TopTop
Begin typing your search above and press return to search.

ശുചിത്വ കേരളം: സി.പി.എമ്മിന്റെ മുന്നൊരുക്കങ്ങള്‍ വിജയം കാണുമോ?

ശുചിത്വ കേരളം: സി.പി.എമ്മിന്റെ മുന്നൊരുക്കങ്ങള്‍ വിജയം കാണുമോ?

നവംബര്‍ ഒന്നിന് സി. പി. എമ്മിന്റെ നേതൃത്വത്തിലുള്ള ‘ശുചിത്വ കേരളം’ ക്യാംപെയ്ന്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന (ഒരു പക്ഷെ അത് കഴിഞ്ഞും) ഒരു പ്രവര്‍ത്തന പദ്ധതിയുടെ ഒരുക്കങ്ങള്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി കേരളമെമ്പാടും താഴെത്തട്ടില്‍ വരെ നടക്കുന്നുണ്ട്. മുഖ്യധാരാ വാര്‍ത്താ മാധ്യമങ്ങള്‍ക്കൊക്കെയും വാര്‍ത്തയാകാതെ പോകുന്ന ഈ മുന്നൊരുക്കങ്ങള്‍ മുന്നോട്ടു വെക്കുന്ന ചില സാധ്യതകള്‍ കാണാതെ പോകരുത്.

അടുത്ത ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് സി. പി. എം. സംഘടിപ്പിക്കുന്ന ഒരു തന്ത്രമായി പലരും ഇതിനെ വിലയിരുത്തുന്നുണ്ട്. നരേന്ദ്ര മോദി അധികാരത്തില്‍ കയറുന്നതിനും മുന്നേ ആലപ്പുഴയില്‍ പ്രവര്‍ത്തനം തുടങ്ങി വിജയതീരമണഞ്ഞ പദ്ധതി കേരളമെമ്പാടും വ്യാപിപ്പിക്കുമ്പോള്‍ മോദിയുടെ ചൂലിന് ബദല്‍ ചൂല്‍ അവതരിപ്പിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന മാധ്യമ സിംഹങ്ങള്‍ വരെ ഉണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കേവല രാഷ്ട്രീയ പരിപാടി ആയി വിലയിരുത്തപ്പെടുമ്പോഴും ശുചിത്വ കേരളം ക്യാംപെയ്ന്‍ ഒരു ശക്തമായ രാഷ്ട്രീയ ചെറുത്തു നില്‍പ്പ് കൂടിയാണെന്ന് നാം മറന്നു കൂടാ.

ഒന്നാമതായി സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം പൊതുജനങ്ങള്‍ക് മുന്നില്‍ തുറന്നു കാണിക്കുന്നുണ്ട് ഈ ബഹുജന പരിപാടി. ഭരണം തുടങ്ങി വര്‍ഷം മൂന്നായിട്ടും ഖര മാലിന്യ നിര്‍മാര്‍ജനത്തിന് ഉത്തരവാദപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിന് മന്ത്രിമാര്‍ മൂന്നായിട്ടും തുടരുന്ന ഭരണപരാജയവും ഏകോപനത്തിലുള്ള വീഴ്ചകളും തെരഞ്ഞെടുപ്പിന് മുന്നിലായി ജനങ്ങളെ ബോധ്യപ്പെടുത്തുക, സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുത്തിടുന്നിടത്ത് പാര്‍ടി സംഘടനാ ശേഷിയുടെ പ്രഭാവം കാണിക്കുകയും വിലയിരുത്തുകയും ചെയ്യുക എന്നതും ഈ പരിപാടിയുടെ ഉദ്ദേശമാകാം.രണ്ടാമതായി മാലിന്യ സംസ്കരണ പ്രതിസന്ധി മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ഇടതുപക്ഷത്തിന്റെ പ്രാദേശിക സര്‍ക്കാരുകളെ രക്ഷിച്ചെടുക്കുക, ഇടതുപക്ഷം അധികാരത്തില്‍ ഇരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യ പ്രതിസന്ധി മുതലെടുക്കാന്‍ ഭരണകക്ഷി നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുക എന്നതുമുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം

മാലിന്യത്തിലെ ജാതി-ലിംഗക്കളികള്‍
ഫ്‌ളക്‌സ് നിരോധനം: അത്ര ലഘുവല്ല കാര്യങ്ങള്‍
ജനത്തെ പിന്നെയും തോല്‍പ്പിക്കുന്ന ഇടതുപക്ഷം
കാട്ടുതീ വയനാട്ടിലെ ജനങ്ങള്‍ നിസംഗരായി നോക്കിനിന്നു
മാധ്യമങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനകീയാസൂത്രണവും- ഡോ. തോമസ് ഐസക് സംസാരിക്കുന്നു

മൂന്നാമതായി പരിസ്ഥിതിക്കും പൊതുജന ആരോഗ്യത്തിനും ഹാനികരമാകുന്നതും മറ്റു രാജ്യങ്ങളില്‍ പരീക്ഷിച്ചു പരാജയപ്പെട്ടതും അവിടങ്ങളില്‍ നിന്നും പുറന്തള്ളിയതുമായ സാങ്കേതിക വിദ്യകളെയും കച്ചവടക്കാരെയും സ്വീകരിക്കുന്ന നയമായിരുന്നു ഈ സര്‍ക്കാരിന്റെത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒക്കെയും പരാജയപ്പെട്ടു കൊണ്ടിരിക്കെ തന്നെ ‘ഹൈ ടെക് സാങ്കേതിക വിദ്യകള്‍’ എന്ന പേരില്‍ കേരളത്തിലേക്ക് ഒളിച്ചു കടത്താനുള്ള ശ്രമങ്ങള്‍ക്കുള്ള ഉറച്ച മറുപടി ആയി ഈ ക്യാംപെയിന്‍ മാറുന്നു. (മൊബൈല്‍ ഇന്സിനേറെറ്റര്‍ പദ്ധതി ഓര്‍ക്കുക)

നാലാമതായി അന്താരാഷ്‌ട്ര നിക്ഷേപ തട്ടിപ്പ് സംഘങ്ങള്‍ നിര്‍ബാധം വിളയാടുന്ന ഖര മാലിന്യ സംസ്കരണ പദ്ധതികളില്‍ നിന്നും കേരളത്തെ ഒഴിവാക്കി നിര്‍ത്തുന്നത് വഴി ഭരണാധികാരി – കണ്‍സള്‍ട്ടന്‍റ് – രാഷ്ട്രാന്തരീയ ധനകാര്യ സ്ഥാപനങ്ങള്‍ ഒരുക്കുന്ന കെണിയില്‍ നിന്നും കേരളത്തെ സംരക്ഷിക്കുക. (ലോറോ എന്‍വിറോ പദ്ധതി ഓര്‍ക്കുക)അഞ്ചാമതായി പ്രാദേശികമായി ഭരണാധികാരികള്‍ക്ക് അഴിമതി നടത്താനുള്ള സാധ്യതകള്‍ അടയ്ക്കുക. (ടെണ്ടര്‍ കൂടാതെ തന്നെ ഏതു സാങ്കേതിക വിദ്യയും ഏതു സ്ഥാപനത്തില്‍ നിന്നും വാങ്ങാന്‍ തദ്ദേശ സര്‍ക്കാരുകള്‍ക്ക് അവസരം നല്‍കുന്ന ക്ലീന്‍ കേരള കമ്പനി എന്ന സര്‍ക്കാര്‍ - സ്വകാര്യ സംരംഭത്തെ ചെറുക്കുക.)

ആറാമതായി 2006-ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അവതരിപ്പിച്ച മാലിന്യ മുക്ത കേരളം പദ്ധതിയും നിലപാടുകളും സമീപനവും ശരിയായിരുന്നു എന്ന് സമര്‍ഥിക്കുക. ആലപ്പുഴ മാതൃക 2006ലെ നയത്തിന്റെ തുടര്‍ച്ച തന്നെ ആയിരുന്നു.

ഇതില്‍ മൂന്നു മുതല്‍ ആറു വരെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ആഗ്രഹിച്ചാലും ഇല്ലെങ്കിലും സംഭവിക്കുന്നവയാണ്. എന്തായാലും വളരെ ദീര്‍ഘദൃഷ്ടിയോടെ പ്രായോഗികവും വികേന്ദ്രീകൃതവുമായ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുകയും അവയുടെ തുടര്‍ നടത്തിപ്പിനാവശ്യമായ സംഘടനാ സംവിധാനങ്ങള്‍ ഒരുക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിപത്തിനെക്കുറിച്ച് ജനങ്ങളോട് സംസാരിക്കുകയും ബദലുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിയിലേക്ക് പങ്കാളികളാവാന്‍ സി. പി എം. തുറന്ന മനസ്സോടെ സകലരെയും ക്ഷണിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു പക്ഷെ സാക്ഷരതാ പ്രസ്ഥാനത്തിന് ശേഷം കേരളം സാക്ഷ്യം വഹിക്കുന്ന വലിയൊരു പരിപാടിയാണ് സി. പി. എം. ലക്ഷ്യമിടുന്നത്. അതിന്റെ വിജയ പരാജയങ്ങള്‍ വരുന്ന ഒക്ടോബറിനു മുന്നേ കാണാന്‍ കേരളത്തിനു കഴിയുകയും ചെയ്യും. അങ്ങനെയെങ്കില്‍ 2015 ജൂണ്‍ അഞ്ചിന്റെ ലോക പരിസ്ഥിതി ദിനം സി.പി.എം സ്വന്തമാക്കുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.


Next Story

Related Stories