TopTop

ശബരിമല: അപകടത്തിന് കാരണം ദ്രവിച്ച ബാരിക്കേഡുകള്‍ തകര്‍ന്നത്‌

ശബരിമല: അപകടത്തിന് കാരണം ദ്രവിച്ച ബാരിക്കേഡുകള്‍ തകര്‍ന്നത്‌
ഇന്നലെ വൈകിട്ട് നടന്ന ശബരിമലയിലെ അപകടത്തിന് കാരണം ദ്രവിച്ച ബാരിക്കേഡുകള്‍ തകര്‍ന്നതാണെന്ന് സന്നിധാനം പോലീസ്. സാധാരണ ഗതിയില്‍ ബാരിക്കേഡുകളും വടങ്ങളുപയോഗിച്ച് തിരക്ക് നിയന്ത്രിക്കാന്‍ പത്ത് പന്ത്രണ്ട് പോലീസുകാര്‍ മതിയാകും. എന്നാല്‍ ഇന്നലെ ബാരിക്കേഡുകള്‍ തകര്‍ന്നതിനാല്‍ അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രണം വിട്ട് വടത്തിന് മുകളിലേക്ക് വീഴുകയും തുടര്‍ന്ന് പോലീസിന്റെ കൈയ്യില്‍ നിന്ന് വടം വഴുതി പോവുകയുമായിരുന്നു. കുത്തനെയുള്ള സ്ഥലമായിരുന്നതിനാല്‍ നിയന്ത്രണം നഷ്ടപ്പെടുക്കുകയും ചെയ്തുവെന്നാണ് അഴിമുഖം പ്രതിനിധിയോട് സന്നിധാനം പോലീസ് സ്‌റ്റേഷനില്‍ നിന്ന് പറഞ്ഞത്.

മാളികപ്പുറം ക്ഷേത്രത്തിന് സമീപത്തെ കുത്തനെയുള്ള സ്ഥലത്തെ വിരിപ്പന്തലില്‍ നിന്നും സന്നിധാനത്തേക്ക് പോകാനിറങ്ങിയ അയ്യപ്പന്മാരെ ബാരിക്കേഡും വടവും ഉപയോഗിച്ച് പത്തോളം പോലിസുകാര്‍ നിയന്ത്രിക്കുകയായിരുന്നു. കുത്തനെയുള്ള സ്ഥലമായതിനാല്‍ കൂട്ടത്തോടെ വന്ന അയ്യപ്പന്മാരുടെ തിരക്ക് കാരണം ബാരിക്കേഡ് തകരുകയും പോലീസുകാരുടെ കൈയില്‍ നിന്നും വടം വഴുതുകയും ചെയ്തു. ആദ്യം വീണവര്‍ക്കു പിന്നാലെയെത്തിയവര്‍ കൂട്ടത്തോടെ പുറത്തേക്ക് വീഴുകയായിരുന്നു. ദുരന്ത നിവാരണ സേനയുടെ സമയോചിതമായ ഇടപെടലുകളാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.

ശബരിമലയില്‍ അപകടത്തിനു കാരണം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് ഒന്‍പതു പോലീസുകാര്‍ മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നതെന്നും തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ പോലീസുകാരുടെ കൈയില്‍ നിന്ന് കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റപ്രസ്താവിച്ചിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുള്ളതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലില്ലെന്നും പോലീസിന്റെ ഇടപെടലാണ് വലിയൊരു ദുരന്തമൊഴിവാകാന്‍ കാരണമെന്നും ഡിജിപി പറഞ്ഞു.

സന്നിധാനത്തെ ചുമതലുള്ള ഐജി എസ് ശ്രീജിത്ത് അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. ദ്രവിച്ച ബാരിക്കേഡുകള്‍ മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് എഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടിയെടുത്തിരുന്നില്ലെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. അപകട സ്ഥലത്ത് ആവിശ്യത്തിന് പോലീസുണ്ടെന്നായിരുന്നുവെന്നാണ് എസ് ശ്രീജിത്ത് പറയുന്നത്. സംഭവത്തെ തുടര്‍ന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പോലീസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തില്‍ പോലീസും ദേവസ്വം അംഗങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്. ഇന്നലെ നടന്ന അപകടത്തെക്കുറിച്ചും ഇനി അങ്ങനെ സംഭവിക്കാതിരിക്കാനുമുള്ള കാര്യങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക എന്നാണ് വിവരം.

അപകടത്തില്‍ 35 പേര്‍ക്കാണ് പരിക്കേറ്റത്. സാരമായ പരിക്കേറ്റ എട്ടു പേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 13 പേരെ ഇന്നലെ രാത്രിയൊടെ തന്നെ വിട്ടയ്ച്ചിരുന്നു. തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി അങ്കി ഭഗവാനെ ചാര്‍ത്തി ദീപാരാധന തുടങ്ങുന്നിടം വരെയും ഭക്തന്മാരെ പോലീസ്‌, ബാരിക്കേഡും വടവും ഉപയോഗിച്ച് തടഞ്ഞിരുന്നു. ഇവരെ കടത്തിവിടാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തോടെ ഇടിച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്.

പരിക്കേറ്റ അയ്യപ്പന്മാര്‍ക്ക് മതിയായ ചികിത്സ നല്‍കാനുള്ള സൗകര്യം സന്നിധാനത്തുണ്ടായിരുന്നില്ല എന്ന വാദത്തെ ഡ്യൂട്ടി മജിസ്‌ട്രേറ്റ് ഓഫീസ് തള്ളി. എക്സേറ യൂണിറ്റും അടിയന്തര ചികിത്സയ്ക്കുള്ള സംവിധാനവും സന്നിധാനം ആശുപത്രിയിലില്ലെന്നും ശ്വാസതടസം നേരിട്ട പലരെയും പമ്പയിലേക്കാണ് കൊണ്ടുപോയതെന്നുമായിരുന്നു ആരോപണം. എന്നാല്‍ സാരമായി പരിക്കേറ്റവരെ മാത്രമാണ് പമ്പയിലേക്കും കോട്ടയത്തേക്കും കൊണ്ടുപോയതെന്നാണ് സന്നിധാനത്തെ ഡ്യൂട്ടി മജിസ്‌ട്രേറ്റ് അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. ഏറ്റവും നല്ല മെഡിക്കല്‍ സൗകര്യങ്ങളാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. കൂടാതെ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുമെന്ന് ദേവസ്വം മന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.

Next Story

Related Stories