UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ അമ്മയാകാത്തതില്‍ താങ്കള്‍ക്കെന്തിന് നിരാശ? രാജ്ദീപ് സര്‍ദേശായിയെ വീഴ്ത്തി സാനിയയുടെ എയ്‌സ്

Avatar

അഴിമുഖം പ്രതിനിധി

സണ്ണി ലിയോണ്‍ സിഎന്‍എന്‍- ഐബിഎന്നിലെ ഭുപേഷ് ചൂബിക്ക് കൊടുത്ത ചുട്ടമറുപടി ട്രോളുകളായി പരിണമിച്ചത് ‘പുരുഷ’ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മുന്നറിയിപ്പായിരുന്നു. എന്നാല്‍ ജൂലൈ 13ന് ടെന്നീസ് താരം സാനിയ മിര്‍സയുമായി അഭിമുഖം നടത്തിയ ഇന്ത്യ ടുഡേ കണ്‍സല്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയും അതെ അബദ്ധം ആവര്‍ത്തിച്ചു. ചോദ്യകര്‍ത്താവിനോടുള്ള സമീപനത്തില്‍ സണ്ണി ലിയോണ്‍ പാത പിന്തുടര്‍ന്ന സാനിയ മിര്‍സ രാജ്ദീപിനു കൊടുത്ത മറുപടി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

തനിക്ക് അബദ്ധം പിണഞ്ഞെന്നു മനസ്സിലാക്കിയ രാജ്ദീപ് തന്റെ ചോദ്യങ്ങള്‍ക്ക് മാപ്പ് പറഞ്ഞത് അദ്ദേഹത്തിന് തുണയായി. സാനിയയുടെ ജീവചരിത്രമായ ‘എയ്‌സ് എഗയ്ന്‍സ്റ്റ് ഓഡ്‌സ്’ (ace against odds)ന്റെ പ്രകാശനത്തിന് ശേഷമായിരുന്നു സാനിയ-രാജ്ദീപ് അഭിമുഖം.

അഭിമുഖത്തിനിടയിലെ രണ്ടു സന്ദര്‍ഭങ്ങള്‍ ഇതായിരുന്നു; 

രാജാദീപ്: സാനിയ ഭര്‍ത്താവുമായി കടുത്ത പ്രണയത്തിലാണ് എന്നാണല്ലോ പുസ്തകത്തില്‍ പറയുന്നത്? 

സാനിയ: അത് നല്ലതല്ലേ. എല്ലാവരും അവരുടെ ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കണ്ടേ. അങ്ങനെയല്ലേ യഥാര്‍ത്ഥത്തില്‍ വേണ്ടത്.

സാനിയയുടെ യുക്തിപരമായ മറുപടി രാജ്ദീപിനെ പ്രതിരോധത്തിലാക്കി. എന്നാല്‍ അടുത്ത ചോദ്യത്തിലാണ് മാധ്യമരംഗത്തെ പ്രമുഖനായ രാജ്ദീപ് ശരിക്കും കുടുങ്ങിയത്. അഭിമുഖത്തിലെ അവസാനത്തേതും, ഏറ്റവും മോശപ്പെട്ടതും അതായിരുന്നു.

രാജ്ദീപ്: സാനിയ എന്നാണ് കുടുംബസ്ഥയാവുക. പുസ്തകത്തില്‍ ഇതിനെ കുറിച്ചൊന്നും പരാമര്‍ശിക്കുന്നില്ലല്ലോ. എന്താ ഉടനെ ഒന്നും കുടുംബസ്ഥയാകാന്‍ ആഗ്രഹിക്കുന്നില്ലേ?

സാനിയ: ഞാന്‍ കുടുംബസ്ഥയല്ലേ? 

ഒറ്റവാചകത്തിലെ സാനിയയുടെ ഉത്തരം മതിയാവാതിരുന്ന ചോദ്യകര്‍ത്താവ് തന്റെ വ്യഗ്രത മറുച്ചുവയ്ക്കാനാവാതെ വീണ്ടും ചോദിച്ചു; 

രാജ്ദീപ്: സാനിയ വിരമിക്കുന്നതിനെ കുറിച്ച് ഒന്നും പറയുന്നില്ലല്ലോ? കുടുംബത്തെ കുറിച്ചും ടെന്നിസിന് അപ്പുറത്തുള്ള ജീവിതത്തെ കുറിച്ചും?

സാനിയ: ഞാന്‍ ലോക ഒന്നാം നമ്പര്‍ താരം എന്നതില്‍ ഉപരിയായി അമ്മയാവാത്തതില്‍ ആണല്ലോ താങ്കള്‍ക്ക് വളരെ നിരാശ. എന്തായാലും ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് മറുപടി തരാം. ഒരു സ്ത്രീ എന്ന നിലയില്‍ ഈ ചോദ്യം നിരവധി തവണ അഭിമുഖീകരിച്ചിട്ടുണ്ട്. എല്ലാ സ്ത്രീകളും ഇത് അഭിമുഖീകരിക്കുന്നു. ആദ്യം വിവാഹം, പിന്നെ കുട്ടികള്‍. അപ്പോള്‍ മാത്രമാണ് ഒരാള്‍ കുടുംബസ്ഥയവുന്നത്. അവര്‍ എത്ര വിംബള്‍ഡന്‍ നേടിയിട്ടുണ്ടോ ലോക ഒന്നാം നമ്പര്‍ താരമാണോ എന്നതൊന്നും അവിടെ ബാധകമല്ല. എന്നായാലും അത് സംഭവിക്കും. അപ്പോള്‍ ഞാന്‍ തന്നെ ആവും അത് ലോകത്തോട് ആദ്യമേ അറിയിക്കുക.

സാനിയയുടെ മറുപടി രാജ്ദീപ് സര്‍ദേശിയെ മലര്‍ത്തിയടിച്ചെന്നു പറയാം. അതുകൊണ്ടാണയാള്‍, ‘ചോദ്യം ചോദിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു’ എന്നു ക്ഷമാപണം നടത്താന്‍ തയ്യാറായത്.’ഇങ്ങനെ ആയിരുന്നില്ല ഇത് ചോദിക്കേണ്ടത്. ഈ ചോദ്യം ഞാന്‍ ഒരിക്കലും ഒരു പുരുഷ അത്‌ലറ്റിനോട് ചോദിക്കില്ല,’ രാജ്ദീപിന്റെ കുറ്റസമ്മതം അയാളിലെ മാധ്യമപ്രവര്‍ത്തകന്റെ മാന്യത നിലനിര്‍ത്താനും സമൂഹത്തിന്റെ പരിഹാസത്തില്‍ നിന്നും വലിയ പരിക്കുകളില്ലാതെ രക്ഷപ്പെടാനും സഹായിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍