TopTop
Begin typing your search above and press return to search.

അബ്രാഹ്മണ പൂജാരികള്‍ പതിനെട്ടാംപടിക്കു പുറത്തു തന്നെ നിന്നാല്‍ മതി

അബ്രാഹ്മണ പൂജാരികള്‍ പതിനെട്ടാംപടിക്കു പുറത്തു തന്നെ നിന്നാല്‍ മതി

വൃശ്ചികം ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു എന്നത് വര്‍ഷാവര്‍ഷം ഒരു ചടങ്ങായി നിര്‍വഹിക്കുന്ന കാര്യമാണ്. മാസങ്ങള്‍ക്കുള്ളില്‍ കോടീശ്വരന്മാരാകുന്ന ഈ 'ഭാഗ്യവാന്‍ നമ്പൂതിരി'മാരുടെ മുഖചിത്രങ്ങളുമായിട്ടായിരിക്കും അടുത്ത ദിവസത്തെ ദിനപത്രങ്ങള്‍ പുറത്തിറങ്ങുന്നത്. അബ്രാഹ്മണനായ തന്ത്രി പറവൂര്‍ രാകേഷിനെ തിരുവിതാംകൂര്‍ ദേവസ്വം തന്ത്രിയാക്കി വിപ്ലവം സൃഷ്ടിച്ചെങ്കിലും ശബരിമല പൂജാരി പദവിക്ക് അബ്രാഹ്മണര്‍ക്കുള്ള അയിത്തം ഇന്നും തുടരുന്നു. ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനം പോലും പിഎസ്സിക്കു വിടുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷസര്‍ക്കാരിന് പക്ഷേ, ഇക്കാര്യത്തില്‍ ഒരു നിര്‍ദേശം മുന്നോട്ടു വയ്ക്കാന്‍ പോലും കഴിഞ്ഞിട്ടുമില്ല.

പണ്ഡിതവര്യനും അബ്രാഹ്മണനുമായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ മകനായ പറവൂര്‍ രാകേഷ് തന്ത്രിയെ ഒരു വര്‍ഷം മുന്‍പാണ് ദേവസ്വത്തിന്റെ ഔദോഗിക തന്ത്രിയാക്കിയത്. ഈഴവ സമുദായത്തിലെ വ്യക്തികള്‍ മേല്‍നോട്ടം നടത്തിയിരുന്ന വൈക്കം കാലാക്കല്‍ ക്ഷേത്രത്തിലെ ഈഴവ തന്ത്രിയായ കളവങ്കോടം സിദ്ധാര്‍ത്ഥന്‍ തന്ത്രികളുടെ സ്ഥാനത്താണ് കോടതിവിധിയുടെ ബലത്തില്‍ പറവൂര്‍ രാകേഷ് തന്ത്രികളെ നിയമിക്കുന്നത്. ബ്രാഹ്മണരുടെ തന്ത്രത്തിന് ഒരു വീഴ്ചയും സംഭവിക്കാതെയാണ് ഒരു ഈഴവ തന്ത്രി ജന്മമെടുത്തതെന്ന്‍ അര്‍ഥം.

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പിലേക്കുള്ള ലിസ്റ്റില്‍ ഇടം പിടിക്കാന്‍ പോലും ബ്രാഹ്മണേതര പൂജാരിമാര്‍ക്ക് കഴിഞ്ഞിട്ടില്ല. നറുക്കെടുപ്പിലേക്കുള്ള പട്ടിക തയ്യാറെടുക്കുമ്പോള്‍ തന്നെ അബ്രാഹ്മണര്‍ ഇല്ലാതാകും. ഇവരെ അരിച്ചു പുറത്തുകളയുന്ന ഒരു അദൃശ്യമായ അരിപ്പ ഈ പാനലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാനലിന്റെ അരിപ്പയില്‍ കൂടി ബ്രാഹ്മണര്‍ മാത്രമാണ് കടന്നുവരുന്നത്. അഭിമുഖ പരീക്ഷയില്‍ തന്നെ അബ്രാഹ്മണരുടെ വിക്കറ്റ് തെറിക്കും.

ഗുണ്ട, സെക്‌സ്, പൊളിറ്റിക്‌സ് എല്ലാ മസാലയും ചേര്‍ന്ന വിവാദ തിരക്കഥയിലെ നായകനും ഇരയും വില്ലനുമൊക്കെയായ ശബരിമല തന്ത്രി കുടുംബത്തിലെ പ്രധാനി മോഹനര് കണ്ഠരര്, സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്റെ മുന്നില്‍ നാണം കെട്ടത് കേരളം കണ്ടതാണ്. ഗണപതിയുടെ നക്ഷത്രം ചോദിച്ചപ്പോള്‍ മോഹനര് കണ്ഠരര്‍ വായ പൊളിച്ചു പോയി. തന്ത്രിയുടെ കേസ് വന്നപ്പോഴേ ദൈവഭയം കൊണ്ട് ലീവ് എടുത്തു സ്ഥലം വിട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥനെപ്പോലെ ആയിരുന്നില്ല ജസ്റ്റിസ് പരിപൂര്‍ണ്ണന്‍. അദ്ദേഹം തന്ത്രിയെ എടുത്തു കൂടഞ്ഞു. കുലത്തിന്റെയും പൂണൂലിന്റെയും ഉള്ളില്‍ മറച്ചു വച്ച വിവരമില്ലായ്മ അപ്പോഴാണ് പുറത്തു ചാടിയത്.

തന്ത്രി കുടുംബാംഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചയില്‍ എത്തുമ്പോള്‍ ഹിന്ദു ഐക്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. മലയാളികളായ ബ്രാഹ്മണര്‍ മാത്രം ശബരിമല പൂജാരി ആയാല്‍ മതിയെന്ന നിയമം കാലാനുസൃതമായി പൊളിച്ചെഴുതാന്‍ അദ്ദേഹം മുന്‍കൈ എടുക്കുമോ? ഇതിനു കഴിയില്ലെങ്കില്‍ നായാടി മുതല്‍ നമ്പൂതിരി വരെ എന്ന പഴകി ദ്രവിച്ച മുദ്രാവാക്യം ഉപേക്ഷിക്കാന്‍ എങ്കിലും തയാറാകണം. പറവൂര്‍ രാകേഷ് തന്ത്രികളെ ഔദ്യോഗിക തന്ത്രിയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വിപ്ലവം സൃഷ്ടിച്ച ബോര്‍ഡംഗം അജയ് തറയില്‍ പോലും ശബരിമലയില്‍ തൊട്ടുള്ള കളിക്കില്ല. 1150 ക്ഷേത്രങ്ങളിലും അബ്രാഹ്മണര്‍ക്കു പൂജാരി ആകാമെന്നിരിക്കെ ശബരിമലയുടെ കാര്യത്തില്‍ എന്തിനാണ് പിടിവാശി എന്നാണ് ഈ ലേഖകനോട് അദ്ദേഹം ചോദിച്ചത്.

അബ്രാഹ്മണപൂജാരികള്‍ പതിനെട്ടാം പടിക്കു പുറത്തു തന്നെ നിന്നാല്‍ മതി. എതിര്‍ത്ത് ശബ്ദം ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വെള്ളാപ്പള്ളി നടേശന്‍ ബിജെപി കൂട്ടുകെട്ടിലാണ്. പൂജ വിധിയാംവണ്ണം പഠിച്ചവര്‍ക്ക് കേരളത്തിലെ ഏതു ക്ഷേത്രത്തിലും പൂജ നടത്താന്‍ അധികാരം ഉണ്ടെന്ന് ഹിന്ദു ഐക്യം മുന്‍നിര്‍ത്തി പാലിയം വിളംബരം ഉണ്ട്. അതൊക്കെ ഒന്ന് തപ്പി എടുക്കാന്‍ നിലവിലെ ഹിന്ദു ഐക്യവാദികള്‍ക്ക് ധൈര്യമുണ്ടോ?


Next Story

Related Stories