TopTop
Begin typing your search above and press return to search.

അംബേദ്ക്കര്‍ - സഹോദരന്‍ അയ്യപ്പന്‍; പൊതുരാഷ്ട്രീയഭാവനകളില്‍ ഈ സാമ്യതകള്‍ അവഗണിക്കപ്പെട്ടതെന്തുകൊണ്ട്?

അംബേദ്ക്കര്‍ - സഹോദരന്‍ അയ്യപ്പന്‍; പൊതുരാഷ്ട്രീയഭാവനകളില്‍ ഈ സാമ്യതകള്‍ അവഗണിക്കപ്പെട്ടതെന്തുകൊണ്ട്?

(സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 30 വരെ ചെറായില്‍ സഹോദര വര്‍ഷത്തോടനുബന്ധിച്ച് നടന്ന 'മിശ്രഭോജനത്തില്‍ നിന്ന്‍ തുല്യ നീതിയിലേക്ക്- people against fascism'- എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മുംബൈ ഐഐറ്റിയില്‍ ഗവേഷകനായ രഞ്ജിത് കല്യാണി അവതരിപ്പിച്ച പേപ്പര്‍.)

അംബേദ്ക്കര്‍ ചിന്തയുടെ വെളിച്ചത്തില്‍ സഹോദരന്‍ അയ്യപ്പനെ വായിക്കുമ്പോള്‍

വേദിയിലും സദസ്സിലുമായി ഇരിക്കുന്ന പ്രിയ സുഹൃത്തുക്കളെ,

ഒരുപക്ഷെ സുഹൃത്ത് എന്ന് വിളിക്കുന്നതിനേക്കാള്‍ സഹോദരന്‍/സഹോദരി എന്ന അഭിസംബോധനയായിരിക്കും ഈ വേദിയില്‍ യോജിക്കുന്നത് എന്ന് തോന്നുന്നു. ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിന് സംഘാടകരോടുള്ള നന്ദി അറിയിക്കുന്നു. നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നത് വിജ്ഞാനവര്‍ദ്ധിനീ സഭയുടെ ഓഫീസിലാണ്. ഒരു നുറ്റാണ്ട് മുന്‍പ് മിശ്രഭോജനം നടത്തിയവര്‍ക്കെതിരെ ഭ്രഷ്ട് കല്‍പ്പിച്ച അതേ വിജ്ഞാനവര്‍ദ്ധിനി സഭയാണ് ഇതെന്നാണ് അറിയാനായത്. ഇവിടുത്തെ അമ്പലത്തിലെ പ്രതിഷ്ഠ നടത്തിയത് ഗുരുവാണ്. ഇപ്രകാരം പലതരത്തില്‍ ചരിത്രപരമായ മാനങ്ങളുള്ള ഒരു വേദിയിലാണ് നമ്മളുള്ളത്. ഈ കോമ്പൌണ്ടില്‍ അമ്പലത്തിനു പുറമേ ഒരു സ്കൂളും ഉണ്ട്. ഒരു അമ്പലത്തിനും ഒരു സ്കൂളിനും ഇടയില്‍ നിന്ന് നവോത്ഥാനത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന ഈ സദസ്സ് ചില സിമ്പോളിക്ക് മൂല്യങ്ങളെപ്പറ്റി ആലോചിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ അമ്പലം പ്രതിനിധാനം ചെയ്യുന്ന മതാത്മക-ആത്മീയതയും സ്കൂള്‍ പ്രതിനിധാനം ചെയ്യുന്ന ആധുനിക വിദ്യാഭ്യാസവുമൊക്കെ അടങ്ങുന്ന ഒന്നാണല്ലോ നമ്മുടെ നവോത്ഥാനം. പക്ഷെ ഇവിടെ അമ്പലം വലതു വശത്തും സ്കൂള്‍ ഇടതു വശത്തുമാണ്. അമ്പലവും സ്കുളും ഇന്ന് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പക്ഷങ്ങളെ പറ്റിയും അവയുടെ പശ്ചാത്തലമായ നവോത്ഥാന ധാരകളെ കുറിച്ചും നമ്മള്‍ ആലോചിക്കേണ്ടതുണ്ട്.

കേരളത്തിലെ ശാസ്ത്രീയ വിജ്ഞാനീയത്തിന്‍റെ രൂപീകരണവുമായി ബന്ധപ്പെട്ട ചില അന്വേഷണങ്ങള്‍ക്കിടയിലാണ് ഞാന്‍ സഹോദരന്‍ അയ്യപ്പനില്‍ എത്തിപ്പെടുന്നത്. അംബേദ്‌കര്‍ ചിന്തയുടെ പശ്ചാത്തലത്തില്‍ സഹോദരന്‍ അയ്യപ്പനെ വായിക്കുമ്പോള്‍ എന്നതാണ് ഈ അവതരണത്തിന്റെ ശീര്‍ഷകം. സഹോദരന്‍ അയ്യപ്പന്‍റെ ചിന്തയേയും പ്രവൃത്തികളെയും എഴുത്തിനെയും ജീവിത വീക്ഷണത്തെയും വിശിഷ്യ മിശ്രഭോജനം എന്ന പരിപാടിയേയും ഒരു പാഠം (text) കണക്കെ വായിക്കാനുള്ള ശ്രമത്തിന്‍റെ ആമുഖമാണ് ഈ അവതരണം.

മിശ്രഭോജനമോ മിശ്രവിവാഹമോ ജാതി എന്ന സാമൂഹ്യ തിന്മയെ ഇല്ലാതാക്കാന്‍ പര്യാപ്തമല്ല എന്ന് ഇന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. തീര്‍ച്ചയായും വര്‍ത്തമാന സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് ഒരു ഒറ്റമൂലി എന്ന നിലയ്ക്കല്ല ഈ വായന. 1916 കഴിഞ്ഞിട്ട് ഒരു നൂറ്റാണ്ടായിരിക്കുന്നു. അന്നത്തേതില്‍ നിന്നും ഇന്ന് ജാതിക്ക് എന്തു മാറ്റമുണ്ടായി എന്നതിനേക്കാള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ജാതിയെപ്പറ്റിയുള്ള മനസ്സിലാക്കലുകള്‍ക്ക് വലിയ വികാസം ഉണ്ടായിട്ടുണ്ട് എന്നതാണ്. ജാതിയെപ്പറ്റിയുള്ള പരിഷ്കരിച്ച പലതരം മനസ്സിലാക്കലുകളുടെയും ജാതി വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പലതരം അവിഷ്കാരങ്ങളുടെയും ഊര്‍ജത്തില്‍ വിമര്‍ശന ബുദ്ധിയോടെയാണ് നമ്മള്‍ ഇന്ന് അയ്യപ്പനെയും മിശ്രഭോജനത്തെയും നോക്കിക്കാണേണ്ടത്. അങ്ങനെയല്ലാത്ത, സഹോദരന്‍ അയ്യപ്പനെയോ മിശ്ര ഭോജനത്തെയോ ഒക്കെ ആരാധനയോ ഭക്തിയോ കലര്‍ന്ന ഭാവത്തോടെ പ്രതിലോമകരമായ രീതിയില്‍ പുനരവതരിപ്പിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

കാരണം നമുക്ക് മുന്‍പേ, ഇന്ന് ഇവിടെ നടക്കുന്ന പരിപാടിക്ക് മുമ്പേ മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം മറ്റൊരു കൂട്ടരും ആഘോഷിക്കുകയുണ്ടായല്ലോ. സി.കെ ജാനുവിന് അക്കീരമണ്‍ ഭട്ടതിരി ഭക്ഷണം കൊടുത്തുകൊണ്ടാണ് പന്തിഭോജനത്തിന്റെ ഒരു വികൃതാനുകരണം സംഘപരിവാര്‍ ഈയിടെ സംഘടിപ്പിച്ചത്. നവോത്ഥാന ബിംബങ്ങളെ സംഘപരിവാര്‍ അപഹരിക്കുന്നു എന്നത് മാത്രമല്ല ഇവിടത്തെ പ്രശ്നം. സഹോദരന്‍ സംഘടിപ്പിച്ച മിശ്രഭോജനം ജാതിയെ ഇല്ലാതാക്കാനായിരുന്നു എങ്കില്‍ സംഘപരിവാറിന്റെ ഈ വികൃതാനുകരണം ജാതിയെ നിലനിര്‍ത്തുന്നു, പരിപോഷിപ്പിക്കുന്നു എന്നതാണ് ഇവിടത്തെ പ്രശ്നം. പന്തിഭോജനത്തിനു വിലക്കുള്ള ഒരു സമൂഹത്തിലേ അതിനു പ്രസക്തിയുള്ളൂ. 2016-ലെ കേരളത്തില്‍ അക്കീരമണ്‍ ഭട്ടതിരി എന്ന ബ്രാമണന്‍ സി.കെ ജാനുവിന് ഭക്ഷണം കൊടുക്കുന്ന പ്രവൃത്തിയില്‍ ഒരു പ്രദര്‍ശനപരതാ മൂല്യം കാണുന്ന സംഘപരിവാര്‍, തങ്ങള്‍ ഒരു ജാതി പ്രസ്ഥാനമാണ് എന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്.

നമ്പൂതിരി മുതല്‍ നായാടി വരെ ഉള്ളവരുടെ ഐക്യത്തെപ്പറ്റിയുള്ള ജല്‍പ്പനങ്ങള്‍ മാത്രമേ ഇവര്‍ക്ക് ചെയ്യാനാകൂ. അതിലൂടെ ഈ "മുതല്‍- വരെ"യെ, ഈ അധികാര ശ്രേണിയെ നിലനിര്‍ത്തുകയും പുനരുത്പ്പാദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇവരുടെ രാഷ്ട്രീയം. നമ്പൂതിരിയും നായാടിയും ഇല്ലാത്ത ഒരു ഹിന്ദു സമൂഹം ഇവരുടെ വിദൂര സ്വപ്നങ്ങളില്‍ പോലുമില്ല. നമ്പൂതിരിയും നായാടിയും ഉള്ളിടത്തോളം കാലം ജാതി ഉണ്ടാകും എന്നത് പുതിയ അറിവല്ല. അയ്യപ്പന്‍ മുന്നോട്ട് വച്ച സാമൂഹ്യ പരിഷ്കരണ പദ്ധതികള്‍ ഈ നമ്പൂതിരി-നായാടി ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. പുലയരുടെ കൂടെ നൂറുകൊല്ലം മുമ്പ് അയ്യപ്പന്‍റെ നേതൃത്വത്തില്‍ ഈഴവര്‍ മിശ്രഭോജനം നടത്തിയത് പുലയ-ഈഴവ ഐക്യത്തിന് വേണ്ടിയല്ല മറിച്ച്‘പുലയന്‍’, ‘ഈഴവന്‍’തുടങ്ങിയ അവസ്ഥകളെ ഇല്ലാതാക്കാനാണ്. 1093 മേടം ലക്കം സഹോദരനില്‍ അയ്യപ്പന്‍ എഴുതിയതിന്‍റെ വിവര്‍ത്തനം ശ്രദ്ധിക്കുക."So long as the caste system was in prevalence, the caste disabilities could not have been removed. Each caste was responsible for maintaining the caste distinctions. So caste itself had to be removed. Each caste had to work for that goal."

നമ്മള്‍ തീര്‍ച്ചയായും ഈ വേദിയില്‍ മിശ്രഭോജനത്തെ നോക്കിക്കാണുന്നത് സംഘപരിവാരിന്റെ കണ്ണടകളോടെയല്ല. "അംബേദ്‌കര്‍ ചിന്തയുടെ വെളിച്ചത്തില്‍ സഹോദരന്‍ അയ്യപ്പനെ വായിക്കുമ്പോള്‍" എന്ന ഈ അവതരണത്തിന്റെ ശീര്‍ഷകത്തില്‍ നിന്നും രണ്ട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മിശ്രഭോജനം എന്ന പ്രവൃത്തിക്ക് പ്രസക്തിയില്ലാത്ത ഒരു കാലത്ത് എന്തിനാണ് സഹോദരന്‍ അയ്യപ്പനെ വായിക്കുന്നത് എന്നതാണ് ആദ്യ ചോദ്യം. അയ്യപ്പനെ വായിക്കാന്‍ എന്തിനാണ് അംബേദ്‌കര്‍ ചിന്തയുടെ പശ്ചാത്തലം എന്നതാണ് രണ്ടാമത്തെ ചോദ്യം. ഈ ചോദ്യങ്ങളുമായി സംവദിക്കാന്‍ നമുക്ക് നവോത്ഥാനവുമായി ബന്ധപ്പെട്ട ചില പ്രശ്നമേഖലകളെ പരിഗണിക്കേണ്ടതുണ്ട്.

നവോത്ഥാനം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് എന്താണ്? നവോത്ഥാനം എന്നവാക്ക് ആത്മവിശ്വാസത്തോടെ ഉപയോഗിക്കുന്നതില്‍ എനിക്ക് ആശങ്കകള്‍ ഉണ്ട്. ഈ സെമിനാറില്‍ ഉപയോഗിക്കുന്നത് നവോത്ഥാനം എന്ന പദമായതിനാല്‍ ഒരു ഫുട്നോട്ടോടുകൂടി ഞാനും ഈ പദം തന്നെ ഉപയോഗിക്കുകയാണ്. പലതരം സാമുഹ്യ പരിഷ്കരണ (social reform) പ്രസ്ഥാനങ്ങളുടെ ഒരു ആകെത്തുകയെയാണ് ഒരുപക്ഷേ നമ്മള്‍ ഈ പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പാശ്ചാത്യ നവോത്ഥാനത്തില്‍നിന്നും തുലോം വ്യത്യസ്തമായിരുന്നു നമ്മുടെ നവോത്ഥാനം. കേരളത്തിന്‍റെ 'ആധുനികത'യുമായി ബന്ധപ്പെട്ട് നമ്മള്‍ മനസ്സിലാക്കുന്ന സമുദായ രൂപീകരണം, ആധുനിക വിദ്യാഭ്യാസത്തിന്റെയും ശാസ്ത്രബോധത്തിന്‍റെയും യുക്തിചിന്തയുടെയുമൊക്കെ വ്യപനം, വ്യക്തിവാദത്തിന്‍റെ സാധുകരണം, ജനാധിപത്യ മൂല്യങ്ങളുടെ ആന്തരികവല്‍ക്കരണം തുടങ്ങിയ പ്രക്രിയകളുമായി ബന്ധപ്പെടുത്തി നമുക്ക് മനസ്സിലാക്കാവുന്ന ഒന്നാണ് ഈ പറഞ്ഞ നവോത്ഥാനം. പലതരം സുക്ഷ്മ വൈജാത്യങ്ങളും വൈരുധ്യങ്ങളും അടങ്ങുന്ന ഒന്നാണത്.

അജയ് ശേഖറിനെ പോലുള്ളവര്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നേരെ ഉന്നയിക്കുന്ന ചില വിമര്‍ശനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഈഴവ പ്രസ്ഥാനങ്ങളുടെ പുരോഗമന ആശയങ്ങളില്‍ നിന്നും വലിയ ഊര്‍ജ്ജം എടുക്കുന്നുണ്ട്. എന്നാല്‍ ഈഴവ പ്രസ്ഥാനത്തിന്‍റെ വലിയൊരു റാഡിക്കല്‍ ധാരയെ പ്രതിനിധാനം ചെയ്യുന്ന സഹോദരന്‍ അയ്യപ്പനെ തഴഞ്ഞ് മതപരിഷ്കരണ വാദിയായ ശ്രീനാരായണ ഗുരുവിനെ സ്വീകരിക്കുക വഴി ഈഴവ പ്രസ്ഥാനങ്ങളുടെ ഏകാതാനതാവത്ക്കരണം (homogenization) അഥവാ ശ്രീനാരായണവല്‍ക്കരണം (Sreenarayanization) നടന്നു എന്നതാണ് ആ വിമര്‍ശനം. പല പ്രശസ്ത മാര്‍ക്സിസ്റ്റ്‌ പാഠങ്ങളും ഒക്ടോബര്‍ വിപ്ലവം പോലുള്ളവയുടെ ഊര്‍ജവും കേരളത്തില്‍ എത്തിച്ചത് സഹോദരനാണ് എന്ന് ഇവിടെ ഓര്‍ക്കുന്നത് കൌതുകകരമായിരിക്കും. താഴെപ്പറയുന്നത് ഈഴവോത്ബോധനം എന്ന കവിതയുടെ അവസാന വരികളാണ്...

നിങ്ങളെപ്പോലെയുള്ള യുവാക്കള്‍ ഏറെക്കാലം

ഭംഗമില്ലാതെ ചെയ്ത ഘോരമാം ത്യാഗത്തിന്റെ

ഫലമായത്രേ മഹാദാസ്യത്തില്‍ കേണ റഷ്യാ-

ധരണീ വിശ്വോത്തര സ്വതന്ത്ര സുഭഗയായ്

സകല ഭോഗക്ഷമാരായുള്ളയെത്രയെത്ര

യുവതീ യുവാക്കന്മാര്‍ തങ്ങടെ രാജ്യത്തിന്‍റെ

ആവശ്യസ്ഥിതിപോക്കി സ്വതന്ത്ര്യം സ്ഥാപിക്കുവാന്‍

അവിടെ ജീവിതങ്ങള്‍ സാമോദം ബലി ചെയ്താന്‍

രചിപ്പിന്‍ വേഗം നിങ്ങളിവിടെ സഖാക്കളെ

ശ്രവിക്കില്‍ രോമം ചീര്‍ക്കും താദൃശ ചരിത്രങ്ങള്‍

ഇതില്‍ റഷ്യന്‍ വിപ്ലവത്തില്‍ നിന്നും ഉര്‍ജ്ജമെടുക്കാനാണ് അയ്യപ്പന്‍ ഈഴവ യുവാക്കളോട് ആവശ്യപെടുന്നത്. ഗുരു ചില സാഹചര്യങ്ങളില്‍ പ്രതിനിധാനം ചെയ്തിരുന്ന മതാത്മക ആത്മീയതയില്‍ നിന്നും വ്യത്യസ്തമായി സഹോദരന്‍ അയ്യപ്പനുണ്ടായിരുന്ന ഭൌതികമായ ചില ബോധ്യങ്ങളാണ് ഒരുപക്ഷേ ഇപ്പോള്‍ നമ്മെ അയ്യപ്പനിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യം.

ഒരുപക്ഷെ നമ്മള്‍ നവോത്ഥാനം എന്ന് വിളിക്കുന്ന പ്രക്രിയയുടെ പരിമിതികളെയും കുറവുകളെയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇന്ന് നമ്മുടെ പൊതുമയിലേക്ക് വരുന്ന പലതരത്തിലുള്ള പുതിയ കീഴാള രാഷ്ട്രീയാഖ്യാനങ്ങളിലാണ് നേരത്തെ പറഞ്ഞ രണ്ടാമത്തെ ചോദ്യത്തെ – എന്തുകൊണ്ട് അംബേദ്‌കര്‍ ചിന്തയുടെ വെളിച്ചം എന്ന ചോദ്യത്തെ - നമുക്ക് ബന്ധിപ്പിക്കാനാവുക. പലതലത്തില്‍ നടക്കുന്ന ദളിത്‌ മൂവ്മെന്‍റ്, ആദിവാസി സമരങ്ങള്‍, സ്ത്രീ പ്രസ്ഥാനങ്ങള്‍, ഭൂസമരങ്ങള്‍ തുടങ്ങിയവ നമുക്ക് മുന്നിലുണ്ടല്ലോ. ഈ രാഷ്ട്രീയാഖ്യാനങ്ങളുടെ രാഷ്ട്രീയവും സാംസ്കാരികവും സൈദ്ധാന്തികവും ബൌദ്ധികവുമായ നെടുനായകത്വം വഹിക്കുന്നത് ഡോക്ടര്‍ ബി.ആര്‍ അംബേദ്‌കര്‍ ആണ്. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ പുതിയ രാഷ്ട്രീയ ദിശ നിര്‍ണ്ണയിക്കുന്നതില്‍ അംബേദ്‌കര്‍ ചിന്തക്കുള്ള പങ്ക് വളരെ വലുതാണ്‌. ഒരുപക്ഷേ ഈ പുതിയ രാഷ്ട്രീയാഖ്യാനങ്ങളെ കേരള നവോത്ഥാനത്തോട് ഏറ്റവും ശക്തമായി കണ്ണി ചേര്‍ക്കുന്നത് സഹോദരന്‍ അയ്യപ്പനിലുടെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ ഈ പുതിയ കീഴാള രാഷ്ട്രീയാഖ്യനങ്ങളാണ് ഒരുപക്ഷേ നവോത്ഥാനത്തിന്‍റെ രാഷ്ട്രീയ-സാംസ്കാരിക മൂലധനത്തിന്റെ അവകാശികള്‍ എന്നതുകൂടി ഇവിടെ പ്രസക്തമാണ്. കെ ടി റാംമോഹന്‍ ഒക്കെ പറയുന്നതു പോലെ കേരളത്തിലെ സാമുഹ്യ പരിഷ്കരണം ആരംഭിക്കുന്നത് തന്നെ ദളിതരാണ്. ബംഗാളിലെയും മറ്റും പോലെ ഭദ്രലോഗുകളോ ഭദ്രമഹിളകളോ അല്ല. ആദ്യമായി ഉണ്ടാകുന്നത് സാധുജന പരിപാലന സംഘമാണ്; പിന്നെ SNDP. യോഗക്ഷേമ സഭ ഏറ്റവും ഒടുവിലാണ് രൂപമെടുക്കുന്നത്.

കേവലമായ ഒരു അംബേദ്‌കര്‍ - അയ്യപ്പന്‍ താരതമ്യ പഠനം എന്നതിനപ്പുറം ആഴത്തിലുള്ള രാഷ്ട്രീയമാനങ്ങളുള്ള ചില പൊതുത്വങ്ങള്‍ മനസ്സിലാക്കാനുള്ള ഒരു ശ്രമമാണിത്. അല്ലെങ്കില്‍ അത്തരമൊരു വിശാല ശ്രമത്തിന്‍റെ ആമുഖമാണ് ഈ അവതരണം. കേവല യാദൃശ്ചികതകളായി തോന്നുന്ന പല പൊതുത്വങ്ങളും നമുക്ക് ഈ രണ്ടു മഹാന്മാരുടെയും ജീവിതങ്ങളില്‍ നിന്നും കണ്ടെടുക്കാനായേക്കും. ഉദാഹരണത്തിന് ആധുനിക വിദ്യഭ്യാസവുമായി ബന്ധപ്പെട്ട യോഗ്യതകള്‍. കൊച്ചി രാജ്യത്തെ ബിഎക്കാരനായ ആദ്യത്തെ ഈഴവനാണ്‌ സഹോദരന്‍ അയ്യപ്പന്‍. മുംബൈ യുണിവേഴ്സിറ്റി, കൊളംബിയ യുണിവേഴ്സിറ്റി, യുണിവേഴ്സിറ്റി ഓഫ് ലണ്ടന്‍, ലണ്ടന്‍ സ്കൂള്‍ ഓഫ് എകണോമിക്സ് എന്നിവിടങ്ങളിള്‍ നിന്നും അനേകം ബിരുദങ്ങള്‍ കരസ്ഥമാക്കിയ ആളാണ്‌ അംബേദ്‌കര്‍. ഇവര്‍ രണ്ടുപേരിലും പാശ്ചാത്യ ആധുനികതയുടെ മൂല്യങ്ങളുടെ സമ്മേളനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. ഇത്തരം സമാനതകള്‍ മറ്റനേകം പരിഷ്കര്‍ത്താക്കളിലും കണ്ടേക്കും. എന്നാല്‍ ഈ സാമ്യതകളുടെ രാഷ്ട്രീയ മാനമെന്താണ് എന്നതാണ് കാതലായ ചോദ്യം.

ഭാവനാപൂര്‍ണവും വിപ്ലകാത്മവുമായ പ്രവൃത്തികള്‍ - ഇടപെടലുകള്‍ നമുക്ക് രണ്ടുപേരിലും കാണാം. അവര്‍ കേവല ജ്ഞാനശരീരങ്ങള്‍ ആയിരുന്നില്ല. അംബേദ്‌കര്‍ ചെയ്യുന്ന ആദ്യ പരിപാടികളിലൊന്ന് മഹര്‍ സത്യഗ്രഹമാണ്. സഹോദരന്‍റെ പ്രധാന പരിപാടികളില്‍ ഒന്നാണ് മിശ്രവിവാഹം എന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് അയ്യപ്പന്‍ വിവാഹത്തെ ജാതി മറികടക്കാനുള്ള ഒരായുധമാക്കുന്നത്? കൌതുകകരമായൊരു കാര്യം മിശ്രഭോജനം നടക്കുന്ന അതേ കാലത്താണ് അംബേദ്‌കര്‍ അദ്ദേഹത്തിന്‍റെ Castes in India: Their Mechanism, Genesis and Development എന്ന പ്രബന്ധം അവതരിപ്പിക്കുന്നത്. ഈ പ്രബന്ധത്തില്‍ ജാതികള്‍ ബഹുവചന രൂപത്തിലാണ് അദ്ദേഹം പ്രയോഗിക്കുന്നത് - ജാതിക്കൂട്ടങ്ങള്‍ എന്ന അര്‍ഥത്തില്‍. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പ്രബന്ധത്തില്‍ ആദേഹം ജാതിയെ അവതരിപ്പിക്കുന്നത് വൈവാഹിക ബന്ധങ്ങളുടെ പ്രതലത്തിലാണ്. "the superposition of endogamy on exogamy means the creation of caste." ഈ നിലപാട് അദ്ദേഹം പില്‍ക്കാലത്ത് തിരുത്തുന്നുണ്ട്.

ജാതിയെപ്പറ്റിയുള്ള അംബേദ്കറിന്‍റെയും അയ്യപ്പന്‍റെയും നിലപാടുകള്‍ സവിശേഷമായ ഒന്നാണ്. സഹോദരന്‍ "ജാതി വേണ്ട" എന്ന് വ്യക്തമാക്കിയ ആളാണ്‌. തിരസ്കരിക്കേണ്ട, ഇടപെട്ടു നശിപ്പിക്കേണ്ട ഒന്നാണ് എന്നതാണ് അത്. അത് ഉച്ചാടനം ചെയ്യപ്പെടേണ്ടാതാണ്. അത് പരിഷ്കരിക്കേണ്ട ഒന്നല്ല. അതായത് പലതരം ജാതികള്‍ ആകാം, എന്നാല്‍ ആ ജാതികള്‍ എല്ലാം ഒന്നാണ് എന്ന നിലപാടായിരുന്നില്ല സഹോദരനുണ്ടായിരുന്നത്. അത് അവഗണിക്കേണ്ട ഒന്നുമല്ല. ഉത്പാദന ബന്ധങ്ങളുടെ മാറ്റത്തിലൂടെ ഇല്ലാതാവുന്ന ഒന്നല്ല ജാതി. ജാതി ഇല്ലാതാക്കാന്‍ പ്രത്യേക പദ്ധതി വേണം എന്ന് അയ്യപ്പന്‍ വിശ്വസിച്ചു. മിശ്രഭോജനങ്ങള്‍ വെറും ഭക്ഷണ കൂട്ടായ്മകള്‍ മാത്രമായിരുന്നില്ല. മിശ്രഭോജനങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രസംഗിച്ചു. അംബേദ്കറിന്‍റെ കാര്യത്തില്‍, അദേഹത്തിന്റെ പ്രശസ്തമായ പ്രസംഗത്തിന്റെ - പ്രസംഗിക്കപ്പെടാതെ പോയ പ്രസംഗത്തിന്‍റെ ശീര്‍ഷകം തന്നെ ജാതിയുടെ ഉച്ചാടനം എന്നാണ്.

അംബേദ്‌കര്‍ ഈ പ്രസംഗം തുടങ്ങുന്നതു തന്നെ രാഷ്ട്രീയ പരിഷ്കരണത്തിനു മുന്‍പേ സാമൂഹ്യപരിഷ്കരണം നടക്കേണ്ടുന്നതിന്‍റെ ആവശ്യകത ചുണ്ടിക്കാണിച്ചുകൊണ്ടാണ്. Social efficiency ഇല്ലാത്ത ഒന്നാണ് ഹിന്ദു സമൂഹം എന്നതിനാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രൂപീകരണത്തോടൊപ്പം സോഷ്യല്‍ കോണ്‍ഫറന്‍സും രൂപീകരിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയ പരിഷ്കരണവും കോണ്‍ഫറന്‍സ് സാമുഹ്യ പരിഷ്കരണവും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത് - ഒരൊറ്റ പ്രവര്‍ത്തിയുടെ രണ്ടു വിഭാഗമായി. ക്രമേണ ഈ രണ്ടു വിഭാഗങ്ങള്‍ രണ്ടു പാര്‍ട്ടികളായി വികസിക്കുകയും കോണ്‍ഗ്രസ്, കോണ്‍ഫറന്‍സിനെ വിഴുങ്ങുകയുമാണ് ചെയ്തത്. ബാലഗംഗാധര തിലകന്‍, ഡബ്ല്യു.സി ബാനര്‍ജി തുടങ്ങിയവരുടെ സ്ഥാപിത താല്‍പര്യവും ഇതിനു കാരണമായി. സ്വാതന്ത്ര്യ സമരത്തോട് സഹോദരനും ഇതേ നിലപാടായിരുന്നു. ജാതി ഉന്മൂലനം ചെയ്യാത്ത സ്വാതന്ത്ര്യം എന്നത് കുഷ്ഠം ചികിത്സിക്കാതെ മുറിവില്‍ മരുന്ന് പുരട്ടുന്നത് പോലെയാണ് എന്നദ്ദേഹം കരുതി. ജാതീയമായ അടിച്ചമര്‍ത്തല്‍ അനുഭവിച്ചിട്ടുള്ള ഒരു ജാതിയും ദേശീയവാദികളോട് ചേരില്ല എന്ന് 1908-ല്‍ വിവേകോദയത്തില്‍ സ്വരാജിനെപ്പറ്റിയുള്ള മുഖപ്രസംഗത്തില്‍ അദ്ദേഹം എഴുതി. ജെ രഘു പറയുന്നത് ശ്രദ്ധിക്കുക,"The British rule was seen by him not as a ground on which Ezhavas and caste hindus could jointly think that they were ‘one’ people and ‘one’ nation. Ayyappan had no qualms in aligning with the British in his attempt to problematize the ‘anti-colonial nation’ and openly proclaimed that he was ashamed of being a nationalist, because nationalism was deceptive and it was a strategy to maintain caste hindu hegemony."

ഹിന്ദുമത പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ സാമുഹ്യപരിഷ്കരണ പ്രവര്‍ത്തനങ്ങളായി കാണാന്‍ കഴിയില്ല എന്ന നിലപാടായിരുന്നു അംബേദ്കറിനുണ്ടായിരുന്നത്. ജാതി ഇല്ലാതാകണമെങ്കില്‍ ജാതിക്ക് കാരണമായ ഹിന്ദുമതം തന്നെ ഇല്ലാതാകണമെന്നതായിരുന്നു അംബേദ്കറിന്‍റെ നിലപാട്. അയ്യപ്പനും ഈ നിലപാടിലായിരുന്നു. ഗാന്ധിയോട് അംബേദ്‌കറിനുണ്ടായിരുന്നത്തിനു സമാനമായ വിയോജിപ്പ്‌ അയ്യപ്പനും ഉണ്ടായിരുന്നു. ബുദ്ധമതത്തോടുള്ള രണ്ടുപേരുടെയും പ്രതിപത്തി അവരുടെ യുക്തിചിന്തയില്‍ നിന്ന് ഉണ്ടാകുന്നതാണ്. ഇപ്രകാരം പലജാതി സാമ്യതകള്‍ ഇവരുടെ പ്രവൃത്തി മണ്ഡലങ്ങളിലും ചിന്താ മേഖലകളിലും കാണാമെങ്കിലും എന്തുകൊണ്ടാണ് നമ്മുടെ പൊതു രാഷ്ട്രീയഭാവനകളില്‍ ഈ സാമ്യതകള്‍ അവഗണിക്കപ്പെടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു കാര്യം കൂടി പറഞ്ഞ് ഈ അവതരണം മേല്‍ ചര്‍ച്ചകള്‍ക്കായി നീക്കി വക്കട്ടെ. അംബേദ്‌കര്‍ പറയുന്ന ഒരു കാര്യം, ഒരു കനപ്പെട്ട കാര്യം ജാതിയെ സാമാന്യ ജനങ്ങള്‍ മനസ്സിലാക്കുന്ന വൈകല്യത്തെ കുറിച്ചാണ്. ജാതി എന്നത് മാര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും ഭാഷയില്‍ മാത്രം മനസ്സിലാക്കിയാല്‍ പോര. അത് പ്രിവിലെജിന്‍റെ ഭാഷയില്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്. നാമോരോരുത്തരും ഇന്നനുഭവിക്കുന്ന പലതരം സൌകര്യങ്ങള്‍ നമുക്ക് എത്തിച്ച് തന്നതില്‍ നമ്മുടെ ജാതിക്ക് എത്രമാത്രം പങ്കാളിത്തമുണ്ട് എന്നതാണ് അത്. ജാതി അവര്‍ണരെ സംബന്ധിച്ച യാഥാര്‍ത്ഥ്യം മാത്രമല്ല, അത് സവര്‍ണരെ സംബന്ധിച്ചതു കൂടിയാണ്. പരിഷ്കരിക്കേണ്ടത് ദളിതരെയല്ല, സവര്‍ണരെയാണ്. മിശ്രഭോജനം ഒരിക്കലും പുലയരെ ഉദ്ധരിക്കാനുള്ള പരിപാടി ആയിരുന്നില്ല, അത് ഈഴവരെ പരിഷ്കരിക്കാനുള്ള പരിപാടിയായിരുന്നു. ഈഴവര്‍ ആതിഥേയരായിരുന്നു. പള്ളിപ്പുറത്ത് കൊരശ്ശേരി അയ്യരും മകന്‍ കണ്ണനും ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories