TopTop
Begin typing your search above and press return to search.

അയ്യാസാമി എന്ന കൊടുങ്കാട്

അയ്യാസാമി എന്ന കൊടുങ്കാട്

മറയൂര്‍-കാന്തല്ലൂര്‍ റൂട്ടിലുള്ള ഒള്ളവയല്‍ ആദിവാസി കോളനിയില്‍ 'കീക്കുടി', 'നടുക്കുടി', 'മേക്കുടി' എന്നിങ്ങനെ മൂന്നു കുടികളുണ്ട്. വളരെയൊന്നും അകലെയല്ലാതെയാണ് ഇവയെല്ലാം സ്ഥിതിചെയ്യുന്നത്. കീക്കുടിയിലാണ് നാം ആദ്യം നടന്നെത്തുക. നടത്തം അവസാനിക്കുന്നത് മേക്കുടിയിലും. ഒള്ളവയലില്‍ ആകെ ഒരു കോണ്‍ക്രീറ്റ് കെട്ടിടമേ ഉള്ളൂ. അത് അവിടുത്തെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ആണ്. ബാക്കിയെല്ലാം മണ്‍കുടിലുകള്‍. അതുകൊണ്ട് തന്നെ അവിടെയെത്തുന്ന ആരെയും ആ കെട്ടിടം ആ ഇടത്തിലെ അതിന്റെ അസാധാരണത്തം കൊണ്ട് ആകര്‍ഷിക്കും. എന്നോടൊപ്പം ഉണ്ടായിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് അത് അവിടുത്തെ ആശുപത്രിയാണെന്നു പറഞ്ഞു തന്നത്. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒന്നുമല്ലെങ്കിലും കുടിയിലുള്ളവര്‍ക്ക് ഒരു അസുഖം വന്നാല്‍ വേഗത്തില്‍ വൈദ്യസഹായം ലഭിക്കുമല്ലോ.

എന്റെ കൂടെയുണ്ടായിരുന്നവര്‍ നടത്തത്തിന്റെ ക്ഷീണമകറ്റാന്‍ കുടിയിലെ സത്രത്തിന്റെ തിണ്ണയില്‍ വിശ്രമിക്കാന്‍ ഇരുന്നപ്പോള്‍ ഞാന്‍ പതിയെ ആശുപത്രിയിലേയ്ക്ക് ചെന്നു. എല്ലാ ആശുപത്രികളും വമിപ്പിക്കുന്ന ചരിത്രാതീതമായ ഒരു മണമില്ലേ? എവിടുന്നാണ് ആശുപത്രികള്‍ക്ക് ആ മണം ലഭിക്കുന്നത്? മരുന്നുകള്‍? അതോ ഒതുക്കപ്പെട്ട നിശ്വാസങ്ങളുടേതോ? രണ്ടുമാണ്. വാഴ്‌വിന്റെ ദു:ഖഭരിതവും അതീന്ദ്രിയവും ദാര്‍ശനികവുമായ ഗന്ധമാണത്. പക്ഷെ ഒള്ളവയലിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ വരാന്തയിലേയ്ക്ക് കയറുമ്പോള്‍ എന്നെ എതിരേറ്റത് ആ മണമല്ല. ഒന്നുമില്ലായ്മയുടെ കെട്ട മണമായിരുന്നു അത്. ഒരു ആശുപത്രിയില്‍ കാണേണ്ടുന്ന സാധനസാമഗ്രികള്‍ തിരഞ്ഞ് ഞാന്‍ ചുറ്റുപാടും നോക്കി. എന്നാല്‍ അവിടെയെങ്ങും ഒരു ഗ്ലൂക്കോസ് സ്റ്റാന്റോ വീല്‍ ചെയറോ സ്‌ട്രെച്ചറോ, എന്തിനധികം, ഒരു മരുന്നു കുപ്പി പോലുമോ കാണാന്‍ കഴിഞ്ഞില്ല. നീണ്ടുകിടന്ന ആ വരാന്തയില്‍ ഒരു കെട്ട് വിറക് ആരോ മഴ നനയാതെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പണ്ടൊരിക്കല്‍ മുത്തങ്ങാ സമരത്തെക്കുറിച്ചും ആദിവാസികളെക്കുറിച്ചും ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ 'ആദിവാസികള്‍ക്ക് എല്ലാം സൗജന്യമല്ലേ' എന്ന് ചോദിച്ച സുഹൃത്തിനെ ഓര്‍ത്തുപോയി. അയാള്‍ ഈ യാത്രയില്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ ഒള്ളവയലിലെ ആശുപത്രി കാട്ടിക്കൊടുക്കാമായിരുന്നു. ആദിവാസികള്‍ക്ക് എല്ലാം സൗജന്യമായതു കൊണ്ടായിരിക്കും അവരുടെ ആശുപത്രിയും ഇങ്ങനെ ഒന്നുമില്ലായ്മയൂടെ നഗ്നതയില്‍ നാണംകെട്ട് നില്‍ക്കുന്നത് അല്ലേ, എന്നു ചോദിക്കാമായിരുന്നു.

കുടിയിലുള്ളവര്‍ ഇപ്പോള്‍ ആ കോണ്‍ക്രീറ്റ് കെട്ടിടം ഒരു 'വാലായ്മപ്പുര' ആയിട്ടാണ് ഉപയോഗിക്കുന്നത്. മാസമുറയുടെ സമയത്ത് പെണ്‍കുട്ടികളും സ്ത്രീകളും ഈ പുരയിലാണ് അന്തിയുറങ്ങുക. ആര്‍ത്തവരക്തത്തോട് നമ്മുടെ സമൂഹമൊന്നാകെ കാത്തു സൂക്ഷിക്കുന്ന അറപ്പ് ആദിവാസികള്‍ക്കിടയിലും ഉണ്ട്. തികച്ചും ജൈവികമായ ഒരു ശാരീരിക പ്രതിഭാസത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി കൂട്ടിക്കുഴച്ച് പെണ്ണുടലിനെ ആണുടലിനേക്കാള്‍ ചെറുതാക്കുന്ന പ്രവണത അഭ്യസ്ഥവിദ്യരെന്നു കരുതുന്നവര്‍ പോലും ചെയ്തു പോരുന്ന ഒന്നാണ്. അതുകൊണ്ട് ഒള്ളവയലിലെ മുതുവാന്മാരെ വിധിക്കാന്‍ നമുക്ക് യാതൊരു അര്‍ഹതയും ഇല്ല. ഉശിരുള്ള പെണ്‍കുരുന്നുകളോട് ഞാന്‍ ഉള്‍പ്പെടുന്ന ആണ്‍കുരുപ്പുകള്‍ പരസ്യമായും രഹസ്യമായും കാത്തുസൂക്ഷിക്കുന്ന ഇത്തരം ബോധ്യങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുന്ന കാലം അതിവിദൂരമൊന്നുമല്ല, അത് സംഭവിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒള്ളവയലില്‍ അത്തരം പെണ്‍കരുത്തുകള്‍ ഉണ്ട് എന്നു തോന്നുന്നില്ല. കുടിയിലെ സ്ത്രീകള്‍ ഒന്നടങ്കം അന്തര്‍മുഖരാണ്. അങ്ങോട്ടേയ്ക്കുള്ള യാത്രയില്‍ കുറെ സ്ത്രീകള്‍ ഞങ്ങള്‍ക്ക് എതിരെ വന്നിരുന്നു. ഞങ്ങളെ കണ്ടതും വഴിയില്‍ നിന്നും മാറി അവര്‍ മരങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞു നിന്നു. അവരില്‍ ചിലരുടെ മുതുകത്ത് ചേലത്തുമ്പു കൊണ്ട് പൊതിഞ്ഞ മട്ടില്‍ അവരുടെ കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു.


മുതുവാന്മാര്‍ അവരുടെ ഗോത്ര സംസ്‌കൃതിയുടെ പല അനുഷ്ഠാനങ്ങളും ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്. ചിലതെല്ലാം ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഇല്ലാതായതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് വിവാഹവുമായി ബന്ധപ്പെട്ട ഒരു ആചാരമായിരുന്നു. പണ്ടുകാലത്ത് ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ആണിന് അവളുടെ പിന്നാലെ കാട്ടിലേയ്ക്ക് പോകണമായിരുന്നു. കല്യാണം നിശ്ചയിച്ചു കഴിഞ്ഞാല്‍ പെണ്ണ് അവളുടെ കൂട്ടുകാരികളുമൊത്ത് കാട്ടിലേയ്ക്കു പോകും. ചെറുക്കന്‍ അവന്റെ കൂട്ടുകാരുമൊത്ത് അവളെ പിന്‍തുടരും. എവിടെവെച്ചാണോ രണ്ടുകൂട്ടരും തമ്മില്‍ പരസ്പരം കാണുന്നത് അവിടെ വെച്ച് കല്യാണം. കാട്ടുചോലയുടേയും പൂമരങ്ങളുടേയും ഒക്കെ സാമീപ്യത്തില്‍ രണ്ട് ഉയിരുകള്‍ ഒന്നാവുന്നതിന്റെ നിറവ് ഒന്നാലോചിച്ചു നോക്കൂ. നമ്മുടെ കല്യാണവേദികളില്‍ മണമില്ലാത്ത പൂക്കള്‍കൊണ്ട് ഇവന്റ് മാനേജ്‌മെന്റുകാര്‍ പണിതുവെക്കുന്ന മണ്‍ഠപങ്ങളുടെ ശൂന്യത അപ്പോഴെ മനസ്സിലാവൂ!


മാങ്ങാപ്പാറയില്‍ നിന്നും തിരിയെ വരുന്ന വഴി ഞാന്‍ നടുക്കുടിയിലെ സത്രത്തില്‍ അല്പനേരം വിശ്രമിക്കാനിരുന്നു. കയറ്റത്തേക്കാള്‍ കഠിനമാണ് ഇറക്കം. രണ്ടു കാലുകളിലും നാം ചവുട്ടി ഇറങ്ങുന്ന മല കയറി ഇരിക്കുന്നതുപോലെ തോന്നും. നടുക്കുടിയിലെ സത്രത്തിന്റെ മണ്ണുമെഴുകിയ തിണ്ണയില്‍ ഇരിക്കുമ്പോള്‍ തൊട്ടടുത്ത് ഒരു മണ്‍കുടില്‍ കണ്ണില്‍ പെട്ടിരുന്നു. പക്ഷെ അതിന്റെ ഇറയത്ത് കുന്തിച്ചിരുന്ന അയ്യാസാമിയെ ഞാന്‍ കാണുന്നത് കുറെ കഴിഞ്ഞാണ്. അയാളും കുടിലിന്റെ മണ്‍ഭിത്തിയും പരസ്പരം തിരിച്ചറിയാനാവാത്ത വണ്ണം കുഴഞ്ഞുചേര്‍ന്ന് ഒരു ഉടലും ഉയിരും പോലെ ആയിരുന്നു.

കമ്പിളികൊണ്ട് സ്വയം മൂടിപ്പുതച്ചിരുന്ന അയ്യാസാമിയെ ഞാന്‍ ക്യാമറയിലൂടെ നോക്കി. അയാളുടെ മുഖത്തെ ചുളിവുകളും വലിവുകളും ഭൂതകാലത്തിലേയ്ക്കുള്ള ഇടവഴികള്‍ പോലെ തോന്നിച്ചു. അയാളെ മൂടുന്ന കമ്പിളി ഏകാന്തതയുടെ നൂലിഴകള്‍കൊണ്ട് നെയ്തതു പോലെയും. ദൂരെ എവിടെയോ കണ്ണുകള്‍ ഉറപ്പിച്ച് നിര്‍ന്നിമേഷനായി ഇരുന്ന അയ്യാസാമിയുടെ ഒന്നു രണ്ട് ക്ലോസ്-അപ്പ് ചിത്രങ്ങള്‍ എടുക്കാനാണ് ഞാന്‍ അയാളുടെ അരുകിലേയ്ക്ക് ചെന്നത്. എന്നെ കണ്ടതും അയാള്‍ ഒന്നു ചിരിച്ചു. ചിലമ്പിച്ചതും ആയാസപ്പെട്ടതുമായ ആ ചിരി അയ്യാസാമിയുടെ ഉയിരിന്റെ നിഗൂഡതകളിലെ ഏതോ കയത്തില്‍ നിന്നും വരുന്നതുപോലെ തോന്നി.

അയാളുടെ കണ്ണുകളില്‍ നിന്നും ചാലുകള്‍ ചുളിവീണ കവിളുകളിലൂടെ താഴേയ്ക്ക് ഒഴുകിപ്പോയിരുന്നു. അവയിലൂടെ മാത്രമേ അയ്യാസാമി എന്ന കൊടുങ്കാട്ടിലേയ്ക്ക് കയറിച്ചെല്ലാന്‍ പറ്റുകയുള്ളൂ എന്ന് എനിക്കു മനസ്സിലായി. ആ മണ്‍കുടിലിനു ചുറ്റും ചൂഴ്ന്നു നിന്നിരുന്ന ശൂന്യത അവിടെ എത്തിയപ്പോഴെ ശ്രദ്ധയില്‍ പെട്ടിരുന്നു. ക്യാമറയിലേയ്ക്ക് നോക്കിയിട്ട് അയാള്‍ ഒന്നുകൂടി ചിരിച്ചു. ഒരു വലിയ മഴക്കാടിനെ നിര്‍വ്വികാരമായ ഒരു ചിത്രത്തിലേയ്ക്ക് ചുരുക്കാന്‍ ശ്രമിക്കുന്നതിന്റെ ജാള്യത അപ്പോള്‍ എന്നെ വന്നു മൂടി. ഞാന്‍ ക്യാമറ മാറ്റിവെച്ചിട്ട് അയാളോട് സംസാരിക്കാന്‍ ഇരുന്നു.

അയ്യാസാമിയുടെ കോടമഞ്ഞു പുതച്ചു തുടങ്ങിയ ഓര്‍മ്മകളെ വിശ്വസിക്കാമെങ്കില്‍ അയാള്‍ ജനിച്ചത് 1920-കളില്‍ എപ്പോഴോ ആണ്. തനിക്ക് ഇരുപത്തി അഞ്ച് വയസ്സുള്ളപ്പോളാണ് ഒള്ളവയലില്‍ നിന്നും തന്നെക്കാള്‍ പത്ത് വയസ്സ് ഇളപ്പമുള്ളവളെ കല്യാണം കഴിച്ചത്.
'ഇപ്പോ എത്ര വയസ്സായി?'
'തൊണ്ണൂറു ഇരുക്കലാം.' അയ്യാമി ആയാസപ്പെട്ടു പറഞ്ഞു.
ഞാന്‍ അയാളോട് പഴയകാലങ്ങളെ പറ്റി ചോദിച്ചു. അയ്യാസാമി കറിവേപ്പിന്‍ചോലയിലാണ് ജനിച്ചതും വളര്‍ന്നതും. കല്യാണത്തിനു ശേഷമാണ് ഒള്ളവയലിലേയ്ക്ക് കുടിയേറിയത്. അയാള്‍ ഭാര്യയെ ഉദുമല്‍പ്പേട്ടയിലുള്ള കൊട്ടകയിലേയ്ക്ക് സിനിമ കാണിക്കാന്‍ കൊണ്ടു പോയിരുന്ന യാത്രകള്‍ ഓര്‍ത്തു. അന്നൊക്കെ സമൃദ്ധിയുടെ നാളുകള്‍ ആയിരുന്നു. കുടിയിലുള്ളവര്‍ അവരവര്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയിരുന്ന കാലം. തനിക്കിപ്പോഴും ഒന്‍പത് ഏക്കര്‍ സ്ഥലമുണ്ട് എന്ന് അയ്യാസാമി എന്നോടു പറഞ്ഞു. പക്ഷെ പട്ടയമില്ല. ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്നെ ദേവികുളം തഹസില്‍ദാര്‍ രേഖകള്‍ പരിശോധിക്കണമെന്നു പറഞ്ഞ് പട്ടയവുമായി പോയതാണ്. ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല! ഭാര്യ എന്നും ഇതും പറഞ്ഞ് വഴക്കുണ്ടാക്കുമായിരുന്നു.

ഇതു പറഞ്ഞിട്ട് അയ്യാസാമി പൊട്ടിച്ചിരിച്ചു.

ഞാന്‍ ഈ യാത്ര പോകുന്നതിനു മാസങ്ങള്‍ക്കു മുന്‍പു മാത്രമണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സി.കെ ജാനുവിന്റെ നേതൃത്തത്തില്‍ ആദിവാസികള്‍ ജീവിക്കാനുള്ള അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നൂറ് ദിവസം നില്‍പ്പു സമരം നടത്തിയത്. ആ നൂറു ദിവസവും സര്‍ക്കാരിന്റെയോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയോ ശ്രദ്ധ അവരുടെ ന്യായമായ അവകാശങ്ങള്‍ക്കുമേല്‍ പതിയാഞ്ഞത് കേരളം എത്രമേല്‍ ആദിവാസിവിരുദ്ധമായ ഒരു നാടാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

'ഭാര്യ എന്തിയേ? ഇപ്പോള്‍ അവര്‍ വഴക്കുണ്ടാക്കുന്നത് നിര്‍ത്തിയോ?' ഞാന്‍ ചോദിച്ചു.
'അവര് ഇരണ്ടു നാത്കള്‍ മുന്നാടി എരന്തിട്ടാര്‍ പുള്ളെ!'
എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അയ്യാസാമി ആ വിഷാദനിര്‍ഭരമായ പഴയ ചിരിയിലേയ്ക്ക് വീണ്ടും കൂപ്പുകുത്തി. പൊടുന്നനെ ആ മണ്‍കുടിലിനെ ചൂഴ്ന്നു നില്‍ക്കുന്ന ഏകാന്തതയുടെ പൊരുള്‍ എനിക്കു മനസ്സിലായി. പതിനഞ്ചും ഇരുപത്തഞ്ചും വയസ്സുമുതല്‍ പരസ്പരം സ്‌നേഹിച്ചും കലഹിച്ചും കാമിച്ചും കഴിഞ്ഞു പോന്ന രണ്ട് ഉടലുകളിലൊന്നിന്റെ വേര്‍പാടാണ് അത്. അതില്‍ നനയുന്നത് അയ്യാസാമി മാത്രമല്ല, അവരുടെ ചൂടും ചൂരും അറിഞ്ഞ ആ മണ്‍കുടില്‍ കൂടിയാണ്. അതിനെ പൊതിയുന്ന പ്രകൃതി കൂടിയാണ്. അയ്യാസാമി വീണ്ടും ചിരിച്ചു. ആ ചിരി അയാളുടെ ഏകാന്തതയുടെ താഴ്‌വാരങ്ങളില്‍ പ്രതിധ്വനിക്കുന്നതായി തോന്നി. ദൂരെയായി കാണുന്ന ചെറുമലയിലേയ്ക്ക് കണ്ണും നട്ട് അയ്യാസാമി നിശബ്ദനായി. അയാളുടെ കണ്ണുകളില്‍ തുള്ളികള്‍ ഉരുണ്ടുകൂടുന്നത് ഞാന്‍ കണ്ടു. അവയില്‍ ആ മലയാകെ പ്രതിഫലിച്ചു. എന്തോ പൊട്ടിത്തകരാതെ ഇരിക്കാനെന്നവണ്ണം അയാളുടെ മുഖത്തെ ചുളിവുകള്‍ വലിഞ്ഞു മുറുകി. അയ്യാസാമിക്ക് ഇപ്പോള്‍ വേണ്ടത് ഒറ്റയ്ക്കിരുന്ന് കരയുക മാത്രമാണെന്ന് എനിക്കു മനസ്സിലായി. അയാളുടെ പഞ്ഞിപോലെ നനുത്ത കൈകളില്‍ ഒന്ന് അമര്‍ത്തി പിടിച്ചതിനു ശേഷം ഞാന്‍ തിരിഞ്ഞു നടന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions


Next Story

Related Stories