TopTop
Begin typing your search above and press return to search.

ആർഎസ്എസ് നുണപ്രചാരണത്തിന്റ തുറവൂർ മോഡൽ

ആർഎസ്എസ് നുണപ്രചാരണത്തിന്റ തുറവൂർ മോഡൽ

അഴിമുഖം പ്രതിനിധി

കുറ്റവാളികളെപ്പോലെ എസ്.ഐയുൾപ്പടെ നാലു പോലീസുകാർ നിസഹായരായി ജീപ്പിനുള്ളിൽ കഴിച്ചു കൂട്ടിയത് മണിക്കൂറുകള്‍. സംഘപരിവാർ പ്രവർത്തകർ കൊലവിളിയുമായി അപ്പോഴും വാഹനത്തിനു നേരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. വയർലസ് സംവിധാനം തകരാറിലാക്കുകയും ചില്ലുകൾ തകർക്കുകയും ചെയ്തു. കുത്തിയത്തോട് സി.ഐ. സജീവും പോലീസ് സംഘവുമെത്തി ഇവരെ മോചിപ്പിക്കുന്നതുവരെ സംഘർഷാവസ്ഥ തുടർന്നു.

മാധവം ബാലികാ സദനത്തിലെ വിവാഹത്തോട് അനുബന്ധിച്ചുള്ള സംഭവങ്ങൾ ചോദിച്ചാൽ പോലീസുകാരുടെ കണ്ണുകളിൽ ഇപ്പോഴും നേരിയ ഭയം കാണാൻ കഴിയും. കൂട്ട ആക്രമണത്തിനിടെ വലതുകൈക്ക് ഒടിവു പറ്റിയ എസ്.ഐ. എഎൽ അഭിലാഷിനെ ജീപ്പിനുള്ളിൽ കയറ്റി ഇരുത്തിയപ്പോഴും ആരോരുമില്ലാത്ത പെൺകുട്ടിയുടെ വിവാഹത്തിന് നൽകാൻ കുത്തിയതോട് സ്‌റ്റേഷനിലെ പോലീസുകാർ സ്വരൂപിച്ച നൽകിയ 4,000 രൂപ ഗോപാലകൃഷ്ണൻ എന്ന എ.എസ്.ഐ കയ്യിൽ നഷ്ടപ്പെടാതെ സൂക്ഷിച്ചിരുന്നു.

അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പെന്നു പറയുന്നപോലെ എസ്.ഐയുടെ കൈ തല്ലിയൊടിക്കുകയും ജീപ്പിന് കേടുപാടുവരുത്തുകയും ചെയ്തിട്ടും മതിയാകാഞ്ഞ സംഘപരിവാര്‍ ചേർത്തല താലൂക്കിൽ ഹർത്താലും നടത്തി.

ഞായറാഴ്ചയാണ് ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ വളമംഗലം എന്ന ഗ്രാമത്തിൽ മാധവം ബാലികാ സദനത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത്. സമയം ഉച്ചയ്ക്ക് 12.30. എസ്.ഐയുൾപ്പടെയുള്ളവർ ക്ഷണമനുസരിച്ച് മാധവം ബാലികാ സദനത്തിൽ അഞ്ജുവിന്റെ വിവാഹത്തിനു പോകാൻ തീരുമാനിച്ചു. കൂനിശേരി ക്ഷേത്രം തേവലപ്പൊഴി റോഡിൽ മാധവത്തിലേക്കു വാഹനം തിരിയുമ്പോഴാണ് വീടാക്രമണക്കേസിലെ പ്രതിയായ വളമംഗലം ആഞ്ഞിലിക്കാപ്പള്ളി കോളനിയിൽ ശരൺ(20) റോഡരികിൽ നിൽക്കുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. പോലീസിനെ കണ്ട ശരൺ ഓടാൻ ശ്രമിച്ചു. തുടർന്ന് പഴയ വാർഡ് മെമ്പർ ജോർജിന്റെ വീടിനു സമീപത്തുവച്ച് പോലീസ് ശരണിനെ പിടികൂടി.

ശരണിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ ആഞ്ഞിലാക്കപ്പിള്ളി കോളനിയിൽ രതീഷിനും ഭാര്യ സിമി(26), മകൾ വൈഗ(4) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇരുമ്പുവടികൊണ്ട് ജനാല അടിച്ചുപൊട്ടിച്ചപ്പോൾ ചില്ലുകൾ വൈഗയുടെ മുഖത്ത് തുളച്ചു കയറി. ഇത്തരത്തിൽ ക്രൂരമായ ആക്രമണം നടത്തിയ പ്രതി ഒളിവിൽ കഴിയവെയാണ് വിവാഹത്തിനെത്തിയത്. ക്രിമിനൽ കുറ്റം ചെയ്തയാളാണെങ്കിലും മാധവം ബാലികാ സദനത്തിലെ വിവാഹത്തലേന്നു മുതൽ ശരൺ സജീവമായിരുന്നു. സംഘപരിവാർ - ബിജെപിയുടെയും മുതിർന്ന നേതാക്കൾ സ്ഥലത്തുള്ളപ്പോൾ നടന്ന ഈ അറസ്റ്റ് പാർട്ടിക്കും നേതാക്കൾക്കും വലിയ നാണക്കേടുണ്ടാക്കി.

തുടർന്ന് വിവാഹത്തിൽ പങ്കെടുക്കാനായി പോലീസ് മാധവത്തിലെത്തി. ഊട്ടുപുരയുടെ കോമ്പൗണ്ടിനു മുന്നിലെ ഗേറ്റിൽ എസ്.ഐ. ഇറങ്ങി അകത്തേക്കു നടന്നു. വാഹനം അകത്തേക്കു കയറ്റിയിടാൻ പ്രവർത്തകർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വാഹനം അകത്തേക്കു കയറ്റി. ഈ സമയം ആർ.എസ്.എസ് ജില്ലാ കമ്മിറ്റിയംഗം അഡ്വ.ആർ രാജേഷും എസ്.ഐയുമായി വാക്കേറ്റമുണ്ടായി. എസ്.ഐയുടെ തോളിൽ പിടിച്ചു തള്ളിയ രാജേഷിനെ എസ്.ഐ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. തുടർന്നാണ് എസ്.ഐ വളഞ്ഞിട്ടാക്രമിക്കപ്പെടുന്നത്. ഇതിനിടയിൽ വടികൊണ്ട് തലയ്ക്കടിച്ചത് തടഞ്ഞപ്പോള്‍ കയ്യൊടിഞ്ഞു. ഇതുകണ്ട് ഓടിയെത്തിയ പോലീസുകാർ അക്രമികളിൽ നിന്ന് എസ്.ഐയെ രക്ഷിച്ച് ജീപ്പിനുള്ളിൽ കയറ്റി. ഉടൻ തന്നെ അക്രമാസക്തരായ പ്രവർത്തകർ ജീപ്പിന്റെ താക്കോൽ ഊരിയെടുക്കുകയും ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു.

ക്ഷണമനുസരിച്ച് വിവാഹത്തിനെത്തിയ പോലീസ് സംഘത്തെ ആര്‍എസ്എസുകാര്‍ ആക്രമിച്ചു; കേസ് വഴിതിരിച്ചു വിടാന്‍ നാളെ ഹര്‍ത്താല്‍

എന്തുചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു ജീപ്പിനകത്തിരിക്കാൻ മാത്രമേ പോലീസിനു കഴിഞ്ഞുള്ളൂ. ഈ സമയത്ത് കല്ലിനിടിച്ച് ജീപ്പിന്റെ മുൻ ഭാഗത്തെ ചില്ലു തകർത്തു. വയർലസ് സംവിധാനം തകരാറിലായി. സൈഡ് ഗ്ലാസുകൾ അടിച്ചു തകർത്തു. പിന്നീട് കുത്തിയതോട് സി.ഐ. കെ. സജീവനും സംഘവുമെത്തി നേതാക്കളുമായി ഏറെ നേരം ചർച്ച നടത്തിയതോടെ മണിക്കൂറുകൾക്കുശേഷം ഗേറ്റ് തുറന്നു. പിന്നീടാണ് പരിക്കേറ്റ പോലീസുകാരെ തുറവൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഈ സമയം റിപ്പോര്‍ട്ടിംഗിനായി ആശുപത്രിയിലെത്തിയ കൊച്ചിൻ ചാനലിന്റെ റിപ്പോർട്ടർ കുഞ്ഞുമോനെ ഒരു സംഘം ആക്രമിച്ചു. വാർത്തയെടുത്ത് മടങ്ങിയ കുഞ്ഞുമോനെ ചീത്തവിളികളുമായി പാഞ്ഞടുത്ത സംഘം പുറത്തടിച്ചു. പോലീസിന്റെ ഇടപെടൽ മൂലമാണ് കുഞ്ഞുമോൻ കൂടുതൽ മർദ്ദനമേൽക്കാതെ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് അഡ്വ.എ.എം ആരിഫ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി അക്ബർ, ചേർത്തല ഡി.വൈ.എസ്.പി ആർ. റസ്റ്റം എന്നിവർ ആശുപത്രിയിലെത്തി.

ഇതാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ തുറവൂരിൽ അരങ്ങേറിയത്. കർത്തവ്യ നിർവഹണം തടസപ്പെടുത്തൽ, പോലീസ് വാഹനത്തിനു കേടുപാടുവരുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ പൊതു സ്ഥലത്ത് കയ്യേറ്റം ചെയ്യൽ എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ടാൽ പ്രവർത്തകർക്ക് ജാമ്യം കിട്ടില്ലെന്നുറപ്പായ സംഘപരിവാര്‍ അവരുടെ കുനിഷ്ടുബുദ്ധി പ്രയോഗിച്ചു. സംഭവം നടന്ന പിന്നാലെ പായസവും ചോറും സാമ്പാറും കമിഴിത്തിയശേഷം പോലീസാണ് അക്രമം കാട്ടിയതെന്ന് വരുത്തിത്തീർത്തു. ഇതിനായി സോഷ്യൽ മീഡിയയെയാണ് അധികമായി പ്രയോജനപ്പെടുത്തിയത്. പോലീസുകാർ വിവാഹം അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും എസ്.ഐയ്‌ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട് സംഘപരിവാർ സംഘടനകൾ തിങ്കാളാഴ്ച ചേർത്തല താലൂക്കിൽ ഹർത്താൽ ആചരിച്ചു.ഇത്രയും വളമംഗലത്ത് പ്രത്യക്ഷമായി അരങ്ങേറിയ കാര്യങ്ങളാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അഴിമുഖം നടത്തിയ അന്വേഷണത്തിൽ വെളിവായതിങ്ങനെ. ആഴ്ചകൾക്കു മുമ്പ് കോൺഗ്രസ് കോടംതുരുത്ത് മണ്ഡലം വൈസ് പ്രസിഡന്റായ കോടംതുരുത്ത് പഞ്ചായത്ത് 15ാം വാർഡ് എമ്മാനുവൽ നിവാസിൽ മാത്യു (42)വിനെ ആക്രമിച്ച കേസിൽ മൂന്നുപേരെ കുത്തിയതോട് പോലീസ് പിടികൂടിയിരുന്നു. കോടംതുരുത്ത് പഞ്ചായത്ത് 15ാം വാർഡിൽ കരീത്തറവീട്ടിൽ ജിൻസ് (22), തുരുത്തുങ്കൽത്തറ സജിത് (20), ഇല്ലംതറ നികർത്ത് വീട്ടിൽ സന്ദീപ് (20) എന്നിവരെയാണ് പിടികൂടിയത്. ഇവർ മൂന്നുപേരും ആർഎസ്എസ് പ്രവർത്തകരാണ്. ഇവവരുടെ അറസ്റ്റിൽ പ്രവർത്തകർക്കുള്ള അമർഷം ശരണിന്റെ അറസ്റ്റുകൂടിയായപ്പോൾ ആളിപ്പടർന്നു. കുറേ ആഴ്ചകളായി സിപിഎം - ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ അരൂർ മണ്ഡലത്തിൽ പലയിടത്തായി ഏറ്റുമുട്ടുന്നുണ്ടായിരുന്നു. ഈ പ്രശ്‌നങ്ങളിലൊക്കെയും പോലീസ് നിഷ്പക്ഷമായിട്ടാണിടപെട്ടത്. എന്നാൽ സംഘപ്രവർത്തകരെ അറസ്റ്റുചെയ്യുന്നതിൽ വലിയ എതിർപ്പുണ്ടായിരുന്നു.

ഞായറാഴ്ച ആക്രമണം നടത്തിയവർ അധികവും ദൂരെ നിന്നെത്തയവരാണെന്നാണ് പോലീസ് പറയുന്നത്. അഡ്വ. രാജേഷിനെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തിനു പോയ എസ്.ഐയെ ആക്രമിക്കുകയായിരുന്നെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നൽകിയ റിപ്പോർട്ട്. അഭിഭാഷകനായ രാജേഷ് നിയമപാലകരെ പരസ്യമായി അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതെന്നത് ഗൗരവമേറിയ ഒന്നായിട്ടാണ് നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നോക്കിക്കാണുന്നത്.

ബി.ജെ.പി - ആർ.എസ്.എസ് ശക്തികേന്ദ്രങ്ങളിലൊന്നാണ് തുറവൂർ പഞ്ചായത്ത്. ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി എൽ. പത്മകുമാർ, ആര്‍.എസ്.എസ് ജില്ലാ നേതാവ് ജയകൃഷ്ണൻ എന്നു തുടങ്ങി നിരവധി പേരുടെ സ്ഥലമാണ് വളമംഗലം. വിവാഹം പ്രമാണിച്ച് അവിടെത്തിയ നേതാക്കൾക്കെല്ലാം വലിയ നാണക്കേടുണ്ടാക്കിയ എസ്.ഐയെ ആക്രമിക്കണമെന്ന് മുൻ കൂട്ടി നേതൃത്വം തീരുമാനിച്ചിരുന്നു. നേതൃത്വം പ്ലാൻ ചെയ്ത രംഗങ്ങൾ സംഘപ്രവർത്തകർ കൃത്യമായി ആടിത്തീർത്തു. ജീപ്പു വന്നു നിന്നതു മുതൽ ഗേറ്റു പൂട്ടുന്നതുവരെ മുൻ കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു. പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി ജീപ്പ് കോമ്പൗണ്ടിൽ കയറ്റുമ്പോൾ അപകടം പതിയിരിക്കുന്നത് പോലീസുകാർ അറിഞ്ഞില്ല.

തുറവൂർ, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളുടെ പരിധിയിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ ബന്ധപ്പെട്ട ആക്രമണങ്ങളാണ് കഴിഞ്ഞ കുറേ നാളുകളായി അരങ്ങേറുന്നത്. കർഷക മോർച്ച അരൂർ നിയോജകമണ്ഡലം പ്രസിഡന്റ് വി.ആർ.ബൈജുവിനെ ആക്രമിച്ച കേസിൽ പറയകാട് കൈന വളപ്പിൽ സെബിൻ (26), കുത്തിയതോട് രണ്ടാം വാർഡ് പള്ളിത്തോട് പനക്കത്തറവീട്ടിൽ ജിത് (27), കുത്തിയതോട് മൂന്നാം വാർഡ് പറയകാട് അശ്വനിഭവനിൽ അഭിലാഷ് (35), കുത്തയതോട് നാല് പറയകാട് ചുടുകാട്ടിൽ ബിനീഷ് (39), കുത്തിയതോട് മൂന്നാം വാർഡ് കൈനവളപപ്പിൽ ജോൺസൺ (35) എന്നിവരെ കുത്തിയതോട് എസ്.ഐ എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പികൂടിയിരുന്നു. പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നാണ് ബൈജു പോലീസിൽ നൽകിയ മറുപടി. എന്നാൽ സത്യമതല്ലായിരുന്നു. പ്രതികളിൽ പലരെയും പലതവണ ബൈജു ഉൾപ്പടെയുള്ളവർ ആക്രമിച്ചിട്ടുണ്ട്.


Next Story

Related Stories