TopTop
Begin typing your search above and press return to search.

ആരാണ് ട്രംപ് പുറത്താക്കിയ സാലി യേറ്റ്സ്?

ആരാണ് ട്രംപ് പുറത്താക്കിയ സാലി യേറ്റ്സ്?

സരി ഹോര്‍വിറ്റ്സ്

അറ്റ്ലാന്റയില്‍ ദീര്‍ഘകാലം വ്യവഹാരങ്ങള്‍ നടത്തിയിരുന്ന ആക്ടിംഗ് അറ്റോണി ജനറല്‍ ആയ സാലി ക്യുള്ളിയന്‍ യേറ്റ്സ്, കോടതികളില്‍ സര്‍ക്കാര്‍ കേസുകള്‍ നടത്തുന്നതിനേക്കാള്‍ നീതിക്ക് വേണ്ടിയുള്ള അന്വേഷണത്തിനാണ് താന്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് രണ്ട് വര്‍ഷം മുമ്പ് ബരാക് ഒബാമയുടെ പ്രതിനിധിയായി ചുമതലയേറ്റത്.

'നമ്മുടേത് വിചാരണയുടെ വകുപ്പോ എന്തിന് പൊതുസുരക്ഷയുടെ വകുപ്പോ അല്ല,' 2015 മേയില്‍, ജസ്റ്റിസ് വകുപ്പിലെ രണ്ടാമത്തെ സുപ്രധാന തസ്തികയായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ആയി ചുമതല ഏറ്റെടുത്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. 'നമ്മള്‍ നീതിക്ക് വേണ്ടി നിലകൊള്ളുന്ന വകുപ്പാണ്.'

നീതിന്യായ വകുപ്പില്‍ 27 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച വിവാദ കുടിയേറ്റ ഉത്തരവിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ രംഗത്തുവരേണ്ടതില്ലെന്ന് ഉത്തരവിട്ടുകൊണ്ട് അവര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തള്ളിപ്പറഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് അവരെ പുറത്താക്കി. 'യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പൗരന്മാരെ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്ത ഒരു നിയമപരമായ ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിച്ചതിലൂടെ നീതിന്യായ വകുപ്പിനെ യേറ്റ്‌സ് വഞ്ചിച്ചതായി,' വൈറ്റ് ഹൗസ് പുറപ്പെടുവിച്ച ഒരു പത്രപ്രസ്താവനയില്‍ പറഞ്ഞു.

സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് അവര്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത വിധത്തില്‍ കഴിഞ്ഞ ആഴ്ച അവസാനം മുഴുവന്‍ സമ്മര്‍ദത്തിലായിരുന്നു എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍, തിങ്കളാഴ്ച രാവിലെയോടെ ഉത്തരവിനെ പ്രതിരോധിക്കേണ്ടതില്ല എന്ന് തന്റെ കീഴിലുള്ള അറ്റോര്‍ണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ 56കാരിയായ യേറ്റ്‌സ് തീരുമാനിച്ചു.

ഉത്തരവ് നിയമപരമാണ് എന്ന് തനിക്ക് 'ബോധ്യപ്പെടുന്നില്ല' എന്ന് ചൂണ്ടിക്കാട്ടി അവര്‍ ജസ്റ്റിസ് വകുപ്പിലെ സിവില്‍ വിഭാഗത്തിനും രാജ്യത്തെമ്പാടുമുള്ള സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും ഒരു മെമോ അയച്ചു. 'ഞാന്‍ ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ആയി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം, അങ്ങനെ ചെയ്യുന്നതാണ് ഉചിതം എന്ന് എനിക്ക് ബോധ്യപ്പെടാത്ത പക്ഷം, ഭരണനിര്‍വഹണ ഉത്തരവിലെ പ്രതിരോധിച്ചുകൊണ്ടുള്ള വാദങ്ങള്‍ ജസ്റ്റിസ് വകുപ്പ് നിരത്തേണ്ടതില്ല,' എന്ന് മെമ്മോയില്‍ അവര്‍ വ്യക്തമായ സൂചന നല്‍കി.

മണിക്കൂറുകള്‍ക്ക് ശേഷം, ഏകദേശം രാത്രി 9.15 ഓടെ പ്രസിഡന്റ് അവരെ തസ്തികയില്‍ നിന്നും നീക്കി എന്ന് കാണിക്കുന്ന കൈപ്പടയിലെഴുതിയ കത്ത് വൈറ്റ് ഹൗസില്‍ നിന്നും അവര്‍ക്ക് ലഭിച്ചു. അവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തതിന്റെ പേരിലാണ് യേറ്റ്‌സിന് സ്ഥാനം നഷ്ടപ്പെട്ടതെന്ന് അതേ ഉദ്യോഗസ്ഥന്‍ പറയുന്നു. 27 വര്‍ഷം നീണ്ട തന്റെ സേവനം ഇങ്ങനെ അവസാനിപ്പിക്കാന്‍ അവര്‍ ഉദ്ദേശിച്ചിട്ടുണ്ടാവില്ലെങ്കിലും ചെയ്യേണ്ട കാര്യം കൃത്യമായി ചെയ്തതിന് ശേഷമാണ് അവര്‍ പടിയിറങ്ങിയതെന്നും ആ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷെ തന്റെ ഔദ്ധ്യോഗിക ജീവിതത്തില്‍ ഉടനീളം പുലര്‍ത്തിയ നിയമസംവിധാനത്തിലെ സ്വാതന്ത്ര്യവും പ്രതിജ്ഞാബദ്ധതയും എന്ന ആശയങ്ങളോട് യോജിച്ചു നില്‍ക്കുന്നതാണ് സാലി യേറ്റ്സിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് അവരെ അടുത്തറിയുന്നവര്‍ ഉറപ്പിച്ച് പറയുന്നു.

'കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇരു പാര്‍ട്ടികളിലെയും പ്രസിഡന്റുമാരോടൊപ്പം പ്രവര്‍ത്തിച്ച സാലി യേറ്റ്സ് ഭരണഘടനയെ പ്രതിരോധിക്കുകയും ഭീകരവാദികളെയും മറ്റ് കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയും ചെയ്തു,' എന്ന് ഒബാമ ഭരണകൂടത്തിലെ പൗരാവകാശ വിഭാഗത്തിന്റെ തലവനായ ടോം പെറസ് ചൂണ്ടിക്കാണിക്കുന്നു. അധിക്ഷേപിക്കപ്പെടേണ്ടതിനേക്കാള്‍ ഉയരത്തിലാണ് അവരുടെ കര്‍മ്മപഥമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയുടെ അദ്ധ്യക്ഷനാവാന്‍ മത്സരിക്കുന്ന പെറസ് പറയുന്നു.

എന്നാല്‍ യേറ്റ്‌സിനെ സ്ഥാനഭ്രഷ്ടയാക്കിയ ശേഷം ഫോക്‌സ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ ട്രംപിന്റെ മുതിര്‍ന്ന നയോപദേശകനായ സ്റ്റീഫന്‍ മില്ലര്‍ അവരെ രൂക്ഷമായി വിമര്‍ശിച്ചു. പ്രസിഡന്റിന്റെ ഉത്തരവ് പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കുന്നതിലൂടെ വിവേകരഹിതവും ഉത്തരവാദിത്വരഹിതവും അനുചിതവുമായ തീരുമാനമാണ് സാലി യേറ്റ്‌സ് കൈക്കൊണ്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രസിഡന്റിന്റെ നിയമപരമായ അധികാരങ്ങളെ ചെറുക്കാനും അവര്‍ ശ്രമിച്ചതായി മില്ലര്‍ ആരോപണം ഉന്നയിച്ചു. ഉത്തരവിന്റെ നിയമസാധുതയെ കുറിച്ച് ഒരു ചോദ്യവും ഉയരുന്നില്ലെന്നും മില്ലര്‍ അവകാശപ്പെട്ടു.

ജസ്റ്റിസ് വകുപ്പിലെ 1,13,000 വരുന്ന ഉദ്യോഗസ്ഥരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞ രണ്ടു വര്‍ഷമായി സാലി യേറ്റ്‌സാണ് നിര്‍വഹിക്കുന്നത്. അക്രമരഹിതരായ മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ പ്രസിഡന്റ് ഒബാമയുടെ ശിക്ഷാ ഇളവ് മുന്‍കൈ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ജസ്റ്റിസ് വകുപ്പിന്റെ ഉത്തരവാദിത്വം സാലി യേറ്റ്‌സിനായിരുന്നു. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കമ്പനികളുടെ മാത്രമല്ല, വ്യക്തിഗത ഉദ്യോഗസ്ഥരുടെയും വിചാരണകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് കടമയുണ്ടെന്ന് 'യേറ്റ്‌സ് മെമ്മോ' എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ ഒരു കുറിപ്പില്‍ അവര്‍ സൂചിപ്പിച്ചിരുന്നു. വോക്‌സ് വാഗണിന്റെ ഡീസല്‍ വികരിണ കുംഭകോണവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ആറ് ഉദ്യോഗസ്ഥരെ കുറ്റക്കാരായി കണ്ടെത്തിയതായി യേറ്റ്‌സ് കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. ക്രിമിനല്‍, സിവില്‍ പിഴകളായി 4.3 ബില്യണ്‍ ഡോളര്‍ പിഴ ഒടുക്കാമെന്ന് കമ്പനി പിന്നീട് തീരുമാനിക്കുകയും ചെയ്തു.

ഭരണകൂടം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നത് എന്ന് ബോധ്യപ്പെടുമ്പോള്‍ അതിനെ തിരുത്താന്‍ ശ്രമിക്കുന്ന വകുപ്പിലെ ശബ്ദമായാണ് യേറ്റ്‌സ് അറിയപ്പെട്ടിരുന്നതെന്ന് ജസ്റ്റിസ് വകുപ്പിന്റെ മുന്‍ വക്താവ് എമിലി പിയേഴ്‌സ് പറയുന്നു. ക്രിമിനല്‍ വിചാരണകള്‍ക്കിടയില്‍ രഹസ്യ ആശയവിനിമയങ്ങളെ കുറിച്ച് സര്‍ക്കാരിന് പ്രാപ്യത ലഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ അവര്‍ കൃത്യമായി ശബ്ദമുയര്‍ത്തിയിരുന്നതായി മുന്‍ വക്താവ് പറയുന്നു. രഹസ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രാപ്യമാക്കുന്നതിന് കൂടുതല്‍ ശക്തമായ നിയമനടപടികള്‍ ആവശ്യമാണെന്ന വാദത്തെ അവര്‍ ശക്തിയുക്തം എതിര്‍ത്തിരുന്നു. ഒബാമ ഭരണകൂടത്തിന്റെ ദോഷകരമായ തീരുമാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നതായും എമിലി പിയേഴ്‌സ് ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories