UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകളുടേതല്ലാത്ത തൊഴിലിടങ്ങളും കല്യാണ്‍ സ്വാമിമാരും; മാറ്റം വന്നേ പറ്റൂ

Avatar

ശരത് ചേലൂര്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും പീഢനങളും വര്‍ദ്ധിച്ചു വരുന്ന സമകാലീന സാമൂഹിക സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളില്‍ നടക്കുന്ന അനീതിക്കും അക്രമങ്ങള്‍ക്കുമെതിരെ അതിശക്തമായ രാഷ്ട്രീയ ഇടപെടലിന് തയ്യാറെടുക്കുകയാണ് അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍. വ്യാപാര സ്ഥാപനങളില്‍ ജോലി ചെയ്യുന്ന അസംഘടിതരായ സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങള്‍ വളരെ ഗൗരവമായി ഏറ്റെടുക്കുകയും തൊഴിലാളികളുമായും മാനേജ്‌മെന്റുകളുമായും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുക വഴി കൂടുതല്‍ മെച്ചപ്പെട്ട വേതനവും മറ്റ് ആനുകൂല്യങളും തൊഴില്‍ സാഹചര്യങളും നേടിയെടുക്കുക എന്ന വളരെ പ്രധാനപ്പെട്ട ഇടപെടലാണ് ഈ സംഘടന ലക്ഷ്യം വയ്ക്കുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ വിവിധ സാമൂഹിക, സാസ്‌കാരിക രാഷ്ട്രീയ സംഘടനകളുമായി സഹകരിച്ച് കോഴിക്കോട് നടത്തിയ ‘ഇരിക്കല്‍ സമരം’ വസ്ത്രവ്യാപര രംഗത്തു പ്രവര്‍ത്തിക്കുന്ന അസംഘടിതരായ സ്ത്രീ തൊഴിലാളികള്‍ക്ക് വലിയ ആത്മവിശ്വാസമാണു നല്‍കിയത്. അവരുടെ ശമ്പളം, ജോലിസമയം, ഓവര്‍ ടൈം, ലീവ്, തൊഴിലിടങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുകയും ശമ്പള വര്‍ദ്ധനവടക്കമുള്ള ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.

ഈയൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് തൃശ്ശൂരിലെ കല്ല്യാണ്‍ സാരീസില്‍ നിന്നും അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ ഭാരവാഹികളേയും അനുഭാവികളേയും പ്രതികാര നടപടിയെന്നോണം സ്ഥലം മാറ്റിയത്. യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതു മാത്രമല്ല, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കായി ശക്തമായ നിലപാടുകളുമായി മുന്നോട്ടു വന്നതുകൊണ്ടുകൂടിയാണ് ആറു തൊഴിലാളികളെ മാനേജ്‌മെന്റ് സ്ഥലം മാറ്റല്‍ എന്ന നാടകത്തിലൂടെ പുറത്താക്കിയത്. സമര സമിതി കണ്‍വീനര്‍ പദ്മിനിയെ തൃശ്ശൂരിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് കൂടുതല്‍ ശമ്പളം കൊടുക്കാമെന്നു പറഞ്ഞ് കല്ല്യാണ്‍ സാരീസിലേക്കു കൊണ്ടുവന്നത്; പക്ഷെ ആദ്യം മൂന്നു മാസത്തിനു ശേഷം നല്‍കാമെന്നും പിന്നീടത് നീട്ടി നീട്ടി ഒന്നര വര്‍ഷത്തിനു ശേഷമാണ് 500 രൂപ ശമ്പള വര്‍ദ്ധനവ് അവര്‍ക്ക് നല്കിയത്. ഇത് കൂടാതെ ഞായറാഴ്ച പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇരട്ടി ശമ്പളം കൊടുക്കാമെന്നു പറഞ്ഞിരുന്നുവെങ്കിലും ആ ദിവസത്തെ ശമ്പളമല്ലാതെ നാളിതു വരെ ഒരു നയാ പൈസ ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. നാലും അഞ്ചും ഇരട്ടി വിലയ്ക്ക് തുണി വിറ്റു കിട്ടുന്ന വരുമാനത്തിലെ കൊള്ള ലാഭത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് മാന്യമായി ശമ്പളം നല്‍കുന്നില്ലെന്നു മാത്രമല്ല മേല്‍പ്പറഞ്ഞതുപോലെ ഫ്‌ളോറിലും മറ്റും തൊഴിലാളികളില്‍ നിന്നുണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ക്കു പോലും (മൂത്രമൊഴിക്കാന്‍ പോയി വരുമ്പോള്‍ വൈകിയാല്‍ വരെ) പിഴ ഈടാക്കി അവരുടെ ശമ്പളത്തില്‍ നിന്നു പോലും കൈയ്യിട്ടു വാരുകയാണ്. ശമ്പളവര്‍ദ്ധനവിന്റെ കാര്യം പറയുമ്പോഴെല്ലാം സ്ഥാപനം വളരെ നഷ്ടത്തിലാണെന്നും ലാഭത്തിലാവുമ്പോള്‍ നിങ്ങള്‍ക്കും ശമ്പള വര്‍ദ്ധനവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കാമെന്നുമാണ് സ്ഥാപനത്തിന്റെ സ്ഥിരം പല്ലവിയെന്ന് പദ്മിനി പറയുന്നു.

 

പക്ഷെ ജോലിയുടെ കാര്യത്തില്‍ കല്ല്യാണ്‍ സ്വാമി വളരെ നിര്‍ബന്ധ ബുദ്ധിയുള്ളയാളാണ്. രാവിലെ ഒമ്പത് മണിയോടെ തുടങ്ങുന്ന ജോലി രാത്രി 7.30 ന് അവസാനിക്കുന്നിതിനിടയില്‍ മൂന്നു തവണയായി 40 മിനിറ്റോളമാണ് തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചിട്ടുള്ളത്. 10 മിനിറ്റ് വീതം രാവിലേയും വൈകിട്ടും ചായ കുടിക്കാനും 20-25 മിനിറ്റ് ഭക്ഷണം കഴിക്കാനുമാണ് ഇടവേളകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ സമയം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പഞ്ചിങ് കാര്‍ഡിന്റെ പ്രിന്റെഡ് കോപ്പിയടക്കം ഫ്‌ളോറില്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് എഴുതി വയ്ക്കാനായി നല്‍കിയിട്ടുണ്ട്. മൂന്നു തവണ നേരം വൈകിയാല്‍ അര ദിവസത്തെ വേതനം തൊഴിലാളിക്ക് നഷ്ടമാവും. മേല്‍പ്പറഞ്ഞ 45 മിനിറ്റില്‍ക്കൂടുതല്‍ ആരെങ്കിലും എടുക്കുകയാണെങ്കില്‍ ‘ആളും തരവും നോക്കി’ വിളിച്ച് ഉപദേശിക്കാനും പിഴ ചുമത്തുന്നതടക്കമുള്ള നടപടികളെടുക്കാനും മാനേജ്‌മെന്റ് ദാസന്മാര്‍ സദാ ജാഗരൂകരാണ്. ഉച്ചഭക്ഷണ സമയം 12.30 മുതല്‍ 2.30 വരെയാണ്. 35-40 ആളുകള്‍ ജോലി ചെയ്യുന്ന ഫ്‌ളോറില്‍ നിന്നും അഞ്ചു പേര്‍ക്കു വീതമാണ് ഭക്ഷണം കഴിക്കാന്‍ പോകാന്‍ അനുവാദമുളളത്. അപ്പോള്‍ നിയമപ്രകാരം 20 പേര്‍ക്കേ ഭക്ഷണം കഴിക്കാന്‍ കഴിയുകയുള്ളൂ. 2.30 നു ശേഷം അഞ്ചാമത്തെ നിലയിലുള്ള കാന്റീന്‍ അടച്ഛിടുകയാണ് ചെയ്യുന്നത്. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത തൊഴിലാളികള്‍ ഭക്ഷണം കഴിക്കാതിരിക്കലാണ് പതിവെന്ന് സമര സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഭക്ഷണം കഴിക്കാനോ ചായ കുടിക്കാനോ അഞ്ചാം നിലയിലേക്ക് പോകുന്നതിന് ലിഫ്റ്റ് സൗകര്യം ഉണ്ടെങ്കിലും തൊഴിലാളികള്‍ ലിഫ്റ്റ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്.

രാവിലെ മുതല്‍ വൈകീട്ട് 7.30 വരെ കസ്റ്റമര്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും നിന്നുകൊണ്ടു ജോലി ചെയ്യണമെന്നതാണ് ചട്ടം. മാസത്തില്‍ ഓരോരുത്തരുടെയും സെയില്‍ നോക്കി ഇന്‍സെന്റീവ് നല്‍കാമെന്നായിരുന്നു ഇന്റര്‍വ്യൂ സമയത്ത് പറഞ്ഞിരുന്നതെകിലും വളരെ തുച്ഛമായ പൈസയേ ഈയിനത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നുള്ളൂ. രണ്ടു ലക്ഷം രൂപയോളം സെയില്‍ ചെയ്ത മായക്ക് (ഇപ്പോള്‍ സമര സമിതി പ്രവര്‍ത്തക, അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ തൃശ്ശൂര്‍ ജില്ലാ ഭാരവാഹി) 1100 രൂപയാണ് ഡിസംബര്‍ ആദ്യവാരത്തില്‍ ശമ്പളത്തോടൊപ്പം ലഭിച്ചത്. ഫ്‌ളോറിലെ ജോലികള്‍ മാത്രമല്ല ബണ്ടിലുകള്‍ വരുമ്പോള്‍ അത് ഗോഡൗണുകളില്‍ ചെന്ന് തരം തിരിക്കല്‍, സ്റ്റിക്കര്‍ പതിക്കല്‍, പാക്കിംഗ് തുടങ്ങി മറ്റു ജോലികളും ഈ സ്ത്രീകളെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. ഇത്തരത്തില്‍ ജോലിക്ക് ജോയിന്‍ ചെയ്യുന്ന സമയത്ത് പറഞ്ഞിരുന്ന യാതൊരു വാഗ്ദാനങ്ങളും പാലിക്കാതെ പരാമാവധി സ്ത്രീകളെ ചൂഷണം ചെയ്ത് അടിമപ്പണിയെടുപ്പിക്കുന്ന കല്ല്യാണ്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ചതിനാണ് ഈ തൊഴിലാളികളെ പിരിച്ചുവിടുകയും മറ്റുള്ളവര്‍ക്ക് താക്കീത് നല്‍കി ജോലി ചെയ്യിക്കുകയും ചെയ്യുന്നത്. ഇന്റര്‍വ്യൂ സമയത്ത് മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റം ഉണ്ടാകുമെന്നോ പോയില്ലെങ്കില്‍ ജോലിയില്‍ തുടരാന്‍ അര്‍ഹത ഇല്ലെന്നോ മാനേജ്‌മെന്റ് അറിയിച്ചിരുന്നില്ല. അതുമാത്രമല്ല ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ യാതൊരു കാരണവും കാണിക്കാതെ ജില്ലകള്‍ക്കപ്പുറത്തേക്ക് സ്ഥലം മാറ്റുന്നതിന് ഭരണപരമായ കാരണങള്‍ മാത്രമാണ് മാനേജ്‌മെന്റ് പറയുന്നത്. മറ്റ് ആഭ്യന്തര പ്രശ്‌നങ്ങള്‍, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ചര്‍ച്ച ചെയ്യാനോ പരിഗണിക്കാനോ തയ്യാറാവാതെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നത് യാതൊരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് സമരവുമായി മുന്നോട്ടു പോകുന്നതെന്ന് സമര സമിതി കണ്‍വീനര്‍ പദ്മിനി പറയുന്നത്.

പി എഫ്, ഇ എസ് ഐ പറഞ്ഞ് പണം പിരിക്കുന്നുണ്ടെങ്കിലും യാതൊരു രേഖകളും തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല എന്നത് സംശയമുളവാക്കുന്നതു തന്നെയാണ്. സമരവുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫിസര്‍, ജില്ലാ കലക്ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഇതൊരു പ്രതികാര നടപടിയായി തന്നെയാണെന്ന്‍ മനസ്സിലാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി എങ്കിലും തൊഴിലാളികള്‍ക്കനുകൂലമായി ചര്‍ച്ചയില്‍ യാതൊരു തീരുമാനങ്ങളും ഉണ്ടായില്ലെന്നു മാത്രമല്ല ഈ പ്രശ്‌നങ്ങള്‍ ഉള്ളിടത്തോളം അവിടെ നിങ്ങള്‍ക്കിനി ജോലിയില്‍ പ്രവേശിച്ചാല്‍ തന്നെ സമാധാനമായി തുടരാന്‍ സാധിക്കുമോ എന്നും കലക്ടര്‍ ചോദിച്ചുവത്രെ. കല്ല്യാണ്‍ മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിനു മുന്‍പില്‍ ഇരുന്നുകൊടുക്കാന്‍ മാത്രമേ കലക്ടര്‍ അടക്കമുള്ളവര്‍ക്കു സാധിച്ചുള്ളൂ എന്നത് ഖേദകരവും അപലപനീയവുമാണ്. ഒരാളെ ജോലിക്കെടുക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് കല്ല്യാണ്‍ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ തിരഞ്ഞു പിടിച്ച് പുറത്താക്കുന്ന ഈ പ്രവണതയ്ക്കു മുന്‍പില്‍ തലതാഴ്ത്തിയാല്‍ ഇനിയൊരിക്കലും തിരിച്ചു പിടിക്കാനാവാത്ത വിധം സ്ത്രീ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങിടാന്‍ കല്ല്യാണ്‍ സ്വാമിമാര്‍ക്ക് കഴിഞ്ഞേക്കും.

 

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സൗഹാര്‍ദ്ദപരമായ തൊഴിലിടം സൃഷ്ടിക്കുന്നതിനുതകുന്ന രീതിയില്‍ ഒരു തൊഴിലാളിപ്രസ്ഥാനമോ സംഘടനയോ ഒന്നും തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കുണ്ടാകാതിരിക്കാന്‍ മുതലാളിമാര്‍ തൊഴിലാളികളെക്കൊണ്ട് തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ഇത്തരം തോന്നിയവാസങ്ങള്‍ക്ക് അറുതി വരുത്താന്‍ സാമൂഹം ഒന്നിച്ചുകൂടണം. അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ നേതൃത്വം കൊടുകുന്ന ഈ സമരത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്കണമെന്ന് സമര സഹായ സമിതിയുടെ പേരില്‍ അഭ്യര്‍ത്ഥിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പാരിസ്തിതിക മേഖലകളില സജീവ സാന്നിദ്ധ്യമായ സുഹൃത്തുക്കളും അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ പ്രവര്ത്തകരും ചേര്‍ന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷനു മുന്‍പില്‍ നടത്തിയ പോസ്റ്റര്‍ ക്യാമ്പെയിന്‍ പ്രശസ്ത എഴുത്തുകാരി സാറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തിരുന്നു. തുടര്‍ന്ന് നഗരത്തിലെ പ്രധാന കവലകളിലെല്ലാം തന്നെ സമര സഹായ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിക്കുകയും ക്യാമ്പെയിന്‍ ചെയ്യുകയും ചെയ്തു. പോസ്റ്റര്‍ പ്രിന്റിങ്ങുമായി ബന്ധപെട്ട് പ്രസ്സുകാരെ സമീപിച്ചപ്പോള്‍ പത്രക്കാരുടെ അതേ നിലപാടു തന്നെയാണ് അവരും സ്വീകരിച്ചത് (പൊതുജനശ്രദ്ധ കൊണ്ടുവരുന്നതിനായി പ്രസ്സ് ക്ലബ്ബ് ബുക്ക് ചെയ്തു നടത്തിയ പത്രസമ്മേളനം നമ്മുടെ മുഖ്യധാരകളെല്ലാം കൂടി ‘മുക്കി’ വാര്‍ത്ത പ്രസിദ്ധീകരിക്കാതെ പരസ്യപ്പണം തരുന്നവനു നന്ദി കാണിച്ചിരുന്നു). അഞ്ചിലധികം പ്രസ്സുകാര്‍ കല്ല്യാണിനെതിരെ പോസ്റ്റര്‍ പ്രിന്റു ചെയ്യാന്‍ തയ്യാറായില്ല.

നിലനില്‍ക്കുന്ന നിയമ വ്യവസ്ഥിതി പ്രകാരം സ്ത്രീ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും ഇന്ന് തൊഴിലിടങ്ങളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വളരെ സജീവമായ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ വ്യവസ്ഥകള്‍ എല്ലാം പാലിക്കപ്പെടുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഉറപ്പു ലഭിക്കും വരെ സമരം മുന്നോട്ടുകൊണ്ടു പോകാനാണ് തീരുമാനം. തൃശ്ശൂര്‍ കല്ല്യാണ്‍ സാരീസിനു മുന്‍പില്‍ നടത്തുന്ന ഈ അവകാശസമരം കേവലം ആറു തൊഴിലാളികളെ തിരിച്ചെടുക്കുന്നതിനു വേണ്ടി മാത്രമല്ല മറിച്ച് തൃശ്ശൂരിലേയും കേരളത്തിലെ മറ്റ് ജില്ലകളിലേയും വ്യാപാര സ്ഥാപനങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ സൗഹാര്‍ദ്ദപരമായ തൊഴിലിടം ഉറപ്പു വരുത്തുന്നതിനു വേണ്ടിക്കൂടിയാണ്. സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ തൊഴിലിടങ്ങള്‍ സ്ത്രീകള്‍ക്കു കൂടി അവകാശപ്പെട്ടതാണ്. അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള സമരത്തിന് പൂര്‍ണ്ണ പിന്തുണയേകുക.

(വിബ്ജിയോര്‍ ഫിലിം കളക്ടീവിന്റെ സെക്രട്ടറിയും മനുഷ്യാവകാശ സംഘടനയായ സഹയാത്രികയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍