UPDATES

ട്രെന്‍ഡിങ്ങ്

സംഘപരിവാറിന്റെ എംടി വിരോധം രണ്ടാമൂഴത്തിന് ഗുണം ചെയ്യുമോ

എംടി ഇപ്പോഴും സംഘപരിവാറിന്റെ നോട്ടപ്പുള്ളി തന്നെ

കെ എ ആന്റണി

കെ എ ആന്റണി

എം ടി വാസുദേവന്‍ നായരോട് സംഘപരിവാറുകാര്‍ക്കുള്ള കലിപ്പ് തീരുന്ന മട്ടില്ല. തുഞ്ചന്‍ പറമ്പിനെ കാവി ഉടുപ്പിക്കാന്‍ നടത്തിയ സംഘടിത ശ്രമം പൊളിഞ്ഞു പാളീസായ കാലം തൊട്ടു തുടങ്ങിയതാണ്. എന്നാല്‍ ഈ കലിപ്പ് പരസ്യമായി പ്രകടിപ്പിക്കപ്പെട്ടതു നോട്ടു നിരോധന കാലത്ത് എം ടി ശക്തമായി പ്രതികരിച്ചതിനെ തുടര്‍ന്നായിരുന്നുവെന്നു മാത്രം. നരേന്ദ്ര മോദിയുടെ നോട്ടു നിരോധനം തുഗ്ലക്കിന്റെ തലതിരിഞ്ഞ പരിഷ്‌കാരത്തിനു തുല്യം എന്നായിരുന്നു എംടി യുടെ പരിഹാസം. ഇതിനെതിരെ സംഘികള്‍ ഒറ്റയ്ക്കും കൂട്ടമായും എംടിക്കെതിരെ രംഗത്തുവന്നു. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ മുതല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല വരെ ഉറഞ്ഞു തുള്ളി. സാംസ്‌കാരിക കേരളം ശക്തമായി പ്രതിരോധം തീര്‍ത്തതോടെ തത്കാലം കലി അടക്കിയ സംഘികള്‍ ഇപ്പോഴും എംടിക്കെതിരെ ലഭ്യമാകുന്ന ഒരു അവസരവും വെറുതെ കളയാന്‍ ഒരുക്കമല്ല എന്നതാണ് വാസ്തവം.

ചലച്ചിത്രമാകാന്‍ ഒരുങ്ങുന്ന എംടിയുടെ ‘രണ്ടാമൂഴ’ത്തിനെതിരെ കെ പി ശശികല രംഗത്തുവന്നതും എംടി ഇപ്പോഴും സംഘപരിവാറിന്റെ നോട്ടപ്പുള്ളി തന്നെ എന്നതിന് തെളിവാണ്. നൂറുകോടി രൂപ മുടക്കി മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ എന്‍ ആര്‍ ഐ ബിസിനസ്സുകാരന്‍ ബി ആര്‍ ഷെട്ടി നിര്‍മിക്കുന്ന ചിത്രത്തിന് ‘മഹാഭാരതം’ എന്ന പേര് നല്‍കിയാല്‍ ആ സിനിമ തിയേറ്ററില്‍ എത്തില്ല എന്നാണു ടീച്ചറുടെ ഭീഷണി. മഹാഭാരതം ആരാണ് എഴുതിയത് എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ശശികലയ്ക്ക് അത് വ്യാസ വിരചിതം തന്നെ എന്ന കാര്യത്തില്‍ സംശയം ഏതുമേയില്ല. മഹാഭാരതം പുരാണ ഗ്രന്ഥമാണെന്ന കാര്യത്തിലും ഇല്ല അവര്‍ക്കു സംശയം. ഈ പുരാണ ഗ്രന്ഥത്തിന്റെ പേര് എംടിയുടെ ‘ഭാവനാ’ സൃഷ്ടിയായ രണ്ടാമൂഴത്തിനു നല്‍കിയാല്‍ അക്കളി തീക്കളി എന്നു തന്നെയാണ് ശശികലയുടെ മുന്നറിയിപ്പ് .
ഈ മുന്നറിയിപ്പ് വെറുതെയങ്ങു തള്ളിക്കളയാനാവില്ല. കാരണം പറയുന്നത് ശശികലയാണ്. സംഘി കോകില. അവര്‍ ഒരു വാക്ക് പറഞ്ഞാല്‍ പറഞ്ഞതാണ്; ആയിരം വാക്കിന്റെ ശക്തിയുണ്ട് ആ ഒരു വാക്കിന്.

മഹാഭാരതത്തിന്റെ പൈതൃകം യഥാര്‍ഥ ഹൈന്ദവ വിശ്വാസികള്‍ക്കാണെന്നു വാദിക്കുന്ന ഈ സംഘി കോകില രണ്ടാമൂഴത്തെ താരതമ്യം ചെയ്യുന്നത് ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡിനോടാണ് എന്നതും ഏറെ രസകരം തന്നെ.

എന്തായാലും മലയാളത്തില്‍ സിനിമയുടെ പേര് രണ്ടാമൂഴം എന്ന് തന്നെ ആയിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ ശില്‍പികള്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഇത് ആരെയും പേടിച്ചിട്ടല്ലെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും അത് പൂര്‍ണമായും വിഴുങ്ങാന്‍ കഴിയുന്നില്ല. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോ. സിനിമകളുടെ പേര് മാറ്റല്‍ അതും പ്രതിഷേധത്തെ തുടര്‍ന്ന് ഉണ്ടാവുന്നത് മലയാളത്തില്‍ ഇതാദ്യമായല്ല. സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമക്ക് ആദ്യം നിശ്ചയിച്ചിരുന്ന പേര് പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നുവത്രെ. തട്ടാന്‍ സമുദായ സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നുവത്രെ പേര് മാറ്റം. വിവാദം പക്ഷേ സിനിമക്ക് ബോക്‌സ് ഓഫീസ് വിജയം സമ്മാനിച്ചു. എംടി സിനിമയ്ക്കും അങ്ങനെ ഒരു ഗുണം ശശികലയെകൊണ്ട് ഉണ്ടാകട്ടെ എന്ന് ആശിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍