TopTop
Begin typing your search above and press return to search.

സര്‍ക്കാര്‍ ജോലി ഇത്ര വലിയ ക്രിമിനല്‍ കുറ്റമോ?

സര്‍ക്കാര്‍ ജോലി ഇത്ര വലിയ ക്രിമിനല്‍ കുറ്റമോ?

വി കെ അജിത്‌ കുമാര്‍

പ്രിയ സുഹൃത്തെ,

കേരള സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് ഇത്ര വല്യ ഒരു ക്രിമിനല്‍ കുറ്റമാണെന്നു ഞാന്‍ മനസിലാക്കിയത് ഇപ്പോഴാണ്. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം പത്ത് വര്‍ഷം യൂണിവേഴ്സിറ്റിയുടെ അധ്യാപന പരിശീലന കേന്ദ്രത്തില്‍ കണ്‍സോളിഡേറ്റഡ് എന്ന രിതിയില്‍ ലഭിച്ച തുച്ഛശമ്പളം വാങ്ങി ജിവിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കിഴില്‍ ഗുമസ്ഥപ്പണി ലഭിച്ചത്. യു ജി സി ക്വാളിഫിക്കേഷന്‍നേടിയ ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് ഏറ്റവും വിരസമായ ക്ലാര്‍ക്ക് പണിയാണ്. ഇതാണ് ജീവിതം. ഒരു വീടുവയ്ക്കാന്‍ കയറിയിറങ്ങാത്ത ബാങ്കുകള്‍ ഇല്ല ഒടുവില്‍ ഒരിടത്ത് നിന്നും ലഭിക്കുകയും കൃത്യമായി ലോണടയ്ക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ രണ്ടു മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒറ്റയാളുടെ വരുമാനത്തില്‍ ജിവിക്കുന്ന ഒരു സാധാരണ മനുഷ്യന്‍. എന്‍റെ ഓഫീസില്‍ എന്നെക്കാണാന്‍ വരുന്നവരേയും എന്‍റെ ജോലിയെയും ഞാന്‍ അതിവ ബഹുമാനത്തോടെ കാണുന്നു. കാരണം എന്നെ നിലനിര്‍ത്തുന്നത് ഇതുതന്നെയാണ്.

എന്നോടൊപ്പം അധ്യാപകരായി ജോലിചെയ്ത പലരും ലാസ്റ്റ് ഗ്രേഡ് തസ്തികകളിലും ജോലിചെയുന്നുണ്ട്. ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണ്, ഒരുപാട് പഠിക്കുകയും നിയതമായ തൊഴില്‍ ലഭിക്കാതെ വരികയും ചെയ്ത സാധാരണക്കാരുടെ കഥകളാണ് ഇനി ലഭിച്ച ജോലി ഉപേക്ഷിച്ച് ജിവിതഭാരം സംതുലിതപ്പെടുത്തുവാന്‍ വിദേശങ്ങളിലേക്ക് കടന്നവര്‍..ഞങ്ങളൊക്കെ ഇടത്തരം കുടുംബങ്ങളില്‍ നിന്നോ അതിലും താഴ്ന്ന നിലയില്‍ നിന്നോ വന്നവര്‍ തന്നെ ഞങ്ങള്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്ന ഏക ജിവിത ഉപാധിയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗം.

ഇവിടെ സര്‍ക്കാര്‍ സര്‍വീസുകള്‍ നിലവില്‍ വന്നിട്ട് കാലം കുറേയായി ദിവാന്‍ പേഷ്ക്കാര്‍ കണക്കപ്പിള്ളയുടെ വിരല്‍മുറിച്ച കഥ സേവന രംഗത്തെ ആദ്യശിക്ഷയായി ഇപ്പോഴും നിങ്ങള്‍ ആഘോഷിക്കുന്നു. ആര്‍ക്കും പെട്ടെന്ന് മേക്കിട്ട് കേറാന്‍ പറ്റുന്ന ഒരു വിഭാഗമായി സര്‍ക്കാര്‍ ജീവനക്കാര്‍ മാറുന്നു. അതും പൊതുജനത്തിന്‍റെ ലേബലില്‍. ‘പൊതിച്ചോര്‍’ എന്നൊരു കഥയുണ്ടായിരുന്നു. കുട്ടിയുടെ പൊതിച്ചോറ് കട്ടുതിന്ന അധ്യാപകന്‍റെ കഥ. സുഹൃത്തെ ഇങ്ങനെയൊക്കെ ജീവിച്ച ഒരു ഭുതകാലം ഇവിടെ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്തിരുന്നവര്‍ക്കുണ്ടായിരുന്നു. ഞങ്ങള്‍ ഇനിയും അങ്ങനെതന്നെ ജീവിക്കാം നിങ്ങള്‍ക്കുള്ള സന്തോഷത്തിനായി.

ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഉടയാത്ത സാരി ഉടുത്തവരും എ സി കാറുകളില്‍ വന്നിറങ്ങുന്നവരും ഇപ്പോള്‍ സംസാരിക്കുന്നത് പൊതുജനത്തിനുവേണ്ടിയാണ്. ഒരു തട്ടുകടയില്‍ നിന്നുപോലും ഒരു ചായ വാങ്ങി കുടിക്കാത്തവര്‍, MNC കളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍. ഞാന്‍ പറയുന്നില്ല, എല്ലാ ജീവനക്കാരും സല്‍സ്വഭാവികളാണെന്ന്. എന്നാല്‍ പലരും വലിയ സമ്പാദ്യമൊന്നുമില്ലാതെ പിരിയുന്നവര്‍ തന്നെ. എന്‍റെ മാതാപിതാക്കളും അധ്യാപകരായിരുന്നു. കാര്യമായ നീക്കിയിരുപ്പുകള്‍ ഒന്നും ബാക്കി വയ്ക്കാതെ മക്കളെ വളര്‍ത്തിയാണ് അവരും ജിവിച്ചിരുന്നത്. മാസാരംഭത്തില്‍ ശമ്പളം കയ്യില്‍ കിട്ടുമ്പോള്‍ ഏതൊക്കെ കടം വിട്ടണം എന്ന ചര്‍ച്ചകള്‍ ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്. അതില്‍ പലചരക്ക് കട മുതല്‍ സ്കുള്‍ ഫീസ് വരെയുണ്ടാകും. ഇതൊക്കെ ഇപ്പോഴും എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെയും നിത്യജിവിതത്തിന്‍റെ ഭാഗമാണ്.

ഇരുപതു ലക്ഷം ജനങ്ങള്‍ക്ക്‌ സുഖജീവിതം നല്‍കാന്‍ മുന്ന് കോടി ജനങ്ങള്‍ കഷ്ടപ്പെടുന്നത് എന്തിന് എന്ന് വാദിക്കുന്നവര്‍ മനസിലാക്കേണ്ടത് ഞങ്ങളാരും വിദേശത്ത് നിന്നും വന്നവരല്ല ഇവിടെ തന്നെ ജിവിക്കുന്നവരും മരിക്കുന്നവരുമാണ്. ഈ മൂന്നു കോടിയില്‍ ഞങ്ങളുമുണ്ട്. ഞങ്ങളുടെ റവന്യുവിന്‍റെ നല്ലൊരു ഒരു ഭാഗവും ഇവിടെ തന്നെ ലയിച്ചുചേരുന്നു. ഞങ്ങളുടെയൊക്കെ ശമ്പളം കൊണ്ടാണ് വിജയന്‍ ചേട്ടന്‍ മലക്കറിക്കട നടത്തുന്നത്, ഗോപിയേട്ടന്‍ പലചരക്ക് കട നടത്തുന്നത്. ഇവിടത്തെ പാല്‍കാരന്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെയും ചിട്ടി കമ്പിനിക്കാരുടെയും പ്രധാന ടാര്‍ജെറ്റ്‌ ഇപ്പോഴും ഞങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ. കാരണം കൃത്യമായി എല്ലാ മാസവും അവര്‍ക്ക് കൊടുക്കുവാനുള്ളത്‌ മുടക്കമില്ലാതെ കൊടുക്കുന്നു എന്നതുതന്നെ. ഞങ്ങള്‍ക്ക് കിട്ടുന്ന ശമ്പളത്തില്‍ പി എഫ് ഒഴികെയെല്ലാം തിരികെ പൊതു ഇടങ്ങളിലേക്ക് ഒരു തടസവുമില്ലാതെ എത്തുന്നു. ഇനി ഇന്‍കം ടാക്സ് അടയ്ക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ കിട്ടുന്ന ശമ്പളത്തില്‍ നിന്നും കൃത്യമായി അതും അടയ്കപ്പെടുന്നു.

ഇതിപ്പോള്‍ പറയാന്‍ പ്രേരിപ്പിക്കുന്നത് ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ കേരളത്തിലെ പൊതുജനം എന്ന ലേബലില്‍ പലരും സംസാരിക്കുന്നത് കണ്ടപ്പോഴാണ്. ഇതില്‍ പലരും സര്‍ക്കാര്‍ ജിവനക്കാരെ subhuman ആയി കരുതുന്ന തരത്തില്‍ പ്രതികരിക്കുന്നത് കണ്ടപ്പോഴാണ്. നിങ്ങളിലാര്‍ക്കെങ്കിലും ഒരു പക്ഷെ ഒരു വില്ലേജ് ഓഫിസില്‍ നിന്നോ അതുപോലെയുള്ള ചിലയിടങ്ങളില്‍ നിന്നോ പ്രതിക്ഷിച്ചതുപോലുള്ള കാര്യങ്ങള്‍ നടക്കാതെ പോയതുകൊണ്ടാകാം. ഇതിലൊന്നും എന്നെപോലുള്ള ഒരാള്‍ക്ക് അഭിപ്രായവ്യത്യാസമില്ല. കാരണം എല്ലായിടങ്ങളിലും ഇത്തരക്കാര്‍ ഉണ്ട്. നിങ്ങള്‍ ഞങ്ങളെ മാറ്റിനിര്‍ത്തുന്ന പൊതുജനമെന്ന സ്പേസിലും ക്രിമിനലുകളുണ്ട്.

ഇവിടെ സര്‍ക്കാര്‍ ജോലിചെയ്യുന്ന പലരും കുടുംബം എന്ന ഭരിച്ച ഉത്തരവദിത്വം തലയിലേറ്റുന്നവരാണ്. പ്രത്യേകിച്ചും മധ്യവര്‍ഗ്ഗത്തില്‍ കുടുംബത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടെങ്കില്‍ അവന്‍ എല്ലാ വിധത്തിലും ചൂഷണം ചെയ്യപ്പെടുന്നു. അവന്‍റെ വലിയൊരു വിഹിതം പണമായി താലികെട്ടുമുതല്‍ അടിയന്തിരം വരെയുള്ള എല്ലാ ആഘോഷങ്ങളിലും പ്രതീക്ഷിക്കുന്നവരാണ് ഇപ്പോഴും ഞങ്ങള്‍ക്ക് ചുറ്റുമുള്ളത്. ചിലപ്പോള്‍ അത് ജാമ്യത്തിന്‍റെ രീതിയിലും ആകുന്നു. ഇതൊന്നും മറ്റെങ്ങും നിന്ന് കൊണ്ടുവരുന്നതല്ല പ്രതിമാസ ശമ്പളവും മറ്റ് അനുകുല്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നതാണ് അങ്ങനെ സമുഹത്തില്‍ ഞങ്ങള്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന ഈ സ്റ്റാറ്റസ് നിങ്ങള്‍ -ഈ പൊതു ജനങ്ങള്‍-എന്തുകൊണ്ട് ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നില്ല. നമ്മുടെ ബാങ്ക് ഉദ്യോഗസ്ഥരെപ്പറ്റി അവര്‍ വാങ്ങിക്കുന്ന ശമ്പളത്തിനും ആനുകുല്യത്തിനും തക്ക പരിചരണം നിങ്ങള്‍ക്ക് അവരില്‍ നിന്നും ലഭ്യമാകുന്നുണ്ടോ? നിങ്ങള്‍ വോട്ടു കൊടുത്തു വിടുന്ന രാഷ്ട്രിയ നേതൃത്വത്തെപ്പറ്റി എന്തുകൊണ്ട് നിങ്ങള്‍ വ്യാകുലപ്പെടുന്നില്ല? തെരഞ്ഞെടുപ്പുകാലത്ത്‌ നിങ്ങള്‍ക്ക് മുന്‍പില്‍ അവര്‍ നിരത്തുന്ന പ്രകടനപത്രിക എത്രമാത്രം പാലിക്കപ്പെടുന്നുണ്ട് എന്ന് എന്തുകൊണ്ട് നിങ്ങള്‍ ചര്‍ച്ചചെയ്യുന്നില്ല?

സിവില്‍ സര്‍വിസുകള്‍ നമ്മുടെ ഭരണക്രമത്തിന്‍റെ ഭാഗമാണ്. അത് ഇല്ലാതാക്കണമെങ്കില്‍ സമൂലമായി ഇവിടം പൊളിച്ചെഴുതപ്പെടണം .ഞങ്ങള്‍ തയ്യാറാണ് എല്ലാവര്‍ക്കും തുല്യമായ അവകാശമുള്ള ഒരു ലോകത്ത് ജീവിക്കാന്‍ സ്വപ്നം കാണുന്നവരാണ് എന്നെപ്പോലുള്ള നിങ്ങള്‍ പറയുന്ന ഉദ്യോഗസ്ഥ ബൂര്‍ഷ്വാസികള്‍ പലരും. പക്ഷെ ഇവിടം സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതികൊടുക്കുന്ന തരത്തിലുള്ളതാകരുത് ആ സാമൂഹികമായ മാറ്റം. നിങ്ങള്‍ അത്തരം വാദഗതികളുടെ വക്താക്കളാകുകയാണ്- അറിഞ്ഞോ, അറിയാതെയോ. അഴിമതി ഇന്ന് പൊതുജിവതത്തിന്‍റെ ഭാഗമായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരുവിധത്തിലും അതിനു ഭാഗമാകില്ല എന്ന നിലപാട് എടുത്തുകൂടെ?

ഒരിക്കലും സംഘടിതരല്ലാത്ത നിങ്ങള്‍ നിലകൊള്ളുന്നതായി അഭിനയിക്കുന്ന ഈ പൊതുജനത്തിലെ ഒരു ഭാഗമാണ് സുഹൃത്തെ പലപ്പോഴും ഞങ്ങളും. ദയവായി ഞങ്ങളെ പൊതുജനങ്ങളുടെ പേര് പറഞ്ഞ് ആക്ഷേപിക്കരുത്. കാരണം ഞങ്ങളില്‍ പലരെയും പ്രതിക്ഷിച്ചു ജിവിക്കുന്ന സാധരണക്കാര്‍ ഇവിടെയുണ്ട്. അവരില്‍ നിന്നും ഞങ്ങളെ അകറ്റരുത്. നിങ്ങളെക്കൊണ്ട് അവര്‍ക്ക് അത്രവലിയ നേട്ടമൊന്നും ഇല്ല. അതവര്‍ക്ക് മനസിലാക്കാന്‍ ചിലപ്പോള്‍ കാലതാമസം ഉണ്ടാകും. കാരണം അത്തരം കടുത്തതാണ് നിങ്ങളുടെ ഭാഷയും ആക്രമണവും.

ഇനിയൊരു യാഥാര്‍ത്ഥ്യം; ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ശമ്പളപരിഷ്കരണത്തില്‍ തൂങ്ങിയാണ് നിങ്ങള്‍ ഞങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നതെങ്കില്‍ അത് ഞങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന അനുകൂല്യങ്ങളില്‍ നിന്നും കാര്യമായ പുരോഗതിയൊന്നും ഇല്ലാത്തതും പൊതുജനങ്ങളില്‍ നിന്നും ഞങ്ങളെ അകറ്റാന്‍ വേണ്ടിയുള്ള ചില പ്രഖ്യാപനങ്ങളില്‍ നിന്നുകൊണ്ടുള്ളതും മാത്രമാണെന്നു കൂടി മനസിലാക്കേണ്ടതാണ്. ഇല്ല, ഞങ്ങള്‍ ഒരിക്കലും പറയില്ല, ഇതൊരു കൊതിക്കെറുവില്‍നിന്നുമുണ്ടായതാണെന്ന്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories