TopTop
Begin typing your search above and press return to search.

സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കര പ്രതിമ; ഒടുവില്‍ കുമ്മനവുമെത്തി

സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കര പ്രതിമ; ഒടുവില്‍ കുമ്മനവുമെത്തി

എന്‍ അരുണ്‍

ഇന്ത്യയുടെ ബഹുസ്വര സാസ്കാരിക പൈതൃകത്തെ തച്ചുതകർത്ത് പകരം ഏകശിലാത്മകവും തികച്ചും ഏകാധിപത്യപരവുമായ ഒരു ഹിന്ദുത്വ രാഷ്ട്രമായി ഇന്ത്യയെ മാറ്റിയെടുക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നത് ഒരു രഹസ്യമേയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കരിദിനമായാചരിക്കുന്ന ഹിന്ദുമഹാസഭ മുതൽ പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വരും തലമുറയിലേക്ക് സംഘപരിവാർ രാഷ്ട്രീയം വിദഗ്ദ്ധമായി കുത്തിവയ്ക്കുന്ന ഹിന്ദുത്വ ഫാക്ടറിയായ ഭാരതീയ വിദ്യാനികേതൻ വരെയുള്ള നൂറു നൂറു സംഘടനകളിലൂടെ വർഷങ്ങളായി അവർ കരുക്കൾ നീക്കി കൊണ്ടിരിക്കുകയാണ്.

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷം അവരുടെ ശ്രദ്ധ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കും സർവ്വകലാശാലകളിലേക്കും കൂടി വ്യാപിച്ചിരിക്കുന്നു. ഹിറ്റ്ലര്‍ അധികാരത്തിലേറിയപ്പോൾ വിദ്യാഭ്യാസ മേഖലയെയാണ് ആദ്യം നാസിവത്കരിച്ചതെന്നത് ചരിത്രം. 25000-ത്തിലധികം അധ്യാപകരെ പിരിച്ച് വിട്ട് അനുഭാവികളെ നിയമിച്ച് ഒരു തലമുറയെയാകെ തങ്ങളുടെ രാഷ്ട്രീയത്തിന്റെ പാവകളാക്കാൻ നാസികൾ ശ്രമിച്ചതിനു തുല്യമാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന കാവിൽക്കരണം. സർവ്വകലാശാലകളെ ഹിന്ദുത്വവൽക്കരിക്കുക, വഴങ്ങാൻ സാധ്യതയില്ലാത്തവയെ നശിപ്പിക്കുക എന്ന നയത്തിന്റെ പരീക്ഷണമാണ് പോണ്ടിച്ചേരിയിലും ഹൈദരാബാദിലും ജെ എന്‍ യുവിലുമെല്ലാം കണ്ടത്. പ്രബുദ്ധ കേരളത്തിലെ പ്രമുഖ സർവ്വകലാശാലകളിലൊന്നായ സംസ്കൃത സർവ്വകലാശാലയേയും അവർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന വസ്തുതയാണ് കഴിഞ്ഞ ഏതാനും നാളുകളായി അവിടെ നിന്നും പുറത്തു വരുന്ന വാർത്തകളിൽ നിന്നും വ്യക്തമാകുന്നത്.

കേരളം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാർ നോമിനേറ്റ് ചെയ്ത വിസിയും സിന്‍ഡിക്കേറ്റുമാണ് ഇപ്പോഴും സർവ്വകലാശാലയിൽ നിലനിൽക്കുന്നത്. ബി ജെ പി കേന്ദ്രഭരണത്തിലെത്തിയ ശേഷം ഈ സംഘത്തിലെ പലരും കോൺഗ്രസ് മൃദുഹിന്ദുത്വം വെടിഞ്ഞ് സംഘപരിവാർ തീവ്രഹിന്ദുത്വം പരസ്യമായി തന്നെ സ്വീകരിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ ഏജൻസികളിലെ പദവിമോഹം കൂടി ഈ മാറ്റത്തിന് കാരണമാണത്രേ!

സംഘപരിവാർ അജണ്ടക്കനുസരിച്ച് പുതിയ മുഖ്യ കവാടത്തിന്റെ ഗേറ്റിനു പുറത്ത് ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം ഇപ്പോൾ വിവാദമായിരിക്കുകയാണ്. സർവ്വകലാശാലാ എഞ്ചിനീയറിങ് വിഭാഗം ആദ്യം കവാടത്തിനായി തയ്യാറാക്കിയ ആധുനിക ശൈലിയിലുള്ള പ്ലാൻ സംഘപരിവാർ സ്വാധീനത്തിനു വഴങ്ങി ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ പ്ലാനിൽ ഗേറ്റിനു പുറത്തെ ശങ്കര പ്രതിമയും ഉണ്ടായിരുന്നില്ല എന്ന് ആ വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്ത മുൻസിന്‍ഡിക്കേറ്റ് അംഗം തന്നെ പൊതുവേദിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസിന്‍റെ ശക്തമായ സമ്മർദ്ദവും പ്രലോഭനവുമാണ് സർവ്വകലാശാലാ അധികാരികളെ 'പാരമ്പര്യമാതൃക' യിലുള്ള ഗേറ്റിന് പുറത്ത് ശങ്കര പ്രതിമയുള്ള കവാടത്തിലേക്ക് എത്തിച്ചത്.

എംസി റോഡിന് അഭിമുഖമായുള്ള പുതിയ കവാടത്തിന്റെ ഗേറ്റിനു പുറത്തെ പ്രതിമയെ ആരാധനാ വിഗ്രഹമാക്കി മാറ്റാൻ കാലടിയിൽ സംഘപരിവാറിന് നിഷ്പ്രയാസം സാധിക്കും. സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിയമം മറികടന്ന് പിൻവാതിലിലൂടെ എങ്ങനെ മതവൽക്കരണം നടത്താമെന്ന സംഘപരിവാർ പരീക്ഷണമാണ് സംസ്കൃത സർവ്വകലാശാലയിൽ നടക്കുന്നതെന്ന് ചുരുക്കം.

പണി തീർനിന്നിട്ടും മൂന്ന് മാസത്തോളം പൂട്ടിയിട്ട കവാടം അനൗദ്യോഗിഗമായും ഭാഗികമായും മാത്രം തുറന്നു കൊടുത്ത ദിവസം തന്നെ എ ബി വി പി നടത്തിയ നാടകങ്ങൾ സംഘപരിവാർ അജണ്ട പുറത്തുചാടിച്ചു.

ശങ്കര പ്രതിമയില്ലാതെ ഗേറ്റു തുറന്നാൽ 'ശങ്കരഭഗവാൻ കോപിക്കില്ലേ?' എന്ന മുദ്രാവാക്യവുമായി അവർ അനാവശ്യ പഠിപ്പുമുടക്ക് സമരം നടത്തി. പുറമെ നിന്നുള്ള ആര്‍ എസ് എസ്-വി എച് പി പ്രവർത്തകരുടെ നേതൃത്വത്തിൽ എബിവിപി വിദ്യാർത്ഥികൾ കവാടത്തിൽ ഒരു പ്രതിമ സ്ഥാപിച്ചു. വി സിയുടെ നിർദേശപ്രകാരം കലാലയത്തിന് പുറത്ത് പണിതു കൊണ്ടിരിക്കുന്ന പ്രതിമ സ്ഥാപിക്കുന്നതു വരെ 'സംഘിപ്രതിമ’ അവിടെ സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എ ഐ എസ് എഫ് പ്രവർത്തകർ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവരികയും രജിസ്ട്രാർക്ക് പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് പോലീസ് ഇടപെട്ട് ഈ നീക്കം പൊളിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കകം മറ്റൊരു സമരം കൂടി പുറത്ത് സംഘപരിവാര്‍ നടത്തി. കലാ വിദ്യാർത്ഥികളെ സ്വാധീനിച്ച് സമരരംഗത്തിറക്കാനും ശ്രമമുണ്ടായി.ഒടുവിലിപ്പോൾ ബി ജെ പി അധ്യക്ഷൻ തന്നെ സർവ്വകലാശാലയിലെത്തി ശങ്കര പ്രതിമ കവാടത്തിന് പുറത്ത് സ്ഥാപിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. എന്തുവില കൊടുത്തും പ്രതിമ സ്ഥാപിക്കുമെന്ന് വി എച് പി പ്രസ്ഥാവിച്ചിരിക്കുന്നു. കേരളത്തിലെ ഒരു സർവ്വകലാശാലയിൽ ഇത്രയും ആസൂത്രിതമായും പരസ്യമായും സംഘപരിവാർ ഇടപെടുന്നത് ഇതാദ്യമായാണ്. കേരളത്തിലെ സർവ്വകലാശാലകളിലേക്ക് ഹിന്ദുത്വ ഫാസിസം കടന്നു വരുന്നതിന്റെ ആദ്യപടിയാണിത്. അവർ സംസ്കൃത സർവ്വകലാശാലയെ ലക്ഷ്യം വക്കുന്നതിനു പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട്. താരതമ്യേന ചെറിയ സർവ്വകലാശാലയാണെങ്കിലും 9 ജില്ലകളിൽ നേരിട്ട് പ്രവർത്തിക്കുന്ന സർവ്വകലാശാലയാണിത്. ഇവിടെ പിടിമുറുക്കിയാൽ കേരളത്തിലെ 9 ജില്ലകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്ന കേന്ദ്രങ്ങളുണ്ടാക്കാമെന്ന് അവർ കണക്കുകൂട്ടുന്നു.

കലാലയ യൂണിയൻ തെരഞ്ഞെടുപ്പുകൾ ഇതിനോടകം അട്ടിമറിച്ചു കഴിഞ്ഞു. യൂണിവേഴ്സിറ്റിയിലെ ചില റീജ്യണൽ സെന്ററുകളില്‍ സംഘടനാ പ്രവർത്തം നിരോധിക്കാനായി നിയമസാധ്യതകൾ തേടിക്കൊണ്ടിരിക്കുകയാണ് അധികൃതര്‍.

നിലവിൽ ഇടതുപക്ഷ സിന്‍ഡിക്കേറ്റിന്റ കാലത്ത് അക്കാദമിക്ക് ബ്ലോക്കിൽ സ്ഥാപിച്ച ശങ്കര പ്രതിമയിൽ ആശ്രമത്തിൽ നിന്നും പൂജിച്ച യോഗദണ്ഡ് സ്ഥാപിച്ച് പൂജാ വിഗ്രഹമാക്കിയിരിക്കുകയാണ്. ചില ഡിപ്പാർട്ട്മെന്റുകളിൽ ക്ലാസ് റൂം 'സരസ്വതീ ക്ഷേത്ര'മായതിനാൽ ചെരുപ്പു വിലക്ക് ഏർപ്പെടുത്തി. ഡാൻസ് ഡിപ്പാർട്ടുമെന്റിൽ ആൺ-പെൺ അധ്യാപകർക്ക് പ്രത്യേകം സ്റ്റാഫ് റൂം ഏർപ്പെടുത്തിയ നടപടിയും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചൊത്തുകൂടുന്നു എന്നാരോപിച്ച് കാമ്പസിലെ ഏക റസ്റ്റ് സോൺ ആയ താമരക്കുളം പൂട്ടിയിട്ട നടപടിയും വിദ്യാര്‍ത്ഥി സമരത്തെ തുടർന്ന് റദ്ദാക്കേണ്ടി വന്നു.

നിലവിൽ ശങ്കരാചാര്യരോടുള്ള ആദരസൂചകമായി ഒരു പ്രതിമ കാമ്പസിനകത്തുണ്ട്. എട്ട് ലക്ഷം രൂപ മുടക്കി കാമ്പസിലെതന്നെ കലാ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച പുതിയ പ്രതിമ കാമ്പസിനകത്ത് സ്ഥാപിക്കുകയാണ് വേണ്ടത്. 'അത് റോഡരികിൽ ഗേറ്റിനു പുറത്ത് സ്ഥാപിച്ച് യൂണിവേഴ്സിറ്റിയുടെ മുഖ്യകവാടം സംഘപരിവാറിന് തീറെഴുതി നൽകുന്നത് മതേതര കേരളം കൈയ്യും കെട്ടി നോക്കിയിരുന്നു കൂടാ. മതേതരപക്ഷ നിലപാടിനൊപ്പം നിൽക്കാൻ ബാധ്യതയുള്ള പി ടി തോമസിനെ പോലുള്ള കോൺഗ്രസ് എംഎല്‍എമാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് സംഘപരിവാറിന് തപ്പുകൊട്ടുകയാണ്. ഇതിന്റെ പ്രത്യാഘാതം അവരും അവരുടെ പ്രസ്ഥാനവവും മാത്രമല്ല അനുഭവിക്കേണ്ടി വരിക എന്നതാണ് സങ്കടകരം.

സംസ്കൃത സർവ്വകലാശാലയിലെ കാവിൽക്കരണത്തിനെതിരെ എ ഐ എസ് എഫ് സമര രംഗത്തുറച്ചു നിൽക്കുകയാണ്. ജെഎന്‍യുവിലെയടക്കം എ ഐ എസ് എഫ് നേതാക്കൾ കാമ്പസിലെത്തി സമരത്തിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സംഘപരിവാർ ഫാസിസം മതേതര കേരളത്തിലെ സർവ്വകലാശാലകളെ കീഴടക്കാതെ കാക്കാനുള്ള ബാധ്യത പൊതുസമൂഹത്തിനും ഉണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

(എ ഐ എസ് എഫ് ദേശീയ എക്സിക്യുട്ടീവ് അംഗമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories