‍ പിന്നെ പ്രാധാന്യമുള്ളത് ക്ഷേത്രത്തിലേക്ക് കയറുന്നതിനുള്ള 18-ാം പടിയും മലകളുമൊക്കെയാണ്. ക്ഷേത്രത്തിന് മുന്നിലുള്ള 18 പടികള്‍ ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങളെ പ്രതിനിധീകരിച്ചാണെന്നാണ് പറയുന്നത്. ജീവന്‍, സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നൊരു വിശ്വാസവും ഇതിനുണ്ട്. ഇത് ബുദ്ധിസത്തിലുള്ള ആശയമാണെന്നും വാദിക്കുന്നവരുണ്ട്. 18 മലകള്‍ ഇവയാണ്- ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മൈലാടും മേട്, ശ്രീപാദമല, ദേവര്‍മല, നിലയ്ക്കല്‍മല, തലപ്പാറമല, നീലിമല, കരിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല.

ശബരിമലയില്‍ ആദ്യം സ്ഥാപിച്ചിരുന്ന വിഗ്രഹം ശാസ്താവിന്റെതാണെന്നും ശാസ്താവ് എന്നത് പുരാണ പുരഷനാണെന്നുമാണ് ഡോ. കാനം ശങ്കരപിള്ള പറയുന്നത്. അദ്ദേഹം തുടരുന്നു- ബുദ്ധമതത്തെ നാടുകടത്താനും പരസ്പരം മത്സരിച്ചിരുന്ന ശൈവ വൈഷണവ വിശ്വാസികളെ യോജിപ്പിക്കാനും ആയി 1000-1200 വര്‍ഷം മുമ്പ് (ശങ്കരാചാര്യനാല്‍) സൃഷ്ടിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഹിന്ദു ദേവന്‍ ആണ് ശബരിമല അയ്യപ്പന്‍. ശബരിമലയില്‍ നേരത്തെ തന്നെ ബുദ്ധ/ജൈന ക്ഷേത്രം ഉണ്ടായിരിക്കാം എന്നു വാദമുണ്ട്. ശബരിമലയില്‍ മാത്രമല്ല സഹ്യപര്‍വ്വത നിരകളില്‍ അച്ചന്‍കോവില്‍, ആര്യങ്കാവ് ,കുളത്തൂപ്പുഴ എന്നിവിടങ്ങളിലും പുരാതന കാലം മുതല്‍ ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അയ്യപ്പന്‍ പന്തളം രാജാവിന്റെ ശേവുകന്‍ ആയി 700-300 കൊല്ലവര്‍ഷങ്ങള്‍ക്കിടയില്‍ പന്തളം-എരുമേലി പ്രദേശങ്ങളില്‍ ജീവിച്ചിരുന്ന ഒരു യോദ്ധാവും. ശബരിമലയില്‍ ശത്രുക്കള്‍ (ഒരു പക്ഷെ ബ്രാഹ്മണര്‍ തന്നെ ആവാം) നശിപ്പിച്ച ശാസ്താ /ബുദ്ധ വിഗ്രഹം നശിപ്പിച്ചു കഴിഞ്ഞു പുതിയ വിഗ്രഹം പ്രതിഷ്ടിച്ച ഒരു മനുഷ്യ പുത്രന്‍ ആയിരുന്നു മണികണ്ഠന്‍ എന്നും അയ്യന്‍ എന്നും പേരുള്ള അയ്യപ്പന്‍. അയ്യപ്പന്‍ പ്രതിഷ്ഠിച്ച ക്ഷേത്രം മാത്രം ''അയ്യപ്പ ക്ഷേത്രം'' എന്നറിയപ്പെടുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം പന്തളത്ത് മടങ്ങി എത്താതിരുന്ന അയ്യപ്പനെ ഭക്തര്‍ ശാസ്താവിന്റെ അവതാരമായി കണക്കാക്കി ദൈവമായി ഉയര്‍ത്തി ആരാധിക്കാന്‍ തുടങ്ങി. മറ്റു ശാസ്താ ക്ഷേത്രങ്ങള്‍ക്ക് അയ്യപ്പ ക്ഷേത്രം എന്ന പേരില്ല. പിന്നീട് 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിക്കപ്പെട്ടപ്പോള്‍ പിന്നെ പ്രതിഷ്ഠച്ചത് അയ്യപ്പ വിഗ്രഹമോ ശാസ്താ വിഗ്രഹമോ എന്നറിയണമെങ്കില്‍ ധ്യാനശ്ലോകം ഏതെന്നറിയണം. ശാസ്താവ് വാജീ(കുതിര) വാഹനനാണ്. അയ്യപ്പന്‍ പുലി വാഹനനാണ്. ശങ്കരപിള്ള പറഞ്ഞു നിര്‍ത്തുന്നു.

1950-ല്‍ ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിന് ശേഷം വിഗ്രഹം അയ്യപ്പനായി പ്രതിഷ്ഠിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. എന്നിരുന്നാലും നാളിതുവരെ ധര്‍മശാസ്താ ക്ഷേത്രം എന്ന പേരിലാണ് അവിടം അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിലെ പൂജാവിധികള്‍ ശാസ്താ സങ്കല്‍പ്പത്തില്‍ തന്നെയാണെന്നും അതല്ല അയ്യപ്പ സങ്കല്‍പ്പത്തിലാണെന്നും തര്‍ക്കമുണ്ട്. ക്ഷേത്രത്തിന്റെ തന്ത്രാവകാശമുള്ള താഴമണ്‍ കുടുംബത്തിലെ ആളുകളും വിത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു ക്ഷേത്രത്തിന് പേരുമാറ്റണമെങ്കില്‍ ആചാരനടപടികള്‍ ധാരാളമുണ്ടെന്നാണ് കൊട്ടറ കുന്തരിക്കുളത്തില്ലം വാമനന്‍ നമ്പൂതിരിയും മകന്‍ ജിഷ്ണു നമ്പൂതിരിയും പറയുന്നത്. ഏതു ദേവതാ സങ്കല്‍പ്പത്തിലാണോ ഇശ്വര ചൈതന്യം വിഗ്രഹത്തില്‍ കുടികൊള്ളുന്നത് അതിനു തക്ക നാമധേയമാണ് ക്ഷേത്രത്തിന് വരുക. വിശ്വാസികളുടെ അറിവില്ലായ്മ കൊണ്ട് വിഗ്രഹത്തെ മറ്റ് ചൈതന്യ രൂപത്തില്‍ സങ്കല്‍പിച്ചാല്‍ ദശാബ്ദങ്ങള്‍ കൊണ്ട് ക്ഷേത്രത്തിന്റെ ദേവത ഭാവം മാറും. അപ്പോള്‍ പഴയ ഭാവത്തില്‍ പൂജാവിധികള്‍ തുടര്‍ന്നാല്‍ അത് ദോഷകരമാകും. അങ്ങനെ വന്നാല്‍ അതിനുള്ള നിമിത്തങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നവര്‍ക്ക്(മേല്‍ശാന്തി, കരാഴ്മകാര്‍, ഊരാണ്മകാര്‍, ബന്ധപ്പെട്ട അവകാശികള്‍) അറിയുവാന്‍ സാധിക്കും. അവര്‍ വിഷയം ക്ഷേത്രത്തിന്റെ പിതാവിന്റെ സ്ഥാനമുള്ള തന്ത്രിയെ അറിയിച്ചാല്‍ അദേഹത്തിന്റെ അനുവാദത്തോടെ ദൈവഞ്ജനെ(ജ്യോത്സ്യന്‍) വിളിച്ചു വരുത്തി അഷ്ടമംഗല ദേവപ്രശ്നം നടത്തണം. അവിടെ ദേവഹിതം മനസിലാക്കി ക്ഷേത്രനാമം മാറ്റുന്നതിന് തീരുമാനം എടുക്കും. തന്ത്രിയുടെ അനുവാദത്തോടെ ചടങ്ങുകളോടെ ക്ഷേത്രത്തിന്റെ പേരു മാറ്റം സാധിക്കൂവെന്ന് നൂറ്റമ്പത്തോളം ക്ഷേത്രങ്ങളുടെ തന്ത്രികൂടിയായ ജിഷ്ണു നമ്പൂതിരി പറയുന്നത്.

Next Story

Related Stories