TopTop
Begin typing your search above and press return to search.

സബീന എന്ന ചിന്തിക്കുന്ന സ്ത്രീ

സബീന എന്ന ചിന്തിക്കുന്ന സ്ത്രീ

ഞാന്‍ കണ്ണടച്ച് നടക്കുകയാണ്. എന്റെ കൈയ്യില്‍ വിരലുകള്‍ കോര്‍ത്ത് സബീന കൂടെയുണ്ട്, നയിക്കുന്നത് അവരാണ്. സ്വിറ്റ്‌സര്‍ലന്‍ഡ് ആണോ റഷ്യയാണോ എന്നൊന്നും അറിയില്ല, പക്ഷെ കാലഘട്ടം എനിക്കറിയാം; സ്ത്രീകളുടെ പെരുമാറ്റ ചട്ടക്കൂടുകള്‍ക്ക് ബലമേറിയ അനേകം അഴികള്‍ ഉണ്ടായിരുന്ന കാലമാണ്. പ്രശസ്തിയുടെ കൊടുമുടി കയറുന്ന വിവാഹിതനായ ഒരു യുവ ഡോക്ടറെ പ്രണയിക്കാനും അതേക്കുറിച്ച് തുറന്നെഴുതാനും തന്റെ വികാരങ്ങളെ കൂസലില്ലാതെ ന്യായീകരിക്കാനും ധൈര്യം കാണിച്ച സബീന ജീവിച്ചിരുന്ന അതേ കാലം.

ചരിത്രം സബീനയെ അപ്രത്യക്ഷയായ പ്രതിഭ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ത്രീകളുടെ കഴിവുകളെ, അവരുടെ സംഭാവനകളെ അപ്രത്യക്ഷമാക്കി എഴുതപ്പെട്ടിട്ടുള്ളതാണല്ലോ അല്ലെങ്കിലും 'his-tory' എന്നും. എനിക്കവര്‍ അപ്രത്യക്ഷയായിരുന്നില്ല. ഇന്നും ജീവിക്കുന്ന, അഭിമാനപൂര്‍വ്വം ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ്. ഫ്രോയിഡിനേയും കാള്‍ യുംഗിനേയും ചിന്തകളാല്‍ സ്വാധീനിച്ച മിടുമിടുക്കിയാണ്.

യുംഗിന്റെ കീഴില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗിയായാണ് സബീന സമൂഹത്തിന്റെ കണ്ണുകളില്‍ ആദ്യം എത്തുക. കര്‍ക്കശസ്വഭാവമുള്ള മാതാപിതാക്കള്‍ ഏല്‍പ്പിച്ച മാനസിക ക്ഷതങ്ങളോട് കൂടിയാണ് യുംഗിന് തന്റെ രോഗിയെ കിട്ടിയത്.

'യുംഗ് എന്നില്‍ അയാളുടെ മാതാവിനെയാണ് കണ്ടിരുന്നത്, അറിയാമോ? സബീന ചോദിച്ചു.

'ഇല്ല എനിക്കറിയില്ല'- ഞാന്‍ ഉത്തരം കൊടുത്തു.

വളഞ്ഞു പുളഞ്ഞ വഴിയിലൂടെ നടക്കുമ്പോള്‍ അവര്‍ വിശദീകരിച്ചു; 'മന:ശാസ്ത്ര മേഖലയില്‍ തന്റെ യാത്ര തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ യുംഗ് അന്ന്. എന്റെ പെരുമാറ്റം, അതിലെ തീവ്രതകള്‍ യുംഗിന് ഒരു ദേജാവൂ ആയിരുന്നു, ഇതൊക്കെയും അയാള്‍ വളരെ ചെറുപ്പം മുതലേ അയാളുടെ മാതാവിലും കണ്ടിരുന്നതാണ്. ആ സാദൃശ്യമാവണം എന്നിലേക്ക് അയാളെ അടുപ്പിച്ചത്.'

ഞാന്‍ സമ്മതിച്ചില്ല. ഉള്ളിലെ സംഘര്‍ഷങ്ങള്‍ മനസ്സിലാക്കുന്ന, അതിനെയെല്ലാം ഒപ്പിയെടുക്കുന്ന മാര്‍ഗ്ഗമായിരുന്നു സബീനയ്ക്ക് യുംഗ്. പക്ഷേ അയാളോട് പ്രണയമെന്ന് വാദിക്കുന്നതിനെ ഞാന്‍ സമ്മതിക്കുന്നില്ല. എന്റെ വിശകലനത്തില്‍ തന്റെ ഉള്ളില്‍ നടന്ന വടംവലികളെ യുംഗില്‍ ഏല്‍പ്പിച്ചിട്ട് സ്വസ്ഥമായി ജീവിതത്തിലേക്ക് കടക്കാനുള്ള അവസരമായിരുന്നു സബീനയ്ക്ക് യുംഗ്. നിങ്ങള്‍ തമ്മില്‍ ഇടയ്ക്കുണ്ടായ ചേര്‍ച്ചക്കുറവ് അതിനയല്ലേ സൂചിപ്പിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അവര്‍ അത് അംഗീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യാതെ അതിനേക്കുറിച്ച് എന്നോട് വിശദീകരണമാണ് ആവശ്യപ്പെട്ടത്.

ഞങ്ങള്‍ നടന്നെത്തിയ ചെറിയ ഊടുവഴിയുടെ അറ്റത്ത് തടാകമായിരുന്നു. ഞാന്‍ കണ്ണ് തുറന്നു നോക്കി. ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചില്‍ ഞങ്ങളിരുന്നു, കൈയ്യിലെ പിടി വിട്ടിട്ടില്ല. ഇത് റഷ്യയല്ല, ഞാനീ ചിത്രം എവിടെയോ കണ്ടിട്ടുണ്ട്. ഇവിടിരുന്നാല്‍ തടാകവും ദൂരെ ആല്‍പ്‌സ് പര്‍വ്വതങ്ങളും കാണുന്നുണ്ട്. പക്ഷെ ഞാന്‍ വീണ്ടും കണ്ണടച്ചു.

സംഘര്‍ഷഭരിതമായ മനസ്സ് പുതുപ്പിറവിയെടുത്ത വാത്തിനെ പോലെയാണ്, ആദ്യം കിട്ടുന്ന ആശ്രയത്തില്‍ അത് വല്ലാതെ അടുത്ത് പോകും. അതല്ലാതെ മറ്റൊന്നും തന്റേതല്ല എന്ന് കരുതും, അതിലേയ്ക്ക് ചാഞ്ഞു പോകും. അങ്ങനെ കിട്ടിയ ചായ്‌വിനെ അല്ലേ നീ പ്രണയമെന്ന് തെറ്റിദ്ധരിച്ചത് '? ഞാന്‍ വാദിച്ചു.

വാത്തോ! എന്ന് ചോദിച്ച് സബീന ചിരിച്ചു.

'ഇത്തരം ബന്ധമില്ലാത്ത ഉദാഹരണങ്ങള്‍ പറയാന്‍ എന്നെ എന്റെ കാമുകന്‍ പഠിപ്പിച്ചതാണ്', ചെറുതായി ചൂളിയ ഞാനും ചിരിയില്‍ പങ്കുകൊണ്ടു. വീണ്ടും ഉത്തരം തന്നില്ല. ചിലപ്പോള്‍ ശരിയായിരിക്കും, ചിലപ്പോള്‍ തെറ്റായിരിക്കും. പക്ഷേ യുംഗിന്റെ പരിചരണത്തില്‍ രോഗം മാറിയ സബീന, ഡോക്ടര്‍ ആവാന്‍ പുറപ്പെട്ടു. ജിജ്ഞാസയുടെ നിറകുടമായിരുന്നു സബീന. ഒരുപാട് വായിക്കുകയും എഴുതുകയും അതിലുപരി ചിന്തിക്കുകയും ചെയ്ത സ്ത്രീ. മെഡിക്കല്‍ സ്‌കൂളില്‍ ഒരു പെണ്‍കുട്ടി സബീനയോട് സ്ഥിരമായി സംശയങ്ങള്‍ ചോദിക്കാന്‍ വന്നിട്ട് ഉത്തരങ്ങളിലെ വൈമുഖ്യം കാണുമ്പോള്‍ 'പക്ഷെ നിങ്ങളൊരു ചിന്തിക്കുന്ന സ്ത്രീയാണ്' എന്ന് മറുപടി പറഞ്ഞിരുന്നു.

'സ്വന്തമായി ചിന്തിക്കാന്‍ ശേഷിയുള്ള സ്ത്രീ', മതത്തേയും അധികാരിവര്‍ഗത്തേയും ഇന്നും ഭയപ്പെടുത്തുന്ന ഇനമാണത്. അതേ, സബീന ചിന്തിയ്ക്കുന്ന സ്ത്രീയായിരുന്നു. അവിഹിത ബന്ധങ്ങളുടെ കെട്ടുപാടില്‍, തനിക്കുള്ള ഒരേയൊരു മാനസികസുഖത്തിന്റെ സ്രോതസ്സില്‍ അവര്‍ അടിമപ്പെട്ടു പോയിരുന്നില്ല.

ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം സബീന സംസാരിച്ചു.

'എന്റെ സ്വാതന്ത്ര്യമാണ് ഞാന്‍ ആര്‍ജ്ജിച്ച ഒരേയൊരു വസ്തു; എന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഈ അമൂല്യ നിധിയെ ഞാന്‍ പ്രതിരോധിക്കും. എന്റെ വ്യക്തിത്വത്തിന് മേല്‍ ഏല്‍പ്പിക്കപ്പെടുന്ന ഏറ്റവും ചെറുതായ ഒരു അഭിപ്രായം പോലും ഞാന്‍ സഹിച്ചുകൊടുക്കില്ല. അതെത്ര ലാഘവത്തോടെയുള്ള നിര്‍ദ്ദേശമായാലും തീവ്രമായ മതപ്രഭാഷണം പോലെയേ എന്നില്‍ തിരിയൂ, അതെന്നെ രോഷാകുലയാക്കുന്നു'

ഞാന്‍ അത്ഭുതപ്പെട്ടു, എന്തൊരു ശക്തയായ സ്ത്രീയാണ്! സ്വന്തം നിലനില്‍പ്പിനായി ആശ്രയിക്കേണ്ടി വരുന്ന പുരുഷന്‍ ചെയ്യുന്ന എന്ത് കൊള്ളരുതായ്മയും ന്യായീകരിക്കേണ്ടി വരുന്ന, അതിനായി സ്വന്തം വ്യക്തിത്വം ഏതു രീതിയിലും വളച്ചൊടിക്കുന്ന സ്ത്രീകളുള്ള കാലത്താണ് സബീന ഇത് പറഞ്ഞത്. അതേ സ്ത്രീകള്‍ ഉള്ള കാലത്താണ് ഞാനത് കേള്‍ക്കുന്നത്!

'നിന്റെ മാനസികസംഘര്‍ഷങ്ങള്‍ ഒരിക്കലും നിന്നെയൊരു പുരുഷന്റെ അടിമയാക്കിയില്ലല്ലോ എന്ന് ഞാന്‍ ആശ്വസിക്കുന്നു', ഞാന്‍ പറഞ്ഞു. ഒരു കൂട്ടം യുവാക്കളും യുവതികളും ഞങ്ങളുടെ മുന്നിലൂടെ സൈക്കിളില്‍ കലപില ചിലച്ച് കടന്നു പോയി. വേനലാണ്, എല്ലാവരും വെയില്‍ കായുന്ന വിനോദങ്ങളില്‍ മുഴുകുന്നുണ്ട് ചുറ്റിനും. 'ഞാന്‍ ജീവിക്കുന്ന നൂറ്റാണ്ടിലും സ്ത്രീകള്‍ ചിന്തിക്കുന്നുണ്ട്', ഒരാശ്വാസം പോലെ ഞാന്‍ വീണ്ടും സംസാരിച്ചു തുടങ്ങി. സബീന മൂളിക്കേട്ടുകൊണ്ട് ചോദിച്ചു, 'വിദ്യാഭ്യാസം നല്‍കുന്നുണ്ടോ? എന്റെ മാതാപിതാക്കള്‍ കര്‍ക്കശക്കാരായിരുന്നു എങ്കിലും അവരെനിക്ക് നല്ല വിദ്യാഭ്യാസം തന്നിരുന്നു. ആദ്യ ദിവസം മെഡിക്കല്‍ സ്‌കൂളില്‍ ഞാനാകെ ഒറ്റപ്പെട്ടു പോയത് പോലെ തോന്നിയിരുന്നു. എനിക്ക് അവിടുത്തെ കുട്ടികളുമായി ഇടപഴകാന്‍ കഴിഞ്ഞില്ല, എന്റെ സ്വഭാവം ഗൌരവമേറിയതാണ്, അറിയാമല്ലോ, എന്തിനേയും സമഗ്രമായും വിമര്‍ശനാത്മകമായും സമീപിക്കാന്‍ ആണെനിക്കിഷ്ടം. എന്റെ സ്വതന്ത്ര വ്യക്തിത്വം എന്നെ അവരിലേക്ക് അടുപ്പിക്കില്ലേ എന്ന് ഞാന്‍ ഭയന്നിരുന്നു. ആ സമയത്ത് പഠനം ഉപേക്ഷിച്ചാലോ എന്നും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ശാസ്ത്രപഠനം ഇല്ലാതിരുന്നു എങ്കില്‍, എനിക്കതില്‍ മുഴുകാന്‍ കഴിഞ്ഞില്ലായിരുന്നു എങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെ! വിവാഹം കഴിച്ചു കൂടുകയോ? എന്റെ വ്യക്തിത്വം അടിയറവ് വെയ്‌ക്കേണ്ടുന്ന ആ അവസ്ഥ എന്നെ ഭയപ്പെടുത്തുന്നു. എനിക്ക് കഴിയില്ല തന്നെ!'

സബീനയുടെ വാക്കുകള്‍ തടാകത്തിന് മുകളിലൂടെ ഉയര്‍ന്ന് ആല്‍പ്‌സ് പര്‍വ്വതനിരകളും കടന്ന് കാലവും ദേശവും അതിജീവിക്കുന്ന പോലെ ഭൂമിയെ ആവരണം ചെയ്‌തെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു! ഞങ്ങളുടെ നാട്ടിലും വിദ്യാഭ്യാസത്തിന് പ്രാധാന്യമുണ്ട് സബീന, പക്ഷെ അത് ധനം സമ്പാദിക്കാനോ ഒരു ഭര്‍ത്താവിനെ സമ്പാദിക്കാനോ ഉള്ള എളുപ്പവഴി മാത്രമാണ്. ചിന്തിക്കാന്‍ അത് പ്രേരിപ്പിക്കുന്നില്ല. മൃഗങ്ങളെ വളര്‍ത്തുന്നത് പോലെ പുതിയ തലമുറയെ ഉണ്ടാക്കാനുള്ള ഗോമാതാക്കള്‍ മാത്രമാക്കുന്നു സ്ത്രീയെ! സ്വജാതി, മതം എന്നിവയില്‍ നിന്ന് കുട്ടികള്‍ വിട്ടുപോകാതിരിക്കാന്‍ സിദ്ധാന്തോപദേശം ചേര്‍ത്താണ് വിദ്യാഭ്യാസം. വികാരവും വിചാരവും പണത്തില്‍ ഊന്നിയാണ് സമൂഹം വളര്‍ത്തുന്നത്.

സബീന ഇടയ്ക്ക് കയറിപ്പറഞ്ഞു; 'ഓ! നീ മാര്‍ക്‌സിസ്റ്റ് ആണല്ലോ, അതാണ് വികാരങ്ങളെ സാമൂഹിക രാഷ്ട്രീയ കാരണങ്ങളാല്‍ വിലയിരുത്തുന്നത്. വികാരങ്ങളുടെ ശരിക്കുള്ള കാരണം എന്തെന്ന് നാം ഒരിക്കലും അറിയില്ല, ആര്‍ക്കും ഇതുവരെ അറിയില്ലല്ലോ. മാര്‍ക്‌സ് കുറച്ച് അതിശയോക്തി കലര്‍ത്തിയാണ് അത്തരത്തില്‍ പറഞ്ഞെതെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്'.

'എങ്കില്‍ നിന്റെ ആ നിരീക്ഷണം തെറ്റാണ് എന്ന് ഞാന്‍ പറയും. ബോധവും അബോധവും ഉണ്ടാവുന്നത് ഒരു തരത്തില്‍ പുറമേ നിന്നുള്ള അനുഭവങ്ങളില്‍ നിന്നാണ്. ഇന്ദ്രിയങ്ങള്‍ എന്ന വാതിലുകള്‍ വഴി കയറി വരുന്നവയൊക്കെ തന്നെയാണ് വികാരങ്ങളും ചിന്തകളും രൂപം കൊള്ളാന്‍ കാരണമാകുന്നത്; മാര്‍ക്‌സ് പറഞ്ഞത് ശരി തന്നെയാണ്' - ഞാന്‍ കയര്‍ത്തു.

പക്ഷെ ചരിത്രം അവരെ അപ്രത്യക്ഷയാക്കിയിരുന്നു. നാസികള്‍ എന്ന ഭ്രാന്തന്‍ വര്‍ഗ്ഗം അവരെ ഇല്ലാതാക്കിയിരുന്നു. സബീന ഒന്നും മിണ്ടാതെ എഴുന്നേറ്റ് നടന്നു. ഞാന്‍ ഒറ്റയ്ക്കായി. എന്റെ ആ വാദങ്ങള്‍ക്ക് പ്രതിവാദം കേള്‍ക്കാന്‍ കഴിയില്ല. അതിനുത്തരം തരാന്‍ കാലം അനുവദിച്ചില്ല, എന്റെ മതിഭ്രമങ്ങളില്‍ അതിനുത്തരം ഇല്ല. സബീന എന്ന സ്ത്രീയോടൊപ്പം ഞാനും ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ചോദിച്ചേനെ, വാദിച്ചേനെ.

സബീന സ്പിയെല്‍റീന്‍: നവംബര്‍ 1885-ല്‍ റഷ്യയില്‍ ഒരു ജൂത കുടുംബത്തില്‍ ജനിച്ചു. പിതാവ് നാഫ്ത്തല്‍ ഒരു വ്യാപാരിയും മാതാവ് എമിലിയ ഒരു ദന്തഡോക്ടറും ആയിരുന്നു. സൈക്കോഅനാലിസിസ്‌ന്റെ പിറവിയും വളര്‍ച്ചയും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്ത് ആ ശാഖയില്‍ ആദ്യമായി ഒരു പ്രബന്ധം അവതരിപ്പിച്ച വനിതയാണ് സബീന. അനേകം പ്രധാനപ്പെട്ട സംഭാവനകള്‍ ആ ശാസ്ത്രമേഖലയ്ക്ക് സബീന നല്‍കിയിട്ടുണ്ട്. അവരുടെ പ്രബന്ധത്തിലെ ആശയങ്ങള്‍ പിന്നീട് ഫ്രോയ്ഡ് തന്റെ പ്രസിദ്ധീകരണങ്ങളില്‍ അവലംബിച്ചിട്ടുണ്ട്. 1911-ല്‍ വിയന്നയില്‍ നടന്ന സൈക്കോഅനാലിറ്റിക്ക് സൊസൈറ്റിയുടെ യോഗത്തില്‍ അതിലേക്ക് അംഗത്വം ലഭിച്ചു, ഇത് ലഭിക്കുന്ന രണ്ടാമത്തെ വനിതാ ഡോക്ടര്‍ ആണ് സബീന. ഈ സൊസൈറ്റിയോട് അനുബന്ധിച്ച് അവര്‍ വ്യാപകമായി ക്ലാസുകളും പ്രസിദ്ധീകരണങ്ങളും നടത്തിയിരുന്നു. റഷ്യയില്‍ കുട്ടികള്‍ക്ക് വേണ്ടി സ്വന്തമായി ഒരു മന:ശാസ്ത്ര ക്ലിനിക്കും സ്‌കൂളും തുടങ്ങുകയും അതില്‍ സമ്പൂര്‍ണ്ണമായി തന്റെ കഴിവുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 1942-ല്‍ 56-ആം വയസ്സില്‍ സബീനയെ രണ്ട് മക്കള്‍ക്കൊപ്പം റഷ്യയില്‍ വെച്ച് ജര്‍മ്മനിയുടെ നാസിപ്പട വെടിവെച്ച് കൊല്ലുകയായിരുന്നു.

കാള്‍ യുംഗ്: സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ലോകപ്രശസ്ത ചിന്തകനും മന:ശാസ്ത്രജ്ഞനുമായിരുന്നു. അനലിറ്റിക്കല്‍ സൈക്കോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന യുങ്ങ്, സിഗ്മണ്ട് ഫ്രോയ്ഡിനു ശേഷം ലോകത്ത് ഏറ്റവും പ്രശസ്തനായ മനഃശാസ്ത്രജ്ഞന്‍ ആണ്.


Next Story

Related Stories