TopTop
Begin typing your search above and press return to search.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് വൃദ്ധര്‍- യുവ സംവിധായകന്‍ സജിന്‍ ബാബു സംസാരിക്കുന്നു

മലയാള സിനിമയെ നിയന്ത്രിക്കുന്നത് വൃദ്ധര്‍- യുവ സംവിധായകന്‍ സജിന്‍ ബാബു സംസാരിക്കുന്നു

പത്തൊന്‍പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'അസ്മയം വരെ' എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ സജിന്‍ ബാബു അഴിമുഖം പ്രതിനിധി അജിത്ത് ജി നായരോട് സംസാരിക്കുന്നു.ആദ്യത്തെ ഐ എഫ് എഫ് കെ ഓര്‍മ്മ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പഠന കാലയളവിലാണ് ഫിലിം ഫെസ്റ്റിവലുകളെക്കുറിച്ചും ഫിലിം സൊസൈറ്റികളെക്കുറിച്ചും കേള്‍ക്കുന്നത്. അങ്ങനെയാണ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ കണ്ടു തുടങ്ങിയത് .അതിനു ശേഷമാണ് ഐ എഫ് എഫ് കെയിലേക്ക് വരുന്നത്. വലിയോരാള്‍ക്കൂട്ടത്തിനു മുന്‍പില്‍ എവിടെയാണ് പാസ്സ് എടുക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. അപ്പോഴേക്കും പാസ്സെടുക്കേണ്ട സമയം കഴിഞ്ഞുപോയി. അങ്ങനെ ഞാന്‍ ഫെസ്റ്റിവല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കൈരളി തീയറ്ററിന്റെ മുന്‍പിലെത്തി. എങ്ങനെ സിനിമ കാണും എന്ന ചിന്തയായി. കൈരളി പുതുക്കി പണിയുന്നതിനു മുന്‍പ് അവിടെ ഒരു സ്റ്റെപ്‌ ഉണ്ടായിരുന്നു. അതുവഴി കൈരളിയുടെയും ശ്രീയുടെയും അകത്തെത്താം. അങ്ങനെ അതുവഴി അകത്തെത്തി സിനിമ കണ്ടു. സെക്യുരിറ്റിയുടെ കണ്ണുവെട്ടിച്ചായിരുന്നു ഇതെല്ലാം ചെയ്തത്. മത്സര വിഭാഗത്തിലുള്ള സിനിമകളായിരുന്നു അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. എട്ട് വര്‍ഷത്തിനു ശേഷം എന്‍റെ സിനിമ മത്സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ഇപ്പോള്‍ അവിശ്വസനീയമായി തോന്നുന്നു.

'അസ്തമയം വരെ’' മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടല്ലോ. സിനിമയെ കുറിച്ച്...
നമ്മുടെതായുള്ള ദൃശ്യഭാഷ ഉപയോഗിച്ച് ഒരു സിനിമ നിര്‍മിക്കുക എന്ന ശ്രമമാണ് ഈ സിനിമയില്‍ നടത്തിയിരിക്കുന്നത്. മൂന്നു ചുവരുകള്‍ക്കപ്പുറം വ്യത്യസ്ഥമായി ശബ്ദ-ദൃശ്യ സങ്കലനത്തിലൂടെ എങ്ങനെ സംവദിക്കാം എന്ന ആശയത്തില്‍ നിന്നുണ്ടായതാണ് ഈ സിനിമ. ആചാര്യന്മാരുടെ സിനിമകള്‍ ഒരു പരിധിവരെ സ്വാധീനിച്ചിട്ടുണ്ട്. ടെറന്‍സ് മാലിക്കിന്‍റെ 'ട്രീ ഓഫ് ലൈഫ്'കണ്ടു കൊണ്ടിരിക്കുമ്പോഴാണ് ഈ സിനിമയുടെ ആശയമുദിച്ചത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധവും അതിലെ ഫിലോസഫിയും കാണിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. എന്‍റെ അഗസ്ത്യാര്‍കൂടം,വയനാട് യാത്രകളും അതിനു ആക്കം കൂട്ടി. പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍ തന്നെ വയനാട്ടിലെ ചെമ്പ്ര ആയിരുന്നു. ഷൂട്ടിങ്ങിനു മുന്പ് പത്തും പതിനഞ്ചും തവണ ഞാന്‍ പോയിട്ടുള്ള സ്ഥലമാണ് അത്.ആദ്യത്തെ ഹൃസ്വ ചിത്രങ്ങള്‍..
ഫിലിം സൊസൈറ്റികളിലൂടെ സിനിമ കാണുന്നതിനു മുന്‍പ് സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് രാജസേനന്റെയും തുളസിദാസിന്റെയും സിനിമകളില്‍ ഒതുങ്ങിയിരുന്നു. ഹൈസ്കൂള്‍ കാലഘട്ടത്തില്‍ സിനിമ എന്നാല്‍ കച്ചവട സിനിമയായിരുന്നു. കോളേജ് കാലഘട്ടത്തില്‍ ഐ എഫ് എഫ് കെയില്‍ പങ്കെടുക്കുകയും സമാന്തര സിനിമകള്‍ കാണുകയും ഫിലിം സൊസൈറ്റിയുടെ ചര്‍ച്ചകളിലൊക്കെ പങ്കെടുക്കുകയും നിരൂപകരുമായി സംസാരിക്കുകയുമൊക്കെ ചെയ്തതോടെ സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. അ കാലത്തെ ഓപ്പണ്‍ ഫോറം ചര്‍ച്ചാ പരിപാടികളില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതും എന്‍റെ സിനിമാ സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചു. യുണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ രജനി.എസ്.ആനന്ദിന്റെ സംഭവത്തെ ആസ്പദമാക്കി സുഹൃത്തുമൊത്ത് ഷോര്‍ട്ട് ഫിലിം ചെയ്തു. പിന്നീട് വിദ്യര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത ക്യാമ്പസ്‌ ഫിലിം ചെയ്തു. പിന്നെ ഡോകുമെന്ററികള്‍. ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ ചുമതലയെക്കുറിച്ച് ഞാന്‍ ചെയ്ത River Flowing Deep and Wide എന്ന ഡോക്യുമെന്‍ററി എന്‍റെ പുതിയ സിനിമയെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

താങ്കള്‍ സംവിധാനം ചെയ്ത 'ഡെലിഗേറ്റ്' എന്ന ചിത്രത്തെക്കുറിച്ച് ഒന്നു പറയാമോ?
'ഡെലിഗേറ്റ്' ഒരു ഡോക്യുഫിക്ഷന്‍ ചിത്രമാണ്. അഞ്ചാറ് വര്‍ഷം ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത അനുഭവത്തില്‍ നിന്നാണ് ഇങ്ങനെ ഒരു ചിത്രത്തിന്റെ ആശയം കിട്ടുന്നത്. ഡെലിഗേറ്റുകളുടെ കാഴ്ചപ്പാടിലൂടെ ഫെസ്റ്റിവല്‍ യാഥാര്‍ത്ഥ്യം ഒപ്പിയെടുക്കാനാണ് ശ്രമിച്ചത്. ചലച്ചിത്രകാരന്മാരും ഡെലിഗേറ്റുകളും തമ്മിലുള്ള സമ്പര്‍ക്കങ്ങള്‍, വിദേശ സംവിധായകന്‍മാരുടെ സിനിമ സങ്കല്പങ്ങള്‍, അവരുടെ ഫെസ്റ്റിവല്‍, നമ്മുടെ ഫെസ്റ്റിവലിന്‍റെ പ്രത്യേകതകള്‍, ഫെസ്റ്റിവലിന് വന്ന മാറ്റങ്ങള്‍ ഇവയെല്ലാം ചര്‍ച്ച ചെയ്യുന്ന ഡോകുമെന്ററി ആണിത്. ഞാന്‍ ചെയ്തതില്‍വച്ച് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഡോക്യുമെന്ററിയും ഡെലിഗേറ്റ് ആണ്. ഈ ഡോക്യുമെന്ററി ചെയ്യുന്ന സമയത്താണ് വിഖ്യാതനായ ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗുമായി സംസാരിക്കാനും അദ്ദേഹവുമായി അഭിമുഖം നടത്താനും പറ്റിയത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന ആ സംഭാഷണത്തില്‍ അദ്ദേഹം തന്‍റെ സിനിമ സങ്കല്‍പ്പങ്ങള്‍ പങ്കുവെച്ചു. ഞാന്‍ കണ്ട ഫെസ്റ്റിവലുകളുടെ അനുഭവ സാക്ഷാത്കരണമായിരുന്നു ഡെലിഗേറ്റ്.

താങ്കളുടെ സിനിമ MIFF ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടല്ലോ? ഇതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കാമോ?എന്‍റെ 'മ്യൂസിക് ഓഫ് ബ്രൂം' എന്ന ഷോര്‍ട്ട്ഫിലിം കേന്ദ്രസര്‍ക്കാര്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഫെസ്റ്റിവലായ MIFFല്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി ബോംബൈക്ക് പോകുന്നത്. അവിടെ വച്ച് സിനിമാ ആസ്വാദകരുമായും ധാരാളം ചലച്ചിത്രകാരന്മാരുമായും ഇടപഴകാന്‍ സാധിച്ചു. അവിടെ സിനിമയുടെ ഒരു മാര്‍ക്കറ്റ് ഉണ്ട്. ഏകദേശം 10 വര്‍ഷം മുമ്പുവരെ ഇന്ത്യാ ഗവണ്‍മെന്റിന് കീഴിലുള്ള ഫിലിംഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് വഴിയാണ് നമ്മുടെ സിനിമകള്‍ ലോകം മുഴുവന്‍ പോകുന്നത്. ഇന്ന് സിനിമയുടെ എണ്ണം കൂടി. സിനിമ സെല്ലുലോയിഡില്‍ നിന്നും ഡിജിറ്റല്‍ ആയി. ഒരു മേജര്‍ എ ക്ലാസ്സ്‌ ഫെസ്റ്റിവലിലെ മാര്‍ക്കറ്റ് വിഭാഗത്തില്‍ നേരത്തെ 500 സിനിമകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 6000-7000 ആയി വര്‍ദ്ധിച്ചു. ഇത്രയും സിനിമ കണ്ടു വിലയിരുത്തുക എന്നത് ഒരു വലിയ പ്രശ്നമാണ്. ഇപ്പോള്‍ പ്രോഗ്രാമറുമാര്‍ പലയിടത്തും ഉണ്ട്. ഇവര്‍ സിനിമ തിരഞ്ഞെടുക്കുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്നു. മുംബൈ പോലുള്ള സ്ഥലങ്ങളാണ് അവര്‍ പ്രധാനമായി തിരഞ്ഞെടുക്കുന്നത്. പ്രധാനമായും ഹിന്ദി, മറാത്തി, ചിത്രങ്ങള്‍. എന്താണ് ഫിലിം മാര്‍ക്കറ്റിന്റെ പ്രാധാന്യം എന്നത് മുംബൈ,ഗോവ ഫെസ്റ്റിവലുകളില്‍ നിന്നാണ് എനിക്കു മനസ്സിലായത്.

സമകാലീന മലയാള സിനിമയെക്കുറിച്ച്...
സെല്ലുലോയിഡില്‍ നിന്നും ഡിജിറ്റല്‍ ആയപ്പോള്‍ സിനിമയുടെ സൌന്ദര്യാത്മകത തന്നെ മാറി. സാങ്കേതികവിദ്യയില്‍ തന്നെ ധാരാളം മാറ്റങ്ങളുണ്ടായി. സിനിമ തന്നെ ലോകമെമ്പാടും മാറ്റങ്ങള്‍ക്കു വിധേയമായി. ഇന്ത്യയില്‍ത്തന്നെ ചിലയിടത്ത് മാറ്റങ്ങളുണ്ടായി. എന്നാല്‍ കേരളത്തില്‍ ഇത് പൂര്‍ണമല്ല. ഇപ്പോഴും പഴയ ആളുകളുടെ മേധാവിത്വമാണ് ഇവിടെ. അവര്‍ പുതിയ ആളുകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്‍റെ അനുഭവം തന്നെ പറയാം. അസ്തമയം വരെ സ്റ്റേറ്റ് അവാര്‍ഡിന് അയച്ചിരുന്നു. ജൂറി ചെയര്‍മാന്‍ ഇല്ലാതെയാണ് പല സിനിമകളും കാണുന്നതെന്ന വാര്‍ത്ത അവാര്‍ഡ്‌ പ്രഖ്യാപനത്തിന് ശേഷം പുറത്തു വന്നു. ഇതറിയാന്‍ ഞാന്‍ വിവരാവകാശനിയമം ഉപയോഗിച്ചു. അപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന വിവരം മനസ്സിലായത്‌. എന്‍റെ സിനിമയുള്‍പ്പെടെ പല സിനിമകളും അവര്‍ കണ്ടിട്ടു പോലുമുണ്ടായിരുന്നില്ല. പേരും പ്രശസ്തിയും സ്വാധീനവുമുള്ള ആളുകളുടെ സിനിമ കാണുകയും വിലയിരുത്തുകയും അവാര്‍ഡ്‌ കൊടുക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. ഇപ്പോള്‍ സിനിമ മാറ്റത്തിന്റെ പാതയിലാണ്. ആ മാറ്റം ഉള്‍ക്കൊള്ളുന്ന പുതുതലമുറ വന്നു സിനിമയെടുക്കണം. 70-80 കാലഘട്ടത്തില്‍ സിനിമയെടുത്തവരാണ് ഇപ്പോഴും മലയാള സിനിമയെ നിയന്ത്രിക്കുന്നത്. വിഖ്യാത സംവിധായകന്‍ ഗോദാര്ദ് ഇപ്പോള്‍ സിനിമയെടുക്കുന്നത് 3Dയിലാണ്. കഴിഞ്ഞ കാന്‍ ഫെസ്റ്റിവലില്‍ ജൂറി പുരസ്‌കാരം പങ്കിട്ടത് 83 കാരനായ ഗൊദാര്‍ദും 24 വയസ്സുകാരനായ സേവ്യര്‍ ഡോളന്‍ എന്ന കാനേഡിയന്‍ സംവിധായകനും കൂടിയാണെന്ന് ഓര്‍ക്കണം. ആ ഒരു മാറ്റം ഇവിടില്ല. പക്ഷെ കച്ചവട സിനിമയില്‍ ആ മാറ്റം വന്നിട്ടുണ്ട്.

വിദ്യാര്‍ഥികള്‍ക്കു ഡെലിഗേറ്റ് പാസ്സ് നല്കേണ്ട എന്ന അടൂര്‍ഗോപാലകൃഷ്ണന്‍റെ പ്രസ്താവനയെ ചലച്ചിത്രോത്സവങ്ങളുടെ സന്തതിയായ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
ഒരു ഗ്രാമീണ മേഖലയില്‍ നിന്നു വന്ന എന്‍റെ ആദ്യകാല സിനിമ സങ്കല്‍പ്പം കൊമേര്‍ഷ്യല്‍ സിനിമ ആയിരുന്നു. ഐ എഫ് എഫ് കെയാണ് എന്നെ അടിമുടി മാറ്റിയത്. അങ്ങനെയാണ് ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്യാന്‍ തുടങ്ങിയത്. പുതിയ തലമുറയാണ് സിനിമകള്‍ കാണേണ്ടത്. അവരാണ് പുതിയ സിനിമയെടുക്കേണ്ടത്. എന്‍റെ സിനിമ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. എന്നാല്‍ മറിച്ചൊരു യാഥാര്‍ഥ്യവുമുണ്ട്. കഴിഞ്ഞ 2-3 വര്‍ഷങ്ങളായി പലര്‍ക്കും സിനിമ കാണാന്‍ കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ എന്നും പറഞ്ഞു കുറെപ്പേര്‍ വന്നിട്ട് സംവിധായകനെ കാണിക്കുമ്പോള്‍ കൂവുക അവര്‍ക്കിഷ്ടമുള്ള സീന്‍ വരുമ്പോള്‍ കൈയ്യടിക്കുക,മൊബൈലില്‍ സംസാരിക്കുക. ഇപ്പോള്‍ ഒരു കാര്‍ണിവല്‍ പോലെയായി ഐ എഫ് എഫ് കെ. ആരാണ് ഇവിടെ നല്ല സിനിമയെടുക്കുന്നത്? ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചവര്‍ വളരെക്കുറച്ചു സിനിമകള്‍ മാത്രമാണിറക്കുന്നത്. അതു തന്നെ എങ്ങും എത്തുന്നില്ല. സിനിമയോടുള്ള അഭിനിവേശം കൊണ്ടു സിനിമയെടുക്കുന്നവരാണ് ഈ സിനിമകള്‍ കാണേണ്ടത് എന്നാണെന്റെ അഭിപ്രായം.ഐ എഫ് എഫ് കെയുടെ യഥാര്‍ത്ഥ പ്രശ്നം..
ലോകത്തിലെ ഒട്ടുമിക്ക ഫിലിം ഫെസ്റ്റിവലുകള്‍ക്കും ഫിലിം മാര്‍ക്കറ്റുണ്ട്. കൊറിയയിലെ ബുസാന്‍ ഫിലിം മാര്‍ക്കറ്റ്ഏഷ്യയിലെ തന്നെയും, മുംബൈ ഫിലിം മാര്‍ട്ട്,ഗോവ ഫിലിം ബസാര്‍ എന്നിവ ഇന്ത്യയിലെയും മികച്ച ഫിലിം മാര്‍ക്കറ്റുകളാണ്. ഒരു സിനിമ അവിടെ എത്തിയാല്‍ പിന്നെ അതു ലോകമെമ്പാടും പോവുകയാണ്. സിനിമ വില്പന-വിതരണക്കാര്‍ അവിടെ വരുന്നു. സിനിമകള്‍ കാണുന്നു. ലോകമെമ്പാടും അതിനെക്കുറിച്ച് എഴുതപ്പെടുന്നു. എന്നാല്‍ കേരളത്തെ സംബന്ധിച്ചു ഇത് ആസ്വാദകരുടെ മേളയായി മാത്രം മാറുന്നു. ഇതുമൂലം സ്വതന്ത്ര ചലച്ചിത്രസൃഷ്ടാക്കളായ ചെറുപ്പക്കാര്‍ക്ക് ഒരു ഗുണവും ലഭിക്കുന്നില്ല. പ്രേക്ഷകരുടെ പ്രശ്നമല്ലാതെ ചലച്ചിത്രകാരന്‍മാരുടെ പ്രശ്നങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഒരു ഫിലിം മാര്‍ക്കറ്റ് ഇവിടെ അത്യാവശ്യമാണ്. ഇവിടെ ഫിലിം മാര്‍ക്കറ്റ് എന്നു പറഞ്ഞു എന്തൊക്കെയോ കാണിച്ചുകൂട്ടുന്നു. മസ്ക്കറ്റ് ഫെസ്റ്റ് എന്നു പറഞ്ഞു കുറെ കൊമേര്‍ഷ്യല്‍ സിനിമ കാണിക്കുന്നു. വളരെ വിപുലമായ ഒരു ഫിലിം മാര്‍ക്കറ്റാണ് ഇവിടെ വരേണ്ടത്. പുതുതലമുറയുടെ ആശയങ്ങള്‍ അവതരിപ്പിക്കാന്‍, രചനാ പാടവം തെളിയിക്കാന്‍ അവസരമുണ്ടാക്കിയാല്‍ ഇവിടെയും സിനിമ വളരും. ചലച്ചിത്രകാരന്മാര്‍ക്കു ഗുണകരമായ കാര്യങ്ങള്‍ വളര്‍ത്തിയാല്‍ മാത്രമേ നല്ല സിനിമകള്‍ ഉണ്ടാവൂ. കഴിഞ്ഞ 10 വര്‍ഷമായി ഒരു മലയാളം സിനിമയും ഒരു എ ക്ലാസ് ഫെസ്റ്റിവലിനു പോയിട്ടില്ല. ഓരോ വര്‍ഷവും നിരവധി സിനിമകള്‍ ഇവിടെ ഉണ്ടാകുന്നുണ്ട്. ഇത് കണ്ടു വിലയിരുത്താനുള്ള സമയമൊന്നും ആര്‍ക്കും കിട്ടുന്നില്ല. പിന്നെ സ്വാധീനമുള്ളവരുടെ സിനിമ പെട്ടെന്ന് കേറിപ്പോകും. നെറ്റ്‌വര്‍ക്കിംഗ് എന്നത് മറ്റൊരു വ്യവസായമായി മാറിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ പടമെടുത്തതിനു ശേഷം 25 ലക്ഷം കൊടുക്കുകയാണെങ്കില്‍ ഫെസ്റ്റിവല്‍ പ്ലേസിംഗ് ഏജന്റുമാര്‍ കാര്യം ശരിയാക്കും. അങ്ങനെയാണ് പല പടങ്ങളും പലയിടത്തും പോയിട്ടുള്ളത്. പടത്തിനു ശരാശരി നിലവാരം മതിയാകും. അല്ലെങ്കില്‍ നമുക്ക് പ്രോഗ്രമറുമാരുമായി നല്ല അടുപ്പം വേണം. ഐ എഫ് എഫ് കെയില്‍മികച്ച മാര്‍ക്കറ്റ് വിഭാഗം വേണം. അതിനായി സര്‍ക്കാര്‍ തന്നെ മുന്കൈയ്യെടുക്കേണ്ടതാണ്. ഇവിടുത്തെ പുത്തന്‍ ചലച്ചിത്രകാരന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കണം. ഇവിടെ പഴയ ആളുകള്‍ പഴയ സിനിമ തന്നെ ചെയ്യുന്നു. അവര്‍ പുതിയ സിനിമ ഉണ്ടാക്കുന്നില്ല. ഗോദാര്‍ദിനെപ്പോലുള്ളവര്‍ മാറ്റം ഉള്‍ക്കൊണ്ട്‌ 3D സിനിമ എടുക്കുന്നു. ഇവിടെയും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണ്.

ഐ എഫ് എഫ് കെ ഒരു അധിക ബാധ്യതയാണ് സര്‍ക്കാരിനു വരുത്തിവയ്ക്കുന്നത് എന്ന് പൊതുവെയൊരു പറച്ചിലുണ്ട്..
അങ്ങനെയാണെങ്കില്‍ സ്പോര്‍ട്സിനു വേണ്ടി സര്‍ക്കാര്‍ എന്തു മാത്രം തുക ചിലവഴിക്കുന്നു. ആഗോള തലത്തില്‍ രാജ്യങ്ങള്‍ കായികമേളകള്‍ക്കായി ശതകോടികളാണ് ചെലവിടുന്നത്. ഈയൊരു ചിന്തയുടെ ആവശ്യം തന്നെയില്ല. ഒരു ഫിലിം മാര്‍ക്കറ്റിനായി സൌകര്യമുണ്ടാകുകയാണ് ചെയ്യേണ്ടത്. അതുവഴി പുതിയ ചലച്ചിത്രകാരന്മാരെ പിന്തുണക്കുകയും ചെയ്യണം.

നമ്മുടെ ഫെസ്റ്റിവലുകളില്‍ നമ്മുടെ സിനിമകളുടെ സാനിദ്ധ്യം കുറഞ്ഞു പോകുന്നതായി പരാതിയുണ്ട്.എന്താണ് താങ്കളുടെ അഭിപ്രായം ?
മലയാള സിനിമയില്‍ നിന്നും 9 സിനിമകള്‍ ഒരു വര്‍ഷം എടുക്കുന്നുണ്ട്. 2 സിനിമകള്‍ മത്സര വിഭാഗത്തിലും 7 സിനിമകള്‍ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലും. സാന്നിദ്ധ്യം കുറഞ്ഞു പോകുന്നു എന്നെനിക്കഭിപ്രായമില്ല. പിന്നെ തിരഞ്ഞെടുക്കപ്പെടുന്ന സിനിമയുടെ നിലവാരത്തിലേ സംശയമുള്ളൂ. മറാത്തിയില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ മികച്ച സിനിമയാണ്'കോര്‍ട്ട്'. 26കാരനായ ചൈതന്യ തമന്നയുടെ ചിത്രം ഈ തവണത്തെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെനീസില്‍ രണ്ട് അവാര്‍ഡ്‌ കിട്ടിയ സിനിമയാണത്. ബെര്‍ലിനില്‍ അവാര്‍ഡ്‌ കിട്ടിയ 'ഖില' ഉള്‍പ്പെടുത്തിയിട്ടില്ല. അതും ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പടമാണ്. ജൂറിയ്ക്കു പിഴയ്ക്കാനെ സാധ്യതയുള്ളൂ. പ്രാതിനിധ്യം കുറവൊന്നുമില്ല.ദേശിയ അവാര്‍ഡ്‌ കിട്ടിയ സിനിമയ്ക്ക്‌ സംസ്ഥാന അവാര്‍ഡ്‌ കിട്ടാതെ പോകുന്നത് ജൂറിയുടെ പിഴവായി കണക്കാക്കാമോ ?
അത് ജൂറിയുടെ പിഴവായി മാത്രം കണക്കാക്കാനാവില്ല. അവാര്‍ഡ്‌ കിട്ടിയത് കൊണ്ടോ ഫെസ്റ്റിവലിനു തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടോ ഒരു സിനിമയും മഹത്തരമാകില്ല. ആ സിനിമയില്‍ എന്തുണ്ട് അതെങ്ങനെ കാലത്തെ അതിജീവിക്കുന്നു എന്നതനുസരിച്ചായിരിക്കും അതിന്‍റെ മഹത്വം നിര്‍ണയിക്കപ്പെടുന്നത്. ഓരോ സ്ഥലത്തും ഓരോ തരം ജൂറിയാണ്. കാനിലും ബെര്‍ലിനിലും വെനീസിലും പോകാത്ത സിനിമകള്‍ ചിലപ്പോള്‍ മറ്റൊരിടത്ത് പോകും. ഒരു ജൂറി കണ്ട സിനിമ മറ്റൊരിടത്ത് പുരസ്കാരത്തിന് അര്‍ഹമാകണമെന്നില്ല. ഇതൊക്കെയാണ് സിനിമയെ സിനിമയാക്കി നിര്‍ത്തുന്നത്. അതു സ്വാഭാവികവുമാണ്. ഇത് മനപ്പൂര്‍വമാകുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ അവാര്‍ഡ്‌ കിട്ടണമെങ്കില്‍ ഒന്നുകില്‍ പ്രശസ്തനായ സംവിധായകനോ നിര്‍മാതാവോ ആയിരിക്കണം അല്ലെങ്കില്‍ സ്വാധീനം ഉണ്ടായിരിക്കണം.അതുമല്ലെങ്കില്‍ മഹത്തായ ചിത്രമായിരിക്കണം അത്. ഇതൊന്നുമല്ലെങ്കില്‍ അത് ഒഴിവാക്കപ്പെടും. ചുമതല വഹിക്കാന്‍ താത്പര്യമില്ലാത്ത ഒരു കൂട്ടം ആളുകളെയാണ് ഇവിടെ പലപ്പോഴും ജൂറിയായി വയ്ക്കുന്നത്. എന്‍റെ സിനിമ ഇന്ത്യന്‍ പനോരമയില്‍ സെലെക്റ്റ് ചെയ്തില്ല. എന്താണ് കാരണമെന്ന് ഗോവയില്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു. 13 അംഗ ജൂറിയിലെ ചെയര്‍മാന്‍ ഉള്‍പ്പെടെ 7 പേര്‍ അപ്പോള്‍ അവിടെ ഉണ്ടായിരുന്നു. അവരോടു ചോദിച്ചപ്പോള്‍ അവരാരും ഈ സിനിമ കണ്ടിട്ടില്ലെന്നായിരുന്നു മറുപടി പറഞ്ഞത്. ബാക്കി 6 പേരോട് ചോദിക്കാന്‍ പറ്റിയില്ല. ദേശിയ അവാര്‍ഡിലും സംസ്ഥാന അവാര്‍ഡിലും എല്ലാം സമാന അവസ്ഥയാണുള്ളത്. ഈ സാഹചര്യം മാറേണ്ടത് അനിവാര്യമാണ്. പുതിയ സിനിമകളെ മനസ്സിലാക്കുന്ന,ലോക സിനിമയിലെ മാറ്റങ്ങളെ ഉള്‍കൊള്ളുന്ന പുതിയ ജൂറിയെയാണ് വയ്ക്കേണ്ടത്.

'അസ്തമയം വരെ' എന്ന ചിത്രത്തെക്കുറിച്ച് അല്പം കൂടി...
ഫെസ്റ്റിവലില്‍ വച്ച് പരിചയപ്പെട്ട ജോസ് ജോണ്‍ എന്ന സുഹൃത്തുമായി ചേര്‍ന്നാണ് സ്ക്രിപ്റ്റ് എഴുതിയത്. എന്റെതായിട്ടുള്ള സിനിമയില്‍ കോമെഴ്ഷ്യല്‍ സിനിമ രംഗത്ത് ജോലി ചെയ്യുന്ന ആളുകള്‍ ശരിയാകില്ല എന്നെനിക്ക് തോന്നി. എന്‍റെ മാത്രം തോന്നലാവാം അത്. ക്യാമറമാനും പ്രധാന നടനും ഉള്‍പ്പെടെ എല്ലാവരും പുതുമുഖങ്ങളാണ്. രണ്ടു അസിസ്റ്റന്റ്‌മാരും പുതുമുഖങ്ങളായിരുന്നു. സൌണ്ടിലാണ് അനുഭവ സമ്പന്നരായ ആളുകള്‍ ഉണ്ടായിരുന്നത്. ചിത്രാഞ്ജലിയിലാണ് വര്‍ക്ക്‌ ചെയ്തത്. മികച്ച സാങ്കേതിക നിലവാരം പുലര്‍ത്തുന്ന സിനിമയായിരിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ ചിത്രത്തില്‍ മിക്ക നടീനടന്മാരും പുതുമുഖങ്ങളാണ്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ 6 മാസം എടുത്തു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സനല്‍ അമന്‍ തന്നെ ഓഡിഷനില്‍ 84മത് ആയി തിരഞ്ഞെടുക്കപ്പെട്ട നടനാണ്.


Next Story

Related Stories