TopTop
Begin typing your search above and press return to search.

സ്ത്രീവിരോധിയായ അയ്യപ്പനെ പേട്രിയാര്‍ക്കി എടുത്തോട്ടെ, നമ്മള്‍ സ്ത്രീപക്ഷ അയ്യപ്പനെ പ്രതിഷ്ഠിക്കും

സ്ത്രീവിരോധിയായ അയ്യപ്പനെ പേട്രിയാര്‍ക്കി എടുത്തോട്ടെ, നമ്മള്‍ സ്ത്രീപക്ഷ അയ്യപ്പനെ പ്രതിഷ്ഠിക്കും

മതവും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമൊക്കെയായി ബന്ധപ്പെട്ട ഏതൊരു പരിഷ്‌കാരവാദവും അതിന്റെ ഉള്ളില്‍ നിന്നാണ് ഉയര്‍ന്നുവരേണ്ടത് എന്നത് ഒരു പൊതുതത്വമാണ്. അത് ഒരു പരിധിവരെ ശരിയുമാണ്. ഏത് പരിധിവരെ എന്ന് ചോദിച്ചാല്‍ ഒരു വിശ്വാസത്തിന്റെ യുക്തിപദ്ധതിവച്ച് മറ്റൊരു വിശാസത്തെ ചോദ്യം ചെയ്യുന്നതും അസാധുവാക്കുന്നതും അംഗീകരിക്കാനാവില്ല എന്നത് വരെ.

അതിനപ്പുറത്തേയ്ക്ക് എത്തുമ്പോള്‍ ഈ അംഗീകൃത പൊതുതത്വത്തിനുള്ളില്‍ തന്നെ നിരവധി വൈരുദ്ധ്യങ്ങള്‍ ഉടലെടുക്കുന്നത് കാണാം. മുത്തലാഖ് നിര്‍ത്തലാക്കല്‍ തൊട്ട് ശബരിമല സ്ത്രീ പ്രവേശനം വരെയുള്ള മിക്കവാറും എല്ലാ പരിഷ്‌കരണവാദങ്ങളിലും ഇവ അന്തര്‍ലീനമാണ്. മുത്തലാഖ് നിര്‍ത്തലാക്കണമെന്നത് ഇസ്‌ളാം മതവിശ്വാസികളുടെ സമൂഹത്തിനുള്ളില്‍ തന്നെയുള്ള ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന ആവശ്യമാണ്. അതുപോലെ ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും. അതായത് ഇവ രണ്ടും അതാത് മതസമൂഹങ്ങള്‍ക്കുള്ളില്‍നിന്ന് തന്നെ ഉയര്‍ന്നുവന്ന പരിഷ്‌കരണവാദങ്ങളാണ്. പക്ഷേ പ്രശ്‌നം, ആചാരങ്ങളില്‍ പരിഷ്‌കരണം വേണമെന്ന് വാദിക്കുന്ന വിശ്വാസികള്‍ക്കെതിരേ അവര്‍ ഉള്‍പ്പെടുന്ന മത, വിശ്വാസ സമൂഹത്തിലെ തന്നെ മറ്റൊരു വിഭാഗം മുന്നോട്ട് വരുന്നു എന്നതാണ്.

രണ്ട് പക്ഷങ്ങളുണ്ടാകുന്നതോടെ അനിവാര്യമെന്നോണം സംഘര്‍ഷവുമുണ്ടാകുന്നു. അതില്‍ തീര്‍പ്പുണ്ടാകേണ്ടത് അടിയന്തിര ആവശ്യമാകുന്നു. ഇല്ലെങ്കില്‍ നിലവില്‍ സാംസ്‌കാരികവും സംവാദാത്മകവുമായി നിലനില്‍ക്കുന്ന സംഘര്‍ഷം തന്നെയും ഭാവിയില്‍ കായികമായിതീര്‍ന്നേക്കാം. പക്ഷേ തീര്‍പ്പ് ആരുകല്‍പ്പിക്കും?

പരിഹാരം എന്ന പ്രായോഗിക ആവശ്യം

മതവും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഒക്കെ ആത്മീയവും വിശ്വാസാധിഷ്ഠിതവുമായ ഒരു അതിഭൗതീക തലത്തില്‍ നിലനില്‍ക്കുമ്പോഴും അതില്‍ പരിഷ്‌കരണം ആവശ്യമുണ്ട് എന്ന വാദം ഭൗതീക തലത്തില്‍ കൂടിയാണ് ഉയര്‍ന്നുവരുന്നത്. ഈ ആചാരങ്ങളില്‍ അനീതിയുടെയും പാര്‍ശ്വവല്‍ക്കരണത്തിന്റെയുമായ ഉള്ളടക്കത്തെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ് അവയുടെ പരിഷ്‌കരണം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അവരുടെ ആവശ്യത്തിന്റെ പരിഹാരവും ഭൗതികമാകാതെ നിവര്‍ത്തിയില്ല. അതായത് ആവശ്യം നിവര്‍ത്തിക്കപ്പെടണമെങ്കില്‍ നിര്‍ദ്ദേശിക്കപ്പെടുന്ന പരിഹാരം ഭൗതികമായി തന്നെ സാധ്യവും അനുഭവേദ്യവുമാകണം.

ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം വേണം എന്ന പരിഷ്‌കരണവാദം നടപ്പിലായാല്‍ സ്ത്രീകള്‍ മലചവിട്ടും. അത് ഒരു ഭൗതിക പ്രക്രിയയാണ്. ഏതൊരു മാറ്റത്തിനും എന്നപോലെ അതിന് ഭൗതികമായ പ്രത്യാഘാതങ്ങളുണ്ടാകും. അവയ്ക്കായി സവിശേഷ പരിഗണനകള്‍ തന്നെ വേണ്ടിവരും. അതുപോലെ മുത്തലാഖ് നിര്‍ത്തലായാല്‍ എസ്എംഎസ് വഴി വരെ മൊഴിചൊല്ലാം എന്ന പുരുഷസമൂഹം അനുഭവിച്ച് പോന്നിരുന്ന ഭൗതികം കൂടിയായ ആനുകൂല്യങ്ങള്‍ അങ്ങനെ തന്നെ നഷ്ടമാവുകയും ചെയ്യും. ആ ഭൗതിക നഷ്ടത്തിനോട് മനുഷ്യര്‍ പ്രതികരിക്കുക ഭൗതികമായി തന്നെ ആയിരിക്കും. അതിനെ അങ്ങനെ തന്നെ നേരിടേണ്ടിയും വരും. അതായത് ആശയങ്ങള്‍ ആത്മീയമായാലും അവയുടെ പരിഷ്‌കരണമെന്ന പ്രായോഗിക പ്രശ്‌നം തനത് ആത്മീയ സ്വാതന്ത്ര്യത്തിലൂടെ വികസിച്ച് സ്വയം അത്ഭുതപ്പെടുത്തുന്ന, മേലുനോവിക്കാത്ത, സുഖം മാത്രമുള്ള ഒരു ആത്മരതിയായിരിക്കില്ല, അടിമുടി ഭൗതികമായ ഒന്നായിരിക്കും.

അങ്ങനെ വരുമ്പോഴാണ് ആത്മീയമായ ഉള്ളടക്കമുള്ള തര്‍ക്കങ്ങള്‍ പോലും കോടതി, നിയമം തുടങ്ങിയ മനുഷ്യ നിര്‍മ്മിത ഭൗതീക സ്ഥാപനങ്ങളുടെ മാദ്ധ്യസ്ഥം സ്വീകരിക്കേണ്ടുന്ന അവസ്ഥ ഉണ്ടാകുന്നത്. അതായത് അതിനുള്ളില്‍ തന്നെ പരിഹരിക്കാനാവാതെ കോടതിയില്‍ എത്തുന്ന ഓരോ മതപരവും, വിശ്വാസബന്ധിയുമായ തര്‍ക്കവും ഉന്നയിക്കപ്പെടുന്നതും തര്‍ക്കിക്കപ്പെടുന്നതും കേവലമായ ആത്മീയ യുക്തികളാല്‍ മാത്രമല്ല, കാലികമായ ഭൗതിക സാംസ്‌കാരിക പുരോഗമനങ്ങളുടെ ചലനശാസ്ത്രത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ഭൗതികം തന്നെയായ വ്യാഖ്യാന യുക്തികള്‍ അവലംബിച്ചുകൊണ്ടാണ്. പക്ഷേ ഇതിനെ നാം ഈ പറയുന്ന കോടതികള്‍ക്ക് എങ്ങനെ വ്യാഖ്യാനിക്കാനും പരിഹരിക്കാനുമാകും?

സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലാണ്. ഋതുമതിയായ സ്ത്രീകള്‍ക്ക് ശബരിമയില്‍ ഉള്ള വിലക്ക് സഞ്ചാരസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്യം തുടങ്ങിയ അവരുടെ പൗരാവകാശങ്ങളുടെ ലംഘനമാണ് എന്നതാവുമല്ലോ മുഖ്യവാദം. അതിന്റെ പ്രതിവാദം കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളില്‍ പൗരാവകാശ ലംഘനം ആരോപിച്ചുകൊണ്ടുള്ള നീക്കം ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നാവും. അതായത് ഇവിടെ വാദിയും പ്രതിയും ഒരേ അവകാശത്തിനായി വാദിക്കുന്ന അവസ്ഥയാവും. സ്ത്രീകളിലെ പരിഷ്‌കരണവാദികള്‍ തങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിനായി വാദിക്കുമ്പോള്‍ മറുപക്ഷത്തെ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന യാഥാസ്ഥിതിക വിഭാഗം അവരുടെ വാദം അംഗീകരിച്ചാല്‍ തങ്ങളുടെ ആരാധനാവകാശം ഹനിക്കപ്പെടും എന്നാവും വാദിക്കുക.

മതത്തിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുവരുന്ന പരിഷ്‌കരണ വാദങ്ങള്‍ക്ക് അതിന്റെ അധികാര പരിധിക്കുള്ളില്‍ വച്ച് പരിഹരിക്കുവാന്‍ ആത്മീയസ്ഥാപനങ്ങള്‍ക്ക് കഴിയാതെ വരുമ്പോഴാണ് വിശ്വാസികള്‍ക്ക് പോലും കോടതി പോലുള്ള മനുഷ്യനിര്‍മ്മിത ഭൗതിക സ്ഥാപനങ്ങളുടെ സഹായം തേടേണ്ടിവരുന്നത് എന്ന് മുകളില്‍ പറഞ്ഞു. പക്ഷേ ഈ ഭൗതിക സ്ഥാപനങ്ങള്‍ക്ക് എങ്ങനെ ആത്മീയമായ ഉള്ളടക്കമുള്ള ആചാരാനുഷ്ഠാനങ്ങളെ അവയ്ക്ക് ബാഹ്യമായ ഏതെങ്കിലും യുക്തിവച്ച് സമീപിക്കാനാവും? അങ്ങനെ ചെയ്താല്‍ അത് ആദ്യം പറഞ്ഞ, മതപരമായ ഏതൊരു പരിഷ്‌കാരവും അതിനുള്ളില്‍ സംഭവിക്കുന്നതാവണം, അല്ലാതെ ബാഹ്യമായി അടിച്ചേല്‍പ്പിക്കുന്നവ ആകരുത് എന്ന പൊതു തത്വത്തിന്റെ ലംഘനമാകില്ലേ?

വിശ്വാസം എന്നത് അനുഭവമാത്ര യാഥാര്‍ത്ഥ്യങ്ങളുടെ ഭൗതിക ലോകത്ത് നിലനില്‍ക്കുന്ന ഒന്നല്ല. അത് അതിഭൗതികമായ ഒരു അനുഭവലോകത്ത് അതിന്റെ തനത് യുക്തികളില്‍ നിലനില്‍ക്കുന്ന ഒന്നാണ്. അവിടെ അനുഭവവാദപരമായ ഒരു യുക്തിപദ്ധതിക്ക് സാദ്ധ്യതയില്ല. എന്നാല്‍ നമ്മുടെ കോടതി ഒരു മതകോടതിയല്ല എന്നതിനാല്‍ തന്നെ വിശ്വാസത്തിന്റെ പൊതുവില്‍ അംഗീകരിക്കപ്പെടുന്ന യുക്തിവച്ച് ആ കോടതിക്ക് മതപരമായ ആചാരാനുഷ്ഠാനങ്ങളില്‍ തീരുമാനമെടുക്കാനുള്ള ആധികാരികതയില്ല. ആകെ ചെയ്യാവുന്നത് ഇതില്‍ വിശ്വാസം വിട്ട് പൗരാവകാശങ്ങള്‍ക്ക് മേല്‍ ക്രിമിനലായ ഒരു കടന്നുകയറ്റം നടക്കുന്നുവോ എന്ന് പരിശോധിക്കുക മാത്രമാണ്. അതായത് മതം മാറിയതിന്റെ പേരില്‍ മലപ്പുറത്ത് നടന്ന കൊലപാതകം പോലെ ഒന്ന്. കൃത്യം ചെയ്തത് ഇന്നവരാണെന്ന് കൃത്യമായി തെളിയിക്കാനായാല്‍ അതിന്റെ മോട്ടിവ് തര്‍ക്കവിഷയമായാലും അത് ശിക്ഷാ വിധിയെ അങ്ങനെ നിര്‍ണ്ണായകമായി ബാധിക്കും എന്ന് തോന്നുന്നില്ല. പക്ഷേ ഇവിടെ കേസ് അങ്ങനെയല്ല. അപ്പോള്‍ കോടതിക്ക് ആകെ ചെയ്യാനാവുക വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഒക്കെയായി ബന്ധപ്പെട്ട് കിടക്കുന്ന ഈ പ്രശ്‌നത്തിന്റെ തീര്‍പ്പിനായി മതാധികാരത്തെ തന്നെ ആശ്രയിക്കുക എന്നത് മാത്രമാണ്.

ചുരുക്കി പറഞ്ഞാല്‍ ഭൗതികമായ പരിഷ്‌കരണവാദം ഉണ്ടാക്കുന്ന സംഘര്‍ഷത്തിന്റെ തീര്‍പ്പ് വീണ്ടും തിരികെ ആത്മീയ അധികാരത്തില്‍ തന്നെ അനിവാര്യമെന്നോണം തിരിച്ചെത്തും. അത് മുന്‍കൂട്ടി കണ്ട് വേണ്ട തയ്യാറെടുപ്പുകള്‍ അത് ചെയ്യുകയും ചെയ്യും. പുതിയ ശബരിമല പേരുമാറ്റ വിവാദത്തിന്റെ ആത്യന്തിക ഉള്ളടക്കവും അതാണ്.

ശബരില ശാസ്താവും അയ്യപ്പ സ്വാമിയും

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന, നമ്മള്‍ കെട്ടും കെട്ടി പോകുന്ന അമ്പലത്തിന്റെ പേര്‍ ഇനി മുതല്‍ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നായിരിക്കും എന്ന ലളിതമായ ഒരു തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എടുത്തിരിക്കുന്നു. എന്നാല്‍ ഇത് ദേവസ്വം വകുപ്പ് മന്ത്രിയേയോ, പ്രസ്തുത ക്ഷേത്രത്തിന്റെ രക്ഷാധികാര സ്ഥാനത്തുള്ള തന്ത്രിയെയോ, ഐതീഹ്യബന്ധിയായി 'പ്രായപൂര്‍ത്തിയാവാത്ത' ദൈവത്തിന്റെ രക്ഷകര്‍തൃ സ്ഥാനത്ത് ഇപ്പോഴും തുടരുന്ന ചില കുടുംബങ്ങളെയും അറിയിച്ചില്ല, അവരുമായി അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതില്‍ ചില ആശയവിനിമയ തകരാറുകള്‍ ഉണ്ടായി എന്നതിലേയ്ക്കാണ് ഇപ്പോള്‍ പേരുമാറ്റ വിവാദം എത്തി നില്‍ക്കുന്നത്. മണിചിത്രത്താഴിലെ ശോഭനയുടെ ഡയലോഗിന് സമാനമായി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്താ അയ്യപ്പസ്വാമി ക്ഷേത്രമാകാന്‍ പറ്റില്ലാ, ആ പേര് അങ്ങോട്ടും ഇങ്ങോട്ടും മാറ്റാന്‍ സമ്മതിക്കില്ലാ.... എന്ന് ചോദിച്ചാല്‍ തുടര്‍ന്ന് അയോഗ്യ നായേ എന്ന് ആരെ വിളിക്കും എന്ന സംശയമേ ഉള്ളു. ആരോടും ചോദിക്കുകയും പറയുകയും ഒന്നും ചെയ്യാതെ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും, തറയിലും മുകളിലുമായി എടുത്ത തീരുമാനമാണെങ്കിലും 'കമ്യൂണിക്കേഷന്‍ ഗ്യാപ്പ്' ഒക്കെ മാറി ഇപ്പൊ ബാലപ്രതിഷ്ഠയുടെ രക്ഷകര്‍ത്താക്കള്‍ തമ്മില്‍ നാമകരണബന്ധിയായ വിവാദത്തില്‍ അഭിപ്രായം സമന്വയിപ്പിച്ച് കഴിഞ്ഞു എന്നാണ് കൂട്ടത്തില്‍ പ്രായപൂര്‍ത്തിയായ പയ്യന്‍ രാഹുല്‍ ഈശ്വര്‍ തന്നെ ചര്‍ച്ചയില്‍ ബോധിപ്പിച്ചതും. പിന്നെ എന്താ ബാധ?

"What's in a name? that which we call a rose

By any other name would smell as sweet." എന്ന, വിശ്വമഹാകവി വില്യം ഷേക്‌സ്പിയര്‍ തന്റെ വിഖ്യാത നാടകമായ റോമിയോ ആന്‍ഡ് ജൂലിയറ്റില്‍ കുറിച്ച ആപ്തവാക്യം കേരളത്തിലെ ദേവസ്വം വകുപ്പ് മന്ത്രി കടകമ്പള്ളിക്ക് മനസിലാവാത്തത് മാത്രമാണോ? സംഗതിയുടെ മൂലം കിടക്കുന്നത് സാഹിത്യത്തിലല്ല, സുപ്രീം കോടതിയിലാണ്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട കേസാണ് പ്രശ്‌നം. വലിയ വക്കീലന്മാരെ വച്ച് വാദിക്കാന്‍ കാശില്ല എന്ന ഒരു പ്രതിസന്ധി അയ്യപ്പ ഭക്തന്മാര്‍ നേരിടുന്നുണ്ട് എന്ന് നവംബര്‍ 22-ആം തിയതി മാതൃഭൂമിചാനലില്‍ നടന്ന അന്തിച്ചര്‍ച്ചയുടെ ഭാഗമായി സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അപ്പോള്‍ ഉള്ള വരുമാനത്തിനനുസരിച്ചുള്ള ഒരു വാദം പ്രയാര്‍ ഗോപാലകൃഷ്ണന്‍ വഴി സുപ്രീം കോടതിയിലേയ്ക്ക്. അതായത്, ശബരിമല, ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രമല്ല, ശബരിമല അയ്യപ്പ സ്വാമി ക്ഷേത്രമാണ്. ഐതീഹ്യപ്രകാരം ശ്രീ ധര്‍മ്മശാസ്താവ് കുടുംബസ്ഥനാണത്രേ. അദ്ദേഹത്തിന്റെ അവതാരമായ അയ്യപ്പ സ്വാമിക്ക് മാത്രമേ ഉള്ളു അവതാരബന്ധ്യാലുള്ള മിസോജനി.

അതായത് നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനെ അയാളുടെ നിഷ്ഠ ധിക്കരിച്ച് സ്ത്രീകള്‍ ചെന്ന് കണ്ട് ശല്യപ്പെടുത്തുന്നത് അയാളുടെ അവകാശങ്ങളെ ഹനിക്കുനു. സര്‍ക്കാര്‍ ഏജന്‍സികള്‍ ഒഴികെ എനിക്ക് താല്പര്യമില്ലാത്ത ഒരാളും എന്റെ വീട്ടില്‍ കയറാന്‍ പാടില്ല എന്ന് എനിക്ക് തീരുമാനിക്കാം. അതിനെ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. അതിനെനിക്ക് കോടതിയില്‍ പോകാം. ദൈവമായിപ്പോയി എന്നതുകൊണ്ട് അയ്യപ്പന് ആ അവകാശമൊന്നും ഫലത്തില്‍ ഇല്ല. പക്ഷേ വിശ്വാസികളായ മനുഷ്യര്‍ക്കുണ്ട്. തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ പൗര സ്വാതന്ത്ര്യത്തിനും തങ്ങളുടെ വിശ്വാസ സ്വാതന്ത്രത്തിനുമായി അവര്‍ക്ക് കോടതിയെ സമീപിക്കാം. അപ്പോള്‍ പിന്നെ ചോദ്യം ശബരിമല അയ്യപ്പന്‍ ശരിക്കും നൈഷ്ഠിക ബ്രഹ്മചാരിയാണോ എന്നതാവും. ധര്‍മ്മശാസ്താവ് കുടുംബസ്ഥനാണെന്നാവും മറുവാദം. അപ്പോള്‍ അവര്‍ പറയും ശാസ്താവ് വേറെ, അയ്യപ്പന്‍ വേറെ.

ശാസ്താവിന് കേരളത്തില്‍ എമ്പാടും ക്ഷേത്രങ്ങളും, പ്രതിഷ്ഠകളും ഉണ്ട്, അയ്യപ്പന് ശബരിമല മാത്രമേ ഉള്ളു എന്നൊക്കെയാണ് സ്ഥിതിവിവര കണക്കുകള്‍. അവതാരോദ്ദേശം നിര്‍വഹിച്ചുകഴിഞ്ഞ് അയ്യപ്പാവതാരം വന്ന് ധര്‍മ്മശാസ്താവില്‍ ലയിച്ചു എന്നും ഒക്കെ ആഖ്യാനമുണ്ട്. പക്ഷേ ഇവിടെ അയ്യപ്പന്‍ ധര്‍മ്മശാസ്താവില്‍ ലയിച്ചാല്‍ പിന്നെ ശാസ്താവില്ല, അയ്യപ്പനാവും അവശേഷിക്കുക. അതെന്തോ വലിയ അബദ്ധമായി തോന്നുന്നുണ്ടോ? ശബരിമല ഐതീഹ്യത്തില്‍ അതാണ് യുക്തി. അതിനെ പരിഷ്‌കരിക്കണമെങ്കില്‍ ആ യുക്തി പദ്ധതിക്ക് ഉള്ളില്‍ നിന്ന് വേണം എന്നാണ് തത്വവും. അപ്പോള്‍ പേരുതന്നെ അയ്യപ്പ ക്ഷേത്രം എന്നായിക്കഴിഞ്ഞ സ്ഥിതിക്ക് സുപ്രീം കോടതിക്ക് ഇനി എന്തുചെയ്യാനാവും? പ്രായപൂര്‍ത്തിയാവാത്ത ദൈവത്തിന്റെ പേരുമാറ്റണമെങ്കില്‍ പിതൃസ്ഥാനത്തുള്ള കുടുംബത്തിന്റെ അനുമതി വേണം എന്ന് വേണമെങ്കില്‍ വാദിക്കാം. പക്ഷേ അപകടം മനസിലാക്കിയ രക്ഷകര്‍ത്താക്കള്‍ പ്രയാര്‍ വഴി കറങ്ങി ചെന്നതാണെങ്കിലും അധികാരത്തിന്റെ രക്ഷാകര്‍തൃയുക്തി മനസിലാക്കി അതുമായി സഹകരിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു എന്ന് വേണം രാഹുല്‍ ഈശ്വറിന്റെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍. അപ്പോള്‍ ഇനി കോടതി വിധി എന്താകുമെന്നതില്‍ അടുത്ത ഫുട്‌ബോള്‍ ലോകകപ്പ് ആരുനേടും എന്നത് പോലെ ഒരു ഉദ്വേഗമൊക്കെ വേണോ?

മതത്തിനുള്ളില്‍ നിന്ന് പൊരുതി നേടിയ വിജയങ്ങള്‍

മതപരമായ പരിഷ്‌കരണവാദങ്ങള്‍ക്ക് മതാധികാരത്തിനുള്ളില്‍ വച്ച് തന്നെ അവ തീര്‍പ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ശബരിമലയായാലും മുത്തലാഖായാലും മറ്റ് വഴികളില്ല എന്നത് പെസിമിസ്റ്റിക്കായ ഒരു വീക്ഷണം തന്നെയാണ്. പക്ഷേ മതാധികാരത്തെ നിലപാട് മാറ്റത്തിന് നിര്‍ബന്ധിതമാക്കുന്ന ഭൗതീക സാഹചര്യങ്ങള്‍ നിലനില്‍ക്കാത്തിടത്തോളം മതത്തിനുള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരിഷ്‌കരണവാദങ്ങള്‍ സാംസ്‌കാരികമായി സാധുവാകുമ്പോള്‍ തന്നെ നിയമയുദ്ധങ്ങളെ അതിജീവിക്കാനിടയില്ല എന്ന നിഗമനം മറ്റൊരു മെലങ്കളിക് ജാക്വിസിയന്‍ ദുരന്തമാത്ര ദര്‍ശനമാകുന്നില്ല.

ശുഭാപ്തിവിശാസം മുന്‍ നിര്‍ത്തിയുള്ള സമരോര്‍ജ്ജത്തെ നിരുല്‍സാഹപ്പെടുത്തുകയല്ല ലക്ഷ്യം. പക്ഷേ വര്‍ത്തമാന സമരങ്ങള്‍ തങ്ങളുടെ ശുഭ പ്രതീക്ഷയ്ക്ക് നിദാനമായി എണ്ണുന്നത് ക്ഷേത്ര പ്രവേശന വിളംബരം സാദ്ധ്യമാക്കിയ സമരം പോലെ ഒന്നാണെങ്കില്‍ അത് തെറ്റി എന്ന് പറയാതെ നിവര്‍ത്തിയില്ല. ഒരു വിഭാഗം മനുഷ്യരെ ക്ഷേത്രങ്ങള്‍ പോലുള്ള ആരാധനാലയങ്ങള്‍ പോട്ടെ, അവയ്ക്ക് ചുറ്റുമുള്ള വഴികളില്‍ പോലും പ്രവേശിക്കാന്‍ അനുവദിക്കാത്ത മതപരമായ ആചാരങ്ങള്‍ തിരുത്തപ്പെടേണ്ടവയാണ് എന്ന് ആത്മീയ ആശയ സംവാദങ്ങളിലൂടെ മതാധികാര സ്ഥാപനങ്ങള്‍ക്ക് മനസിലാവുകയും, അത് സ്വയം തിരുത്തുകയും ചെയ്തതുകൊണ്ടല്ല കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരം നടന്നത്. മറിച്ച് മതാധികാരത്തിനെതിരേ അതിനുള്ളില്‍ നിന്ന് തന്നെ ഭൗതിക സമരം നടന്നതുകൊണ്ടാണ്. മതം അനുവദിച്ചില്ലെങ്കില്‍ മതം മാറ്റം വഴി അനുവാദം പിടിച്ചെടുക്കും എന്ന് അന്ന് നിലനിന്ന ഭൗതീക സാഹചര്യങ്ങള്‍ നല്‍കുന്ന സാദ്ധ്യത ഉപയോഗിക്കുക എന്ന ഒരു കടുത്ത ഒരു തീരുമാനത്തിലേക്ക് അവര്‍ എത്തിയില്ലായിരുന്നുവെങ്കില്‍, അങ്ങനെ ഒരു ഭയം മതാധികാരം അനുഭവിച്ചിരുന്നില്ലായെങ്കില്‍ ക്ഷേത്രപ്രവേശന വിളംബരം സാദ്ധ്യമാവുകയില്ലായിരുന്നു.

ഇന്ന് എറ്റവും അയവുള്ളതെന്ന് കരുതപ്പെടുന്ന കൃസ്ത്യന്‍ മതം നിരന്തരം കുറ്റസമ്മതങ്ങള്‍ നടത്തുന്നതും, ആചാരാനുഷ്ഠാനങ്ങളിലെ അയവുകള്‍ മതപരമായി തന്നെ സാധുവായി വ്യാഖ്യാനിക്കുന്നതും, പണ്ട് തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ചിത്തിര തിരുനാള്‍ ഹിന്ദുത്വത്തിന്റെ കിഴാചാരങ്ങള്‍ക്കുള്ളില്‍ നിന്ന് ചെയ്തതുമായ പരിഷ്‌കാരങ്ങള്‍ ഒന്നും ആത്മീയതയുടെ അനിഷേധ്യ യുക്തികളെ അതാത് കാലങ്ങളില്‍ സാംസ്‌കാരികമായി അതിജീവിച്ചതുകൊണ്ടൊന്നുമല്ല, ഭൗതീകമായ വെല്ലുവിളികളെ നേരിടാന്‍ മറ്റ് വഴികളില്ല എന്നതിനാലാണ്.

എന്നുവച്ചാല്‍ മതത്തെ അതിന്റെ വിശ്വാസപരിധിക്കുള്ളില്‍ നിന്ന് വേണം പരിഷ്‌കരിക്കാന്‍ എന്നൊക്കെ പറയുമ്പൊഴും അതൊരു ഭൗതീകമായ വെല്ലുവിളിയായി ഉയര്‍ത്താന്‍ ആ റാഡിക്കല്‍ പക്ഷത്തിന് കഴിഞ്ഞില്ലെങ്കില്‍ അത്തരം സമരങ്ങള്‍ അനിവാര്യമെന്നോണം പരാജയപ്പെടുകയല്ലാതെ നിവര്‍ത്തിയില്ല. പ്രശ്‌നം വീണ്ടും എണ്ണത്തിന്റേതാണ്.

വാതിലുകള്‍ തുറക്കുന്ന നിമിഷം

മുട്ടിയാല്‍ തുറക്കപ്പെടും എന്ന വചനം നമ്മള്‍ കേട്ടിട്ടുണ്ട്, വിശ്വസിച്ചിട്ടുമുണ്ട്. പക്ഷേ മുട്ടിന്റെ പ്രഹരശേഷി അനുസരിച്ചേ തുറക്കലുകള്‍ ഉണ്ടായിട്ടുള്ളു എന്നതും സത്യമാണ്. മതത്തിനുള്ളില്‍ നിന്ന് ഉണ്ടാകുന്ന പരിഷ്‌കരണവാദങ്ങള്‍ പോലും പരിഷ്‌കാരത്തിന്റെ വാതില്‍ തുറക്കുന്ന ഒരു മുട്ടലായി തീരണമെങ്കില്‍ കെട്ടിടത്തിന്റെ ഓരോ കട്ടയിലും തട്ടുന്ന നിലയ്ക്ക് അതിന്റെ വ്യാപ്തം വര്‍ദ്ധിക്കണം. മുട്ടല്‍ കതകല്ല, കെട്ടിടം ആകെ അനുഭവിക്കുന്ന ഒരു ഭൗതിക ആഘാതമാകണം.

അങ്ങനെയെങ്കില്‍ ക്ഷേത്രത്തിന്റെ വാതില്‍ തിരുവിതാംകൂറില്‍ തുറന്നത് പോലെ അവിടെത്തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ശബരിമലയുടെ വാതില്‍ സ്ത്രീകള്‍ക്കായും തുറക്കും. പക്ഷേ മുട്ടാനുയരുന്ന കൈയ്യില്‍ പിടിക്കാന്‍ മൂന്നൂറു കൈകള്‍ പുറത്തുനിന്നുണ്ടാകുന്ന അവസ്ഥ ഉണ്ടാകരുത്. ക്ഷേത്രപ്രവേശന വിളംബരം അനിവാര്യമാക്കിയ സ്വത്വപരമായ ഉള്ളടക്കത്തില്‍ ലിംഗവിഭജനം ഇല്ലായിരുന്നു. ഒപ്പം ശ്രേണീവത്കൃത സ്വത്വ രാഷ്ട്രീയം എണ്ണം കൊണ്ട് സ്വയം റദ്ദാകുന്ന ഗണിതാവവസ്ഥയും. ഇവിടെയിപ്പോള്‍ സ്തീകള്‍ക്കുമല്ല വിലക്ക്, ഋതുമതിയായ, ഇനിയും ആര്‍ത്തവ വിരാമം സംഭവിച്ചിട്ടില്ലാത്ത സ്ത്രീകള്‍ക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ സ്ത്രീയായിരിക്കുമ്പോഴും അവര്‍ ഈ സമരത്തില്‍ സ്വത്വപരമായ മറ്റൊരു ഉപ വിഭാഗത്തിലേയ്ക്ക് ലിംഗപരമായി തന്നെയും ചുരുങ്ങുന്നു. അതിനും പുറത്താണ് കാത്തിരിക്കാന്‍ തയ്യാറുള്ള സ്വലിംഗം തന്നെ ഉയര്‍ത്തുന്ന വെല്ലുവിളി.

ചോദ്യം ഈ പ്രശ്‌നങ്ങളെയൊക്കെ അതിജീവിച്ച് സംഖ്യാബന്ധിയായ ഒരു വെല്ലുവിളി മതാധികാരത്തിനെതിരേ ഉയര്‍ത്താന്‍ പറ്റുമോ എന്നതാണ്. നാരായണ ഗുരു ചെയ്ത ഈഴവ ശിവപ്രതിഷ്ഠപോലെ ഒരു സ്ത്രീപക്ഷ അയ്യപ്പ പ്രതിഷ്ഠ നടത്താന്‍ ഇനി ആവുമോ എന്നതാണ് പ്രശ്‌നം. ആയാല്‍, ആവുമെന്ന തോന്നലെങ്കിലും മതാധികാരത്തില്‍ ഉളവാക്കാനായാല്‍ കളി മാറും. ഇല്ലെങ്കില്‍ സുപ്രീം കോടതില്‍ മുടക്കുന്ന കാശ് പഴയ ആയിരം, അഞ്ഞൂറു രൂപാ നോട്ട് പോലെയാകും. മതം ഒരു ഭൗതിക യാഥാര്‍ത്ഥ്യമാണ്, അത് ക്രോഡീകരിക്കുന്ന വിശ്വാസവും. അപ്പോള്‍ അതിന്റെ പരിഷ്‌കരണം പോയിട്ട് അതിനോടുള്ള ഒരു പ്രതികരണവും ആത്മീയമായിട്ട് വലിയ കാര്യമൊന്നുമില്ല. ഉണ്ടെങ്കില്‍ അത് കാത്തിരിക്കാന്‍ തയ്യാറുള്ളവരുടെ യുക്തിയാണ്. വേണ്ടത് ഭൗതികമായ ചെറുത്തുനില്‍പ്പാണ്. ആ നിലയ്ക്കാണ് ആര്‍ത്തവ സമരത്തിനോടുള്ള ഐക്യദാര്‍ഡ്യവും. അത് പേട്രിയാര്‍ക്കിക് സ്വാസ്ഥ്യങ്ങള്‍ക്ക് മേല്‍ ഭൗതികമായ ഒരു പ്രതിസന്ധി ഉത്പാദിപ്പിക്കും. തെരുവുകളെയും മനസുകളെയും രണ്ടായി പകുക്കും.

ആരു ജയിക്കും എന്നത് ചരിത്രത്തിനേ നിശ്ചയിക്കാനാവു. എന്നുവച്ച് ഇത് ഞാന്‍ ജയിക്കാന്‍ വേണ്ടി മാത്രം നടത്തുന്ന യുദ്ധമാണ് എന്ന സൂപ്പര്‍ സ്റ്റാര്‍ ഡയലോഗ് ആപ്തവാക്യമാക്കാന്‍ പറ്റില്ലല്ലോ. പരിഷ്‌കാരത്തിന് പുതിയ പ്രതിഷ്ഠകള്‍ വേണം, സ്ത്രീ വിരോധിയായ അയ്യപ്പനെ പേട്രിയാര്‍ക്കി നിലനിത്തിക്കോട്ടെ. നമ്മള്‍ വേറൊരു സ്ത്രീപക്ഷ അയ്യപ്പനെ പ്രതിഷ്ഠിക്കും. അത് നടക്കുമോ എന്നല്ല, നടക്കും എന്നൊരു തോന്നല്‍ മതി, സുപ്രീം കോടതി വിധിയില്ലാതെ തന്നെ ഋതുമതികളായ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ശബരിമല പ്രവേശന വിളംബരമുണ്ടാകാന്‍. അല്ലാതെ വിശ്വാസയുക്തികളുടെ നേര്‍രേഖ വഴി പോയാല്‍ അതങ്ങനെ ഒരുപോക്ക് പോവുകയേ ഉള്ളു. പടി ചവിട്ടാന്‍ പറ്റില്ല.

ഒറ്റവാചകത്തില്‍ അവസാനിപ്പിച്ചാല്‍ മലചവിട്ടണമെങ്കില്‍ പെങ്ങളേ, പണി കടുപ്പിക്കണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories