UPDATES

പെട്രോളിംഗ് നടത്തിയാല്‍ അപകടം കുറയുമോ? മോട്ടോര്‍ വാഹനവകുപ്പ് ചെയ്യുന്നത്

ശരണപാത-സുരക്ഷിതപാത എന്ന മുദ്രവാക്യമുയര്‍ത്തി ശബരിമല തീര്‍ത്ഥാടകര്‍ക്കായി മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന സേഫ് സോണ്‍ പദ്ധതി വകുപ്പ് ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറയ്ക്കുകയാണെന്നാണ് ആക്ഷേപം

Avatar

സമീര്‍

മണ്ഡലകാലത്ത് അയ്യപ്പന്‍മാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കുക എന്ന പേരില്‍ മോട്ടോര്‍വാഹന വകുപ്പ് പൊടിക്കുന്നത് ലക്ഷങ്ങളെന്ന് ആരോപണം. ശരണപാത-സുരക്ഷിതപാത എന്ന മുദ്രവാക്യമുയര്‍ത്തി ശബരിമല തീര്‍ത്ഥാടകര്‍ക്കായി മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന സേഫ് സോണ്‍ പദ്ധതി, വകുപ്പ് ഉദ്യോഗസ്ഥരുടെ പോക്കറ്റ് നിറയ്ക്കുകയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ തന്നെ സൂചിപ്പിക്കുന്നത്.

നാല് കൊല്ലങ്ങള്‍ക്ക് മുമ്പാണ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത പാതയൊരുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതി ആരംഭിക്കുന്നത്. റോഡ് സുരക്ഷ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക ചെലവാക്കുന്നത്. 80-85 ലക്ഷത്തില്‍പ്പരം രൂപയാണ് ഓരോവര്‍ഷവും ഈ പദ്ധതിക്കായി മോട്ടോര്‍വാഹന വകുപ്പ് ചെലവിടുന്നത്. മോട്ടോര്‍വാഹന വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥരെയാണ് സേഫ് സോണ്‍ ചുമതലക്കായി നിയമിച്ചിരുന്നത്. അധികാരമൊഴിഞ്ഞതിന് ശേഷമുള്ള ഇവരുടെ അധികാരപ്രയോഗവും പണത്തിന്റെ ഉപയോഗവും നേരായ രീതിയില്ലെന്നാണ് ആരോപണം.

ശബരിമലയില്‍ എത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ തകരാറില്‍ ആവുകയാണെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തി യാത്ര സജ്ജമാക്കി നല്‍കുകയെന്ന ലക്ഷ്യത്തോടയാണ് സേഫ് സോണ്‍ ആരംഭിക്കുന്നത്. ഇതിന്റെ ചുമതല വാഹന നിര്‍മാതക്കളുടെ സര്‍വീസ് വിഭാഗത്തിനാണ്. ഇവരുടെ പ്രത്യേക വിഭാഗങ്ങള്‍ പ്രവര്‍ത്തനത്തിന് ഉണ്ടായിരിക്കും. ഇവര്‍ക്ക് മേല്‍നോട്ടം വഹിക്കുക എന്നതു മാത്രമായിരുന്നു ആദ്യകാലത്ത് മോട്ടോര്‍വാഹന വകുപ്പിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഇതിന്റെ പിന്നിലെ സാമ്പത്തിക ലാഭം മനസ്സിലാക്കിയതിനെ തുടര്‍ന്ന് മോട്ടോര്‍വാഹന വകുപ്പ് ഈ പദ്ധതി മൊത്തത്തില്‍ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ആരോപണം. അയ്യപ്പന്‍മാര്‍ക്ക് സുരക്ഷയൊരുക്കുവാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഉദ്യോഗസ്ഥരെയാണ് മോട്ടോര്‍ വാഹന വകുപ്പ് ശബരിമലയിലേക്കുള്ള പാതകളില്‍ അണിനിരത്തുന്നത്. വാഹനങ്ങള്‍ തകരാറിലാകുമ്പോള്‍ പരിഹരിക്കുന്നത് വാഹനനിര്‍മാണ കമ്പനികളുടെ മൊബൈല്‍ യൂണിറ്റുകളായിരിക്കും. മേല്‍നോട്ടം വഹിക്കാന്‍ മാത്രം ഉദ്യോഗസ്ഥരും.

അപകടങ്ങള്‍ കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നു മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. എന്നാല്‍ ഓരോ വര്‍ഷവും അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതല്ലാതെ, കുറയുന്നില്ല. ശബരിമലയിലേക്കുള്ള വഴിയില്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന്റെ പ്രധാനകാരണം റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണവും മറ്റുമാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പട്രോളിംഗിന് നിയോഗിച്ചാല്‍ അപകടങ്ങള്‍ക്കു കുറവുണ്ടാകുകയില്ലെന്നു തുറന്നു സമ്മതിക്കുന്നത് ഇതു സംബന്ധിച്ച വിവരം തന്ന മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ ഒാരോ ഓഫീസുകളില്‍ നിന്നും 45-ല്‍ അധികം വാഹനങ്ങളാണ് സേഫ് സോണിനായി ഉപയോഗിക്കുന്നത്. ഇതിന് പ്രത്യേകം വാഹന സൗകര്യം ഒരുക്കണമെന്നു മോട്ടോര്‍വാഹന വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വാഹനം നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

safe-zone

ഒരോ ദിവസം കിലോമീറ്ററുകളോളം രാത്രിയും പകലുമായി പട്രോളിങ് നടത്തണമെന്നാണ് ജീവനക്കാര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് അക്ഷരംപ്രതി അനുസരിക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം കിട്ടുന്നുണ്ടോ എന്നു മാത്രം ചോദിക്കരുത്. ഉദ്യോഗസ്ഥന്മാര്‍ വണ്ടിയില്‍ കറങ്ങി നടക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ആക്ഷേപം. ഇന്ധനനഷ്ടം മാത്രം മിച്ചം. പട്രോളിങ് നടത്തുന്നതിനിടയില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ രണ്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുമുണ്ട്. ഇതില്‍ ഒരു ഡ്രൈവറുടെ കൈ ഒടിഞ്ഞു. ജീവനക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ജോലിയെടുപ്പിക്കുന്നതെന്ന ആക്ഷേപവും ഇതിനൊപ്പം ഉയരുന്നുണ്ട്. ട്രാഫിക്ക് നടപടികള്‍ക്ക് പരിശീലനം ലഭിച്ചിട്ടുള്ള ട്രാഫിക്ക് പോലീസ് രംഗത്ത് ഉള്ളപ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പ് അവിടുത്തെ ഉദ്യോഗസ്ഥരെയും വാഹനങ്ങളെയും ഉപയോഗിച്ച് സേഫ് സോണ്‍ നടത്തുന്നത്. വാഹനങ്ങള്‍ നന്നാക്കുന്നതിനോ, അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ രക്ഷപ്പെടുത്തുന്നതിനോ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല. വയര്‍ലെസുകളോ, മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഈയൊരവസ്ഥയിലാണ് മറ്റ് വിഭാഗത്തിന്റെ സഹായത്തോടെ നടത്തുന്ന രക്ഷപ്രവര്‍ത്തനത്തിനായി ലക്ഷങ്ങള്‍ പൊടിക്കുന്നത്.

എന്നാല്‍ പുറമേ വരുന്ന വാര്‍ത്തകള്‍ മോട്ടോര്‍വാഹന വകുപ്പ് സുരക്ഷിതപാത അയ്യപ്പന്‍മാര്‍ക്കായി ഒരുക്കുന്നുവെന്ന തരത്തിലാണ്. മണ്ഡലകാലത്ത് ഇത്രയും ജീവനക്കാരെയും വാഹനങ്ങളും ശബരിമല ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നതിനാല്‍ മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തനവും താളം തെറ്റുന്നു. അപകടമുണ്ടാകുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് രക്ഷകരാകുന്നുവെന്ന തരത്തില്‍ പ്രചാരണം നടക്കുമ്പോള്‍ സര്‍ക്കാരും സത്യത്തില്‍ കാര്യമറിയാതെ ആട്ടം കാണുകയാണ്. പെട്രോളിങ് നടത്തിയാല്‍ അപകടം കുറയുന്നത് എങ്ങനെയാണെന്നും പ്രധാനസ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ച് നിരീക്ഷിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലേയെന്നും ചില ഉദ്യോസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

മണ്ഡലകാല ആരംഭത്തോടെ പോലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, ട്രാഫിക്ക് പോലീസ് എന്നിവരുടെ വിപുലമായ സേവനം ഇവിടെ ലഭിക്കുന്നുണ്ട്. മോട്ടേര്‍വാഹന വകുപ്പിന്റെ സേവനം ആവശ്യമാണെങ്കില്‍ അപകടമേഖലകളില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ മതിയെന്നാണ് ചിലരുടെ പക്ഷം. രാവും പകലും വാഹനങ്ങളില്‍ കയറി ചീറിപ്പാഞ്ഞ് നടന്നതുകൊണ്ട് ജനങ്ങളുടെ നികുതി പണം കളയാമെന്നല്ലാതെ സുരക്ഷയൊരുക്കാന്‍ പറ്റില്ലെന്ന പക്ഷം ശക്തമാണ്. റോഡ് സുരക്ഷാഫണ്ടില്‍ നിന്നും പണം വഴിമാറ്റി ചെലവഴിക്കുന്നതും, ഈ ഫണ്ടില്‍ നിന്നും അനാവശ്യമായി പണം കൈക്കലാക്കുന്നതും പതിവായിരിക്കുകയാണ്. കോടികളാണ് റോഡ് സോഫ്റ്റി അതോറിറ്റിയുടെ ഫണ്ടില്‍ ഉള്ളത്. വാഹന ഉപയോക്തക്കള്‍ നടത്തുന്ന നിയമലംഘനങ്ങളുടെ പിഴ വന്ന് ചേരുന്നത് റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടിലേക്കാണ്. റോഡ് സുരക്ഷക്ക് വേണ്ടുന്ന കാര്യങ്ങളാണ് ഈ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കേണ്ടത്. എന്നാല്‍ പലപ്പോഴും റോഡ്‌ സുരക്ഷക്കോ വികസനത്തിന് വേണ്ടുന്ന യാതൊരു നടപടിയും ഈ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പ് നടത്താറില്ല.

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് സമീര്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍