TopTop
Begin typing your search above and press return to search.

സാഹിറ ഒരു കവിതയാണ്

സാഹിറ ഒരു കവിതയാണ്

വിഷ്ണു എസ് വിജയന്‍

സാഹിറ ഒരു കവിതയാണ്! സ്വന്തം ജീവിതം കവിതയാക്കി മാറ്റിയ പെണ്‍കുട്ടി! സാഹിറയെ ആദ്യമായി കാണുന്നത് ജെ എന്‍ യു വിഷയത്തില്‍ പ്രതിഷേധിച്ച് എ ഐ വൈ എഫ് തിരുവന്തപുരത്ത് സംഘടിപ്പിച്ച സമരജ്വാലയില്‍ വെച്ചാണ്. അന്നവള്‍ അവിടെ കവിത ചൊല്ലി, കഥ പറഞ്ഞു, രാഷ്ട്രീയം സംസാരിച്ചു, മതമെന്ന മനുഷ്യനെ മയക്കുന്ന കറുപ്പിനെ പറ്റി പ്രസംഗിച്ചു. ചിരിച്ചുകൊണ്ടവള്‍ അവളുടെ ജീവിതവും പറഞ്ഞു.

സാഹിറ എന്ന പത്തൊന്‍പതു വയസുള്ള മലപ്പുറത്തുകാരി എഴുതിയതും പറഞ്ഞതുമൊന്നും ആരുടേയും പക്കല്‍ നിന്ന് കടമെടുത്തതോ, പ്രചോദനം കിട്ടിയതോ അല്ല. സ്വന്തം ജീവിതം എന്ന തീച്ചൂളയില്‍ ഉരുക്കി രാകിയെടുത്ത വാക്കുകളാണത്.

രണ്ടു പുസ്തകങ്ങള്‍ സാഹിറയുടേതായി പുറത്തു വന്നിട്ടുണ്ട്. ആ രണ്ടു പുസ്തകങ്ങളിലൂടെ ഈ പെണ്‍കുട്ടി സമൂഹത്തിനു മുന്നില്‍ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നു. മലപ്പുറത്തെ യാഥാസ്ഥിതിക പെണ്‍ ജീവിതങ്ങളെ മുഖ്യധാരയിലെക്കെത്തിക്കാന്‍ ത്രാണിയുള്ള വിധം അവള്‍ മാറിയിരിക്കുന്നു. കവിത മാറ്റിമറിച്ച ജീവിതമാണ് സാഹിറയുടേത്. ജീവിതത്തെപ്പറ്റി, എഴുത്തിനെപ്പറ്റി, രാഷ്ട്രീയത്തെപ്പറ്റി സാഹിറ പറയുകയാണ്.

കുട്ടിക്കാലം ഒരു അയ്യപ്പന്‍ കവിതപോലെ
അയ്യപ്പന്റെ അശാന്തമായ അക്ഷരങ്ങള്‍ പോലെയാണ് കുട്ടിക്കാലം എന്ന് പറയുന്നതില്‍ തെറ്റൊന്നും ഇല്ല. മഴയെ സ്‌നേഹിക്കാന്‍ കഴിയാത്ത, നക്ഷത്രങ്ങളെ നോക്കി കഥ പറയാന്‍ കഴിയാതെ പോയ കുട്ടിക്കാലം ഇപ്പോഴും പൊള്ളുന്ന രോര്‍മ്മയാണ്. ഉറ്റവരെല്ലാം ഉണ്ടായിരുന്നിട്ടും ഒരു അനാഥജീവിതം. മാതാപിതാക്കള്‍ മിശ്രവിവാഹിതരായിരുന്നു. പ്രണയത്തിന്റെ പേരില്‍ കുറിയിട്ട് നടന്ന അയ്യപ്പന്‍ പെട്ടെന്ന് റഷീദായി പരകായ പ്രവേശം ചെയ്യേണ്ടി വന്നു. മതം മാറിയതോടെ അയ്യപ്പനെ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു. ഒരു ഹിന്ദുവിനെ പ്രേമിച്ചതിന്റെ പേരില്‍ അമ്മ മറിയക്ക് കുടുംബത്തിനു പുറത്തു പോകേണ്ടി വന്നു. മതം മാറിയെത്തിയിട്ടും റഷീദിനെ മരുമകനായി സ്വീകരിക്കാന്‍ മലപ്പുറത്തെ തനി മുസ്ലീം പാരമ്പര്യ പ്രമാണിയായ മറിയത്തിന്റെ വാപ്പക്ക് കഴിഞ്ഞില്ല.

കുടുംബത്തിനു പുറത്തായതോടെ രണ്ടാളും ഒരു വാടക വീട്ടിലേക്കു താമസം മാറ്റി. അവിടെയാണ് ജനനം. നാട്ടില്‍ ഉപ്പാക്ക് കൂലിപ്പണിയായിരുന്നു. സ്ഥിരമായൊരു ജോലി ഇല്ലാതെ വന്നതോടെ പട്ടിണിയായി. അന്ന് മുതല്‍ പട്ടിണിയെ കൂടെക്കൂട്ടിയതാണ്. ഇപ്പോള്‍ അതിന്റെ സഹചാരിയാണ്. തോറ്റുകൊടുക്കാന്‍ തയ്യാറാകാത്തതുകൊണ്ട് കുടുംബസമേതം ഗോവയിലേക്ക് വണ്ടികയറി. അവിടെയൊരു മിഠായി ഫാക്ടറിയില്‍ ഉപ്പായ്ക്ക് ചെറിയൊരു ജോലി തരപ്പെട്ടു. ഉമ്മയും ഉപ്പയും പുതിയൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. അവിടെവച്ചാണ് അനിയത്തി ഷഹന ജനിക്കുന്നത്.

എന്നാല്‍ കരുതിയതുപോലെയൊന്നും ജീവിതം പച്ച പിടിച്ചില്ല. അഞ്ചു വയസു വരെ ഗോവയിലായിരുന്നു. വീട്ടുവാടക കൊടുക്കാന്‍ നിവൃത്തിയില്ലാതായതോടെ നാട്ടിലേക്ക് മടങ്ങാനാലോചിച്ചു. അതിനും പ്രതിസന്ധി. വണ്ടിക്കൂലിപോലും കൈയിലില്ല. ഒടുവില്‍ കള്ളവണ്ടി കയറേണ്ടി വന്നു. വണ്ടിയില്‍ അനിയത്തിയെയും മാറത്തടക്കി അമ്മ വിങ്ങിപ്പൊട്ടുന്നത് ഇപ്പോഴും എന്റെ നെഞ്ച് പൊള്ളിക്കുന്നുണ്ട്. വീണ്ടും മലപ്പുറം; ഒരു തവണ ഉപേക്ഷിച്ചു പോയ പ്രശ്‌നങ്ങളുടെ മണ്ണിലേക്ക് വീണ്ടുമൊരിക്കല്‍ക്കൂടി.

നാട്ടില്‍ വന്ന ശേഷവും പലപല വീടുകളിലായി താമസിച്ചു. വാടക കൊടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഇറക്കി വിടുന്നതും ഉമ്മയുടെ കരച്ചിലും ഒരു സ്ഥിരം കാഴ്ചയായി മാറി. ചുടുകല്ല് ഫാക്ടറിയുടെ മെഷീനുകള്‍ വെക്കുന്ന ഷെഡില്‍ പോലും അന്തിയുറങ്ങിയിട്ടുണ്ട്. ആകാശം കണ്ടു മതിയായിരിക്കുന്നു ഇക്കാലയളവില്‍!

പിന്നീടാണ് സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നത്. എന്നാല്‍ അതിലൊരു കൂരകെട്ടാനുള്ള ഗതിയില്ലായിരുന്നു. പലവഴിയും നോക്കി ഒടുവില്‍ ഉപ്പ അവിടെയൊരു ഷെഡ് തട്ടിക്കൂട്ടി അങ്ങോട്ടേക്ക് മാറി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് നന്മ എന്നൊരു സംഘടന മുന്‍കൈ എടുത്ത് വീട് കെട്ടിത്തരുന്നത്, പക്ഷെ അപ്പോഴും അതിനു ബാത്ത്‌റൂമും അടുക്കളയും ഒന്നും ഉണ്ടായിരുന്നില്ല. എന്നാലും മഴ നനയാതെ കയറിക്കിടക്കാന്‍ ഒരിടം. ഇപ്പോള്‍ വീടിന്റെ പണി വീണ്ടും നടക്കുന്നുണ്ട്. അതിപ്പോള്‍ ചെയ്യുന്നത് സിപിഐയുടെ ഓണ്‍ലൈന്‍ കൂട്ടായ്മയാണ്.അവള്‍ കവിതയാകുന്നു; ജീവിതം മാറുന്നു
ജീവിതത്തിനു വലിയ നിറങ്ങളൊന്നും വന്നിട്ടില്ല. എന്നാലും എവിടെയൊക്കെയോ ചെറിയ മാറ്റങ്ങള്‍. അതിനു പലരോടും കടപ്പെട്ടിരിക്കുന്നു. അക്ഷരങ്ങളോട്, എഴുതിയ അക്ഷരം കണ്ടെത്തി പുറംലോകത്തെത്തിച്ചവരോട്, രാഷ്ട്രീയം പഠിപ്പിച്ച, നിവര്‍ന്നു നില്‍ക്കാന്‍ പഠിപ്പിച്ച സംഘടനയോട്...

ഇരുമ്പിളിയം ഗവണ്‍മെന്റ് എച്ച് എച്ച് എസ്സില്‍ പ്ലസ്ടു പഠിക്കുമ്പോള്‍ ആണ് ആദ്യമായി കവിത എഴുത്ത് എന്ന 'തലതിരിഞ്ഞ' പ്രവര്‍ത്തി തുടങ്ങുന്നത്. അതുവരെ ചെറിയ കഥകള്‍ ഒക്കെ ആയിരുന്നു എഴുതിക്കൊണ്ടിരുന്നത്. നാട്ടുകാരനായ മാധ്യമ പ്രവര്‍ത്തകന്‍ അനീഷ് ആണ് കവിതകളിലേക്കു വഴിമാറാന്‍ നിമിത്തം. എന്തേലും എഴുതി കൊടുക്കു എന്ന് എപ്പോഴും നിര്‍ബന്ധിക്കുമായിരുന്നു. അങ്ങനെയാണ് ആദ്യമായി കവിത എഴുതുന്നത്. ആദ്യമെഴുതുന്ന കവിതകള്‍- മടയന്‍, കാഴ്ച്ച. അത് എല്ലാവര്‍ക്കും വളരെ ഇഷ്ടമായി. അങ്ങനെയാണ് കവിതയുടെ വഴികളിലേക്ക് തിരിഞ്ഞത്. പിന്നീടാണ് എഴുതിക്കൂട്ടിയതെല്ലാംകൂടി 'സാഹിറയുടെ കവിതകള്‍' എന്ന പേരില്‍ യുവകലാസാഹിതി പ്രസിദ്ധീകരിക്കുന്നത്. അതിന് അത്യാവശ്യം നല്ല രീതിയില്‍ പ്രചാരണം ലഭിക്കുകയുണ്ടായി. എഴുതിക്കൊടുക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല കവിതകള്‍ ജനങ്ങള്‍ സ്വീകരിക്കും എന്ന്.

അതിനു ശേഷം ഈ വര്‍ഷം 'അവള്‍ കവിത' എന്ന പേരില്‍ രണ്ടാമത്തെ കവിതാസമാഹാരം പുറത്തിറക്കി. പകുതിയും എന്റെ ജീവിതം തന്നെയാണ് അതിലുള്ളത്. എന്റെ ജീവിതം, കണ്ണുനീര്‍, ആര്‍ത്തവം, പ്രണയം, സംഗീതം...

രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ മാറുന്നു
യുവകലാസാഹിതി വഴിയാണ് എഐഎസ്എഫ് എന്ന വിദ്യാര്‍ഥി സംഘടനയിലേക്ക് വരുന്നത്. ആ കടന്നുവരവ് എന്റെ രാഷ്ട്രീയ പൊതുബോധത്തില്‍ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. മലപ്പുറം പോലൊരു രാഷ്ട്രീയ ഭൂമികയില്‍ നിന്ന് ഒരു പെണ്‍കുട്ടി പുരോഗമന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന സംഘടനയിലേക്ക് ഇറങ്ങിച്ചെല്ലുക എന്ന് പറയുന്നത് വലിയ കാര്യം തനെയാണ്. അതിന്റെ പേരില്‍ പലയിടത്തു നിന്നും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കുത്തുവാക്കുകള്‍, ഭീഷണികള്‍ അങ്ങനെയങ്ങനെ. പക്ഷെ കറുത്ത മുഖപടം കൊണ്ട് മുഖവും മനസും മറച്ചിരിക്കാന്‍ മനസില്ല എനിക്ക്. ജീവനുള്ളിടത്തോളംകാലം മതമേലാളന്മാരുടെ മുന്നില്‍ തോറ്റുകൊടുക്കാനും മനസില്ല. കാരണം എന്റെ ഊര്‍ജം മഴ നഞ്ഞും വെയിലുകൊണ്ടും നേടിയതാണ്. കോഴി ബിരിയാണി തിന്നുണ്ടാക്കിയതല്ല! (ഇപ്പോള്‍ എഐഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പറാണ് സാഹിറ).ഫാസിസ്റ്റ് കാലത്തെ പെണ്ണെഴുത്ത്
എഴുതുന്നെങ്കില്‍ ഇക്കാലത്ത് എഴുതണം. പറയാനുള്ളത് പറയണം. ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ ചങ്കുറപ്പോടെ പൊരുതാനാണ് ശ്രമിക്കേണ്ടത്. എഴുതുക തന്നെ ചെയ്യും. തടയാന്‍ എത്തുന്നവരുടെ ഊക്ക് കൂടും, കാരണം എഴുതുന്നത് ഒരു പെണ്ണാണല്ലോ.

സുഗതകുമാരിയുടെ 'കുറിതൊട്ട' കവിതകളെക്കാള്‍ എനിക്കിഷ്ടം സമരഗാനങ്ങള്‍ തന്നെയാണ്. നമ്മള്‍ പറയുന്നു നമ്മള്‍ ഒരുപാട് ഉയരെയാണെന്ന്. എന്നാല്‍ നമ്മളിപ്പോഴും വെറും മണ്ണായിയിത്തന്നെ കിടക്കുകയാണ്; വെറും മണ്ണ്.

സംഘപരിവാരത്തിന് എതിര്‍ ശബ്ദങ്ങളെ ഭയമാണ്. അതുകൊണ്ടാണ് അവര്‍ കള്ളക്കേസുകളില്‍ കുടുക്കുകയും, ആത്മഹത്യ ചെയ്യിക്കുകയും ഒക്കെ ചെയ്യുന്നത്. നമ്മള്‍ ഒറ്റക്കെട്ടായി തിരികെ പ്രതിരോധിച്ചാല്‍ ഒടുങ്ങുന്നതെയുള്ളൂ ഈ പ്രശ്ങ്ങള്‍. എന്നാല്‍ പ്രതികരിക്കില്ല, മിണ്ടാതിരിക്കും. അവസാനം തന്റെ വീട്ടിലും വന്നു വാളോങ്ങുമ്പോള്‍ പ്രതികരിച്ചിട്ട് കാര്യമില്ല.

ഇവിടെ വേറെ ഒന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഹൈന്ദവ ഫാസിസത്തിനു സമാന്തരമായി ഇസ്ലാമിക ഭീകരവാദവും വളര്‍ന്നു വരുന്നുണ്ട്. മുന്‍പത്തേക്കാള്‍ കരുത്തരാണവര്‍. അവരെ എന്തേ എല്ലാരും കണ്ടില്ലാന്നു നടിക്കുന്നു? അവരെയും നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്.

മാത്രവുമല്ല നമ്മുടെ സമരങ്ങള്‍ വെറും പ്രഹസനങ്ങളായി പോകുകയാണോ എന്ന് സംശയമുണ്ട്. കനയ്യയെപ്പറ്റി സംസാരിക്കുന്നവര്‍ എന്തുകൊണ്ട് ഗിലാനിയെയും ഉമര്‍ ഖാലിദിനെയും മറന്നു? നമ്മള്‍ കനയ്യയെ നേതാവാക്കി അതേ സമയം ഉമറിനെ മറന്നു. അയാളെ സംരക്ഷിക്കാനും നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്...

സാഹിറ സംസാരിച്ചുകൊണ്ടേയിരുന്നു. വാക്കുകളാണ് അവളുടെ ആയുധം. കവിതയാണ് നിലപാടുതറ.(അഴിമുഖം ട്രെയിനി റിപ്പോര്‍ട്ടറാണ് ലേഖകന്‍)Next Story

Related Stories