TopTop
Begin typing your search above and press return to search.

നിങ്ങളുടെ കലാസൃഷ്ടികളുണ്ടാക്കുന്ന ലോകം അത്രമേല്‍ അറപ്പിക്കുന്നുണ്ട്; വേദനിപ്പിക്കുന്നുണ്ട്

നിങ്ങളുടെ കലാസൃഷ്ടികളുണ്ടാക്കുന്ന ലോകം അത്രമേല്‍ അറപ്പിക്കുന്നുണ്ട്; വേദനിപ്പിക്കുന്നുണ്ട്

സാം മാത്യുവിന്റെ ബലാത്സംഗ പ്രണയ കവിതയെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ അതില്‍ വന്ന ചില പുരുഷകേസരികളുടെ കമന്റുകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഉടല് വിറയ്ക്കുന്ന ദേഷ്യവും ഓക്കാനവും ഒന്നിച്ച് വന്ന്‍ ഒന്നും തിരിച്ച് പറയാന്‍ കഴിയാത്ത അവസ്ഥ. അവരുടെ ചിന്താസരണികള്‍ സമൂഹത്തില്‍, എന്റെ വളരെ അടുത്തൂടെ എന്നെ തൊടാന്‍ പാകത്തില്‍, ചുറ്റിത്തിരിയുന്നുണ്ടല്ലോ എന്ന യാഥാര്‍ഥ്യം; ഭയാനകമാണത്!സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ഒരു തെറ്റല്ലെന്നും ലൈംഗികസുഖം അറിഞ്ഞു കഴിഞ്ഞാല്‍ എല്ലാം നേരെയാകും എന്നുള്ള വൈകല്യചിന്തയും എവിടെ നിന്നും ഉടലെടുക്കുന്നു എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. മാതൃത്വം എന്ന സ്ഥിതി ബലാത്സംഗം ചെയ്ത ഒരു വ്യക്തിയെ സ്‌നേഹിക്കാനുള്ള ഹോര്‍മോണുകള്‍ നല്‍കുമെന്നും എല്ലാം മറന്ന് തന്റെ റേപ്പിസ്റ്റിനെ പുല്‍കാന്‍ സഹായിക്കുമെന്നുമുള്ള പുരുഷസങ്കല്‍പ്പം. ഒരു ശരാശരി മലയാളിയുടെ മാനസികാവസ്ഥ മാത്രമേ ഇത്തരം കവിതകളുടെ ആസ്വാദകരും കാണിച്ചിട്ടുള്ളൂ എന്ന് വേണം കരുതാന്‍.കോഴിക്കോട് ജയിലില്‍ ഒരു റേപ്പ് കേസിന്റെ സെഷന്‍ ചെയ്യുന്ന സമയത്ത് കൂടെയുള്ള മെയില്‍ കൗണ്‍സിലര്‍ ഇതേ വികാരം പ്രകടിപ്പിച്ചത് ഓര്‍മ്മ വരുന്നു. അയാളുടെ വാദമനുസരിച്ച് റേപ്പിന്റെ ഒരു ഘട്ടത്തില്‍ സ്ത്രീകള്‍ അത് ആസ്വദിക്കാന്‍ തുടങ്ങുമെന്ന് സമര്‍ത്ഥിച്ചത് ഓര്‍ക്കുന്നു. ലൈംഗികത എന്നത് ആസ്വാദിക്കാന്‍ സ്ത്രീകള്‍ക്ക് അറിയില്ല എന്നും അതുകൊണ്ടാണ് അവര്‍ പുരുഷനെ എതിര്‍ക്കുന്നത് എന്നും അതിന്റെ സുഖം അനുഭവിക്കുമ്പോള്‍ അവര്‍ ബലാത്സംഗം ആസ്വദിച്ച് തുടങ്ങുമെന്നുമൊക്കെയായിരുന്നു അതിന്റെ ബാക്കി. പല മലയാള സാഹിത്യങ്ങളും സിനിമകളും ഇത്തരം ചിന്താ ശ്രേണികളെ നിഗൂഢമായി പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണെന്ന് സൂക്ഷിച്ചു നോക്കിയാല്‍ കാണാവുന്നതാണ്. നായികയുടെ നിരസനം പുല്ലുവിലയ്ക്കെടുക്കുകയും അവളെ നിരന്തരം പിന്തുടരുകയും കടന്നു പിടിക്കുകയും പാട്ടു പാടി വെറുപ്പിക്കുകയും ചുംബിക്കുകയും ചെയ്യുന്നതിലൂടെ അവസാനം 'തന്റേതു മാത്രമായി' തീരുന്നവള്‍.മലയാളികള്‍ ആര്‍ത്തി പിടിച്ചു വായിക്കുന്ന കൊച്ചു പുസ്തകങ്ങളും നീലച്ചിത്രങ്ങളും ഇത്തരം ചിന്താധാരകള്‍ക്ക് നല്‍കുന്ന വളം വളരെ ശക്തിയേറിയതാണ്. ലൈംഗികതയുടെ പുതു വിജ്ഞാനമണ്ഡലങ്ങള്‍ തേടി പോകുന്ന മിക്ക കൗമാരക്കാര്‍ക്കും കൈമാറി കിട്ടുന്നത് നിലവാരമില്ലാത്ത ചീപ്പ് കൊച്ചുപുസ്തകങ്ങളാണ്. ലൈംഗികതയോടും സ്ത്രീകളോടും ഉള്ള അവന്റെ കാഴ്ച്ചപ്പാട് ഈ താളുകള്‍ക്കിടയിലും ഒളിഞ്ഞു കാണുന്ന തുണ്ടുകളിലും ആണ് രൂപപ്പെടുന്നത്. തീര്‍ത്തും ഭയപ്പെടുന്ന ഒരു വസ്തുതയാണിത്!മറ്റെല്ലാ മേഖലകളേയും പോലെ പൂര്‍ണ്ണമായും പുരുഷന്മാരുടെ സുഖം കേന്ദ്രീകരിച്ച് ഉരുത്തിരിഞ്ഞു വന്നതാണ് പോണ്‍ ഇന്‍ഡസ്ട്രി. അവര്‍ ആഗ്രഹിക്കുന്ന രതിവൈകൃതങ്ങളും സ്ത്രീകളെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും വ്യക്തമായി വായിച്ചെടുക്കാന്‍ പറ്റുന്ന ഒരു തുറന്ന പുസ്തകമാണ് 'കമ്പിക്കഥകള്‍' എന്ന് ഓമന പേരിട്ടു വിളിക്കുന്ന ഈ സാഹിത്യ സൃഷ്ടികള്‍. സ്ത്രീകളൊക്കെ ലൈംഗിക തൃഷ്ണയും ദാഹവും അടക്കിപിടിച്ച് നടക്കുന്നവരാണെന്നും പുരുഷന്റെ ഒരു തലോടലോ ബലാത്സംഗമോ അവര്‍ ആഗ്രഹിക്കുന്ന ഒന്നാണെന്നും ഇതിലൂടെ നല്‍കപ്പെടുന്ന പാഠങ്ങളാണ്. സ്ത്രീകളുടെ താത്പര്യമില്ലായ്മ വെറും പുറംപൂച്ചാണെന്നും ഒന്ന് നിര്‍ബന്ധിച്ച് കീഴ്‌പെടുത്തിയാല്‍ ആസ്വദിക്കാന്‍ പഠിക്കുമെന്നും ജ്ഞാനം പകര്‍ന്നു കൊടുക്കുന്ന സൃഷ്ടികള്‍.

ലൈംഗികത എന്നത് അടക്കിവയ്ക്കാന്‍ പറ്റാത്ത ഒരു വികാരമാണെന്നും അത് ഏതു വിധേനെയും ഒഴുക്കിക്കളയേണ്ട ഒരു ഒന്നാണെന്നും പൗരുഷത്തിന്റെ വിശിഷ്ടലക്ഷണമാണ് ലൈംഗികതയെന്നുമുള്ള മനോഭാവത്തെ വളര്‍ത്തുന്ന സൃഷ്ടികളാണ് ഇവയില്‍ മിക്കതും. മിക്കവാറും കഥകളില്‍ ലൈംഗികതക്ക് വേണ്ടി ദാഹിച്ചു നടക്കുന്ന സ്ത്രീകളാണ് കഥാപാത്രങ്ങള്‍. കൊച്ചു കുട്ടികള്‍ വരെ കാമകേളികള്‍ ആസ്വദിക്കുന്നവരാണെന്നും അവരെ അതിലേക്ക് നയിക്കേണ്ടത് ഒരു പുരുഷന്റെ ജീവിത ധര്‍മ്മമാണെന്നുമുള്ള ധാരണ നല്‍കാന്‍ ഈ കലാസൃഷ്ടികള്‍ക്ക് സാധിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഇന്‍സെസ്റ്റ് വിഷയമായി വരുന്ന കഥകള്‍ വളരെ സാധാരണമാണെന്ന് ഇത്തരം കഥകള്‍ അടങ്ങുന്ന സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.ആരോഗ്യകരമായ ലൈംഗികശമനം സാധ്യമല്ലാത്ത നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ ഇത്തരം കലാസൃഷ്ടികളാണ് ഒരു വലിയ വിഭാഗത്തിന്റെ ഏക ആശ്രയവും ആശ്വാസവും. ഇതില്‍ നിന്നും ലഭിക്കുന്ന വികലമായ അറിവുകള്‍ സാമൂഹിക ജീവിതത്തിലേക്കും പകര്‍ത്തുന്നുണ്ട് എന്നതില്‍ വലിയ അത്ഭുതമില്ല. തന്റെ ലൈംഗിക ചേഷ്ടകള്‍ മറ്റുള്ളവരും രഹസ്യമായി ആസ്വദിക്കുന്നുണ്ട് എന്ന വിശ്വാസമാണ് ബസ്സിലെയും തിയറ്ററുകളിലെയും തോണ്ടലും ഉരസലുകളും അവയവപ്രദര്‍ശനങ്ങളും. സമൂഹത്തില്‍ സ്ത്രീകളുടെ നേരെ ഉയര്‍ന്നു വരുന്ന ലൈംഗിക ആക്രമണങ്ങളും അവരോട് പൊതുവെ ഉള്ള മനോഭാവവും വളര്‍ത്തിയെടുക്കുന്നതില്‍ അശ്ലീലസാഹിത്യങ്ങള്‍ വഹിച്ച പങ്ക് പഠനവിധേയമാക്കേണ്ടതാണ്. മറ്റു കലാസൃഷ്ടികള്‍ പോലെ ഇത്തരം എഴുത്തുകള്‍ക്ക് യാതൊരു തരത്തിലുള്ള നിയന്ത്രണമോ സെന്‍സര്‍ഷിപ്പോ നടക്കാത്തത് കൊണ്ട് ഏതു തരം വികലതയും അതിന്റെ പൂര്‍ണ്ണമായ മ്ലേച്ഛതയോട് കൂടി സമൂഹത്തിലേക്ക് നിര്‍ലോഭം ഒഴുകുകയാണ്. പലപ്പോഴും ഇത് വന്നടിയുന്നത് ഇനിയും പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ലാത്ത ലൈംഗികചിന്തകള്‍ മുളയ്ക്കുന്ന കൗമാര മനസ്സുകളിലാണ്.ഇത്തരം ഇക്കിളിസാഹിത്യങ്ങളുടെ മറ്റൊരു ശാഖയാണ് ഇന്ന് വളരെ സാധാരണമായി നാം കാണുന്ന മാധ്യമ തലക്കെട്ടുകള്‍; 'ഒരു നടിക്ക് സംഭവിച്ചത്' കൂടെ അവരുടെ നെഞ്ചുഭാഗത്തിന്റെ ഒരു ചിത്രവും. മലയാളിയുടെ എങ്ങനെ, എവിടെ ഞെക്കണം എന്ന് നന്നായി അറിയുന്ന മാധ്യമങ്ങള്‍. മല്ലു എന്ന വാക്കു തന്നെ ഗൂഗിളില്‍ മലയാളിയുടെ അടക്കി വച്ച ലൈംഗിക പിരിമുറുക്കത്തിന്റെ വാതിലാണ്. മലയാളി, മല്ലു, മലയാളം എന്നീ പദങ്ങള്‍ ഗൂഗിളില്‍ അടിച്ചാല്‍ ആദ്യത്തെ അഞ്ചോ പത്തോ സജഷന്‍സില്‍ കമ്പി കഥകള്‍, ഹോട്ട് ഗേള്‍സ് എന്നിവയാണ്. മിക്ക പൊതുകക്കൂസുകളിലും പ്രത്യേകിച്ച് ട്രെയിനില്‍, കാണപ്പെടുന്ന മതിലെഴുത്തുകളും വരകളും ഇന്ന് ഡിജിറ്റല്‍ യുഗത്തിന്റെ വരവോടു കൂടി ഇന്‍ബോക്‌സുകളിലും നടികളുടെ പേജുകളിലും ഫോട്ടോകളുടെ കീഴിലും വന്നു കുമിഞ്ഞു കൂടുന്നു. ഒരു നീലച്ചിത്രം കാണുകയോ കൊച്ചുപുസ്തകം വായിക്കുകയോ ചെയ്യുമ്പോള്‍ അടയ്ക്കുന്ന വാതിലുകളുടെ അതേ സ്വകാര്യതയാണ് മുഖംമൂടി അഴിച്ചു വെച്ച് സോഷ്യല്‍ മീഡിയയില്‍ ഒഴുക്കുന്ന കമന്റുകള്‍ക്ക്. നടികളുടെ വിവാഹ ഫോട്ടോകള്‍ക്ക് താഴെ പോയി അവരുടെ കന്യകാത്വത്തെ ചോദ്യം ചെയ്യുകയും വരന്റെ ഗതികേടിനെക്കുറിച്ച് ആകുലപ്പെടുകയും ചെയ്യുന്ന വികലത. താനയച്ച മെസ്സേജിന് റിപ്ലൈ കിട്ടിയില്ലെങ്കില്‍; തന്റെ ആഗ്രഹത്തിന് വഴങ്ങാത്തവളെ വേശ്യ, വെടി എന്നിങ്ങനെ ലേബല്‍ ചെയ്യുന്ന ആ അരക്ഷിതാവസ്ഥ.ബലാത്സംഗം, സ്ത്രീപീഡനം, ബാലപീഡനം എന്നിങ്ങനെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ലഘൂകരിച്ച് വിളമ്പുമ്പോള്‍ വളരെയധികം ആകുലപ്പെടേണ്ടിയിരിക്കുന്നു. അതിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ഫെമിനിസ്റ്റുകള്‍ എന്ന് ആക്ഷേപിച്ച് വിളിക്കുന്നവരെ ഭയപ്പെടേണ്ടിയിരിക്കുന്നു. എന്നോട് ഇത്തരം ഭാരിച്ച ചിന്തകളൊക്കെ മാറ്റി വച്ച് മകന്റെ കുസൃതികള്‍ പോസ്റ്റ് ചെയ്തു സമാധാനം കണ്ടെത്തൂ എന്ന് ഉപദേശിച്ചവന് ഇത് സമര്‍പ്പിക്കുന്നു.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories