Top

രാഷ്ട്രീയക്കാര്‍ക്ക് കോഴ: സഹാറയ്ക്ക് നികുതിക്കുരുക്കില്‍ നിന്ന്‌ ഇളവ്; രേഖകള്‍ വ്യാജമാണെന്ന വാദത്തിനും അംഗീകാരം

രാഷ്ട്രീയക്കാര്‍ക്ക് കോഴ: സഹാറയ്ക്ക് നികുതിക്കുരുക്കില്‍ നിന്ന്‌ ഇളവ്; രേഖകള്‍ വ്യാജമാണെന്ന വാദത്തിനും അംഗീകാരം
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നരേന്ദ്ര മോദി, മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് തുടങ്ങി നിരവധി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് കോഴ നല്‍കിയ ആരോപണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന സഹാറ ഡയറി വിവാദം അപ്രതീക്ഷിത തലത്തിലേക്ക്. അസാധാരണ ഉത്തരവിലൂടെ സഹാറ ഇന്ത്യയെ ശിക്ഷാ നടപടികളില്‍ നിന്നും പിഴയൊടുക്കലില്‍ നിന്നും ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ (ഐടിഎസ്‌സി) മോചിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയനേതാക്കള്‍ക്ക് അവിഹിതമായി പണം നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നു 2014 നവംബറില്‍ ആരംഭിച്ച റെയ്ഡ് നടപടികളുടെ ഭാഗമായുള്ള നിയമകുരുക്കുകളില്‍ നിന്നാണ് ഐടിഎസ്‌സി സഹാറയെ ഇതോടെ രക്ഷപ്പെടുത്തുന്നത്. ഒപ്പം,  റെയ്ഡിനിടയില്‍ കണ്ടെത്തിയ മോദി ഉള്‍പ്പെടെയുള്ളവരുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയ രേഖകളുടെ ആധികാരികത തെളിയിക്കാന്‍ ആദായ നികുതി വകുപ്പിന് കഴിഞ്ഞിട്ടില്ല എന്ന സഹാറ ഗ്രൂപ്പിന്റെ വാദവും അംഗീകരിച്ചുകൊണ്ടാണ് ഐടിഎസ്‌സി അവര്‍ക്കനുകൂലമായ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കള്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ മുമ്പാകെയുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് സംഘടനയ്ക്കു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടെങ്കിലും മതിയായ തെളിവുകള്‍ ഇല്ല എന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഈ ആവശ്യം നിരാകരിക്കുകയും കേസ് ഈ മാസം 11-നു വീണ്ടും പരിഗണിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. അതിനിടയിലാണ് ഐടിഎസ്സിയുടെ ഭാഗത്ത് നിന്ന്‍ തിടുക്കത്തിലുള്ള ഉത്തരവ് ഉണ്ടായിരിക്കുന്നത്. ഫലത്തില്‍ കേസ് ഇനി സുപ്രീം കോടതി പരിഗണിക്കുമ്പോഴും ആദായ നികുതി വകുപ്പിന്റെ സെറ്റില്‍മെന്‍റ് കമ്മീഷന്‍ തന്നെ ഈ രേഖകള്‍ തളിക്കളഞ്ഞിട്ടുള്ളതാണെന്ന് എതിര്‍പക്ഷത്തിന് വാദിക്കാന്‍ സാധിക്കും.

തങ്ങളെ നടപടികളില്‍ നിന്ന്‍ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് സഹാറ നേരത്തെ ഐടിഎസ്‌സിയെ സമീപിച്ചിരുന്നെങ്കിലും അന്നത് തള്ളിയിരുന്നു. എന്നാല്‍ കമ്പനി കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് പുതിയ നടപടി ഐടിഎസ് സി സ്വീകരിച്ചിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്ന ദി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പറയുന്നു.സഹാറയുടെ വാദവുമായി ബന്ധപ്പെട്ട് മൂന്നു ഹിയറിംഗുകള്‍ മാത്രം കേട്ട് കമ്പനിക്ക് അനുകൂലമായ ഉത്തരവ് ഇറക്കുകയായിരുന്നു സെറ്റില്‍മെന്റ് കമ്മിഷന്‍ ചെയ്തത്. 2016 നവംബര്‍ 10 നായിരുന്നു ഇങ്ങനെയൊരു ഉത്തരവ് വരുന്നത്. അവസാന ഹിയറിംഗ് കഴിഞ്ഞു മൂന്നു ദിവസം മാത്രം പിന്നിട്ടപ്പോള്‍. സാധാരണഗതിയില്‍ ഇത്തരമൊരു ഓര്‍ഡര്‍ ഐടിഎസ് സി ഇറക്കുന്നത് അവസാന ഹിയറിംഗ് കഴിഞ്ഞ 18 മാസങ്ങളെങ്കിലും കഴിഞ്ഞായിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇങ്ങനെയൊരു ഉത്തരവ് വരുന്നത് വളരെ അസാധാരണമായ നടപടിയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ ചിലര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

50 പേജുകള്‍ വരുന്ന സഹാറയുമായി ബന്ധപ്പെട്ടുള്ള ഐടിഎസ് സിയുടെ ഓഡറിന്റെ അവസാന പേജില്‍ പറയുന്നത് റെയ്ഡിനിടയില്‍ 137.58 കോടി രൂപമാത്രമാണ് പിടിച്ചെടുത്തതെന്നും കമ്പനി ആ തുകയ്ക്കുള്ള നികുതി മാത്രം ഒടുക്കിയാല്‍ മതിയെന്നുമാണ്. അതും 12 തവണകളായി അടച്ചാല്‍ മതിയാകും. തങ്ങള്‍ ഇപ്പോള്‍ വളരെ ദുര്‍ഘടം പിടിച്ച അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനാല്‍ നികുതി അടയ്ക്കാന്‍ തവണ വ്യവസ്ഥകള്‍ അനുവദിച്ചു തരണമെന്നുമുള്ള സഹാറയുടെ അഭ്യര്‍ത്ഥനയും ഓഡറില്‍ വ്യക്തമാക്കുന്നുണ്ട്.

തങ്ങള്‍ക്കെതിരേയുള്ള രേഖകള്‍ കമ്പനിക്കെതിരേ നില്‍ക്കുന്ന ചില ജീവനക്കാര്‍ വ്യാജമായി ചമച്ചതാണെന്നാണ് സഹാറ, ഐടിഎസ് സിക്കു മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നത്.

14 പാര്‍ട്ടികളില്‍ നിന്നായി നൂറിലേറെ രാഷ്ട്രീയക്കാര്‍ക്ക് അവിഹിതമായിമായി പണം നല്‍കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന സഹാറ ഡയറിയുടെ കമ്പ്യൂട്ടര്‍ പ്രിന്റ് ഔട്ടുകളും കമ്പനിയുടെ ലൂസ് ഷീറ്റുകളും ഐടിഎസ്‌സിയുടെ ഓഡറിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഈ സഹാറ ഡയറിയിലെ വിവരങ്ങള്‍വച്ചാണ് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രധാനമന്ത്രി മോദിക്കെതിരായി അഴിമതിയാരോപണം ഉയര്‍ത്തിയത്. ഗുജറാത്ത് മുഖ്യമന്ത്രിയിരിക്കുമ്പോള്‍ മോദി സഹാറയില്‍ നിന്നും 55 കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

റെയ്ഡിനിടയില്‍ പിടിച്ചെടുത്ത രേഖകള്‍ സംബന്ധിച്ച് കമ്പനിയുടെ വിശദീകരണം അംഗീകരിച്ചുകൊണ്ട് ഉത്തരവില്‍ ഇങ്ങനെ പറയുന്നു: സഹാറ ഇന്ത്യയിലെ ഒരു ജീവനക്കാരനും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ് ഇങ്ങനെയൊരു വ്യാജ രേഖ തയ്യാറാക്കിയത്. ചെയര്‍മാന്റെ ഓഫിസിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനോടുള്ള വ്യക്തിവിരോധമായിരുന്നു ഇതിനു പിന്നില്‍. ആ ഉദ്യോഗസ്ഥന്‍ പ്രസ്തുത ജീവനക്കാരനോട് വളരെ മോശമായ രീതിയില്‍ പെരുമാറുകയും അമിത ജോലി ചെയ്യിപ്പിക്കുകയും ചെയ്തിരുന്നുവത്രേ. ഇതുമൂലം തങ്ങളുടെ കുടുംബജീവിതം വരെ തകരാറിലായതിന്റെ പകയിലാണ് ഇത്തരമൊരു ക്യത്യത്തിലേക്ക് തിരിയാന്‍ അവര്‍ക്ക് പ്രേരണയായതും.

നേരത്തെ 2700 കോടി രൂപയാണ് കണക്കില്‍ പെടാത്തതായി സഹാറയില്‍ നിന്ന്‍ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് കാണിച്ചിരുന്നതെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ പിന്നീട് നടന്ന ചര്‍ച്ചകളുടെ ഭാഗമായി ഇത് 1217 കോടി രൂപയായി കണക്കാക്കി. ആദ്യം ഈ കണക്ക് സഹാറ അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് അവര്‍ ഇതിനെതിരെ ഹര്‍ജി നല്‍കുകയായിരുന്നു. അതാണ് ഇപ്പോള്‍ 137 കോടി രൂപയുടെ നികുതി മാത്രം ഒടുക്കിയാല്‍ മതി എന്നതിലേക്ക് ഒതുക്കിയിരിക്കുന്നത്.

രേഖകള്‍ ഉണ്ടാക്കിയതായി കമ്പനി ആരോപിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഉത്തരവിലുണ്ടെങ്കിലും പണം കൈപ്പറ്റിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല. ആദായ നികുതി വകുപ്പിന് ഈ രേഖകളുടെ ആധികാരികത തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തങ്ങള്‍ക്ക് മുമ്പാകെ അത്തരത്തിലുള്ള രേഖകളൊന്നും സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.


Next Story

Related Stories