TopTop
Begin typing your search above and press return to search.

എംടി കരുതിയിരിക്കുക

എംടി കരുതിയിരിക്കുക

ജ്ഞാനപീഠ ജേതാവും മലയാളികളുടെ പ്രിയ എഴുത്തുകാരനുമായ എംടി വാസുദേവൻ നായർക്കെതിരെ ഇന്നലെ ബിജെപി ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ നടത്തിയ പരാമർശത്തിൽ ഭീഷണിയുടെ സ്വരം നിറഞ്ഞു നിൽക്കുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കിന്റെ 'കളളപ്പണ വേട്ട; മിഥ്യയും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ എംടി, നരേന്ദ്ര മോദിയുടെ നോട്ടു നിരോധനത്തെ വിമർശിച്ചതാണ് രാധാകൃഷ്ണനെയും ബിജെപിയെയും ചൊടിപ്പിച്ചത്. നോട്ടു നിരോധനം സാധാരണക്കാർക്ക് വരുത്തിവെച്ച ദുരിതത്തെക്കുറിച്ചു പറഞ്ഞ എംടി മോദിയെ തുഗ്ളക്കിനോട് ഉപമിക്കുകയുണ്ടായി. എന്നാൽ മോദിയെ വിമർശിക്കാൻ എംടി വളർന്നിട്ടില്ല എന്ന ധ്വനി രാധാകൃഷ്ണന്റെ വാക്കുകളിൽ പ്രകടമാണ്. തുഞ്ചൻപറമ്പിൽ പോയി എംടി ആർക്കുവേണ്ടിയാണ് കിളിമൊഴി നടത്തിയതെന്നത് ആർക്കും മനസ്സിലാകും എന്ന പരാമർശത്തിൽ നിന്നും ഇത് കൂടുതൽ വ്യക്തമാകുന്നുണ്ട്.

രാധാകൃഷ്ണന്റെ പരാമർശങ്ങളോട് പ്രതികരിച്ച തോമസ് ഐസക്ക് പറഞ്ഞതുപോലെ കേരളത്തിലും ആരൊക്കെ എന്തൊക്കെ പറയണമെന്ന് ഇവിടത്തെ ബിജെപി ക്കാരും തീരുമാനിച്ചു തുടങ്ങിയിരിക്കുന്നു എന്ന് സാരം.

എന്തായാലും എംടി യും പേടിക്കേണ്ടതുണ്ട്. കൽബുർഗിയെയും പന്‍സാരെയും ഒക്കെ നിശബ്ദരാക്കിയവരുടെ ഹിറ്റ്ലിസ്റ്റിൽ എംടി യും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു. നിര്‍മ്മാല്യത്തിന്റെ (പള്ളിവാളും കാൽച്ചിലമ്പും) രചന നടന്നതും അത് സിനിമ ആക്കിയതും ഇക്കാലത്തായിരുന്നുവെങ്കിൽ എംടിയും പണ്ടേ സംഘി ശക്തി മനസ്സിലാക്കിയേനെ.

എതിർ ശബ്ദങ്ങളെ മോദിയും സംഘപരിവാറും എത്ര കണ്ടു ഭയപ്പെടുന്നുവെന്നും അവയെ നിശബ്ദമാക്കാൻ ഏതറ്റം വരെ പോകുമെന്നും ഉദാഹരണങ്ങൾ നിരത്തി വിവരിക്കുന്ന ഒരു പുസ്തകം അടുത്തിടെ പുറത്തിറങ്ങുകയുണ്ടായി. മാധ്യമ പ്രവർത്തക കൂടിയായ സ്വാതി ചതുർവേദിയുടെ "ഐ ആം എ ട്രോൾ" എന്ന ഈ പുസ്തകം ലോക പുസ്തക വിപണിയിൽ തന്നെ ഇതിനകം ഹിറ്റായിക്കഴിഞ്ഞു.

ബിജെപിയുടെ മീഡിയ ഗ്രൂപ്പിൽ 2013 മുതൽ രണ്ടു വർഷത്തോളം വളണ്ടിയർ ആയിരുന്ന സാധ്വി ഖോസ്ലയെ ഉദ്ദരിച്ചുകൊണ്ടാണ് മോദി വിമർശകരെ നിശ്ശബ്ദരാക്കാൻ ബിജെപി നടത്തിവന്നതും നടത്തികൊണ്ടിരിക്കുന്നതുമായ ട്രോൾ ആക്രമണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ചതുർവേദി തന്റെ വായനക്കാരുമായി പങ്കുവെക്കുന്നത്.

തന്നെപ്പോലെ നൂറുകണക്കിന് വളണ്ടിയർമാർ ഈ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നുവെന്ന്‍ ഖോസ്ല തുറന്നു സമ്മതിക്കുന്നുണ്ട്. തങ്ങളുടെ പ്രധാന ജോലി വിമർശകരെ പരമാവധി തേജോവധം ചെയ്യുക എന്നതായിരുന്നുവെന്നും എഴുത്തുകാരും മാധ്യമ (ഓൺലൈൻ അടക്കം) സ്ഥാപനങ്ങളുടെ താക്കോൽ സ്‌ഥാനങ്ങളിൽ ഇരിക്കുന്ന വനിതകളെ ബലാത്സംഗ ഭീഷണിവരെ മുഴക്കി നിശ്ശബ്ദരാക്കിയിട്ടുണ്ടെന്നും ഖോസ്ലെ പുസ്തകത്തിൽ കുറ്റസമ്മതം നടത്തുന്നുണ്ട്.

ബോളിവുഡ് താരം ആമിർ ഖാൻ ഇന്ത്യയിലെ വർധിച്ചുവരുന്ന അസഹിഷ്ണതയെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തിയതിനെ തുടർന്ന് സ്നാപ്പ് ഡീൽ എന്ന സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയില്‍ നിന്നും ആമിറിന്റെ കരാർ റദ്ദ് ചെയ്യിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്. ഇതേ പ്രശ്നത്തിന്റെ പേരിലാണ് താൻ ബിജെപിയുടെ മീഡിയ വിംഗിൽ നിന്നും ഒഴിവായതെന്നും ഖോസ്ലെ പറയുന്നു.

രാഷ്ട്രീയ നേതാക്കൾ (പ്രതേകിച്ചും ഗാന്ധി കുടുംബത്തിൽ പെട്ട രാഹുൽ ഗാന്ധി, സോണിയ ഗാന്ധി) ആമിർ ഖാൻ, മാധ്യമ പ്രവർത്തകരായ രാജ്ദീപ് സർദേശായി, ബർക്ക ദത്ത് എന്നിവർക്കെതിരെ നടത്തിയ ട്രോൾ ആക്രമണങ്ങളെക്കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.

കാര്യങ്ങളുടെ പോക്ക് ഇങ്ങനെയൊക്കെയാകയാൽ എംടി യും കരുതി ഇരിക്കേണ്ടതുണ്ട്. ഏതു തരത്തിലുള്ള ട്രോൾ ആയിരിക്കും അദ്ദേഹത്തിനെതിരെ വിക്ഷേപിക്കപ്പെടുക എന്നത് നമുക്കും കാത്തിരുന്നു കാണാം.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories