TopTop
Begin typing your search above and press return to search.

ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകള്‍

ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകള്‍

നസീര്‍ കെ സി

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'പിറവി' എന്ന സിനിമ റിലീസ് ചെയ്തത് 1989 ലാണ്. ദേശീയ അവാര്‍ഡ് ഉള്‍പ്പടെ മുപ്പതോളം പുരസ്കാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്തെ രാജന്‍ തിരോധാനമാണ്‌ ഈ സിനിമയുടെ പ്രമേയ പരിസരം എന്നാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹികമോ രാഷ്ട്രീയമോ ആയ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങല്‍ക്കുമപ്പുറത്ത് വൈയക്തികമായ ദുഖങ്ങളുടെ ആവിഷ്ക്കാരമായാണ് ഈ സിനിമ കലാശിക്കുന്നത്. വ്യവസ്ഥ നിസ്സഹായരാക്കുന്ന വ്യക്തികളുടെ ആത്മദുഃഖങ്ങള്‍ എന്ന് അല്പം സാമൂഹ്യശാസ്ത്രം കലര്‍ത്തിപ്പറയുകയും ആവാം. ആലോചിച്ചാല്‍ രസകരമായ ഒരു വൈരുധ്യം ഇതിലുണ്ട്. വ്യവസ്ഥാ വിമര്‍ശനത്തിന്‍റെ ആയുധമായി ഉപയോഗിക്കാവുന്ന ഒരു സിനിമ വ്യവസ്ഥയാല്‍ താരാട്ടപ്പെടുന്ന വൈചിത്ര്യം നാമിവിടെ കാണുന്നുണ്ട്. മുപ്പതോളം പുരസ്കാരങ്ങള്‍ക്ക് ഈ സിനിമ അര്‍ഹമായത് അതുകൊണ്ടാണ്. 'പിറവി' എന്ന സിനിമ കാണാതെ തന്നെ മകനെ അന്വേഷിച്ച് അലയാന്‍ ഇടയായ അച്ഛന്‍റെ ദുഃഖങ്ങള്‍ നമ്മള്‍ അറിഞ്ഞിരുന്നു. ഭ്രാന്തോളം എത്തിയ ഒരമ്മയുടെ സങ്കടങ്ങളും ഓരോ മലയാളിയെയും പിന്തുടരുന്നുണ്ടായിരുന്നു. എന്നാല്‍ രാജന്‍ സംഭവം അധികാരത്തിന്‍റെ മേല്‍വിലാസത്തില്‍ നടന്ന അവസാനത്തെ അനീതിയായിരുന്നില്ല എന്നു നാം കണ്ടുകൊണ്ടിരിക്കുന്നു.

ജനാധിപത്യത്തിന്‍റെ ഇരുമ്പുലക്ക
ഹിംസ ഭരണകൂടത്തിന്‍റെ ഒരു ശീലമാണ്. നിയമം അതിന്‍റെ കയ്യില്‍ പലപ്പോഴും ഒരു ഇരുമ്പുലക്കയായി മാറുന്നു. രാജനെതിരെ ഉപയോഗിച്ച അതേ ഇരുമ്പുലക്കയാണ് എത്രയോ കാലങ്ങള്‍ക്ക് ശേഷം ഉദയകുമാര്‍ എന്ന ചെറുപ്പക്കാരനെതിരെ പ്രയോഗിച്ചത്. രാജനേക്കാള്‍ നിസ്സഹായനായിരുന്നു അയാള്‍. പൊളിറ്റിക്സിന്‍റെ തിളങ്ങുന്ന മേല്‍ക്കുപ്പായം അയാള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് പോലീസ് റിക്കാര്‍ഡിലൊഴിച്ച് ചരിത്രത്തിലൊന്നും അയാളുടെ പേര് രേഖപ്പെടുത്തപ്പെടുകയില്ല. ഒരു ഓണക്കാലത്ത് അയാളുടെ കയ്യില്‍ മൂവായിരം രൂപ ഒരുമിച്ചുണ്ടായി എന്നതാണ് അയാളുടെ കുറ്റം. ഈ മൂവായിരം രൂപയിലായിരുന്നുവത്രേ അയാളെ അറസ്റ്റ് ചെയ്ത പോലീസിന്‍റെ കണ്ണ്. വൃദ്ധയായ അമ്മയ്ക്ക് ഓണപ്പുടവയെടുക്കാന്‍ ഇറങ്ങിയ അയാളുടെ ജീവചരിത്രം അങ്ങനെ പോലീസ് കസ്റ്റഡിയില്‍ അവസാനിച്ചു. ഇപ്പോഴിതാ ഒന്നു കൂവിയതിന്‍റെ പേരില്‍ നിത്യജീവിതത്തിന്‍റെ ചിത്രപടത്തില്‍ നിന്ന് മറ്റൊരു ചെറുപ്പക്കാരനെ അടര്‍ത്തിക്കൊണ്ടു പോയിരിക്കുന്നു. ഒരു കൂവല്‍ പോലും ശേഷിച്ചിട്ടില്ലാത്ത യുവതലമുറയുടെ പ്രതികരണരാഹിത്യത്തെ വിമര്‍ശിക്കുന്നവര്‍ തന്നെയാണ് ആ ചെറുപ്പക്കാരനെ ക്രൂശിക്കാന്‍ ആവശ്യപ്പെടുന്നത്. ഒരു കൂവല്‍കൊണ്ട് മാഞ്ഞു പോകുന്ന ദേശപ്പെരുമകളെ ഓര്‍ത്ത് നിരാശപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാനാണ്.ബുക്ക്‌ തീഫ്
ബുക്ക്‌തീഫ് എന്ന പ്രശസ്തമായ ഒരു സിനിമയുണ്ട്. നാസികാലത്തെ പുസ്തക പ്രേമിയായ ഒരു ജര്‍മ്മന്‍ പെണ്‍കുട്ടിയുടെ കഥയാണത്. ഹിറ്റ്‌ലര്‍ യൂത്ത് മൂവ്മെന്റില്‍ അംഗങ്ങളായ അവളും സുഹൃത്തും നാസി നൃശംസതകള്‍ കണ്ടുകണ്ട് ഒടുവില്‍ അവര്‍ക്കെതിരാവുന്നു. അനീതിയുടെ ആ തെരുവില്‍ അവള്‍ക്കുമാത്രമല്ല, എല്ലാവര്‍ക്കും ശ്വാസം മുട്ടുന്നുണ്ട്. എന്നാല്‍ നാക്കുകള്‍ ബന്ധിക്കപ്പെട്ട് അവര്‍ നിശബ്ദരാക്കപ്പെട്ടിരിക്കുന്നു. ഹിറ്റ്‌ലര്‍ സ്തുതിക്കല്ലാതെ വായ തുറക്കാന്‍ അനുവാദമില്ല. അതുകൊണ്ടാവണം വിജനമായ ഉദ്യാനത്തില്‍ ചെന്ന് ആ പെണ്‍കുട്ടി ഇങ്ങനെ വിളിച്ചു പറയുന്നു. ‘I hate Hitler’. തൊണ്ടയില്‍ കുരുങ്ങിപ്പോയ ഒരു കുഞ്ഞു കൂവല്‍ ആണത്.

ഓരോ ഭരണകൂടവും അനിവാര്യമായ തിന്മകളിലേക്ക് എത്തിച്ചേരും. അതുകൊണ്ടാണ് തലയ്ക്ക് വെളിവുള്ള എല്ലാ ചിന്തകരും ഭരണകൂടത്തിന് എതിരായിത്തീര്‍ന്നത്‌. ഭരണകൂടങ്ങള്‍ കൊഴിഞ്ഞു പോകുന്നതിനേക്കാള്‍ മനോഹരമായ ചരിത്ര സന്ദര്‍ഭം മനുഷ്യന് ഭാവന ചെയ്യാനാവില്ല. ഭരണകൂടം എന്ന തിന്മയെയാണ് എല്ലാ വിപ്ലവങ്ങളും ലക്ഷ്യം വെക്കുന്നത്. എത്രമേല്‍ ജീര്‍ണ്ണിച്ചിട്ടും കൊഴിഞ്ഞുപോകാത്ത സര്‍ക്കാരിനെതിരെ ഒരുമിച്ചു കൂവുന്നതിനെയാണ് നാം വിപ്ലവം എന്നു വിളിക്കുന്നത്‌. ഒരു തിയേറ്ററിനകത്ത് നടന്ന സംഭവങ്ങള്‍ സാരമായി കണക്കിലെടുക്കപ്പെടുന്നത് അമ്പരപ്പ് ഉളവാക്കുന്നതാണ്. ടിക്കെറ്റെടുത്ത് വരുന്നവരെ സിനിമ കാണാന്‍ അനുവദിക്കാതെ കൂവലും ബഹളവും നിരന്തരമായി ഉണ്ടാക്കുന്ന ഫാന്‍സുകാരെ നിയന്ത്രിക്കാന്‍ ഇവിടെ യാതൊരു സംവിധാനവുമില്ല. അപ്പോഴാണ്‌ ഒരു കൂവല്‍ രാജ്യരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടുപിടിത്തം. സാധാരണക്കാരില്‍ ഭയം സൃഷ്ടിക്കാന്‍ വേണ്ടി നടത്തുന്ന ബോധപൂര്‍വമായ ശ്രമം മാത്രമാണ് ഇത്. നിസ്സാരമായ നിയമലംഘനങ്ങളെ ഗുരുതരമായ രാജ്യദ്രോഹ പ്രശ്നമായി പെരുപ്പിച്ചെടുക്കുന്നത് പ്രാകൃത രീതിയാണ്. വികസിത ജനാധിപത്യ ബോധത്തിന് ഒട്ടും ഉള്‍ക്കൊള്ളാനാവാത്ത നടപടിയാണിത്‌. നാം ഫാസിസത്തിന്‍റെ വഴിയില്‍ ശരിയായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണിത്. വികസിത ജനാധിപത്യത്തിന്‍റെ രീതികള്‍ പരിചയമില്ലാത്ത നമ്മുടെത് പോലെയുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാന്‍ കഴിയൂ.രാജ്യദ്രോഹികള്‍
വ്യാഖ്യാത എഴുത്തുകാരി അരുന്ധതി റോയി ഇപ്പോള്‍ നമ്മുടെ സ്ഥിരം രാജ്യദ്രോഹികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. കാശ്മീര്‍ പ്രശ്നത്തില്‍ ദേശസ്നേഹത്തിന്‍റെ പതിവു രീതികള്‍ വിട്ട് തനിക്ക് ശരിയെന്നു തോന്നിയ അഭിപ്രായം പറഞ്ഞതിന്‍റെ പേരിലാണ് അവര്‍ ആദ്യം രാജ്യദ്രോഹിയായത്. പിന്നെ ഇന്ത്യയുടെ ഉത്തര ഭാഗത്ത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന നഗ്നമായ ചൂഷണം, ദളിത്‌പീഡനം എന്നിവയ്ക്കെതിരെ സംസാരിച്ചതും അവരെ രാജ്യദ്രോഹി ലിസ്റ്റിലെ പതിവുകാരിയാക്കുന്നു. ഇന്ത്യയിലെ വന്‍കിട കമ്പനികളും കുത്തകകളും നടത്തുന്ന വനവിഭവങ്ങളുടെ കൊള്ളയടിക്കല്‍, ഖനിജദ്രവ്യങ്ങള്‍ ഉള്‍പ്പടെ പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം തുടങ്ങി ദേശീയസമ്പത്ത് പണക്കാരിലേക്ക് മാത്രം ചോരുന്നതിനെ കുറിച്ച് അവര്‍ നടത്തിയ പ്രഭാഷണങ്ങളും പ്രസിദ്ധീകരിച്ച പുസ്തകങ്ങളും അവരുടെ രാജ്യദ്രോഹത്തിനു ഒന്നാന്തരം തെളിവുകളാണ്. ഭൂഗര്‍ഭ അറകളില്‍ നിന്ന് ദേശീയ നിക്ഷേപങ്ങള്‍ കോരിക്കൊണ്ടുപോകുന്ന ഖനി മുതലാളിമാര്‍ രാജ്യം ഭരിക്കുമ്പോള്‍ അരുന്ധതിയെ പോലുള്ളവര്‍ രാജ്യദ്രോഹികള്‍ ആകാതെ തരമില്ല. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന രാജ്യദ്രോഹ കേസുകളില്‍ ഭൂരിഭാഗവും അരുന്ധതിയെ പോലെയുള്ളവരാണ്‌. ഉയര്‍ന്ന സാമൂഹ്യബോധം കൊണ്ടും മനുഷ്യ സ്നേഹത്താലും ഭരണകൂടവിമര്‍ശങ്ങള്‍ നടത്തുന്നവരാണ്. ഭരണ നയങ്ങളുടെ കാപട്യങ്ങള്‍ തുറന്നു കാണിക്കുന്നു എന്നതാണ് അവര്‍ ചെയ്യുന്ന കുറ്റം. അവരെ നിശ്ശബ്ദരാക്കുക വഴി പണമുതലാളിത്തത്തിന്‍റെ ചൂഷങ്ങണള്‍ക്ക് എളുപ്പ വഴി തുറന്നു കൊടുക്കുക ഭരണകൂടങ്ങളുടെ ബാധ്യതയാണ്. കാരണം അവരെ ഭരണത്തിലേറാന്‍ സഹായിച്ചത് ഈ പണച്ചാക്കുകളും കുത്തകകളും ആണല്ലോ.

ബെസ്റ്റ് ഓഫ് അഴിമുഖം

സല്‍മാന്‍ അറസ്റ്റ് ചെയ്യപ്പെട്ടത് കള്ളക്കേസില്‍-സല്‍മാന്‍ ജസ്റ്റിസ് ഫോറം
ദേശീയത കടന്നു വരുന്ന നിമിഷങ്ങള്‍ അഥവാ ദേശദ്രോഹികള്‍ സൃഷ്ടിക്കപ്പെടുന്ന വിധം
സദാചാര കേരള പോലീസ്
കേരളം എന്ന ഭ്രാന്താലയം
സദാചാര മലയാളിയെ സമരം പഠിപ്പിക്കേണ്ടി വരുമ്പോള്‍

നിശ്ശബ്ദരായ എഴുത്തുകാര്‍ക്കിടയില്‍ ഒരു കൂവല്‍ ബാക്കിയാക്കിയവരൊക്കെ അവരുടെ ശിഷ്ടകാലം കോടതി വരാന്തയില്‍ ജീവിച്ചു തീര്‍ക്കേണ്ടി വരും എന്നുവേണം കരുതാന്‍. ഒരുപക്ഷെ യു ആര്‍ അനന്തമൂര്‍ത്തി ഭാഗ്യം ചെയ്തയാളാണ്. അദ്ദേഹം മരിച്ചപ്പോള്‍ വിലാപയാത്രയേക്കാള്‍ കൂടുതല്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടന്നുവത്രേ. നമ്മുടെ ദേശീയത പുരോഗമിക്കുന്നു എന്നതിന് ഇതിനേക്കാള്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല. ഒറ്റയ്ക്ക് കൂവുന്നവര്‍ എളുപ്പത്തില്‍ ഇരയാക്കപ്പെടുന്നു. അവര്‍ക്കുവേണ്ടി കൂവാന്‍ പലപ്പോഴും ആരും ഉണ്ടാവുകയില്ല.ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്‌ ദേശസ്നേഹത്തിന്‍റെ മൊത്തക്കുത്തകയായ സംഘപരിവാരമാണ്. കേരളത്തിലെ ഭരണകൂടവും മണ്ടത്തരം കൊണ്ടും ഫാസിസ്റ്റ് മനോഭാവം കൊണ്ടും അവരോട് മത്സരത്തിലാണെന്ന് അടുത്തകാലത്തെ ചില സംഭവങ്ങള്‍ കൊണ്ട് തെളിയിച്ചു കഴിഞ്ഞു. സല്‍മാന്‍റെ അറസ്റ്റ് മാത്രമല്ല, ഈയിടെ കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഉണ്ടായ ചില കാര്യങ്ങളും അതിന്‍റെ തെളിവാണ്. ആ കൊലപാതകത്തിന് പിന്നിലെ പ്രേരണകള്‍ വളരെ വ്യക്തമാണ്. രാഷ്ട്രീയമോ വ്യക്തിപരമോ ആയ കാരണങ്ങള്‍ അതിന്‍റെ പിന്നില്‍ ഉണ്ടായിരിക്കാം. എന്തായാലും കേരളാ പോലീസിന് അഴിക്കാന്‍ പറ്റാത്ത കുരുക്കുകളൊന്നും അതിലുണ്ടായിരുന്നില്ല എന്നു വ്യക്തം. സാധാരണ സംഭവത്തെ പെരുപ്പിക്കുകയും പര്‍വതീകരിക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്‍റെ രീതിയാണ്. കണ്ണു കൊണ്ട് കാണാവുന്നതിനെ ഭൂതക്കണ്ണാടിയിലൂടെ നോക്കുന്നതില്‍ ഒരു ഫാസിസ്റ്റ് ഉദ്വേഗമുണ്ട്. നമ്മുടെ ആഭ്യന്തര വകുപ്പിനെ പിടികൂടിയിരിക്കുന്നത് ഈ രോഗമാണ്. ജനാധിപത്യ ശരീരത്തില്‍ അര്‍ബുദമായി പെരുകുന്ന ഈ ആതുരതയ്ക്ക് അടിയന്തര ചികിത്സ ആവശ്യമാണ്‌.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച നസീര്‍ കെ സിയുടെ ലേഖനം

മണ്ടേലയെ ഗാന്ധിയനാക്കുന്നതിനു മുമ്പ്


Next Story

Related Stories