UPDATES

ചിന്തിക്കുന്നത് പോലും കുറ്റകൃത്യമാകുമ്പോള്‍; പ്രൊഫ. സായിബാബയുടെ ശിക്ഷാവിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

അജ്മീര്‍ സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അസീമാനന്ദയ്ക്ക് പങ്കില്ലെന്ന് കോടതി നിരീക്ഷിക്കുന്നതിന്റെ തൊട്ടു തലേദിവസമാണ് സായിബാബ ശിക്ഷപ്പെടുന്നത്

നട്ടെല്ലിനുള്ള അസുഖമൂലം ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് വീല്‍ ചെയറില്‍ ജീവിക്കുന്ന ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസര്‍ ഗോഗല്‍കൊണ്ട നാഗ സായിബാബയെ തീവ്രവാദ കുറ്റം ചുമത്തി ചൊവ്വാഴ്ച കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു. ചലിക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു മനുഷ്യനാണ് ഭീകരവാദി എന്ന വിശേഷണം കല്‍പിച്ച് നല്‍കിയിരിക്കുന്നത്. പൗരന്മാരുടെ ജീവനോ പൊതുമുതലിനോ ഭീഷണിയാവുന്നത് പോയിട്ട് ഒന്ന് അനങ്ങണമെങ്കില്‍ പോലും പരസഹായം വേണ്ട ഒരാളാണ് നമ്മുടെ നാട്ടില്‍ ഭീകരവാദിയാകുന്നത്. ഏതെങ്കിലും കലാപത്തില്‍ പങ്കുണ്ടെന്നോ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നോ അല്ലെങ്കില്‍ അവയില്‍ സജീവമായി പങ്കെടുത്തു എന്നതിനോ ഒരു തെളിവും സായിബാബയ്ക്ക് എതിരെയില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റെബേക്ക ജോണ്‍ ചൂണ്ടിക്കാണിക്കുന്നു. അജ്മീര്‍ സ്‌ഫോടനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അസീമാനന്ദയ്ക്ക് പങ്കില്ലെന്ന് കോടതി നിരീക്ഷിക്കുന്നതിന്റെ തൊട്ടു തലേദിവസമാണ് സായിബാബ ശിക്ഷപ്പെടുന്നതെന്നതും ആലോചനാമൃതമാണ്.

സായിബാബ മാവോയിസ്റ്റാണെന്ന് കോടതി നിരീക്ഷിച്ചു. 1967ലെ നക്‌സല്‍ബാരി കലാപത്തെ അദ്ദേഹം ആദര്‍ശവല്‍ക്കരിക്കുകയും ‘കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും’ ചെയ്യുന്നതായും കോടതി നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ നിന്നും കണ്ടെത്തിയ ചില സാഹിത്യങ്ങള്‍ വച്ചാണ് സായിബാബ മവോയിസ്റ്റാണെന്ന് കോടതി കണ്ടെത്തിയത്. ഒരാളുടെ പ്രത്യയശാസ്ത്രം എന്താണെന്നറിയാന്‍ അയാളുടെ മനസിലേക്ക് ഭരണകൂടം നുഴഞ്ഞുകയറുന്നതിന് തുല്യമാണിതെന്ന് റെബേക്ക ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രവര്‍ത്തികളാണ് കുറ്റകരം എന്നാണ് നമ്മുടെ നിയമം അനുശാസിക്കുന്നത് എന്നിരിക്കെ ഇവിടെ ചിന്തകള്‍ തന്നെ കുറ്റകരമായി തീരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. യുഎപിഎ പ്രകാരമാണ് സായിബാബയെ ശിക്ഷിച്ചിരിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി 1967ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാരാണ് ഈ കരിനിയമം കൊണ്ടുവന്നത്. 2008ല്‍ മുംബെ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ട് നിയമം ഭേദഗതി ചെയ്തു. 2012ലെ ഭേദഗതിയോടെ ഇത് ജനങ്ങള്‍ക്കെതിരായ ഒരായുധമായി മാറി. ‘ഇന്ത്യയിലെയോ വിദേശത്തെയോ സമൂഹത്തിന്റെ ജീവിതത്തിന് ആവശ്യമായ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിതരണം തടസപ്പെടുത്തുന്നതിനെ ഭീകരവാദം എന്ന് വിളിക്കാമെന്നാണ് യുഎപിഎ പറയുന്നത്. അതായത് ഒരു തൊഴിലാളി സമരം പോലും ഭീകരപ്രവര്‍ത്തനമായി വ്യാഖ്യാനിക്കപ്പെടാം. ഒരു കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ‘ഒരു ഭീകരസംഘത്തിലോ പ്രസ്ഥാനത്തിലോ’ അംഗമായാലും യുഎപിഎ ചുമത്താം. മാവോയിസ്റ്റ് സാഹിത്യം കൈയില്‍ വച്ചു എന്ന ഒറ്റകാരണത്താല്‍ സായിബാബ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗമായിരുന്നു എന്ന് പോലീസ് വാദിച്ചതും ഈ പഴുത് ഉപയോഗിച്ചാണ്.

ഒരു കുറ്റവും ചുമത്താതെ ഒരാളെ ആറുമാസം വരെ കസ്റ്റഡിയില്‍ വെക്കാന്‍ പോലീസിന് നിയമം അധികാരം നല്‍കുന്നു. പോലീസ് പീഢനം വര്‍ദ്ധിക്കാന്‍ ഇത് പ്രധാന കാരണമായിട്ടുണ്ട്. കുറ്റവാളിയായി തെളിയിക്കപ്പെടുന്നത് വരെ ഒരാളെ നിരപരാധിയായി കണക്കാക്കണം എന്നതാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനം. എന്നാല്‍ യുഎപിഎ പ്രകാരം ആയുധം സൂക്ഷിക്കുന്ന ആരും കുറ്റക്കാരാണ്. പോലീസുകാര്‍ ഇതിന്റെ മറവില്‍ ആയുധം കൊണ്ടുപോയി വച്ച് പലരെയും കുരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരു സംഘടനയെ പ്രത്യേകിച്ച് എന്തെങ്കിലും കാരണം കാണിക്കാതെ നിരോധിക്കാന്‍ സര്‍ക്കാരിന് നിയമം അധികാരം നല്‍കുന്നു. കാരണമറിയാതെ എങ്ങനെ തീരുമാനത്തെ നിരോധിക്കപ്പെട്ട സംഘടനയ്ക്ക് കോടതിയില്‍ ചോദ്യം ചെയ്യാന്‍ പറ്റും എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇങ്ങനെ ഒരു യുക്തിയുമില്ലാതെ അധികാരങ്ങള്‍ സര്‍ക്കാരിനും പോലീസിനും പതിച്ചുകൊടുക്കുന്ന ഒരു നിയമമായി 2012ലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ യുഎപിഎ നിയമത്തെ മാറ്റി.

ഈ നിയമത്തിന്റെ പഴുത് ഉപയോഗിച്ച് സര്‍ക്കാരിന് ഇഷ്ടമില്ലാത്ത ആരെയും തടങ്കലില്‍ അടയ്ക്കാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ നിയമത്തിന്റെ ദുരുപയോഗമാണ് സായിബാബയുടെ കാര്യത്തില്‍ നടന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ധാതുസമ്പത്തുകളാല്‍ സമ്പന്നമായ മധ്യേന്ത്യയിലെ ആദിവാസികള്‍ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നതാണ് സായിബാബ ചെയ്ത കുറ്റും. കര്‍ണാടകത്തില്‍ വ്യാജ അറസ്റ്റിനിരയാവുന്നവരെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിന് 2010ല്‍ മലയാളിയായ മാധ്യമ പ്രവര്‍ത്തക കെകെ ഷാഹിനയ്‌ക്കെതിരെ ഈ കരിനിയമം ചുമത്തിയിരുന്നു. ഇന്ത്യയിലെ 0.2 ശതമാനം ജനസംഖ്യ മാത്രമുള്ള മണിപ്പൂര്‍ സംസ്ഥാനത്തിലായിരുന്നു 2014ല്‍ ചുമത്തപ്പെട്ട യുഎപിഎ കേസുകളില്‍ 65 ശതമാനവും. ഒരു വിവേചനവുമില്ലാതെ സര്‍ക്കാര്‍ ജനകീയ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ ഈ നിയമം ഉപയോഗിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി മണിപ്പൂരിന്റെ ഉദാഹരണം ചൂണ്ടിക്കാണിക്കപ്പെടുന്നു.

2011ല്‍ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) ന്റെ ഒരു പുസ്തകം സൂക്ഷിച്ചു എന്ന പേരില്‍ ജ്യോദി ചോര്‍ജിനെതിരെ മഹാരാഷ്ട്ര പോലീസ് യുഎപിഎ ചുമത്തിയിരുന്നു. നമ്മുടേത് പോലെയുള്ള ഒരു ജനാധിപത്യ സംവിധാനത്തില്‍ ഒരു പുസ്തകം സൂക്ഷിക്കുന്നത് കുറ്റമാകുന്ന അവസ്ഥ ഞെട്ടിക്കുന്നതാണെന്ന് ജ്യോതിയെ വെറുതെ വിട്ടുകൊണ്ട് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, സായിബാബയുടെ കാര്യത്തില്‍ ഈ ഹൈക്കോടതി വിധിയും കീഴ്‌ക്കോടതി പരിഗണിച്ചില്ല. 2008ല്‍ നിരോധിക്കപ്പെട്ട സിമിയുടെ പ്രവര്‍ത്തകര്‍ എന്ന പേരില്‍ 17 മുസ്ലീങ്ങള്‍ക്കെതിരെ കര്‍ണാടക പോലീസ് യുഎപിഎ ചുമത്തിയിരുന്നു. ജിഹാദി സാഹിത്യം കൈവശം വച്ചു എന്നായിരുന്നു അവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. പിന്നീട് ജിഹാദി സാഹിത്യം ഖുറാനായിരുന്നു എന്ന് വെളിപ്പെടുകയും അവരെ വെറുതെ വിടുകയും ചെയ്തു. പക്ഷെ അതിന്റെ പേരില്‍ അവര്‍ക്ക് ഏഴ് വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. ചിന്തയെ പോലും ക്രിമിനല്‍ കുറ്റമാക്കുന്ന രീതിയില്‍ നിയമം നടപ്പിലാക്കപ്പെടുമ്പോള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍