TopTop
Begin typing your search above and press return to search.

ശബരിമല LIVE: വലിയ നടപ്പന്തലില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധാനാജ്ഞ മൂന്നു ദിവസത്തേക്ക് നീട്ടി

ശബരിമല LIVE: വലിയ നടപ്പന്തലില്‍ യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ്; നിരോധാനാജ്ഞ മൂന്നു ദിവസത്തേക്ക് നീട്ടി

ശബരിമലയില്‍ വലിയ നടപ്പന്തലില്‍ വെച്ചു യുവതികളെ തടഞ്ഞ 200 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തെലുഗു മാധ്യമ പ്രവര്‍ത്തക കവിത ജക്കാള്‍, ആക്റ്റിവിസ്റ്റ് രഹന ഫാത്തിമ എന്നിവരെയാണ് പ്രതിഷേധക്കാര്‍ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത്. അതേസമയം ശബരിമലയിലെ നിരോധാനാജ്ഞ മൂന്നു ദിവസത്തേക്ക് നീട്ടി.


ശബരിമല വിഷയത്തില്‍ വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്ന പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍. തിരുവനന്തപുരത്ത് ദേവസം ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോടായുരുന്നു പ്രസിഡന്റിന്റെ പ്രതികരണം.

നേരത്തെ ബോര്‍ഡിനായി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇതു സംബന്ധിച്ച് നടപടികള്‍ തീരുമാനിക്കും. നിലവിലെ സാഹചര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ 24 പുനപ്പരിശോധനാ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ എല്ലാം ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ആക്റ്റിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ നിപാടിനെ തള്ളിയും പാര്‍ട്ടി സെക്രട്ടറി രംഗത്തെത്തി. ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടെന്നത് പാര്‍ട്ടിനിലപാടല്ല. അവരിലും വിശ്വാസികള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


പോലീസില്‍ മതപരമായ ചേരിതിരിവ് ഉണ്ടാക്കാനുള്ള നീക്കമാണ് ബിജെപി പ്രസിഡന്റ് നടത്തുന്നതെന്നും. രാഷ്ട്രീയ മുതലെടുപ്പാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.


ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുകയും വലിയ നടപന്തലില്‍ നിന്നും പ്രതിഷേധം മൂലം മടങ്ങേണ്ടി വരുകയും ചെയ്ത തെലുങ്ക് മാധ്യമ പ്രവര്‍ത്തക കവിത ജാക്കാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. തന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് കവിത അനിശ്ചിത കാല നിരാഹാര സമരത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ മൈ ജേണലിസ്റ്റ് ടീം എന്ന് ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. ശബരിമലയിലെ പ്രതിഷേധങ്ങള്‍ രാജ്യത്തെ പിന്നോട്ടടിക്കുന്ന നടപടിയാണെന്നും അവര്‍ ആരോപിക്കുന്നു.


ശബരിമലയില്‍ പോലീസ് സുരക്ഷയോടെ സ്ത്രീകള്‍ മലകയറുകയും ദര്‍ശനം നടത്താതെ തിരിച്ചിറങ്ങുകയും ചെയ്തതിന് പിറകെ വിഷയത്തില്‍ കലാപാഹ്വാനവുമായി ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍ എന്നീ നേതാക്കളാണ് പ്രകോപനപരമായ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയത്.


യുവതികളെ പോലീസ് സുരക്ഷയില്‍ സന്നിധാനത്തെത്തിക്കാന്‍ ഗൂഡാലോചന നടത്തുന്നെന്നായിരുന്നു പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. ഇതിനായി എസ് ഡിപി ഐ അനുകുലികളായ പോലീസുകാരെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇതിനെതിരെ വിശ്വാസികളായ പോലീസുകാര്‍ ഉണരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.


പോലീസ് സംരക്ഷണയില്‍ യുവതികളെ എത്തിക്കുന്നതിലൂടെ സര്‍ക്കാര്‍ നടത്തിയ പ്രകോപനം സൃഷ്ടക്കലാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തരത്തില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ സര്‍ക്കാര്‍ തുടര്‍ന്നാല്‍ ഇതുവരെ പാലിച്ച സംയമനം വെടിഞ്ഞ് തിരിച്ചടിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുവതികളെ പോലീസ് വേഷം നല്‍കിയാണ് ഐജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമ ലംഘനമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. അധികാര ചിഹ്നങ്ങള്‍ കൈമാറുന്നത് ഭരണഘടനാ വിരുദ്ധമാണ്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു.


ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രശ്‌നം രൂക്ഷമാക്കുന്ന സമീപനമാണ് ബിജെപിയും സിപിഎമ്മും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിവേകശൂന്യമായ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുന്നത്. അതിന്റെ തെളിവാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിധി വന്ന അന്നുതന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനം നടത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. ഇന്റലിജന്‍സ് പരാജമെന്നും നിഷ്‌ക്രിതയ്വവും അതിക്രമവുമാണ് പൊലീസ് രണ്ടുദിവസമായി മാറിമാറി പരീക്ഷിക്കുന്നത്. ചുംബനസമരത്തില്‍ പങ്കെടുത്ത ആളുകള്‍ വരെയാണ് ശബരിമലയില്‍ പോയിരിക്കുന്നത് രമേശ് ചെന്നിത്തല പറയുന്നു


എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമല ദർശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കർശനസുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്റേണൽ സെക്യൂരിറ്റി വിഭാഗം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.


പൊലീസ് യൂണിഫോം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും യുവതികള്‍ക്ക് ഹെല്‍മറ്റ് നല്‍കിയത് ചട്ടലംഘനമല്ലെന്നും ഐ ജി ശ്രീജിത്ത്. നേരത്തെ യുവതികളെ പോലീസ് വേഷം നല്‍കിയ ഐജി അടക്കമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമ ലംഘനമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.


ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 46 കാരി പമ്പയില്‍. കഴംകുട്ടം സ്വദേശി മേരി സ്വീറ്റിയാണ് ശബരിമലയില്‍ എത്തിയത്. വിദ്യാരംഭദിനത്തില്‍ അയ്യപ്പനെ കാണാന്‍ അഗ്രഹിച്ചാണ് താന്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷം സുരക്ഷ അനുവദിക്കാമെന്ന് പോലീസ്.


ശബരിമലയില്‍ നിന്നും യുവതികള്‍ തിരിച്ചിറങ്ങിയതിന് പിറകെ പതിനെട്ടാം പടിക്ക് താഴെ ശാന്തിക്കാര്‍ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു.


യുവതികള്‍ തിരിച്ചുപോകാനുള്ള സന്നദ്ധത അറിയിച്ചു എന്നു ഐ ജി ശ്രീജിത്ത്. ആചാര ലംഘനത്തെ കുറിച്ചും പരികര്‍മ്മികളുടെ സമരത്തെ കുറിച്ചും യുവതികളെ അറിയിച്ചു. തിരിച്ചു പോകുന്ന യുവതികള്‍ക്ക് വേണ്ട സുരക്ഷ നല്‍കും. യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടേണ്ടി വരുമെന്നു തന്ത്രി മുന്നറിയിപ്പ് നല്‍കിയതായി ഐ ജി ശ്രീജിത്ത്.


ഗവര്‍ണ്ണര്‍ ഡി ജി പിയെ വിളിച്ചുവരുത്തി. തിരുവനന്തപുരത്ത് തിരക്കിട്ട കൂടിയാലോചനകള്‍. കടകംപള്ളി സുരേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തുന്നു.


യുവതികള്‍ സമരപ്പന്തലില്‍ തുടരുന്നു. ശ്രീകോവില്‍ അടച്ചിടുമെന്ന മുന്നറിയിപ്പുമായി പന്തളം കൊട്ടാര പ്രതിനിധി. എരുമേലിയില്‍ സമരം ചെയ്യുന്ന ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നു.


പൂജകള്‍ ബഹിഷ്ക്കരിച്ചു ശാന്തിമാര്‍ സമരത്തില്‍. പൂജകള്‍ നിര്‍ത്തിവെച്ചു. ശ്രീകോവില്‍ മാത്രം തുറന്നിരിക്കുന്നു. ശബരിമലയിലെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രതിഷേധത്തില്‍. യുവതികള്‍ പിന്‍മാറുന്നതുവരെ സമരം തുടരുമെന്ന് പരികര്‍മ്മികള്‍.


ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എന്നാല്‍ ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമായി പവിത്രമായ ശബരിമലയെ മാറ്റാന്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ശബരിമലയില്‍ എത്തുന്ന പതിനായിരക്കണക്കിനു ഭക്തരില്‍ യഥാര്‍ത്ഥ ഭക്തര്‍ ആരാണ്, ആക്ടിവിസ്ടുകള്‍ ആരാണ്, ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ വരുന്നവര്‍ ആരാണ് എന്നു മനസിലാക്കാന്‍ സര്‍ക്കാരിനു പറ്റില്ല. വന്നവരില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുമുണ്ട് എന്നു പറയുന്നു. പോലീസ് വന്നവരുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു, അവരുടെ പശ്ചാത്തലം ഒന്ന് പരിശോധിക്കാമായിരുന്നു.

എറണാകുളം സ്വദേശിയും മോഡലുമായ രഹാന ഫാത്തിമ, തെലുങ്ക് ചാനലായ മോജോ ടിവിയിലെ അവതാരക കവിത ജക്കാല എന്നിവരാണ് പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടതുണ്ട്. അത് ഏതു പ്രായത്തിലുമുള്ള സ്ത്രീകളെയും അവിടെ പ്രവേശിപ്പിക്കണമെന്നാണ്. എന്നാല്‍ ശബരിമല വിശ്വാസികളുടെതാണ്. ആക്ടിവിവിസ്റ്റുകള്‍ ശക്തി തെളിയിക്കാനുള്ള ഇടമായി ഈ പുണ്യഭൂമിയെ മാറ്റരുത് എന്നും കടകംപള്ളി കുറച്ച് മുമ്പ് വ്യക്തമാക്കി.

സംഘർഷമുണ്ടാക്കാതെ മടങ്ങാൻ പോലീസിന് വകുപ്പ് മന്ത്രിയുടെ നിർദേശം.


ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി


അവിശ്വസികൾക്കു വേണ്ടി എന്തിനു പോലീസ് ഇങ്ങനെ കാണിച്ചു എന്ന് മന്ത്രി ശ്രീ കടകമ്പളി സുരേന്ദ്രൻ.

പോലീസിന്റെ നടപടിയിൽ കടുത്ത അതൃപ്തി ഡിജിപി യോട് അറിയിച്ചു മന്ത്രി

ഐജി യുവതികളുമായി സംസാരിക്കുന്നു. പ്രതിഷേധം നടക്കുന്ന കാര്യം അവരെ അറിയിക്കുന്നു.


യുവതികളുമായി കൂടി സംസാരിക്കണമെന്ന് ഐജി. അവരുടെ നിയമപരമായ അവകാശം കൂടി സംരക്ഷിക്കണം.


വിശ്വാസികളുടെ വികാരം വൃണപ്പെടുത്തില്ല. എന്നാല്‍ ശബരിമലയില്‍ എത്തിയ യുവതികളുടെ അവകാശവും മാനിക്കണം. ഉന്നത ഉദ്യോഗസ്ഥറുമായി ആലോചിച്ച ശേഷം തീരുമാനമെന്നും ഐജി ശ്രീജിത്


പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളുടെ മലകയറ്റം നടപ്പന്തലില്‍ നിര്‍ത്തി. മടങ്ങാനുള്ള നിര്‍ദേശം നല്‍കിയതായി സൂചന


ഐ ജി ശ്രീജിത്ത് പ്രതിഷേധക്കാരുമായി സംസാരിക്കുന്നു. അനുനയ നീക്കവുമായി പോലീസ്. തീര്‍ഥാടകരെ ഉപദ്രവിക്കാന്‍ ഉദ്ദേശമില്ലെന്ന് ഐ ജി. ഞങ്ങള്‍ ബലം പ്രയോഗിക്കാന്‍ വന്നവരല്ല, നിയമം നടപ്പിലാക്കാന്‍ വന്നവരെന്നു ഐ ജി.


രണ്ടു വനിതകളുമായി പോലീസ് സംഘം നടപ്പന്തലില്‍. ശരണം വിളികളുമായി പ്രതിഷേധക്കാര്‍.

200 ഓളം പോലീസുകാര്‍ നടപ്പന്തലില്‍


ശബരിമല ക്ഷേത്ര സന്നിധാനത്തേയ്ക്ക് ഒരു വനിത മാധ്യമപ്രവര്‍ത്തക കൂടി പോകുന്നു. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയാണ് ഇന്ന് കനത്ത പൊലീസ് സുരക്ഷയില്‍ മല കയറുന്നത്. പൊലീസ് വേഷത്തില്‍ ജാക്കറ്റും ഹെല്‍മെറ്റുമെല്ലാമായാണ് യാത്ര. നീലിമല വഴി സന്നിധാനത്തേയ്ക്ക് പോകുന്ന ഇവര്‍ക്കൊപ്പം കൊച്ചി സ്വദേശിയായ ഒരു മലയാളി യുവതിയുമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല.

ജോലി സംബന്ധമായ ആവശ്യത്തിന് സന്നിധാനത്തേയ്ക്ക് പോകണമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത ഇന്നലെ രാത്രി പൊലീസിനെ സമീപിക്കുകയായിരുന്നു. രാവിലെ തിരിക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചു. അതേസമയം യുവതി സന്നിധാനത്തേയ്ക്ക് പോകുന്ന കാര്യം പ്രതിഷേധക്കാര്‍ അറിഞ്ഞിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാര്‍ ഇവരെ അനുഗമിക്കുമെന്ന് മാതൃഭൂമി പറയുന്നു. 150 പൊലീസുകാരാണ് ഇവര്‍ക്കൊപ്പമുള്ളത്.

ഇന്നലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം അക്രമികള്‍ തടഞ്ഞതിനെ തുടര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസ് ഡല്‍ഹി ബ്യൂറോ ചീഫ് സുഹാസിനി രാജിന് സന്നിധാനത്തെത്താനായിരുന്നില്ല. സുഹാസിനിയേയും സംഘത്തേയും അസഭ്യവര്‍ഷവുമായാണ് ആചാര സംരക്ഷകര്‍ നേരിട്ടതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മരക്കൂട്ടം വരെ എത്തിയ ഇവര്‍ തിരിച്ചുപോരുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ സുരക്ഷയൊരുക്കണമെന്ന് സുഹാസിനി ആവശ്യപ്പെട്ടെങ്കിലും പിന്നീട് പൊലീസിന്റേയും സുഹൃത്തുകളുടേയും അഭ്യര്‍ത്ഥന പരിഗണിച്ച് തിരിച്ചിറങ്ങുകയായിരുന്നു.

സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിന് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സ്ത്രീകളെ തടയുന്നത് കോടതിയലക്ഷ്യമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറായാല്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.

https://www.azhimukham.com/kerala-ensure-peace-provide-security-to-women-wishing-to-visit-sabarimala-temple-centre-to-kerala-govt/

https://www.azhimukham.com/kerala-sabarimala-women-entry-and-attacks-in-nilakkal-report-by-krishna/

https://www.azhimukham.com/newsupdate-youngwoman-will-visit-sabarimalatemple-policesecurity-womensentry/


Next Story

Related Stories