TopTop
Begin typing your search above and press return to search.

ഇപ്പോള്‍ വിശുദ്ധയാകുന്നു എന്നല്ല, അവരെന്നും വിശുദ്ധയായിരുന്നു

ഇപ്പോള്‍ വിശുദ്ധയാകുന്നു എന്നല്ല, അവരെന്നും വിശുദ്ധയായിരുന്നു

ആനി ഗോവെന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ശാന്തമായ പ്രാര്‍ത്ഥനകളും സന്തോഷം നിറഞ്ഞ ഗാനങ്ങളും കൊണ്ട് ഞായറാഴ്ച കല്‍ക്കത്തയിലെ ക്രിസ്ത്യാനികള്‍ മദര്‍ തെരേസയുടെ വിശുദ്ധ പദവി ആഘോഷിച്ചു. ദരിദ്രര്‍ക്കുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ച് ലോകദൃഷ്ടിയില്‍ ഈ നഗരത്തെ കൊണ്ടുവന്ന മദറിനെ ആദരിക്കുകയായിരുന്നു അവര്‍.

മദര്‍ തെരേസ സ്ഥാപിച്ച സന്യാസ സമൂഹത്തിന്റെ ആസ്ഥാനമായ മദര്‍ ഹൗസിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ മുന്നൂറോളം പേര്‍ ഒത്തുകൂടി. റോമിലെ വിശുദ്ധ പ്രഖ്യാപന നടപടികള്‍ അവര്‍ വലിയൊരു ടിവി സ്‌ക്രീനില്‍ കണ്ടു. ചെറിയൊരു പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു.

അകത്ത് നീലക്കരയുള്ള വെള്ള സാരിയുടുത്ത ഒരു ഡസനോളം കന്യാസ്ത്രീകള്‍. പോപ്പ് ഫ്രാന്‍സിസ് മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോള്‍ അവര്‍ കയ്യടിച്ചു. ഒന്നരലക്ഷത്തോളം ആളുകള്‍ക്കു മുന്നില്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മദറിന്റെ ചിത്രം അനാവൃതമായപ്പോഴും. ചിലര്‍ സന്തോഷം കൊണ്ട് വിങ്ങിക്കരഞ്ഞു.

'ഇതു കാണാനായത് എന്റെ ഭാഗ്യമാണ്. ഞാന്‍ അതിസന്തോഷവതിയാണ്,' സുമിത്ര എലിസബത്ത് മോണ്ടാല്‍ എന്ന ഇരുപത്തിയാറുകാരിയായ അധ്യാപിക കണ്ണീരിനിടയിലൂടെ പറഞ്ഞു.

ഈ ദിവസം വന്നെത്തിയതില്‍ സന്തോഷവതികളാണെന്ന് കന്യാസ്ത്രീകള്‍ അറിയിച്ചു. അവരുടെ മനസില്‍ മദര്‍ എന്നേ വിശുദ്ധയായിക്കഴിഞ്ഞിരുന്നുവെങ്കിലും.

'ഇപ്പോള്‍ വിശുദ്ധയാകുന്നു എന്നല്ല, അവര്‍ എന്നും വിശുദ്ധയായിരുന്നു,' കൊല്‍ക്കത്തയില്‍ അനാഥര്‍ക്കും മരണാസന്നര്‍ക്കും വേണ്ടിയുള്ള ശരണാലയത്തിന്റെ ചുമതലയുള്ള സിസ്റ്റര്‍ നിക്കോള്‍ പറയുന്നു.

'അത് തിരിച്ചറിയപ്പെടുകയും ഉദ്ഘോഷിക്കപ്പെടുകയും മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.'

മദറിന്റെ ചിത്രത്തിനടുത്ത് പൂക്കള്‍ സമര്‍പ്പിച്ച കന്യാസ്ത്രീകള്‍ നന്ദിപ്രാര്‍ത്ഥനയും നടത്തി. നഗരത്തിലെങ്ങും മദര്‍ തെരേസയുടെ കൂറ്റന്‍ ചിത്രങ്ങളില്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നു. മദറിന്റെ ജീവിതത്തെ ആദരിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ അടുത്തമാസം നടക്കാനിരിക്കുന്നതിനാല്‍ നഗരത്തില്‍ ഇപ്പോള്‍ മറ്റ് ആഘോഷങ്ങള്‍ അധികമില്ല.വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍നിന്നുള്ള വലിയ സംഘം റോമില്‍ വിശുദ്ധീകരണ പരിപാടികളില്‍ പങ്കെടുത്തു. മദര്‍ തെരേസയുടെ വിശുദ്ധപദവി അഭിമാനകരവും സ്മരണീയവുമായ മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

ദരിദ്രര്‍ക്കും മരണാസന്നര്‍ക്കും അനാഥര്‍ക്കും കുഷ്ഠരോഗികള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച മദറിനെ ആദരിക്കുന്നവര്‍ വളരെയേറെയാണെങ്കിലും കൊല്‍ക്കത്തയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമുള്ള പലരും അവര്‍ സമ്മാനിച്ച പാരമ്പര്യത്തെപ്പറ്റി വിരുദ്ധനിലപാടുകളുള്ളവരാണ്.

1979ല്‍ നോബല്‍ സമ്മാനം ലഭിച്ചശേഷം മദര്‍ തെരേസ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനുമേല്‍ അഴുക്കുചാലുകളില്‍ നിറയുന്ന മനുഷ്യരുടെ നഗരമെന്ന നിഴല്‍ പരത്തിയെന്നാണ് പലരും കരുതുന്നത്. കൊല്‍ക്കത്ത ചലച്ചിത്രകാരന്‍ സത്യജിത് റേ, നോബല്‍ സമ്മാനം നേടിയ കവി രവീന്ദ്രനാഥ ടാഗോര്‍ തുടങ്ങി ബുദ്ധിജീവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും സമ്പന്നമായ പാരമ്പര്യമുള്ള നഗരമാണ് കൊല്‍ക്കത്ത.

മദര്‍ തെരേസയുടെ കഥകള്‍ താന്‍ വളര്‍ന്ന നഗരത്തിന്റെ ഫുട്‌ബോള്‍ ക്ലബുകളും മല്‍സ്യ വിപണികളും തിരക്കേറിയ കഫേകളുമടങ്ങിയ വിവിധ മുഖങ്ങളുടെ ചിത്രീകരണത്തെ സങ്കീര്‍ണമാക്കിയെന്നാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ 20 വര്‍ഷം ജീവിച്ചശേഷം 2011ല്‍ കൊല്‍ക്കത്തയിലേക്കു മടങ്ങിയ നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ സന്ദീപ് റോയ് അഭിപ്രായപ്പെട്ടത്.

'എന്റെ ചെറുപ്പകാലത്ത് ഇവിടെ മദറിന്റെ സാന്നിദ്ധ്യം പ്രകടമായിരുന്നു. എന്നാല്‍ പടിഞ്ഞാറന്‍ നാടുകളില്‍ ജീവിതം തുടങ്ങിയപ്പോഴാണ് നഗരത്തെപ്പറ്റിയുള്ള ആളുകളുടെ സങ്കല്‍പത്തെ അവര്‍ മാറ്റിമറിച്ചത് എനിക്കു മനസിലായത്. അവര്‍ ജീവിച്ച നഗരമായിരുന്നു ഇത്. എന്നാല്‍ മദര്‍ തെരേസയുടെ നഗരമായിരുന്നില്ല.'

ഇന്നത്തെ മാസിഡോണിയന്‍ തലസ്ഥാനമായ സ്‌കോപ്‌ജെയില്‍ 1910ലാണ് അല്‍ബേനിയന്‍ വംശജയായ അഗ്നസ് എന്ന പേരില്‍ മദര്‍ തെരേസയുടെ ജനനം. 1929ല്‍ ലോറെറ്റോ വിഭാഗത്തില്‍പ്പെട്ട കന്യാസ്ത്രീ എന്ന നിലയില്‍ സ്‌കൂള്‍ അധ്യാപികയായി ഇന്ത്യയിലെത്തിയ അവര്‍ വത്തിക്കാനില്‍ നിന്ന് അനുമതി നേടി മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹം സ്ഥാപിച്ചു.

1949ല്‍ കൊല്‍ക്കത്തയിലെ ഒരു ചേരിയിലെ മരച്ചുവട്ടിലായിരുന്നു അവരുടെ ആദ്യ സ്‌കൂള്‍. മൂന്നുവര്‍ഷത്തിനുശേഷമാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനം. ഇന്ന് 130 രാജ്യങ്ങളിലായി 4500 കന്യാസ്ത്രീകളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്.

നോബല്‍ സമ്മാനം നേടിയശേഷം മദറിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. ലോകമെങ്ങും ഗര്‍ഭച്ഛിദ്രത്തിനും ഗര്‍ഭനിരോധനത്തിനുമെതിരെ പ്രസംഗിക്കാന്‍ അവര്‍ ഈ പ്രശസ്തിയെ ഉപയോഗിച്ചു. സംഭാവനകള്‍ ഒഴുകിയെത്തിയെങ്കിലും അവരുടെ സ്ഥാപനങ്ങളിലെ മോശം ജീവിതസാഹചര്യങ്ങള്‍ മുന്‍ സഹപ്രവര്‍ത്തകരുള്‍പ്പെടെ പലരില്‍നിന്നും വിമര്‍ശനം ക്ഷണിച്ചുവരുത്തി.

'ഞങ്ങള്‍ സാമൂഹിക പ്രവര്‍ത്തകരല്ല, അധ്യാപകരല്ല, നഴ്‌സുമാരോ ഡോക്ടര്‍മാരോ അല്ല. മതവിശ്വാസികളായ സഹോദരിമാരാണ്. ഞങ്ങള്‍ ദരിദ്രരില്‍ ക്രിസ്തുവിനെ സേവിക്കുന്നു. ഞങ്ങളുടെ ജീവിതത്തിന് മറ്റ് കാരണങ്ങളോ പ്രേരണകളോ ഇല്ല. ഇത് പലരും മനസിലാക്കുന്നില്ല,' മദര്‍ ഒരിക്കല്‍ പറഞ്ഞു.അടുത്തിടെ ഇന്ത്യയില്‍ ഹിന്ദു വലതുപക്ഷം മതപരിവര്‍ത്തനമായിരുന്നു മദറിന്റെ ലക്ഷ്യം എന്നാരോപിച്ചു. അവരുടെ അനുയായികള്‍ ഇതു നിഷേധിക്കുന്നു. 1967 മുതല്‍ മദര്‍ തെരേസയ്‌ക്കൊപ്പമുണ്ടായിരുന്ന കൊല്‍ക്കത്ത ആര്‍ട്ടിസ്റ്റ് സുനിത കുമാര്‍ അവരെ പരിചയപ്പെടുന്നത് കുഷ്ഠരോഗികള്‍ക്കുള്ള മരുന്നുകള്‍ തയാറാക്കുന്നതില്‍ സഹായിക്കുമ്പോഴാണ്. പിന്നീട് അവരുടെ വക്താവായ സുനിത 1997ല്‍ മദര്‍ മരിക്കും വരെ അവര്‍ക്കൊപ്പം തുടര്‍ന്നു.

നഗരത്തില്‍ വളരെ ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മദര്‍ തെരേസയെന്ന് സുനിത പറയുന്നു. ട്രാഫിക് ലൈറ്റുകളില്‍ മദറിന്റെ കാറിനു ചുറ്റും അനുഗ്രഹം തേടിയെത്തുന്നവരുടെ തിരക്കു കാണാമായിരുന്നു. നര്‍മബോധമുള്ളയാളായിരുന്നു അവരെന്ന് സുനിത ഓര്‍മിക്കുന്നു. ഒരിക്കല്‍ വിക്ടോറിയ മെമ്മോറിയല്‍ ഹാളിനടുത്തുകൂടി പോകവേ അവര്‍ സുനിതയോടു പറഞ്ഞു. ' പാവപ്പെട്ടവരെ താമസിപ്പിക്കാനായി എന്തുകൊണ്ട് ഈ ഹാള്‍ വിട്ടുതരുന്നില്ല?'

മദര്‍ ഹൗസിലെ കബറിടത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ഞായറാഴ്ച കാത്തുനിന്നവരില്‍ ലിങ്കണ്‍ ജയിംസ് ഗോമസും ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. മദറിനെ കാണാന്‍ കുട്ടിയായിരുന്ന തന്നെ അമ്മ കൊണ്ടുവന്നത് ലിങ്കന്‍ ഇന്നും ഓര്‍ക്കുന്നു. 'അവര്‍ക്ക് ആദരം അര്‍പ്പിക്കാനാണ് ഞങ്ങള്‍ വന്നത്.'

നഗരത്തിലെ മോത്തിജ്ഹീല്‍ ചേരിപ്രദേശത്ത് മദര്‍ സ്ഥാപിച്ച ആദ്യ സ്‌കൂളില്‍ പട്ടംപറത്തിക്കളിക്കുന്ന കുട്ടികള്‍ പുറത്തെ ആരവങ്ങളെപ്പറ്റി അജ്ഞരാണ്. മദറിനെ ആദരിക്കാനുള്ള സ്‌കൂള്‍ പരിപാടികള്‍ക്കു തയാറെടുക്കുന്ന ജ്യോതി ഭുയിന എന്ന പതിമൂന്നുകാരിയുടെ ചിന്തയില്‍ ' സ്വര്‍ഗത്തില്‍നിന്ന് തന്റെ ജോലി പൂര്‍ത്തിയാക്കാനാണ് അവര്‍ വിശുദ്ധയാകുന്നത്.'


Next Story

Related Stories