TopTop

നൂറോളം പേറ്റന്‍റുകളുടെ ഉടമ, ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രാജീവ് ഗാന്ധിയോടുള്ള സ്‌നേഹത്താല്‍ വിവാദത്തില്‍ ചാടിയ സാം പിട്രോഡയെ അറിയാം

നൂറോളം പേറ്റന്‍റുകളുടെ ഉടമ, ഇന്ത്യന്‍ ടെലികോം വിപ്ലവത്തിന്റെ പിതാവ്; രാജീവ് ഗാന്ധിയോടുള്ള സ്‌നേഹത്താല്‍ വിവാദത്തില്‍ ചാടിയ സാം പിട്രോഡയെ അറിയാം
അമേരിക്കയില്‍ ജോലി ചെയ്യുന്നതിനിടെയാണ് സത്യനാരയണ്‍ ഗംഗാറാം പിട്രോഡ ഇന്ത്യയിലെത്തിയത്. 1984 ലായിരുന്നു കാലം. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലം. ഹോട്ടലില്‍ താമസിക്കുന്നതിനിടെ ചിക്കാഗോയിലുള്ള തന്റെ ഭാര്യയെ ഫോണില്‍ കിട്ടാനുള്ള പിട്രോഡയുടെ ശ്രമം വിഫലമായി. ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍സിന്റെ പ്രാകൃതാവസ്ഥയെക്കുറിച്ച് തനിക്ക് ഉണ്ടായ അനുഭവം വലിയ ചിന്തകളിലേക്കും ഇടപെടലിലേക്കുമാണ് നയിച്ചതെന്ന് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതം പറയുന്ന 'ഡ്രീമിംങ് ബിഗ് മൈ ജേണി ടു കണക്ട് ഇന്ത്യ' എന്ന പുസ്തകത്തില്‍ പറയുന്നത്.

ഇന്ദിരാ ഗാന്ധിയെ കണ്ട് ഇന്ത്യന്‍ ടെലികോം മേഖലയെ ആധുനികവല്‍ക്കരിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി സമര്‍പ്പിക്കാനായി പിന്നെ പിട്രോഡയുടെ നീക്കം. ഒടുവില്‍ ഇന്ദിരാ ഗാന്ധി സമയം അനുവദിച്ചു. പക്ഷെ അവര്‍ വൈകിയതിനാല്‍ രാജീവ് ഗാന്ധിയെ കാണാന്‍ ഇന്ദിര തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് സാം പിത്രോഡ വിശദീകരിക്കുന്നു. ഇന്ത്യയുടെ ടെലിഫോണ്‍ മേഖലയെ മാറ്റിത്തീര്‍ത്ത വിപ്ലവത്തിന്റെ തുടക്കം അവിടെ കുറിച്ചുവെന്ന് പറയാം. അതോടൊപ്പം സാം പിട്രോഡ മറ്റൊന്നു കൂടി പറയും. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല, കൂട്ടുകാരനെ കണ്ടെത്തിയെന്ന്. ആ ബന്ധമാണ് ഡല്‍ഹിയിലെ തെരഞ്ഞെടുപ്പിന്റെ തലേന്ന് കോണ്‍ഗ്രസിനെ വലിയ വിവാദത്തിലേക്ക് തള്ളിയിട്ട് പ്രസ്താവനയ്ക്ക് പോലും കാരണമെന്ന് വേണം കരുതാന്‍.

ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ സിഖ് വിരുദ്ധ കലാപത്തെ ലളിതവല്‍ക്കരിച്ചുകൊണ്ട് സാം പിട്രോഡ നടത്തിയ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. പ്രസ്താവന പിന്‍വലിക്കാനും ഖേദം പ്രകടിപ്പിക്കാനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് തന്നെ നിര്‍ദ്ദേശിക്കേണ്ടിവന്നത് സാം പിട്രോഡയുടെ പ്രസ്താവന ഉണ്ടാക്കിയ ആഘാതത്തിന്റെ സൂചനയാണ്. എന്നാല്‍ അതൊന്നും ഗാന്ധി കുടുംബവുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് സാം പിട്രോഡ. കാരണം ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളാണ് സാം പിട്രോഡ.

രാജീവ് ഗാന്ധി തന്നിലര്‍പ്പിച്ച വിശ്വാസമാണ് ഇന്ത്യയിലെ തന്റെ നേട്ടങ്ങള്‍ക്ക് കാരണമായി ഈ സാങ്കേതിക വിദഗ്ദന്‍ പറയുന്നത്. 'അല്ലെങ്കില്‍ വെറും ഒരു എഞ്ചിനിയറായി മാത്രം ജീവിച്ചേനെ' ഒരു അഭിമുഖത്തില്‍ സാം പിട്രോഡ പറഞ്ഞു.

ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം രാജീവ് ഗാന്ധി ടെലികോം മേഖലയില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് തന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും അതില്‍ പുര്‍ണമായും വിശ്വാസം അര്‍പ്പിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പിട്രോഡ. അങ്ങനെ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് ഉണ്ടായി. ഇന്ത്യന്‍ ടെലികോം മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു. അത് ഇന്ത്യയുടെ വിനിമയത്തെ തന്നെ മാറ്റി.

രാജീവ് ഗാന്ധിയെ കണ്ടതും ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതും ജീവിതത്തിലെ വഴിത്തിരവായെന്ന് പറയുന്ന പിത്രോഡ, ഇതിനെല്ലാം കാരണമായത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്തുടര്‍ന്ന മാതാപിതാക്കള്‍ തന്നെ പഠനത്തിന് ഗുജറാത്തിലേക്ക് അയച്ചതാണെന്നാണ് കരുതുന്നത്. ഗുജറാത്ത് വംശജരായ മാതാപിതാക്കളുടെ മകനായി ഒഡീഷയിലായിരുന്നു പിത്രോഡയുടെ ജനനം. ലോഹ വ്യാപാരികളായിരുന്നു മാതാപിതാക്കള്‍. ഫിസിക്സിലും ഇലക്ട്രോണിക്‌സിലും ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം അമേരിക്കയില്‍ എത്തി. അവിടെ വിവിധ കമ്പനികളുമായി ബന്ധപ്പെട്ട ജോലി ചെയ്ത സാം പിട്രോഡ ഇപ്പോള്‍ 100 ഓളം പേറ്റന്റുകളുടെ ഉടമയാണ്. ഡിജിറ്റല്‍ സ്വിച്ചിംങ് സാങ്കേതിക വിദ്യയാണ് പിട്രോഡയുടെ പ്രധാന ഗവേഷണ മേഖല. മൊബൈല്‍ പെയ്‌മെന്റ് സംവിധാനത്തിന് കാരണമായ മൊബൈല്‍ വാലറ്റ് വികസിപ്പിച്ചതടക്കം നിരവധി കണ്ടുപിടുത്തങ്ങളുടെ പേറ്റന്റ് പിട്രോഡയുടെ പേരിലാണ്. അമേരിക്കയില്‍ വിവിധ കമ്പനികളിലെ പ്രവര്‍ത്തനം അദ്ദേഹത്തെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ചുള്ള അന്വേഷണത്തോടൊപ്പം മാനേജ്‌മെന്റ് രംഗത്തെ വൈദഗ്ദ്യവും നേടാന്‍ സഹായിച്ചു. ഇപ്പോഴും അന്വേഷണങ്ങളും പുതിയ പേറ്റന്റുകള്‍ക്ക് വേണ്ടിയുള്ള അന്വേഷണവുമാണ് തന്നെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് 70 കഴിഞ്ഞ പിട്രോഡ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത്.
ഗവേഷണത്തിലുള്ള താല്‍പര്യമാണ് സ്വന്തം നാട്ടിലെ ഗ്രാമിണ ടെലികോം വിപ്ലവത്തിന് നേതൃത്വം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് പറയുന്നു സാം പിത്രോഡ.

ഉറങ്ങിക്കിടന്ന ഉദ്യോഗസ്ഥ മേധാവിത്വത്തെ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ട് ഉണര്‍ത്തിയാണ് ഇന്ത്യയിലെ ടെലികോം വിപ്ലവത്തിന് സാധ്യമായതെന്ന് സാം പിട്രോഡ പറയുന്നു. 36 മാസം കൊണ്ട് C DoT ന് തദ്ദേശീയമായ സാങ്കേതിക വിദ്യകൊണ്ട് ഗ്രാമീണ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കാനും ഗ്രാമീണമേഖലയിലേക്ക് ടെലിഫോണ്‍ കണക്ടിവിറ്റി വ്യാപകമാക്കാനും കഴിഞ്ഞു. അതിന് ശേഷമാണ് കുടിവെള്ളം, സാക്ഷരത എന്നീ മേഖലകളിലേക്കുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് നാഷണല്‍ ടെക്‌നോളജി മിഷന്റെ പ്രവര്‍ത്തനങ്ങളിലേക്കും പിട്രോഡ തിരയുന്നത്.

ബോഫോഴ്‌സ് ആരോപണങ്ങളും തുടര്‍ന്ന് രാജീവ് ഗാന്ധിയ്ക്ക് അധികാരം നഷ്ടമായതും പിട്രോഡയ്ക്കും തിരിച്ചടിയായി. ബോഫോഴ്‌സ് ആരോപണം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കി മറിച്ച സമയത്ത് രാജീവ് ഗാന്ധി തന്റെ സുഹൃത്തിനോട് ഇങ്ങനെ പറഞ്ഞതായി അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു' സാം, ഞാന്‍ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, എന്റെ കുടുംബത്തിലും ഇതില്‍ പങ്കില്ല'

സാം പിട്രോഡയ്ക്ക് നേരെയും അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. വ്യക്തിപരമായും ആരോഗ്യപരമായും പിട്രോഡയ്ക്ക് തിരിച്ചടിയുടെ കാലമായിരുന്നു അത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായി. രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെ അദ്ദേഹത്തിന്റെ ഇന്ത്യയിലെ ജീവിതം തന്നെ പ്രതിസന്ധിയിലായി. അമേരിക്കയിലേക്ക് തിരിച്ചുപോയ പിട്രോഡ വീണ്ടും തന്റെ താളം കണ്ടെത്തുകയായിരുന്നു. പിന്നീട് കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ അദ്ദേഹത്തെ മന്‍മോഹന്‍ സിംങ് ഇന്ത്യയിലേക്ക് ക്ഷണിച്ചു. നാഷണല്‍ നോളജ് മിഷന്റെ തലവനായിട്ടായിരുന്നു നിയമനം.

രാജീവ് ഗാന്ധിയില്‍ തുടങ്ങിയ ബന്ധം പിന്നീടുള്ള കോണ്‍ഗ്രസ് നേതാക്കളുമായി നിലനിര്‍ത്തിയെന്നതാണ് സാം പിട്രോഡയുടെ സവിശേഷത. അന്താരാഷ്ട്ര വേദികളില്‍ രാഹുല്‍ ഗാന്ധിയെ അവതരിപ്പിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായ മാറ്റിയതില്‍ വലിയ പങ്ക് വഹിച്ച വ്യക്തികളില്‍ ഒരാളായാണ് പിട്രോഡ കണക്കാക്കുന്നത്. രാജീവ് നേരിട്ട വെല്ലുവിളികളല്ല, രാഹുലിനെ കാത്തിരിക്കുന്നതെന്ന് പറയുന്ന സാം പിട്രോഡ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണെങ്കില്‍ പുതിയ വെല്ലുവിളി ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

Read More: “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

Next Story

Related Stories